ലാഫിംഗ് ഈവിള്‍ - ഭാഗം 3

മെല്‍വിന്‍റെ മൃതശരീരം അടക്കം ചെയ്യാനായി സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ചിന്‍റെ കാടും പടലും പിടിച്ച് കിടന്ന തെമ്മാടിക്കുഴിയുടെ ഒരുഭാഗം തോട്ടം തൊഴിലാളികളെ നിര്‍ത്തി വൃത്തിയാക്കിയിരുന്നു...

പത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് ശേഷവും അവകാശികളാരും ഏറ്റെടുക്കാന്‍ വരാത്തതിനാല്‍ മെല്‍വിന്‍റെ ശരീരം അടക്കം ചെയ്യുന്നതിനുളള പൂര്‍ണ്ണ ഉത്തരവാദിത്വവും ചിലവുകളും കേരള ടീ പ്ലാന്‍റേഷന്‍സ് കമ്പനി ഏറ്റെടുത്തു...

മെല്‍വിന്‍റെ മൃതശരീരം സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ചിലെ തെമ്മാടിക്കുഴിയില്‍ അടക്കം ചെയ്യുമ്പോള്‍ കമ്പനിയിലെ ഏതാനം സഹപ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു...

എസ്.ഐ ജയശങ്കറും രണ്ട് പൊലീസുകാരും ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചിരുന്നു...

അന്ത്യശുഷ്രൂകള്‍ക്ക് ശേഷം മൃതശരീരം ആറടി മണ്ണിലേക്ക് അടക്കം ചെയ്യപ്പെട്ടു...

ആ സമയം ആകാശത്തിന്‍മേല്‍ കരിമേഘത്തിന്‍റെ നിഴലുകള്‍ വീണിരുന്നു...

കോടമഞ്ഞിന്‍റെ ശക്തമായ ആവരണം സെമിത്തേരിയേയും അതിനോട് ചേര്‍ന്ന തെമ്മാടിക്കുഴിയെയും പൊതിഞ്ഞിരുന്നു...

പ്രകൃതിയില്‍ പെട്ടെന്നുണ്ടായ മാറ്റം ശ്രദ്ധിച്ച എസ്.ഐ ജയശങ്കറിന് ആശ്ചര്യം തോന്നി...

എന്നാല്‍ ഫാദര്‍ തോംസണ്‍ പെരേരയുടെ മനസ്സില്‍ അത് സൃഷ്ടിച്ചത് ആശങ്കയുടെ നിഴലുകളായിരുന്നു...

കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം പ്രകൃതി വീണ്ടും തെളിഞ്ഞ് പൂര്‍വ്വസ്ഥിതിയിലായി...

എസ്.ഐ ജയശങ്കര്‍ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു...

കരിങ്കല്‍ നിര്‍മ്മിതമായ ഒരു മതില്‍ സെമിത്തേരിയില്‍ നിന്നും തെമ്മാടിക്കുഴിയെ വേര്‍തിരിച്ചിരിക്കുന്നു...

തെമ്മാടിക്കുഴിയുടെ ഒരു ഭാഗം വളളിപ്പടര്‍പ്പുകളും കുറ്റിച്ചെടികളും വളര്‍ന്ന് കാട് പിടിച്ച് കിടക്കുന്നു...

അതിനിടയിലേക്ക് ജയശങ്കറിന്‍റെ കണ്ണുകള്‍ തറഞ്ഞ് നിന്നു...

കാട് മൂടികിടക്കുന്ന വലിപ്പമുളള ഒരു കല്ലറ...!!!

ആ കല്ലറ കുറച്ച് കൂടി വ്യക്തമായി കാണത്തക്ക രീതിയില്‍ ജയശങ്കര്‍ അല്‍പ്പം മുന്നോട്ട് നീങ്ങി നിന്ന് നോക്കി...

അതിന്‍റെ നിര്‍മ്മിതിയില്‍ തന്നെ ഒരു പ്രത്യേകത ജയശങ്കറിന് തോന്നി...

രാജകീയമായ നിര്‍മ്മിച്ച ഒരു കല്ലറ പോലെ...

എന്നാല്‍ കാലപ്പഴക്കമോ നോട്ടക്കുറവ് കൊണ്ടോ അതിന്‍റെ പ്രൗഢിയ്ക്ക് മങ്ങല്‍ തട്ടിയുണ്ടെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്...

''എന്താ സര്‍ നോക്കുന്നത്...?"
അപ്രതീക്ഷിതമായി കേട്ട ആ ശബ്ദം ജയശങ്കറിനെ ഞെട്ടിച്ചു...

ജയശങ്കര്‍ ആ ഞെട്ടല്‍ മറച്ചുകൊണ്ട് പിന്തിരിഞ്ഞ് നോക്കി...

ശാന്തമായ മുഖവുമായി ഫാദര്‍ തോംസണ്‍ പെരേര...

ചടങ്ങിന് സാക്ഷ്യ വഹിച്ചവര്‍ പിരിഞ്ഞ് തുടങ്ങിയിരുന്നു...

''അവിടെ കാണുന്ന ആ വലിയ ശവക്കല്ലറ ആരെ അടക്കം ചെയ്തതാണ്...?"
ജയശങ്കര്‍ കല്ലറയ്ക്ക് കൈ ചൂണ്ടി...

''മണ്‍ട്രോ സായിപ്പെന്ന് ഈ നാട്ടുകാര്‍ വിളിച്ചിരുന്ന മണ്‍ട്രോ കാര്‍ട്ടര്‍ എന്ന ബ്രിട്ടീഷുകാരന്‍റെ ശവക്കല്ലറയാണത്...''
ഫാദര്‍ തോംസണ്‍ പറഞ്ഞത് കെട്ട് ജയശങ്കര്‍ ആശ്ചര്യം നിറഞ്ഞ കണ്ണുകളോടെ വീണ്ടും ആ ശവക്കല്ലറ ലക്ഷ്യം വച്ച് നോക്കി...

''അപ്പോള്‍ വര്‍ഷങ്ങളുടെ പഴക്കം അതിനുണ്ടാകുമല്ലോ...?''
ജയശങ്കറിന്‍റെ ചോദ്യത്തിന് മുന്നില്‍ ഫാദര്‍ തോംസണ്‍ ശാന്തമായി ചിരിച്ചു...

