Silk House - 6 books and stories free download online pdf in Malayalam

സിൽക്ക് ഹൗസ് - 6

നാളെ രാവിലെ ഞാൻ നിനക്കുള്ളത് തരാം...ആസിഫ് അതു മനസ്സിൽ ഉറപ്പിച്ചു...അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി.... പിറ്റേന്നു രാവിലെ...

"ടാ എന്തായി നിങ്ങൾ പുറപ്പെട്ടോ...ആസിഫ് ഫോണിൽ അവന്റെ കൂട്ടുകാരൻ ഷിയാസിനോട് ചോദിച്ചു

"ആ ടാ ഞാനും മുനീറും ദേ ഉടനെ തന്നെ എത്തും കടയിൽ...എന്നിട്ട് ബാക്കി നീ പറഞ്ഞതുപോലെ...ഒരു കാര്യം ചോദിക്കട്ടെ.."

"മം.."

"നിനക്ക് വേണമെങ്കിൽ ആ കുട്ടിയെ കടയിൽ നിന്നും പിരിച്ചു വിടാം...അല്ലെങ്കിൽ വേറെ എന്തു വേണമെങ്കിലും ചെയ്യാൻ സാധിക്കുമല്ലോ പിന്നെ എന്തിനാ ഇങ്ങനെ..."

"നീ പറഞ്ഞത് ശെരിയാണ്... അവൾ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് അറിയാത്ത വിധം അവളെ നശിപ്പിക്കാൻ എനിക്ക് അറിയാത്തതു കൊണ്ടല്ല.. പക്ഷെ അന്ന് അവൾ എന്നെ തല്ലിയപ്പോൾ ഞാൻ അറിഞ്ഞ ശരീര വേദനയെക്കാൾ കൂടുതൽ മാനസികമായ വേദനയാണ്.. അനക്ക് അറിയുമോ ന്റെ ജോലിക്കാരുടെ മുന്നിൽ വെച്ചാണ് ഓള് എന്നെ തല്ലിയത്... അവരുടെ മുന്നിൽ വെച്ചു തന്നെ എനിക്കും ഓളെ മാനസികമായി തകർക്കണം അതിനാണ്..പിന്നെ ന്റെ ഇക്കാക്ക് കടയാണ് വലുത്... ബിസിനസ്‌ ഇനിയും ഉയരങ്ങളിൽ എത്തിക്കാൻ ആണ് ഇക്ക ശ്രെമിക്കുന്നത് അതുകൊണ്ട് തന്നെ രാവിലെ കടയിൽ എത്തുന്ന ആദ്യത്തെ കസ്റ്റമർ പൊട്ടി പോകരുത് എന്ന് ഇക്കാക്ക് വാശി ഉണ്ട്‌.. അതുകൊണ്ടാ നിങ്ങളോട് രാവിലെ തന്നെ വരാനും പറയുന്നത്... നിങ്ങൾ ആവുമ്പോ ഇക്കാക്ക് അറിയുകയുമില്ല ബാക്കി എന്റെ എല്ലാ ഫ്രണ്ട്സിനെയും ഇക്കാക്ക് അറിയാം അതുകൊണ്ടാണ് ഞാൻ നിങ്ങളോട് പറയുന്നത്... പിന്നെ പറഞ്ഞതുപോലെ അവൾ തന്നെ നിങ്ങളെ അറ്റന്റ് ചെയ്യണം ആ കാര്യം ശ്രെദ്ധിക്കണം നിങ്ങൾ ആദ്യ കസ്റ്റമർ കൂടി ആവണം... നിങ്ങൾ എത്തിയ ശേഷം ഒരു മിസ്സ്‌ കാൾ ഓർ ഒരു മെസ്സേജ് ഞാൻ ഉടനെ എത്തും..."

"മം"

"എന്നാൽ ഇങ്ങള് വേഗo പോവാൻ നോക്ക്... സമയം കളയണ്ട... കടയിൽ വെച്ചു കാണാം.."ആസിഫ് ഫോൺ കട്ട്‌ ചെയ്തു...

"എടാ അപ്പോ മ്മക്ക് അങ്ങോട്ട്‌ പോകാം അവൻ പറഞ്ഞത് പോലെ ചെയ്യാം.."

അങ്ങനെ ആസിഫിന്റെ ഫ്രണ്ട്സ് ഇരുവരും അവരുടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു നേരെ സിൽക്ക് ഹൗസ് കടയുടെ മുന്നിൽ എത്തി...


