രാത്രിയിൽ, കോളേജ് ഹോസ്റ്റലിന്റെ ടെറസിൽ നിന്ന് മാരൻ ആകാശത്തേക്ക് നോക്കി. ദൂരെ നിലമ്പൂർ കാടുകളുടെ കറുത്ത നിഴൽരൂപം അവൻ മനസ്സിൽ കണ്ടു.നിലാവെളിച്ചത്തിൽ മാരന്റെ ഉടൽ ഒരു കരിവീട്ടിത്തടി പോലെ തിളങ്ങി. അവന്റെ ഓരോ ശ്വാസത്തിലും ഇപ്പോഴും ആ നനഞ്ഞ കാടിന്റെ ഗന്ധമുണ്ടായിരുന്നു- നഗരത്തിന് ഒരിക്കലും കീഴടക്കാൻ കഴിയാത്ത ഒരു വന്യമായ ഗന്ധം.മാരന്റെ കോളേജ് ജീവിതം ഒരു ഒഴുക്കിനെതിരെ നീന്തുന്നത് പോലെയായിരുന്നു. ക്ലാസ് മുറികളിലെ ഇരിപ്പിടങ്ങൾ അവന് പാറക്കല്ലുകൾ പോലെ തോന്നി. നഗരത്തിലെ തിരക്കേറിയ ശബ്ദങ്ങൾ അവന്റെ കാടിന്റെ നിശബ്ദതയെ നിരന്തരം മുറിവേൽപ്പിച്ചു. ബ്ലാക്ക്ബോർഡിൽ അധ്യാപകർ എഴുതുന്ന അക്ഷരങ്ങൾ അവന് കാട്ടുചോലകളിലിൽ മഞ്ഞചേരകൾ കേട്ടു പിണഞ്ഞു കിടക്കുമ്പോലെ തോന്നി.എങ്കിലും, ഓരോ ദിവസവും അവൻ പുതിയ കാര്യങ്ങൾ പഠിച്ചു. അക്ഷരങ്ങൾ കൂട്ടിച്ചേർക്കാൻ പഠിച്ചു. അറിവ് കാടിന്റെ മാത്രം സ്വത്തല്ലെന്ന് അവൻ പതിയെ തിരിച്ചറിഞ്ഞു. മൂപ്പൻ പറഞ്ഞതുപോലെ, കാടിന്റെ ഓരോ ഇലയും ഓരോ അധ്യായമാണെങ്കിൽ, നഗരത്തിലെ ഓരോ പുസ്തകവും ഓരോ വന്മരമാണെന്ന് അവൻ വിശ്വസിക്കാൻ തുടങ്ങി.സന്ദീപിന്റെയും കൂട്ടുകാരുടെയും കളിയാക്കലുകൾ കുറഞ്ഞില്ല.