''യെസ്... അതിന് ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ പഴക്കമുണ്ടാകും...''
ഒന്ന് നിര്‍ത്തിയ ശേഷം ഫാദര്‍ തുടര്‍ന്നു...

''ബ്രിട്ടീഷ് ഭരണകാലത്ത് കേരള ടീ പ്ലാന്‍റേഷന്‍ കമ്പനിയുള്‍പ്പടെ അവരുടെ സകലസ്ഥാവര ജംഗമ വസ്തുക്കളും മണ്‍ട്രോ സായിപ്പിന്‍റേതായിരുന്നു... അതിനാലാണ് കമ്പനി വക ക്വോട്ടേഴ്സുകള്‍ക്കെല്ലാം മണ്‍ട്രോ ക്വോട്ടേഴ്സ് എന്ന പേര് ലഭിച്ചത്...''
ജയശങ്കറിനെ സംബന്ധിച്ചിടത്തോളം അതെല്ലാം പുതിയ അറിവുകളായിരുന്നു...

''അന്ന് കേരളാ ടീ പ്ലാന്‍റേഷന്‍ കമ്പനി അറിയപ്പെട്ടിരുന്നത് മണ്‍ട്രോ ടീ പ്ലാന്‍റേഷന്‍സ് എന്നായിരുന്നു... കമ്പനിയിലെ ബ്രിട്ടീഷ് വംശജരായിരുന്ന ഉയര്‍ന്ന ജീവനക്കാര്‍ക്ക് താമസിക്കാന്‍ നിര്‍മ്മിച്ചതാണ് ഈ ക്വോട്ടേഴ്സുകളെല്ലാം... മണ്‍ട്രോ സായിപ്പ് താമസിച്ചിരുന്ന ബംഗ്ലാവാണ് കേരളാ ടീ പ്ലാന്‍റേഷന്‍സ് ഡയറക്ടര്‍മാര്‍ക്ക് താമസിക്കുന്നതിനുളള ഗസ്റ്റ് ഹൗസായി നിലവില്‍ ഉപയോഗിക്കുന്നത്...''
ഫാദര്‍ തോംസണ്‍ പെരേര പറഞ്ഞ് നിര്‍ത്തി...

''മണ്‍ട്രോ സായിപ്പിന്‍റെ ശവക്കല്ലറ തെമ്മാടിക്കുഴിയിലാവാനുളള സാഹചര്യമെന്താണ്...?"
ജയശങ്കര്‍ തന്‍റെ മനസ്സില്‍ ആദ്യം തന്നെ അലട്ടിയിരുന്ന സംശയം ഫാദര്‍ തോംസണ്‍ പെരേരയോട് തുറന്ന് ചോദിച്ചു...

''മണ്‍ട്രോ സായിപ്പിന്‍റെ മരണം തീര്‍ത്തും ദുരൂഹമായിരുന്നു...''
ഫാദറിന്‍റെ വാക്കുകള്‍ കേട്ട് ജയശങ്കറിന്‍റെ നെറ്റിചുളിഞ്ഞു...

''ദുര്‍മരണപ്പെട്ടുവെന്ന് പറയാം... തീര്‍ത്തും ദുരൂഹമായ ദുര്‍മരണം...!!!''

ഫാദര്‍ പറഞ്ഞ് നിര്‍ത്തിയതും ജയശങ്കറിന്‍റെ മൊബൈല്‍ ശബ്ദിച്ചു...

കാള്‍ അറ്റന്‍റ് ചെയ്ത ശേഷം ജയശങ്കര്‍ വേഗം ഫാദറിനോട് യാത്ര പറഞ്ഞ് സെമിത്തേരിയ്ക്ക് പുറത്തേക്ക് നീങ്ങി...

ഫാദറില്‍ നിന്ന് കേട്ട മണ്‍ട്രോ സായിപ്പിനെ കുറിച്ചുളള അറിവുകള്‍ ജയശങ്കറിന്‍റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു...

ജയശങ്കറിന് മണ്‍ട്രോ സായിപ്പിനെ കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ടായിരുന്നു...

പക്ഷെ മൊബൈലില്‍ വിളിച്ചത് മെല്‍വിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്‌ടര്‍ ബ്രഹ്മമൂര്‍ത്തിയായിരുന്നു...

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങുന്നതിനായി ജയശങ്കര്‍ പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് തിരിയ്ക്കുകയായിരുന്നു...

മണ്‍ട്രോ സായിപ്പ് ഒരു ദുരൂഹതയായി മനസ്സില്‍ അവശേഷിപ്പിച്ച് കൊണ്ട്...

************************************

നിശ്ശബ്ദതതയെ ഭേദിച്ച് ഒരു ചിരി ശബ്ദം അങ്ങ് അകലെ നിന്ന് ഉയര്‍ന്ന് കേട്ട് തുടങ്ങി…

മെല്ലെ ആ ചിരി ശബ്ദം അടുത്ത് അടുത്ത് വരുന്നു…

അസഹ്യവും ഭയാനകവും ആകുന്ന വണ്ണം ആ ചിരിശബ്ദം കനത്തു…

ഐസക് കണ്ണുകള്‍ ഇറുകെയടച്ച് കാതുകള്‍ തപ്പിപ്പിടിച്ചു…

അല്‍പ്പനേരം അങ്ങനെയിരുന്ന ശേഷം ഐസക് മെല്ലെ കണ്ണുകള്‍ തുറന്നു…

മെല്ലെ മെല്ലെ കാതുകളില്‍ നിന്നും കൈകള്‍ എടുത്തു…

ഇപ്പോള്‍ കനത്ത നിശ്ശബ്ദത അവിടമാകെ വ്യാപിച്ചിരിക്കുന്നതായി ഐസക്കിന് തോന്നി…

പെട്ടെന്ന് ജന്നല്‍ 'കിരുകിരാ' തുറന്ന് അടയുന്ന ശബ്ദം ഐസക്കിന്‍റെ കാതുകളില്‍ വന്ന് പതിച്ചു…

അത് തുടര്‍ച്ചയായപ്പോള്‍ ഐസക്ക് കട്ടിലില്‍ നിന്നും എഴുന്നേറ്റ് ജന്നലിന് നേര്‍ക്ക് നടന്നു…