"കട തുറന്നു... എന്നാൽ നമ്മുക്ക് പോകാം.."ഷിയാസ് പറഞ്ഞു

"മം..."

ഇരുവരും ഉടനെ തന്നെ കടയിൽ കയറി... കട അപ്പോഴാണ് തുറന്നതും ഡിസ്പ്ലേ തൂക്കിയിടുന്നതും..കടയിൽ കയറി വരുന്ന ആദ്യ കസ്റ്റമറെ അക്‌ബർ കണ്ടതും

"എന്തു വേണം.. കടയിൽ കയറിയ കസ്റ്റമറോട് ..."അക്‌ബർ ചോദിച്ചു

"ഞാൻ ... ഞങ്ങൾ..."ഒരു നിമിഷം എന്തു മറുപടി പറയണം എന്നറിയാതെ ഇരുവരും പരസ്പരം നോക്കി

ടാ എന്തു വാങ്ങണം എന്നോ അവൾ ഏതു സെക്ഷനിൽ ഉണ്ടാകും എന്നോ നമ്മുക്ക് അറിയില്ലല്ലോ... ഇനിയിപ്പോ എന്തു ചെയ്യും.."മുനീർ പതിയെ ചോദിച്ചു

"എന്തായാലും നമ്മുക്ക് ചുരിദാർ നോക്കാം... കാരണം ഇവിടെ അതില്ല ഞാൻ ചുറ്റും നോക്കി... മുകളിൽ ആയിരിക്കും ചുരിദാർ പിന്നെ ആ പെൺകുട്ടി മുകളിലേക്കു പോകുന്നത് ഞാൻ കണ്ടിരുന്നു..."ഷിയാസ് പറഞ്ഞു

"ഹലോ... എന്തു വേണം.. "അക്‌ബർ വീണ്ടും അവരോടു ചോദിച്ചു...

"ഞങ്ങൾക്ക് ചുരിദാർ വേണം..."മുനീർ പറഞ്ഞു

"മം... അതു മൂന്നാമത്തെ ഫ്ലോറിൽ ആണ്..." അതും പറഞ്ഞുകൊണ്ട് അക്‌ബർ തന്റെ ടേബിളിന്റെ മേൽ ഉള്ള ബെൽ അടിച്ചതും സെക്കന്റ്‌ ഫ്ലോറിൽ നിന്നും നിഷ എത്തിച്ചു നോക്കി...

"മൂന്നാമത്തെ നിലയിൽ ആരാണ് ഉള്ളത്..."അക്‌ബർ ചോദിച്ചു..

"ചാരുവും ശ്രീക്കുട്ടിയും ഉണ്ട്‌.."നിഷ പറഞ്ഞു

"ചുരിദാറിന് കസ്റ്റമർ ഉണ്ട്‌.."

"ശെരി വല്യക്ക..."നിഷ പറഞ്ഞു


"മൂന്നാമത്തെ നിലയിലേക്ക് പൊയ്ക്കോള്ളു...."അക്‌ബർ പറഞ്ഞതും ഇരുവരും അങ്ങോട്ട്‌ നടന്നു.. മുന്നിൽ ഉണ്ടായിരുന്ന പടിയിൽ ചവിട്ടി കയറി...മുകളിൽ പോകുന്ന സമയം അവർ ആസിഫിന് ഒരു മിസ്സ്‌ കാൾ അടിക്കുകയും
ഞങ്ങൾ കടയിൽ എത്തി എന്നൊരു മെസ്സേജ് അയക്കുകയും ചെയ്തു..."

ഇതേ സമയം കുളി കഴിഞ്ഞു അകത്തേക്ക് വന്ന ആസിഫ് ഫോണിൽ ഉള്ള മെസ്സേജും മിസ്സ്‌ കോളും കാണുകയും ഉടനെ തന്നെ പുറപ്പെടുകയും ചെയ്തു...


"അവർ എത്തി ഇന്ന് എന്തായാലും എനിക്ക് ചെറിയ ഒരു മന:സാമാധാനം കിട്ടും.." ആസിഫ് മനസ്സിൽ വളരെ സന്തോഷത്തോടെ പറഞ്ഞുകൊണ്ട് മുറിയിൽ നിന്നും പുറത്തിറങ്ങി

"ഉമ്മാ ഞാൻ കടയിൽ പോവാണ്..."ആസിഫ് പറഞ്ഞു

"മോനെ ഇജ്ജ് ഒന്ന് നിന്നെ..."

