Part 1
രാവിലെ ഇളം സൂര്യപ്രകാശം മുറ്റത്താകെ സ്വർണനിറം വിതറിയിരുന്നു.
മുറ്റത്തിന്റെ ഒരു മൂലയിൽ തൂക്കിയിട്ടിരുന്ന ലൗവ് ബേർഡ്സിന്റെ ചെറിയ കൂട്ടിനരികെ...
അവൾ നിൽപ്പുണ്ടായിരുന്നു.
അവളുടെ നീണ്ട വിരലുകൾ കൂട്ടിന്റെ കമ്പികളിൽ മെല്ലെ തഴുകി.
അതിനുള്ളിൽ രണ്ട് കുഞ്ഞുപക്ഷികൾ തമ്മിൽ കൊഞ്ചിക്കളിക്കുന്ന കാഴ്ച കണ്ട്...
അവൾ പതിയെ തലയുയർത്തി.
ചുണ്ടിൽ വിരിഞ്ഞിരുന്ന ചെറുപുഞ്ചിരി മെല്ലെ വലുതായി.
ഇളം കാറ്റിൽ നെറ്റിയിലേക്ക് വീണ മുടിയിഴകൾ അവൾ ചെവിക്കുപിന്നിലേക്ക് ഒതുക്കി.
വീണ്ടും ആ കുഞ്ഞുപക്ഷികളിലേക്ക് നോക്കി.
"വിശക്കുന്നില്ലേ നിങ്ങൾക് ഇപ്പൊ തരാട്ടോ ."
അതും പറഞ്ഞ് അവൾ മെല്ലെ ചിരിച്ചു.
അനു...... കഴിഞ്ഞില്ലേ ഇതുവരെ
ആ അമ്മ കഴിഞ്ഞു ഇതാ വരുന്നു.
അവൾ കുറച്ചു തിന എടുത്തു കുട്ടിലേക്കിട്ടു
വേഗം കഴിച്ചോളൂട്ടോ ഞാൻ പോട്ടെ പിന്നെ വരാം.
അനു പുറകുവശത്തിലൂടെ അടുക്കളയിലേക് ഓടി.
⚜️⚜️⚜️⚜️
അനുപമ സുരേന്ദ്രന്റെയും ഗീതയുടെയും മൂത്തമകളാണ്.
ഡിഗ്രി കഴിഞ്ഞ അവൾ ഇപ്പോൾ പി.ജി. അഡ്മിഷന്റെ ഒരുക്കങ്ങളിലാണ്. പഠനത്തിൽ എന്നും മിടുക്കിയാണ്.
അവൾക്ക് താഴെ അനിക. വീട്ടിൽ എല്ലാവരും സ്നേഹത്തോടെ അമ്മു എന്നും കുഞ്ഞി എന്നും വിളിക്കും. ഈ വർഷമാണ് ഡിഗ്രി ഒന്നാം വർഷത്തിൽ ചേർന്നത്. ചേച്ചിയെപ്പോലെ തന്നെ പഠനത്തിൽ മിടുക്കിയായതിനാൽ അവൾക് പ്രശസ്തമായ ***** കോളേജിൽ തന്നെ മെറിറ്റ് സീറ്റ് ലഭിച്ചു .
വർഷങ്ങൾക്കുമുമ്പ് അച്ഛൻ സുരേന്ദ്രൻ മരിച്ചതോടെ ആ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഗീതയുടെ ചുമലിലായി.
കിട്ടുന്ന ജോലിക്കെല്ലാം പോയി കഷ്ടപ്പെട്ടാണ് അവർ മക്കളെ ഇത്രയും വരെ എത്തിച്ചത്.
അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്ന കൊണ്ട് തന്നെ അനു . ഒഴിവുസമയങ്ങളിൽ തുന്നൽ ജോലികൾ ഏറ്റെടുത്ത് അതിൽ നിന്നുകിട്ടുന്ന ചെറിയ വരുമാനവും വീട്ടുചെലവിന് ഉപയോഗിക്കുന്നു.