കനത്ത തണുപ്പ് മുറിയിലേക്ക് നൂഴ്ന്ന് കയറിയിരുന്നു…

ഒപ്പം മനം മയക്കുന്ന ഒരു സുഗന്ധവും മുറിയാകെ വ്യാപിച്ചിരിക്കുന്നതായി ഐസക്കിന് തോന്നി…

ജന്നലിന് അടുത്തെത്തി ജന്നല്‍പ്പാളികള്‍ അടയ്ക്കാന്‍ ഒരുങ്ങിയ ഐസക്കിന്‍റെ കണ്ണുകള്‍ പുറത്തേക്ക് പാളി വീണു…

അപ്പോഴുണ്ടായ മിന്നല്‍പ്രഭയില്‍ മതില്‍ക്കെട്ടിനരികില്‍ കനത്ത മഞ്ഞിനിടയിലൂടെ ഒരു കറുത്ത രൂപം നീങ്ങുന്നത് ഒരു നടുക്കത്തോടെ ഐസക്ക് കണ്ടു…

അടുത്ത നിമിഷം ആ രൂപത്തെ ഐസക്ക് തിരിച്ചറിഞ്ഞു…

''മെല്‍വിന്‍…!!!''

അതിശക്തമായ ഒരു ഇടിമുഴക്കം ഐസക്കിന്‍റെ കാതുകളില്‍ പതിഞ്ഞു…

ഐസക്ക് കണ്ണുകള്‍ വെട്ടിത്തുറന്ന് കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റു…

കിതപ്പ് അകറ്റാന്‍ ഐസക്ക് നന്നേ പ്രയാസപ്പെട്ടു…

ശരീരമാകെ വിയര്‍ത്ത് കുളിച്ചിരുന്നു…

കനത്ത ഇരുട്ടിലേക്ക് ഐസക് തുറിച്ച് നോക്കി…

കണ്ടത് ഒരു ദുഃസ്വപ്നമാണെന്ന് തിരിച്ചറിയാന്‍ ഐസക്കിന് കുറച്ച് സമയമെടുക്കേണ്ടതായി വന്നു…

ഐസക്ക് ഉറപ്പ് വരുത്തുന്നതായി ജന്നല്‍ ഭാഗത്തേക്ക് ഭയപ്പാടോട് നോക്കി…

ജന്നല്‍ അടഞ്ഞ് കിടക്കുകയാണ്…

ഒരു നെടുവീര്‍പ്പോടെ ഐസക്ക് കട്ടിലിലേക്ക് ചാഞ്ഞു…

പക്ഷെ ആ മുറിയാകെ ഒരു മാസ്മരിക സുഗന്ധം നിറഞ്ഞ് നില്‍ക്കുന്നതായി ഐസക്കിന് തോന്നി…

ഐസക്കിന്‍റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി…

മെല്ലെ മെല്ലെ ഐസക്കിന്‍റെ കണ്ണുകളെ നിദ്ര വന്ന് പുല്‍കിയടച്ചു…

രാവിലെ മൊബൈല്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഐസക്ക് ഞെട്ടിയുണര്‍ന്നത്…

തലയ്ക്ക് വല്ലാത്ത മന്ദത അനുഭവപ്പെട്ടു…

കൈ നീട്ടി മൊബൈല്‍ എടുത്തപ്പോഴേക്ക് കോള്‍ കട്ടായി…

ആരാണ് വിളിച്ചതെന്ന് മൊബൈലില്‍ തിരയാന്‍ തുടങ്ങുമ്പോള്‍ വീണ്ടും മൊബൈല്‍ ശബ്ദിച്ചു…

ആനിയാണെന്ന് കണ്ടതും ഐസക്ക് കോള്‍ പെട്ടെന്ന് അറ്റന്‍റ് ചെയ്തു…

''ഹലോ…''
ആനിയുടെ ആകുലതയോടുളള ശബ്ദം ഐസക്കിന്‍റെ കാതുകളില്‍ പതിച്ചു…

ആനിയുടെ ശബ്ദം കേട്ടപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം ഐസക്കിനുണ്ടായി…

''ഇച്ചായാ… എഴുന്നേറ്റതേയുളേളാ…?"

ഐസക്ക് ''അതേ'' എന്ന് അമര്‍ത്തി മൂളി…

''അത് കൊളളാം… സമയമെത്രായെന്ന് അറിയോ…?"
ആനിയുടെ ശബ്ദം കനത്തിരുന്നു…

''അതെങ്ങനാ… ഞാനില്ലാത്തത് കൊണ്ട് രാത്രി ബെന്നിച്ചായനുമായി നന്നായി മിനുങ്ങി കാണുമല്ലേ…?"
ആനിയുടെ ശബ്ദത്തില്‍ പരിഭവം കലര്‍ന്നിരുന്നു…

''ഏയ്… ഇല്ലെടീ… സോഫിയുളളപ്പോള്‍ അതു വല്ലോം നടക്കുമോ… സംസാരിച്ചിരുന്നു ഇന്നലെ സമയം വല്ലാതെ വൈകി… അതാ എഴുന്നേറ്റപ്പോള്‍ താമസിച്ചത്…''
ഐസക്ക് ഭാര്യയെ തണുപ്പിക്കാന്‍ ശ്രമിച്ചു…

''ഉവ്വുവ്വേ… സോഫിയുടെ നിയന്ത്രണമൊക്കെ എനിയ്ക്കറിയാം… ഭര്‍ത്താവിന് കുടിയ്ക്കുന്നതിനോടൊപ്പം രുചികരമായ കടിയുമുണ്ടാക്കി കൊടുക്കുന്ന നല്ല ഭാര്യയാ സോഫി…''
ആനി വിട്ടു കൊടുക്കാന്‍ ഭാവമില്ലായിരുന്നു…

''എന്‍റെ പൊന്ന് ഭാര്യേ ഒന്ന് നിര്‍ത്ത്… നിനക്കിത്ര വിശ്വാസമില്ലെങ്കില്‍ ഞാനിന്ന് മുതല് ബെന്നിയുടെ വീട്ടിലേക്ക് പോകുന്നില്ല… ഭക്ഷണത്തിന്‍റെ കാര്യല്ലേ… പുറത്ത് എവിടേലും പോയി കഴിച്ചോളാം…''
ഐസക്ക് അവസാന അസ്ത്രമെടുത്തു…