"എന്താണ് ഉമ്മ ഇങ്ങള് ഒന്ന് വേഗം പറയ്യ്.."

"മോനെ ഇജ്ജ് ഉച്ചക്കിൽ ഉള്ള മീനും ബീഫും വാങ്ങിച്ചു വാ.."

"എന്താ ഇങ്ങള് പറയുന്നത്... അതു മ്മടെ അശോകനോട് മേടിച്ചു കൊണ്ടുവരാൻ പറയ്യ് ഉമ്മ ഇങ്ങള്.."


"അശോകന് വയ്യ ഇന്നലെ രാത്രി മുതൽ ഓന്ക്ക് പനിയാ..ഉപ്പ എഴുന്നേറ്റിട്ടുമില്ല... അനക്ക് പറ്റും എങ്കിൽ മതിൽ അല്ലെങ്കിൽ മ്മള് പോയിക്കൊള്ളാം..."ഉമ്മ അല്പം ഗൗരവത്തിൽ പറഞ്ഞു

"ഞാൻ പോവാം ഇനി പിണങ്ങണ്ട.."ആസിഫ് അതും പറഞ്ഞുകൊണ്ട് ഉമ്മയെ കെട്ടിപിച്ച ശേഷം അവൻ നേരെ ഇറച്ചി കടയിലേക്ക് പോയി... അവിടേക്കു പോകുന്ന സമയവും കടയിൽ എന്തു സംഭവിക്കും എന്ന ചിന്തയായിരുന്നു ആസിഫിന്... ഇതേ സമയം കടയിൽ അവർ ഇരുവരും നിഷയുടെ കൂടെ മുകളിൽ ചുരിദാർ സെക്ഷനിൽ എത്തി

"ദേ.. ഇവിടെയാണ്‌... ചാരു ചുരിദാറിന് കസ്റ്റമർ ഉണ്ട്‌..." നിഷ ചാരുവിനോട് പറഞ്ഞു

" മം...എന്താണ് ചേട്ടന്മാർ നോക്കുന്നത്.."ചാരു പുഞ്ചിരിയോടെ ചോദിച്ചു


"മാക്ക്സി..."മുനീർ പറഞ്ഞു

" ചുരിദാർ ആണോ അങ്ങനെ പറഞ്ഞത് കേട്ട പോലെ... " ചാരു ചോദിച്ചു

"ആ ചുരിദാരും വേണം മാക്ക്സിയും വേണം..."ഷിയാസ് പറഞ്ഞു

"മം..."

"ചുരിദാർ തുണിയാണോ അതോ റെഡിമൈഡോ..."

"റെഡിമെയ്ഡ് മതി ഒരു ആയിരം രൂപയുടെ ഉള്ളിൽ ഉള്ളത് പുതിയ മോഡൽ വേണം കേട്ടോ..."ഷിയാസ് പറഞ്ഞു

" അതെയോ... ആർക്കാണ് വേണ്ടത് അവരെയും കൊണ്ടുവരാമായിരുന്നു ഇട്ടു നോക്കാൻ... "

"അതു ഞാൻ ഇട്ടു നോക്കിയാലും മതിയല്ലോ.."ഷിയാസ് പറഞ്ഞു

"എന്താ..." ചാരു ഒരു ഞെട്ടലോടെ നോക്കി..

"അല്ല ഞാൻ എന്തു മേടിച്ചാലും ന്റെ ഭാര്യക്ക് ഇഷ്ടമാണ്..." ഷിയാസ് ഒരു ചിരിയോടെ പറഞ്ഞു


"മം.. ഏതു കളർ വേണം എന്ന് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ..."

"ഇല്ല..."

അങ്ങനെ ഓരോന്നും ചോദിച്ചും പറഞ്ഞും ചാരു ഒരുപാട് വസ്ത്രങ്ങൾ വലിച്ചു വാരി ഇട്ടു ചുരിദാർ റെഡിമൈഡും ചുരിദാർ തുണിയും മാക്ക്സിയും പക്ഷെ ഒന്നും അവര്ക്കിഷ്ടമായില്ല...

"ടാ ഇത്ര നേരമായിട്ടും ആസിഫ് വന്നില്ലല്ലോ... ഇനി വലിച്ചു വാരിയിടാൻ ഒന്നുമില്ല.. നമ്മുക്ക് ഇറങ്ങിയാല്ലോ..." മുനീർ ഷിയാസിനോട് പതിയെ പറഞ്ഞു....