⚜️⚜️⚜️
"അനൂ... നീ ഇതെവിടെയായിരുന്നു? എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നു!"
അടുക്കളയിൽ നിന്ന് ഗീത ഉറക്കെ വിളിച്ചു.
"ഞാൻ മുറ്റത്തുണ്ടായിരുന്നു അമ്മേ... അതാ കേൾക്കാതിരുന്നത്."
"ഹ്മ്... എപ്പോ നോക്കിയാലും ഓരോ ആലോചനയിലാ. പോയെ... കുഞ്ഞിയെ ഒന്ന് വിളിച്ചെഴുന്നേൽപ്പിക്ക്. ഇന്നല്ലേ അവളുടെ കോളേജിലെ ആദ്യ ദിവസം."
"ശരി അമ്മേ..."
അനു ചിരിച്ചുകൊണ്ട് അനികയുടെ മുറിയിലേക്ക് നടന്നു.
അവിടെ ചെന്നപ്പോൾ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി സുഖമായി ഉറങ്ങുന്ന അമ്മുവിനെ കണ്ടതും അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.
പുതപ്പ് പതിയെ വലിച്ചുമാറ്റിക്കൊണ്ട് അവൾ വിളിച്ചു.
"ഡി കുഞ്ഞീ... എഴുന്നേൽക്ക്. ഇന്ന് കോളേജിൽ പോകണ്ടേ?"
"ചേച്ചീ... ഒരഞ്ചു മിനിറ്റ് കൂടി..."
.
"ഒരഞ്ചു മിനിറ്റോ? സമയം ഏഴരയായി. ഇനിയും കിടന്നാൽ അമ്മ വന്ന് പൊക്കി കൊണ്ടുപോകും."
അതുകേട്ടതും അമ്മു ഞെട്ടിയുണർന്നു.
"അയ്യോ! ഏഴരയായോ? ചേച്ചി, നേരത്തെ വിളിക്കാമായിരുന്നില്ലേ!"
"ദേ കുഞ്ഞി കളിക്കല്ലേ ? എത്ര നേരമായി കിടന്ന് വിളിക്കുന്നു. വേഗം പോയി റെഡിയാവ്. ആദ്യ ദിവസം തന്നെ ലേറ്റാകണ്ട."
"ദേ... അഞ്ചു മിനിറ്റിനുള്ളിൽ റെഡിയായി വരാം."
അങ്ങനെ പറഞ്ഞ് അമ്മു ഓടിവന്ന് അനുപമയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
"ലവ് യൂ ചേച്ചീ..."
അടുത്ത നിമിഷം ബാത്ത്റൂമിലേക്കൊരു ഓട്ടം.
അത് നോക്കി നിന്ന അനു ചിരിച്ചുകൊണ്ട് തലകുലുക്കി.
"ഈ പെണ്ണ്......."
⚜️⚜️⚜️⚜️⚜️
രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗീത അമ്മുവിനോട് ചോദിച്ചത്.
"അമ്മൂ... ഇന്ന് ഉച്ചയ്ക്ക് ചോറെടുത്ത് പോകണോ?"
ബാഗ് ഒരുക്കിക്കൊണ്ടിരുന്ന അമ്മു അമ്മയെ നോക്കി ചിരിച്ചു.
"വേണ്ടമ്മേ... ഇന്ന് ഉച്ചവരെ മാത്രമേ ക്ലാസ് ഉണ്ടാവൂ. അതുകഴിഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് വരും."
"രേഷ്മ ഇല്ലേ ഇന്ന് കൂടെ പോകാൻ?"
"ഉണ്ടമ്മേ... അവൾ ഇപ്പൊ എത്തും."
അത് പറഞ്ഞുതീർന്നതും വീടിന് പുറത്തുനിന്ന് ഒരു വിളി കേട്ടു.
"അമ്മൂ... ഓയ് അമ്മൂ... കഴിഞ്ഞില്ലേ ഇതുവരെ?"
ആ ശബ്ദം കേട്ടതും അമ്മുവിന്റെ മുഖം വിരിഞ്ഞു.