''അതൊന്നും വേണ്ട… ഞാന്‍ പറഞ്ഞൂന്നേയുളളൂ…''
ആനിയുടെ പരിഭവം അലിയുന്നത് ശബ്ദത്തില്‍ നിന്നും ഐസക്ക് തിരിച്ചറിഞ്ഞു…

''ഏയ് ഇല്ല… നിനക്ക് സംശയം തോന്നിയ സ്ഥിതിയ്ക്ക് ഇനി നീ വരുന്നത് വരെ ആ വീട്ടിലേക്ക് ഞാന്‍ പോകുന്ന പ്രശ്നമേയില്ല…''
ആനി താഴുന്നതിന് അനുസരിച്ച് ഐസക്ക് കടുപ്പിച്ച് തുടങ്ങി…

''എന്‍റെ ഇച്ചായാ എനിയ്ക്ക് ഒരു സംശയവുമില്ലാന്നേ… എന്‍റെ മനസ്സിലെ വിഷമം കൊണ്ടാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്… അറിയാല്ലോ… എന്‍റെ പപ്പായെ ഇല്ലാതാക്കിയത് ഒടുക്കലത്തെ കുടിയാ…''
അത് പറയുമ്പോള്‍ ആനിയുടെ ശബ്ദം ഇടറിയിരുന്നു…

''ങ്ഹാ… ഇച്ചായന്‍ എഴുന്നേറ്റ് പോയി കുളിച്ച് സമയത്ത് ജോലിയ്ക്ക് പോകാന്‍ നോക്ക്…''
ആനി പെട്ടെന്ന് വിഷയം മാറ്റി…

''പിളേളര് എന്തിയേടീ…?"
ഐസക്ക് ചോദിച്ചു…

''ഇച്ചായന്‍റെ മക്കളല്ലേ… രണ്ടും പോത്ത് പോലെ കിടന്നുറങ്ങുന്നുണ്ട്…''

''പിളേളര് എണീല്‍ക്കുമ്പോള്‍ വിളിക്കാന്‍ പറയണേടീ…''
ഐസക്കിന് മക്കളുടെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹം തോന്നി…

''കുളിച്ചിട്ട് സോഫീടെ വീട്ടില്‍ പോയി ആഹാരം കഴിക്കാന്‍ മറക്കല്ലേ ഇച്ചായാ…''
ഐസക്കിനെ ഒന്ന് കൂടി ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ആനി ഫോണ്‍കോള്‍ അവസാനിപ്പിച്ചത്…

ആനിയുമായി സംസാരിച്ച് കഴിഞ്ഞപ്പോള്‍ ഐസക്കിന് ഒരു ഉന്‍മേഷം തോന്നി…

തലേന്ന് രാത്രിയില്‍ കണ്ട സ്വപ്നം ഒന്ന് ഓര്‍ത്തെടുക്കാന്‍ നോക്കിയിരുന്നെങ്കിലും ഐസക്ക് പരാജയപ്പെട്ടു…

അശാന്തിയുടെ നിഴല്‍ പരത്തി ആ സ്വപ്നം ഐസക്കിന്‍റെ ഉപബോധ മനസ്സിലെവിടെയോ മറഞ്ഞു പോയിരുന്നു…

************************************

ഡിസംബര്‍ 11…

മന്ദീഭവിച്ച മനസ്സോടെ ഐസക്ക് കട്ടിലില്‍ നിന്ന് എഴുന്നേറ്റു…

കണ്ണുകള്‍ തളര്‍ന്ന് തൂങ്ങുന്നത് പോലെ ഐസക്കിന് തോന്നി…

പതിവ് പോലെ ആനിയുടെ കോള്‍ അന്നും വന്നു…

ആനിയുടെ ശബ്ദം കെട്ടപ്പോള്‍ ഐസക്കിന്‍റെ മനസ്സിനെ പിടിമുറുക്കിയിരുന്ന സമ്മര്‍ദ്ദം തെല്ലൊന്ന് കുറഞ്ഞു…

''എന്താ ഇച്ചായാ ശബ്ദം വല്ലാണ്ടിരിക്കുന്നത്…?"
ഐസക്കിന്‍റെ ശബ്ദത്തിലെ വ്യതിയാനം തിരിച്ചറിഞ്ഞ് ആനി ആകുലതയോടെ ചോദിച്ചു…

''ഹേയ്… ഒന്നുമില്ല…''

''ഞങ്ങള്‍ നാളെയങ്ങ് തിരിച്ച് വരികയാ…''
ആനി പറഞ്ഞത് കേട്ടപ്പോള്‍ ഐസക്കില്‍ നിന്നും വിട്ടൊഴിഞ്ഞ ഊര്‍ജ്ജസ്വലത തിരികെ വന്നു…

ആനിയുടെയും മക്കളുടെയും അഭാവം അത്രേയേറെ ഐസക്കിനെ ബാധിച്ചിരുന്നു…

മാത്രമല്ല രാത്രിയില്‍ ഭയപ്പെടുത്തുന്ന എന്തൊക്കെയോ ദുഃസ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുന്നത് ഒരു പതിവായി മാറിയിരിക്കുന്നു…

ആ സമയം മുറിയിലേക്ക് ഒഴുകിയെത്തുന്ന മാസ്മരിക സുഗന്ധം…

രാവിലെ എഴുന്നെല്‍ക്കുമ്പോള്‍ തലയ്ക്കുണ്ടാകുന്ന മന്ദത…

ഇതെല്ലാം നിത്യ സംഭവങ്ങളായി മാറിയിരിക്കുന്നു…

രാവിലെ ബെന്നിയുടെയും നിര്‍ബന്ധപ്രകാരം ഐസക്ക് ആഹാരം അല്‍പ്പം കഴിച്ചെന്ന് വരുത്തി…

''ഇന്ന് രാത്രിയില്‍ ഡിന്നറിന് സോഫി വക സ്പെഷ്യല്‍ പോത്ത് റോസ്റ്റാണ്…''
ബെന്നി ഒരു പ്രഖ്യാപനം പോലെ പറഞ്ഞു…

അത് കേട്ട് ഐസക്ക് ചിരിച്ചു…

''നാളെ ആനി വരികയല്ലേ… അതിന് മുന്‍പ് പോത്ത് റോസ്റ്റും മൂന്ന് ലാര്‍ജ്ജും വീശി ഇന്നൊന്ന് മിനുങ്ങാം… ആനി വന്ന് കഴിഞ്ഞാല്‍ ഐസക്കിനെ പിന്നെ കമ്പനിയ്ക്ക് കിട്ടില്ല…''
ബെന്നി പറഞ്ഞത് കേട്ട് സോഫി ഉറക്കെ ചിരിച്ചു…

