ചലിക്കുന്ന പാവകൾ

  • 22.2k
  • 6k

ആളുന്ന തീ.... അതിലേക്ക് കൈ നീട്ടാൻ ശ്രമിച്ചതും ആരോ തട്ടിമാറ്റി... ദേവേട്ടാ.... ഞെട്ടിയുണരുമ്പോൾ നേരം പുലർന്നിരുന്നു.... തുറന്നുകിടന്ന ജനാലയിലൂടെ പ്രകാശം കണ്ണിലേക്കടിച്ചു കയറി.... മുഖം തിരിക്കുമ്പോൾ തലയണയിൽ നല്ല കാച്ചെണ്ണയുടെ മണം..... ആവോളം വലിച്ചുകയറ്റി.... ഇനിയൊരിക്കലും ലഭിക്കാത്ത അവളുടെ മുടിയുടെ നറുമണം... ഓർമ്മകൾ തീച്ചൂള കൂട്ടി അതിൽ തന്നെ നീറ്റുന്നു.... സേതു.... ജനാലകമ്പിയിൽ കൈ വച്ച് പുറത്തേക്ക് നോക്കി..... പൂർണ്ണമായും കത്തിയമർന്ന പട്ടട.... ചുറ്റും പൂക്കളും വിറക് കഷ്ണങ്ങളും.... നുണക്കുഴി നിറഞ്ഞ വട്ടമുഖം ഇടനെഞ്ചിലെവിടെയൊ നീറ്റലുണ്ടാക്കി.... അവിടെ കത്തിയമർന്നതൊരു പെണ്ണുടൽ മാത്രമല്ല.... ഒരു ലോകം തന്നെയാണ്.... ഭാര്യ, അമ്മ, കൂട്ടുകാരി അങ്ങനെ നിർവചിക്കാൻ പറ്റാത്ത ഒരുപാട് സ്ഥാനങ്ങൾ.... ഓരോ സ്ത്രീക്ക് പിന്നിലും മറഞ്ഞു കിടക്കുന്ന അവളുടെ നിർവചിക്കാനാവാത്ത മറ്റു പലതും..... നോക്കിനിൽക്കുന്തോറും ചാരമായിപ്പോയ അവൾ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുമെന്ന് വെറുതെ പ്രത്യാശിച്ചു.... കാക്കകൾ കൂട്ടത്തോടെ അപ്പുറത്തെ മരച്ചുവട്ടിൽ പറന്നിറങ്ങുന്നു.... വെന്ത് കരിഞ്ഞ ചോറ് ആരോ തെങ്ങിൻ ചുവട്ടിൽ കളഞ്ഞിരിക്കുന്നത് കൊത്തിപ്പെറുക്കുകയാണ്....