"കഴിഞ്ഞു... എന്റെ രേഷ്മക്കുട്ടീ... ദേ വരുന്നു..."
വേഗം ചെരിപ്പിട്ട് പുറത്തിറങ്ങാൻ നിന്ന അമ്മു അമ്മയുടെ അടുത്തേക്ക് ചെന്നു.
"അമ്മേ... ഞാൻ പോയിട്ട് വരാട്ടോ..."
ഗീത സ്നേഹത്തോടെ അവളുടെ നെറ്റിയിൽ തലോടി.
"ശ്രദ്ധിച്ച് പോണേ കുഞ്ഞീ... റോഡ് ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കണം."
"ആ... ലവ് യു അമ്മേ..."
അമ്മുവിന്റെ പതിവായിരുന്നു അത്. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുക്കാതെ അവൾ ഒരിക്കലും പോകാറില്ല.
ഒരു ഉമ്മയും കൊടുത്ത് പുറത്തേക്കോടിയ അമ്മു, ഗേറ്റിന് സമീപം കാത്തുനിന്നിരുന്ന രേഷ്മയുടെ കൈ പിടിച്ച് കോളേജിലേക്കുള്ള വഴിയിലൂടെ നടന്നു.
⚜️
അമ്മുവിന്റെ ബാല്യകാല സുഹൃത്താണ് രേഷ്മ. വീടിന് രണ്ട് വീടുകൾക്കപ്പുറത്താണ് അവരുടെ വീട്.
അച്ഛൻ രമണൻ, അമ്മ സുലോചന. ഒരു മൂത്ത സഹോദരൻ രാജേഷ്. രാജേഷിന്റെ ഭാര്യ ഗീതു. അവർക്ക് ഒരു മകനുണ്ട് — അദ്വൈത്.
അയൽവാസികൾ എന്നതിലുപരി, രണ്ട് കുടുംബങ്ങളും വർഷങ്ങളായി ഒരേ കുടുംബം പോലെ ജീവിക്കുന്നവരായിരുന്നു. അതുകൊണ്ട് തന്നെ അമ്മുവിനും രേഷ്മയ്ക്കും തമ്മിലുള്ള സൗഹൃദം സഹോദരിമാരുടേതിനേക്കാൾ ആഴമുള്ളതായിരുന്നു.
⚜️⚜️⚜️
അമ്മു പോയതിന് പിന്നാലെ അനുപമയും പുറത്തിറങ്ങാൻ തയ്യാറായി.
"അനൂ... ഈ നേരത്ത് നീ എങ്ങോട്ടാ?" ഗീത ചോദിച്ചു.
"അമ്മേ... ഞാൻ ഒന്ന് 'തണൽ' വരെ പോയിട്ട് വരാം. കുറേ ദിവസമായി അവിടേക്ക് പോയിട്ട്."
ഗീത അവളെ നോക്കി ചെറുചിരിയോടെ പറഞ്ഞു.
"പോകുന്നതൊക്കെ കൊള്ളാം. പക്ഷേ അധികം വൈകിക്കരുത്.
അവിടെയുള്ളവരോട് സംസാരിച്ചിരുന്നാൽ നിനക്ക് സമയബോധം ഇല്ലാതാകും."
അനുപമ ചിരിച്ചുകൊണ്ട് തലയാട്ടി.
"ഇല്ലമ്മേ... അധികം വൈകില്ല. വേഗം വന്നേക്കാം."
"എന്നാ പൊയ്ക്കോ... സൂക്ഷിച്ച് പോകണം."
അമ്മയോട് യാത്ര പറഞ്ഞ് അനുപമ വീടിന് പുറത്തേക്കിറങ്ങി.
⚜️
'തണൽ'...
പേരുപോലെ തന്നെ ഒരുപാട് ജീവിതങ്ങൾക്ക് തണലൊരുക്കുന്ന ഒരു ആശ്രയകേന്ദ്രം.