''ഇനി ആനിച്ചേച്ചിയെ ഞാന്‍ പിന്തുടരാന്‍ പോകുകയാ… അല്ലേല്‍ ശരിയാകുകേല്ലാ… ഇപ്പോള്‍ ഊണിലും ഉറക്കത്തിലും ബെന്നിച്ചന് ഇതേന്നുളള വിചാരമേയുളളൂ…''
തമാശയായി പറഞ്ഞതെങ്കിലും അല്‍പ്പം കാര്യം കലര്‍ത്തിയാണ് സോഫി അത് പറഞ്ഞത്…

''എന്‍റെ പൊന്നേ ചതിക്കല്ലേ… ഇതൊക്കെയല്ലെ ഞങ്ങള്‍ ആണുങ്ങളുടെ ഒരു സന്തോഷം… ദയവ് ചെയ്ത് അതിനകത്ത് കരി വാരിയിടല്ലേ…''
ബെന്നി സോഫിയെ തൊഴുതു…

''പിന്നേ… കുടിച്ചും മഥിച്ചുമല്ലേ ആണുങ്ങള്‍ സന്തോഷം കണ്ടെത്തേണ്ടത്…''
സോഫി വിട്ടുകൊടുക്കാന്‍ ഭാവമില്ലായിരുന്നു…

''നിനക്കൊന്നും അത് പറഞ്ഞാല്‍ മനസ്സിലാകുകേല്ലെടീ… അതിന് ഒരു സിപ്പെങ്കിലും കുടിയ്ക്കണം… ഐസക്കിനെ നിര്‍ത്തി നീ ഇങ്ങനൊന്നും പറയരുത് സോഫീ…''
ഐസക്കിനെ വിഷയത്തിലേക്ക് പിടിച്ചിട്ടതോടെ സോഫി അടങ്ങി…

''ദേ… വരുമ്പോഴേക്ക് റോസ്റ്റൊക്കെ പാകമായിരിക്കണം…''
ബെന്നി സോഫിയെ സ്നേഹത്തോടെ നോക്കി പറഞ്ഞതോടെ സോഫിയുടെ മനം കുളിര്‍ത്തു…

''പാവമാണെന്നേ… ഇടയ്ക്കിടയ്ക്ക് അല്‍പ്പം മുന്‍ശുണ്‍ഠി എടുക്കുമെന്നേയുളളൂ… സ്നേഹത്തോടെ ഒന്ന് നോക്കിയാല്‍ അതെല്ലാം അലിയും…''
സോഫിയെടുത്ത് യാത്ര പറഞ്ഞ് ഇറങ്ങുന്നതിനിടയില്‍ ബെന്നി ഐസക്ക് മാത്രം കേള്‍ക്കത്തക്ക രീതിയില്‍ പറഞ്ഞു…

ഐസക്കിന് അപ്പോള്‍ ആനിയെയാണ് ഓര്‍മ്മ വന്നത്…

ഐസക്കിന് അപ്പോള്‍ ആനിയെ കാണണമെന്ന് അതിയായ ആഗ്രഹം തോന്നി…

നാളെ ആനിയും മക്കളും എത്തുമെന്ന് ചിന്തിച്ചപ്പോള്‍ അതിരറ്റ സന്തോഷവും…

വീണ്ടും ഒരു രാത്രി കൂടി വന്നെത്തി…

ഡിസംബര്‍ മാസത്തെ കുളിരണിയിച്ച് കൊണ്ട് മഞ്ഞ് കനത്ത് തുടങ്ങിയിരുന്നു…

ആവി പറക്കുന്ന ചൂടു പോത്ത് റോസ്റ്റില്‍ ആര്‍ത്തിയോടെ തൊട്ട് വിരല്‍ തുമ്പ് പൊളളിയപ്പോള്‍ കൈ പെട്ടെന്ന് പിന്‍വലിച്ച ശേഷം ബെന്നി കൈ കുടഞ്ഞു…

''എന്‍റെ ബെന്നിച്ചാ… ഇങ്ങനെ കിടന്ന് ആര്‍ത്തി പിടിക്കാതെ… ഞാന്‍ അങ്ങോട്ട് കൊണ്ട് വന്ന് തരാം… ഐസക്കിച്ചായനെ അവിടെ ഒറ്റയ്ക്ക് ഇരുത്തിയിട്ട് ഇവിടെ വന്ന് നിന്ന് നക്കി തിന്നാന്‍ നോക്കുകയാണോ…''
തയ്യാറാക്കി വച്ചിരുന്ന റോസ്റ്റ് ഫ്രൈയിംഗ് പാനില്‍ നിന്നും കോരി പ്ലെയിറ്റിലേക്കിട്ടു കൊണ്ട് സോഫി പറഞ്ഞു…

''ഐസക്ക് അവിടെ ആനിയുമായി സൊളളിക്കൊണ്ടിരിക്കുകയാ… അതിനിടയില്‍ ഞാനൊരു കല്ലുകടിയാകരുതെന്ന് കരുതിയല്ലേ എന്‍റെ പൊന്നാര ഭാര്യയുമായി സോളളാന്‍ ഇങ്ങോട്ട് വന്നത്…''
ബെന്നി പ്ലെയിറ്റില്‍ നിന്നും ഒരു കക്ഷണം ഇറച്ചി വായിലേക്കിട്ട് ചൂടകറ്റി നുണഞ്ഞ് കൊണ്ട് പറഞ്ഞു…

''ഉഗ്രന്‍…'' എന്ന അര്‍ത്ഥത്തില്‍ കൈവിരല്‍ കൊണ്ട് ആംഗ്യം കാണിച്ച് അടുത്ത കക്ഷണം എടുക്കാന്‍ ബെന്നി തുനിഞ്ഞപ്പോള്‍ സോഫി കൈ തട്ടി മാറ്റി…

''അതിനകത്ത് കയ്യിട്ടിളക്കാതെ അങ്ങോട്ട് മാറി നില്‍ക്ക് ബെന്നിച്ചാ… ഇതില്‍ അല്‍പ്പം ഡെക്കറേഷന്‍സ് വരുത്തിക്കോട്ടേ…''
സോഫി നിര്‍ബന്ധിച്ചതോടെ ബെന്നി മനസ്സില്ലാ മനസ്സോടെ പ്ലേറ്റിനരികില്‍ നിന്ന് മാറി…