ഒടുവിൽ അവർ അവിടെ നിന്നും താഴെക്കിറങ്ങാൻ തീരുമാനിച്ചു...

"അതേയ് ഇനി ഒന്നും വലിച്ചു വാരി ഇടേണ്ട..."ഷിയാസ് പറഞ്ഞു

"അയ്യോ... ചേട്ടന്മാർ പോകല്ലെ...ഇനിയും ഒരുപാട് നല്ല കളക്ഷൻ ഉണ്ട്‌ ഞാൻ കാണിച്ചു തരാം... ഭാര്യക്ക് ഇഷ്ടമാകും ഉറപ്പ്..."

"അല്ല വേണ്ട ഇയാൾ പറഞ്ഞത് ശെരിയാ ഒരുപക്ഷെ ഞാൻ കൊണ്ടുപോകുന്നത് അവൾക്കു ഇഷ്ടമായില്ല എങ്കിൽ അവൾ നെ കൊല്ലും.. ഇത് ഒരു ഫക്ഷന് ഇടാൻ ഉള്ളതാണ്... ഒരു പ്രശ്നം വേണ്ട ഞാൻ അവളെയും കൂട്ടി വരാം.."

"അതു ചേട്ടാ ചേച്ചിക്ക് ഇഷ്ടമാകും ഇത് പുതിയ മോഡൽ ആണ് ഇപ്പോൾ ഇതാണ് ഫാഷൻ... ഇഷ്ടമായില്ല എങ്കിൽ റിട്ടേൺ കൊണ്ടുവരാം..."

"ഏയ്യ് അതു വേണ്ട... എന്തായാലും ഞാൻ അവളെയും കൂട്ടി വരാം.."

അവർ അവിടെ നിന്നും നടന്നു നീങ്ങി... മുകളിൽ നിന്നും അവർ ഇരുവരും പടി ഇറങ്ങി വരുന്നത് കണ്ട അക്‌ബറിനു ഒത്തിരി സന്തോഷമായി... എന്നാൽ ആ സന്തോഷം അടുത്ത നിമിഷം തന്നെ മാഞ്ഞു പോയി...കാരണം ചാരുവിന്റെ കൈയിൽ അവർ എടുത്ത ഒരു വസ്ത്രവും ഉണ്ടായിരുന്നില്ല പകരം വെറും കൈയോടെ അവളും അവർക്കു പിന്നിലായി വരുന്നു...കസ്റ്റമർ പുറത്തേക്കു പോകാൻ തുടങ്ങിയതും

"എന്താ.. ഒന്നും എടുത്തില്ലെ..."അക്‌ബർ ചോദിച്ചു

"ഇല്ല.."

"എന്തു പറ്റി...കളക്ഷൻ ഒന്നും ഇഷ്ടമായില്ലേ.."

"എല്ലാം കൊള്ളാം.. എന്റെ ഭാര്യക്ക് എടുക്കാൻ വന്നതാണ്... കളക്ഷൻ നോക്കുന്നതിനിടയിൽ ഈ കുട്ടിയും പറഞ്ഞു ഭാര്യയും കൂടെ വന്നിരുന്നു എങ്കിൽ അവർക്കിഷ്ടമുള്ളത് എടുക്കാമായിരുന്നു എന്ന്....ആലോചിച്ചപ്പോ അതും ശെരിയാണ് എന്ന് തോന്നി അതുകൊണ്ട് അവളെയും കൂട്ടി വരാം എന്ന് വിചാരിച്ചു... "അതും പറഞ്ഞുകൊണ്ട് ഒരു പുഞ്ചിരി തൂകി അവർ പുറത്തേക്കു നടന്നു...

ഇതേ സമയം കോപത്തിൽ ജ്വലിക്കുന്ന കണ്ണുകളുമായി ചാരുവിനെ നോക്കുകയായിരുന്നു അക്‌ബർ...

