ഒരു നേരിയ പുഞ്ചിരിയോടെ കൈയ്യിലുണ്ടായിരുന്ന ലഗേജു ബാഗുകൾ ഒതുക്കി പിടിച്ച് തന്റെ സീറ്റ് അന്വേഷിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ഇരുന്ന അതേ കമ്പാർട്ടുമെന്റിൽ എനിക്ക് എതിർ വശത്തായി ജനലോരത്തേക്ക് തുറക്കുന്ന നീണ്ട സീറ്റിന്റെ ഒരറ്റത്ത് അദ്ദേഹം ചെന്നിരുന്നു. ശേഷം ഒട്ടും ഭാവഭേദമില്ലാതെ ചുണ്ടിൽ വിരിഞ്ഞു നിന്ന അതേ പുഞ്ചിരിയുടെ ഒരംശം എനിക്ക് നേരെ നീട്ടി. ഒപ്പം എന്തോ ഓർത്തിട്ടെന്നവണ്ണം ഒരു ചോദ്യവും..!"താൻ ശേഷയല്ലേ? ശേഷാ വാര്യർ?" ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു അത്. അതുകൊണ്ട് തന്നെ ആ ചോദ്യത്തെ തെല്ലൊരു കൗതുകത്തോടെയാണ് ഞാൻ അഭിമുഖീകരിച്ചത് എന്ന് വേണം പറയാൻ."ഹാ! അത് കൊള്ളാല്ലോ മാഷെന്നെ അറിയുവോ?"ഞങ്ങൾക്കിടയിൽ ഒരു സൗഹൃദത്തിന്റെ, ഒരാത്മ ബന്ധനത്തിന്റെ, ഒരു കാവ്യ പ്രപഞ്ചത്തിന്റെ വാതിലുകൾ തുറന്നിടുകയായിരുന്നു ആ ഒരൊറ്റ ചോദ്യത്തിലൂടെ... "ഉം ചെറിയ ഒരു പരിചയമുണ്ട്. രണ്ട് കൊല്ലം മുമ്പുള്ളതാ...""രണ്ട് കൊല്ലം മുമ്പുള്ളതോ..?"എന്റെയുള്ളിലേക്ക് കൗതുകം നിറഞ്ഞൊഴുകുകയായിരുന്നു അപ്പോൾ..."തന്നെ സ്റ്റേഷനിൽ വെച്ച് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായതായിരുന്നു. പക്ഷേ പേരും മാത്രം ഓർമ്മ വന്നില്ല.