''ഇന്ന് സോഫിയുടെ വക സ്പെഷ്യലാണ്… പോത്ത് റോസ്റ്റ്…''
ഐസക്ക് ആനിയോട് പറഞ്ഞു…

''ആഹാ… രാത്രി തന്നെ ഞാനങ്ങ് പോരട്ടെ…''
ആനി പെട്ടെന്ന് പറഞ്ഞു…

''വാടി പെണ്ണേ… എനിയ്ക്കും നിന്നെ കാണാന്‍ കൊതിയായി…''
ഐസക്ക് റൊമാന്‍റിക്കായി തുടങ്ങിയിരുന്നു…

''അപ്പോള്‍ ഭാര്യയുടെ വിലയെന്താണെന്ന് നാലഞ്ച് ദിവസം കൊണ്ട് ഇച്ചായന്‍ മനസ്സിലാക്കിയല്ലേ…?"
കിട്ടിയ കൊളി അപ്പോള്‍ തന്നെ ആനി പ്രയോഗിച്ചു…

''തര്‍ക്കിക്കാന്‍ ഞാനില്ലേയ്…''
ഐസക്ക് കീഴ്പ്പെട്ടത് പോലെ പറഞ്ഞു…

''പിന്നേയ് അമ്മച്ചി നല്ലൊന്നാന്തരം വൈന്‍ തയ്യാറാക്കി വച്ചിട്ടുണ്ട്…''
ആനി പറഞ്ഞത് കേട്ടപ്പോള്‍ ഐസക്കിന്‍റെ നാവില്‍ രുചിയൂറി…

''മാക്സിമം ഇങ്ങ് ഊറ്റിക്കൊണ്ട് വാടീ… അമ്മച്ചി തയ്യാറാക്കുന്ന മുന്തിരി വൈന്‍റെ രുചി ദാ… നാവിന്‍ തുമ്പത്ത് വന്ന് നില്‍ക്കുന്നു… അതിന്‍റെ രുചി വേറൊന്ന് തന്നെയാണ്… കൊണ്ടു വരുമ്പോള്‍ ബെന്നിയുടെ വീട്ടിലേക്കുളളത് കൂടി കരുതണം...''
ഐസക്ക് ഉത്സാഹത്തോടെ പറഞ്ഞു…

''അത് പിന്നെ കൊണ്ട് വരാതിരിക്ക്വോ… എങ്കില്‍ പിന്നെ നിര്‍ത്തുകയാണേ… ഉമ്മ…''
ആനിയുടെ അവസാനത്തെ വാക്ക് ഐസക്കില്‍ അതിശയമുളവാക്കി…

''എന്താടീ പതിവില്ലാത്തത് പോലെ ഒരു ഉമ്മ… ഉം…''
ഐസക്ക് കുസൃതിയോടെ ചോദിച്ചു…

''എനിക്കും ഇച്ചായനെ കാണാന്‍ കൊതിയാകുകയാ…''
ആനി സ്നേഹവായ്പോടെ പറഞ്ഞു…

''ഭര്‍ത്താവിന്‍റെ വിലയെന്തെന്ന് ഇപ്പോള്‍ മനസ്സിലായോ…?"
കിട്ടിയ അവസരം ഐസക്കും മുതലാക്കി…

''ഒന്ന് പോ ഇച്ചായാ…''
ആനി ചിണുങ്ങി…

''മക്കള് അരികീന്ന് പോയോടീ…?"
ഐസക്ക് ആനിയോട് ചോദിച്ചു…

''ഇച്ചായനുമായി സംസാരിച്ച് കഴിഞ്ഞപ്പോഴേ രണ്ടും ഇവിടെ നിന്ന് മുങ്ങി…''

''എങ്കില്‍ ശരി… എന്‍റെ വക ഒരു പഞ്ചാരയുമ്മ…''
ഐസക് മൊബൈലില്‍ ഒരു മുത്തം നല്‍കി…

''അപ്പോള്‍ ചക്കരയുമ്മയില്ലേ…?"
ആനിയുടെ ശബ്ദം പതിഞ്ഞിരുന്നു…

''അതുമുണ്ട്… രണ്ടൂടെ ചേര്‍ത്ത് നാളെ നേരിലങ്ങ് തരാം… എന്തേ…''
ഐസക്ക് വികാരവായ്പ്പോടെ പറഞ്ഞു…

''ശ്ശേ… വഷളന്‍… ഞാന്‍ നിര്‍ത്തുവാണേ…''
പെട്ടെന്ന് കോള്‍ മുറിഞ്ഞു…

അപ്പോള്‍ ഐസക്കിന്‍റെ ഹൃദയത്തില്‍ ഒരു വേദനയുണ്ടായി…

നഷ്ടബോധത്തിന്‍റെ വേദന…

നഷ്ടപ്പെടലിന്‍റെ വേദന…

അതിന്‍റെ പ്രതിഫലനമെന്ന പോലെ ഐസക്കിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു…

എന്തുകൊണ്ടാണ് അങ്ങനെയൊരു വികാരം തന്‍റെ മനസ്സിനെ മഥിച്ചതെന്ന് ഐസക്കിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല…

''ഫോണ്‍കോള്‍ കഴിഞ്ഞെങ്കില്‍ നമ്മള്‍ക്ക് അത്താഴത്തിലേക്ക് കടക്കാം…''
ബെന്നിയുടെ ശബ്ദം കേട്ട് ഐസക്ക് തിരിച്ച് നോക്കി…

നിറഞ്ഞ കണ്ണുകള്‍ ബെന്നിയുടെയും സോഫിയുടെയും ദൃഷ്ടിയില്‍ നിന്നും ഒളിപ്പിക്കാനുളള ഐസക്കിന്‍റെ ശ്രമം വിഫലമായി…

''ഇതെന്താ ഇച്ചായാ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്…?"
സോഫി ഒരു അന്ധാളിപ്പോടെ ചോദിച്ചു…

മറുപടി പറയാതെ ഒരു മന്ദസ്മിതത്തോടെ ഐസക്ക് കണ്ണുകള്‍ തുടച്ചു…

''ഇതൊരു റൊമാന്‍റിക് കണ്ണീരാണെടീ ഭാര്യേ…''
ബെന്നി പറഞ്ഞത് കേട്ട് ഐസക്ക് ചിരിച്ചുപോയി…