"നിനക്ക് ബുദ്ധി എന്നൊരു സാധനം ഉണ്ടോ... ഉണ്ടെങ്കിൽ നീ ഇങ്ങനെ ചെയുമായിരുന്നോ... കടയിൽ ആദ്യം വരുന്നവർ ഒരു കസ്റ്റമർ മാത്രമല്ല പകരം അന്നത്തെ ദിവസത്തെ കച്ചവടം മുഴുവനും നമ്മൾ ആദ്യം കൈനീട്ടമായി വാങ്ങുന്ന പണതിൽ നിന്നുമാണ് തുടങ്ങുന്നത്... ഇതുപോലെ രാവിലെ അതും കട തുറന്ന സമയം വരുന്നവർ നമ്മുടെ ഭാഗ്യവും അന്നത്തെ കച്ചവടം നിർണയിക്കുന്നവരുംമാണ് ഇജ്ജ് കാരണം ഇന്നത്തെ ദിവസം തന്നെ പോയി... തുണി എടുക്കാൻ വന്നവരെ ഭാര്യയുമായി വന്നു എടുക്കാൻ പറഞ്ഞു തിരിച്ചു പറഞ്ഞു വിട്ടു...സത്യത്തിൽ നീ ഈ കടയിൽ ഒരു ശാപമാണ് പറ്റുമെങ്കിൽ ഇന്ന് നീ ഈ കടയിൽ നിന്നും ഇറങ്ങിയാൽ ഞങ്ങൾക്ക് ഇത്തിരി മനഃസമാധാനം കിട്ടുo അല്ലെങ്കിൽ നീ ഈ കട കുളം തോണ്ടും...ഒരു ഗുണവുമില്ലാത്തർ ഇതുപോലരു ജന്മം... "അക്‌ബർ പറഞ്ഞു


കടയുടെ പുറത്തിറങ്ങിയത്തും ഷിയാസ് ഉടനെ തന്നെ ആസിഫിന് ഫോൺ ചെയ്തു...

"ടാ.. നീ എവിടെ ഇതുവരെ കടയിലേക്ക് വന്നില്ലല്ലോ.."

"ഒന്നും പറയണ്ട ഞാൻ കടയിലേക്ക് പുറപ്പെട്ടപ്പോ ഉമ്മ ഇറച്ചി വെടിക്കാൻ പറഞ്ഞു... അതു കഴിഞ്ഞു വീട്ടിലേക്കു വന്നതും വീട്ടിലെ ജോലിക്കാരൻ അശോകേട്ടന് പനി... ആൾക്ക് അതു കൂടിയ കാരണം ആളെയും കൂട്ടി ഹോസ്പിറ്റലിൽ വന്നിരിക്കുവാ... നിങ്ങൾ എവിടെ..."ആസിഫ് ചോദിച്ചു

"ഞങ്ങൾ കടയിൽ നിന്നും ഇറങ്ങി... നിന്നെ കാണാനുമില്ല.. ഒരുവിധം തുണികൾ ആ കുട്ടി വലിച്ചു വാരിയിട്ടു... ഇനിയും നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയ കാരണം കടയിൽ നിന്നും പുറത്തേക്കു വന്നു " മുനീർ പറഞ്ഞു


"ആ ഇനിയിപ്പോ സാരമില്ല.. നിങ്ങൾ പൊക്കോ..." ആസിഫ് പറഞ്ഞു

"ശെരി... ബൈ ടാ.."

അവർ ഫോൺ കട്ട്‌ ചെയ്തു അവിടെ നിന്നും യാത്രയായി....


ഇതേസമയം ആസിഫ് രാഹുലിന്‌ ഫോൺ ചെയ്തു...

"ഹലോ... നീ എവിടെ രാഹുലെ..."

"ഞാൻ കടയിൽ ഉണ്ട്‌ ഇക്ക.."

"കസ്റ്റമർ വല്ലതും പൊട്ടിയോ രാവിലെ... അതും ചാരുവിന്റെ കൈയിൽ നിന്നും അവൾക്കു വഴക്ക് കേട്ടോ നീ വല്ലതും കണ്ടോ..."

"മം.." ഇക്ക വഴക്ക് പറഞ്ഞിരുന്നു ചാരുവിനെ പാവം ഒരുപാട് കരഞ്ഞു...

"ഛേ... അതെനിക്ക് കാണാൻ കഴിഞ്ഞില്ല.. ഞാൻ കുറച്ചു സമയം കൂടി ആകും കടയിൽ വരാൻ.. അവിടെ സംഭവിച്ചത് നേരിൽ വന്നിട്ടുണ്ട് സംസാരിക്കാം.."

"മം... ശെരി... ഇക്ക.."

അക്‌ബർ വഴക്ക് പറയുന്നതും കേട്ട് കണ്ണീരോടെ അവിടെ ഒരു ശില പോലെ നിൽക്കുകയാണ് ചാരു... ഇതെല്ലാം മുകളിൽ നിന്നും കാണുകയാണ് രാഹുൽ...ഈ സമയം കടയിലേക്ക് കുറച്ചു വിദേശിയായ സ്ത്രീകൾ വന്നു..