''ഈ ബെന്നിച്ചന്‍റെ ഒരു കാര്യം…''
സോഫി ബെന്നിയുടെ കൈത്തണ്ടില്‍ ഒരു ചെറിയ നുളള് കൊടുത്ത് തീന്‍മേശയ്ക്ക് അരികിലേക്ക് നടന്നു…

തീന്‍മേശയില്‍ രുചിയും മണവും ഊറുന്ന വിഭവസമൃദ്ധമായ ഭക്ഷണം നിരന്നിരുന്നു…

''ആഹാ… ഇന്ന് വിഭവസമൃദ്ധമാണല്ലോ…"
ഐസക്ക് അതിശയത്തോടെ പറഞ്ഞു…

''ഇന്ന് ഐസക്കിന്‍റെ അവസാനത്തെ അത്താഴമല്ലേ…?"
അടുത്ത നിമിഷം തന്നെ പറഞ്ഞ അബദ്ധം ബെന്നിയുടെ മുഖത്ത് പ്രകടമായി…

സോഫി പകച്ച് ബെന്നിയെ നോക്കി…

''എന്ത് വിവരക്കേടാ ബെന്നിച്ചാ ഈ പറഞ്ഞത്…''
സോഫി ശാസനയോടെ പറഞ്ഞു…

''ഒന്ന് ക്ഷമിക്കെന്‍റെ ഭാര്യേ… നാക്കുളുക്കിയതാ… ഈ വീട്ടിലെ ഐസക്കിന്‍റെ അവസാനത്തെ അത്താഴമെന്നാ ഉദ്ദേശിച്ചത്… നാളെ ആനി വരുന്നത് കൊണ്ട് ഒന്ന് തമാശിച്ചതാ…''
ബെന്നി സോഫിയെയും ഐസക്കിനെയും നോക്കി തൊഴുതു…

''ഉം…''
സോഫി ഗൗരവത്തില്‍ ഒന്ന് മൂളിയ ശേഷം പ്ലേറ്റിലേക്ക് ചോറും കറികളും വിളമ്പാന്‍ തുടങ്ങി…

ആഹാരത്തിന് ശേഷം ടീപ്പോയിന്‍മേല്‍ മദ്യക്കുപ്പിയും ഗ്ലാസ്സും നിരന്നു…

ഒപ്പം ഒരു പ്ലേറ്റില്‍ പോത്ത് റോസ്റ്റും…

ഒരു പെഗ്ഗ് കുടിച്ചപ്പോഴേക്ക് ഐസക്ക് മതിയാക്കി…

''എന്ത് പറ്റിയെടോ… സാധാരണ താന്‍ ഇങ്ങനെയല്ലല്ലോ…?''
ബെന്നി അടുത്ത പെഗ്ഗും മോന്തിക്കൊണ്ട് ചോദിച്ചു...

"ഒരു മൂഢില്ല…''
ഐസക്ക് പറഞ്ഞു…

''ഒന്നൂടെ അടിയ്ക്കടോ… മൂഢൊക്കെ തനിയെ വന്നോളും…''
ബെന്നി നിര്‍ബന്ധിച്ചു…

''ശ്ശെടാ… വേണ്ടാന്ന് പറയുന്നാളെ കുടിപ്പിച്ചേ അടങ്ങൂന്നെന്താ ബെന്നിച്ചാ ഇത്ര വാശി…''
സോഫി ബെന്നിയെ രൂക്ഷമായി നോക്കി…

''തനിയ്ക്ക് വേണ്ടെങ്കില്‍ വേണ്ട… അതിന്‍റെ കുറവൂടെ ഞാനങ്ങ് നികത്തിയേക്കാം…''
അടുത്ത പെഗ്ഗും ഒഴിച്ച് വലിച്ച് കുടിച്ചതോടെ സോഫിയുടെ നിയന്ത്രണം മുറുകി…

''അങ്ങനങ്ങ് നികത്തണ്ടാ… കൂടുതല്‍ നികത്തിയാലേ ചങ്ക് വാടിപ്പോകും…''
ടീപ്പോയിന്‍മേല്‍ വച്ചിരുന്ന മദ്യക്കുപ്പിയും കയ്യിലെടുത്ത് സോഫി പിന്തിരിഞ്ഞ് നടന്നു…

''എടി… എടീ… ചതിക്കല്ലേ… ഒരു പെഗ്ഗൂടെ ഒഴിച്ചിട്ട് എടുത്തോണ്ട് പോ… ''
ബെന്നി പിറകെ വിളിച്ച് കെഞ്ചി…

കേട്ട ഭാവം നടിക്കാതെ സോഫി കുപ്പിയെടുത്ത് അലമാരയില്‍ വച്ച് പൂട്ടി…

ഐസക്ക് ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ടിരുന്നതേയുളളൂ…

''ദൈവത്തിന്‍റെ ഒരു ചതിയേ… പുരുഷനോടൊപ്പം സ്ത്രീയേയും കൂടി സൃഷ്ടിച്ച് അവന്‍റെ സ്വസ്ഥത കൂടി കളഞ്ഞു കര്‍ത്താവ് തമ്പുരാന്‍…''
ബെന്നി പറഞ്ഞത് കേട്ട് സോഫി എളിയില്‍ കൈ തിരുകി നിന്നു…

''രാത്രിയില്‍ കിടക്കാന്‍ നേരം ഇതൊന്നുമല്ലല്ലോ പറയുന്നത്…''
സോഫി വെട്ടിത്തുറന്ന് പറഞ്ഞു…

ബെന്നി ഐസക്കിനെ ചൂളി നോക്കി…

''പറഞ്ഞത് ഞാനിങ്ങ് തിരിച്ചെടുത്തു… ഇനി അതിനൂടെ നിയന്ത്രണം വരുത്തല്ലേ എന്‍റെ പൊന്നേ…''
ബെന്നി കൈകൂപ്പി കാണിച്ച് പറഞ്ഞു…

ഐസക്ക് അതെല്ലാം കേട്ട് പൊട്ടിച്ചിരിച്ചു…

അല്‍പ്പം മുന്‍പ് ഐസക്കിന്‍റെ മനസ്സില്‍ തോന്നിയ വിഷാദഭാവം ബെന്നിയും സോഫിയും തമ്മിലുളള കാര്യമല്ലാത്ത ചെറുതര്‍ക്കങ്ങളിലും തമാശകളിലും അലിഞ്ഞ് ചേര്‍ന്നിരുന്നു…

അതുകൊണ്ട് തന്നെ അല്‍പ്പം വൈകിയാണ് അന്ന് ഐസക്ക് ബെന്നിയുടെ ക്വോട്ടേഴ്സില്‍ നിന്നും ഇറങ്ങിയത്…

ഇറങ്ങുമ്പോള്‍ സമയം 12 മണിയോട് അടുത്തിരുന്നു…

ബെന്നിയും സോഫിയും ബൈക്കിനടുത്ത് വരെ ഐസക്കിനെ അനുഗമിച്ചു…

ഐസക്ക് അവരോട് യാത്ര പറഞ്ഞതിന് ശേഷം ബൈക്ക് സ്‌റ്റാര്‍ട്ടാക്കി…

ബൈക്കിന്‍റെ പ്രകാശം മൂടല്‍ മഞ്ഞിനിടയിലേക്ക് മറയുന്നത് വരെ അവര്‍ ഇരുവരും വഴിയിലേക്ക് കണ്ണുംനട്ട് നിന്നു…

മനസ്സില്‍ അകാരണമായ ഒരും നൊമ്പരം അപ്പോള്‍ ബെന്നിയും സോഫിയും ഒരുപോലെ അനുഭവിച്ചറിഞ്ഞു…

പക്ഷെ ഇരുവരും അത് പരസ്പരം തുറന്ന് പറയാന്‍ മടിച്ചു…

''നല്ല മഞ്ഞുണ്ട്...''
മുന്നില്‍ വന്ന് മൂടുന്ന കനത്ത മഞ്ഞിലേക്ക് നോക്കി ബെന്നി പറഞ്ഞു...

''ഇത്തവണ മഞ്ഞ് വീഴ്ച കൂടുതലാണ്... സാധാരണ ഇങ്ങനെ സംഭവിക്കാറുളളതല്ലല്ലോ...''
സോഫി കനത്ത മഞ്ഞിന്‍മറയിലേക്ക് തറച്ച് നോക്കി...

''കാലംതെറ്റിയ കാലമല്ലേ... മലതന്നെ തെന്നി നീങ്ങി താഴേക്ക് വരുന്നു... മഴക്കെടുതിയും പ്രളയവും നിത്യസംഭവമായി മാറിയിരിക്കുന്നു... മാറേണ്ടത് മനുഷ്യനും അവന്‍റെ കൃത്രിമമായ ജീവിതശൈലികളുമാണ്... പ്രകൃതിയില്‍ നിന്നും അവന്‍ വളരെയധികം അകന്നിരിക്കുന്നു... അപ്പോള്‍ പ്രകൃതി അവനോട് കനിയേണ്ടതിന്‍റെ ആവശ്യകതയില്ല... തന്നതെല്ലാം പ്രകൃതി തിരിച്ചെടുക്കും... ഭൂമിയ്ക്ക് ഭാരമായി അവന്‍ പടുത്തുയര്‍ത്തിയതെല്ലാം ഭാരം ചുമന്ന് അവശയായ ഭൂമി ഒരു ദിവസം കുലുക്കി നിലത്തിടും...''
ബെന്നി വാചാലനായി...

''ഇന്ന് അടിച്ചത് അല്‍പ്പം ഓവറായത് കൊണ്ട് ഇച്ചായനിലെ തത്വചിന്തകന്‍ പുറത്ത് വന്നിരിക്കുന്നു...''
സോഫി ബെന്നിയെ കളിയാക്കി...

''തത്ക്കാലം എല്ലാത്തിനും ഒരു ഫുള്‍സ്റ്റോപ്പിട്ട് നമ്മള്‍ക്ക് പോയി കിടന്നുറങ്ങാം... എന്താടീ...''
ബെന്നിയെ ചേര്‍ത്ത് പിടിച്ചു...

''ഉം...''
അല്‍പ്പം ലജ്ജയോടെ സോഫി മൂളി...

''മക്കള് രണ്ടും ഉറങ്ങിയോടീ...?''
ബെന്നി സോഫിയുടെ കവിളില്‍ സ്നേഹവായ്പ്പോടെ ചുണ്ടുകള്‍ ഉരസിക്കൊണ്ട് ചോദിച്ചു...

''ആഹാരം കഴിഞ്ഞപ്പോഴേ അവന്‍മാര്‍ ഉറക്കം പിടിച്ചു...''
സോഫിയുടെ ശബ്ദം വികാരത്തിന്‍റെ വേലിയേറ്റത്താല്‍ പതിഞ്ഞ് പോയിരുന്നു...

ബെന്നി സോഫിയെ ചേര്‍ത്തമര്‍ത്തി ബെഡ്റൂം ലക്ഷ്യമാക്കി നടന്നു...

ചുവരിലെ ക്ലോക്കിലെ മിനിറ്റ് സൂചിയും മണിക്കൂര്‍ സൂചിയും പന്ത്രണ്ടിലെത്തി ഇഴുകിച്ചേര്‍ന്ന സമയം…

ഡിസംബര്‍ 12-ാം തീയതിയിലേക്ക് കടന്നതിന്‍റെ സൂചനയെന്ന പോലെ ക്ലോക്ക് ശബ്ദിച്ചു…

ആ ശബ്ദത്തിന് പിന്നിലെ മരണധ്വനി മനസ്സിലാക്കാന്‍ കഴിയാതെ വികാരത്തിന്‍റെ വേലിയേറ്റത്താല്‍ ബെന്നിയുടെയും സോഫിയുടെയും കിടപ്പ് മുറിയുടെ വാതിലടഞ്ഞു…

============================
കഥ തുടര്‍ന്ന് വായിക്കുക…
============================
ഹണി ശിവരാജന്‍

***

Rate & Review

Bipin VG

Bipin VG 4 months ago

Asha pillai

Asha pillai 5 months ago

Aamie Bella Jaisal
Shalbin Xavier

Shalbin Xavier 5 months ago

pettannu theernapole ... thrill adichu vannapoleekum...😥 next part kaalathee thane ittekkane .. plz.

Sruthy Abhilash

Sruthy Abhilash 5 months ago

Good going Hani...