" ഹലോ... ഹായ്... ഐ വാണ്ട്‌ പ്ലെയിൻ ടോപ്സ്... " വിദേശിയായ ഒരു സ്ത്രീ പറഞ്ഞു

"യെസ്... മാഡം.."അക്‌ബർ ഒരുവിധം ഒപ്പിച്ചുകൊണ്ട് മുകളിലേക്കു കൈ കാണിച്ചു...

ആ സ്ത്രീകൾ എല്ലാവരും മുകളിലേക്കു നടന്നു....

"ന്റെ റബ്ബേ... ആസിഫിനെയും കാണുന്നില്ലല്ലോ.... മദാമയാണെങ്കിൽ വന്നിട്ടുണ്ട് ഇവിടെ ഇപ്പോൾ ആരുമില്ലല്ലോ ഇംഗ്ലീഷിലിൽ സംസാരിക്കാൻ...അക്‌ബർ സ്വയം പറഞ്ഞുകൊണ്ട് ആസിഫിനെ വിളിക്കാൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തതും...

"വിച്ച് ഫ്ലോർ..." മദാമ വീണ്ടും ചോദിച്ചു

"മേം... ഇട്സ് തേർഡ് ഫ്ലോർ ...വെയിറ്റ് പ്ലീസ് ആം കമിങ്... ആം ഗിവിങ് തി ന്യൂ കളക്ഷൻ ഡ്രസ്സസ്... "ചാരു പറഞ്ഞു

അതുകേട്ടതും അക്‌ബർ ഒരു നിമിഷം അവളെ നോക്കി .. ചാരുവും അക്‌ബറിനെ നോക്കി കണ്ണുകൾ തുടച്ചു എന്നിട്ടു അവരുടെ അടുത്തേക്ക് നടന്നു പിന്നെ എല്ലാവരെയും കൂട്ടി ലിഫ്റ്റിൽ കയറി മുകളിലേക്കു പോയി...

അവർ മൂന്നാമത്തെ ഫ്ലോറിൽ എത്തിയതും അവരുമായി നല്ല രീതിയിൽ സംസാരിക്കുകയും തുടർന്നു അവർക്കായി വന്നിരിക്കുന്ന പുതിയ കളക്ഷൻ എല്ലാം കാണിച്ചു കൊടുക്കുകയും ചെയ്തു...രണ്ടോ മൂന്നോ പ്ലെയിൻ ടോപ്പുകൾ എടുക്കാൻ വന്ന വിദേശികൾ പിന്നീട് ചാരു കാണിച്ചു കൊടുത്ത ഒരുപാട് കളക്ഷൻ എടുത്തു... അവർക്കു ചാരുവിനെയും ഒത്തിരി ഇഷ്ടമായി...


അവർ ഒത്തിരി വസ്ത്രങ്ങൾ സെലക്ട്‌ ചെയ്ത് താഴെ വന്നു ... അപ്പോഴേക്കും അങ്ങോട്ട്‌ ആസിഫും വന്നിരുന്നു... അവരുടെ ബില്ല് മുപ്പത്തിനായിരം രൂപയുടെ അടുത്തു ഉണ്ടായിരുന്നു.. അതു കണ്ടതും അക്‌ബറിനു സന്തോഷമായി... ബില്ല് പേ ചെയ്ത ശേഷം തുണികൾ പാക്ക് ചെയ്തു അവർക്കു നൽകുന്ന സമയം..

"താങ്ക് യു...ഷി ഈസ് ബ്രിലയന്റ്..."മദാമ പറഞ്ഞു

അക്‌ബർ ഒന്ന് പുഞ്ചിരി തൂകി.. അതു അവിടെ അന്നേരം വന്നു നിന്ന ആസിഫിന് ഇഷ്ടമായില്ല...

"മോളെ... "ചാരു തിരിഞ്ഞു പോകാൻ നേരം അക്‌ബർ വിളിച്ചു

അവൾ തിരിഞ്ഞു നോക്കി...

"വെരി ഗുഡ്...ആദ്യമായാണ് ഞാൻ ഇതൊരു സ്റ്റാഫിനോട് പറയുന്നത്... "അക്‌ബർ പറഞ്ഞു

അതു കേട്ട് ആസിഫിന്റെ മുഖം വാടി... ദേഷ്യത്തിൽ അവൻ ചാരുവിനെ നോക്കി...


തുടരും....