ആരാലും അന്വേഷിക്കപ്പെടാതെ പോയ വൃദ്ധരും, മാതാപിതാക്കളുടെ സ്നേഹം നഷ്ടപ്പെട്ട കുഞ്ഞുങ്ങളും, ജീവിതത്തിന്റെ ഏതോ വഴിത്തിരിവിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരും... എല്ലാവർക്കും ഒരേ പോലെ സ്നേഹവും സുരക്ഷിതത്വവും നൽകുന്ന ഒരു വീട്.
ലോകം കൈവിട്ടവരെ സ്വന്തം നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഇടം.
അവിടെയുള്ള ഓരോ മുഖവും ഓരോ കഥകളാണ്. ഓരോ പുഞ്ചിരിക്കും പിന്നിൽ ഒരുപാട് കണ്ണുനീർ ഒളിഞ്ഞിരിക്കുന്നു.
അനുപമയ്ക്ക് ആ സ്ഥലത്തോട് പ്രത്യേകമായൊരു ആത്മബന്ധമുണ്ടായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ അവൾ അവിടേക്ക് പോകും. അവിടെയുള്ളവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കുമ്പോൾ, അവരുടെ മുഖത്തെ ചെറിയൊരു പുഞ്ചിരി പോലും അവളുടെ മനസ്സ് നിറയ്ക്കുമായിരുന്നു. ആ പുഞ്ചിരികളായിരുന്നു അവൾ വീണ്ടും വീണ്ടും 'തണലി'ലേക്ക് മടങ്ങിയെത്താനുള്ള ഏറ്റവും വലിയ കാരണം.
⚜️⚜️
⚜️⚜️⚜️⚜️⚜️
"മുത്തൂസേ..."
പരിചിതമായ ആ ശബ്ദം കേട്ടതും കിടക്കയിൽ ചാരിയിരുന്ന ചക്കിയമ്മ വാതിലിലേക്ക് നോക്കി.
"അല്ലേ... ആരിത്? അനുമോളോ! എത്ര നാളായി കുട്ടീ നിന്നെയൊന്ന് കണ്ടിട്ട്!"
അനു ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു.
"എക്സാം ആയതുകൊണ്ട് കുറച്ച് തിരക്കായിരുന്നു ചക്കിയമ്മേ. എപ്പോഴാ എക്സാം എല്ലാം തീർന്നു ഒന്ന് ഫ്രീ ആയത് . അതാ നേരെ ഇങ്ങോട്ട് വന്നത്."
"ഞാൻ വെറുതെ പറഞ്ഞതാ മോളേ... നിന്റെ കാര്യം എനിക്കറിയില്ലേ."
ചക്കിയമ്മ അവളുടെ കവിളിൽ തലോടി.
"ബാക്കിയുള്ളവരൊക്കെ എവിടെയാ? ആരെയും കാണുന്നില്ലല്ലോ."
"എല്ലാരും പാചകപ്പുരയിലാ. ഇന്ന് കുറച്ച് സ്പെഷ്യൽ ഉണ്ടാക്കുന്നുണ്ട്."
"എന്നാ ഞാൻ പോയി എല്ലാരെയും ഒന്ന് കണ്ടിട്ട് വരാം."
അനു തിരിഞ്ഞതും ചക്കിയമ്മ അവളെ വിളിച്ചു.
"അനുമോളേ... എന്നെയും ഒന്ന് പിടിച്ചേ. രാവിലെ മുതൽ ചെറിയ ക്ഷീണം. കുറച്ചുനേരം കിടന്നതാ."
"അതിനെന്താ ചക്കിയമ്മേ... വാ...നമുക്ക് മെല്ലെ നടക്കാം."
അനു ചക്കിയമ്മയെ ചേർത്ത് പിടിച്ച് പതിയെ പാചകപ്പുരയിലേക്ക് നടന്നു.
അകത്തേക്ക് കയറിയതും അവളുടെ മുഖം ചിരികൊണ്ട് നിറഞ്ഞു.
"ആഹാ... ഇന്ന് എല്ലാവരും നല്ല തിരക്കിലാണല്ലോ!"
പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന ശേഖരമാമ തല ഉയർത്തി.
"അല്ല... ആരിത്? അനുക്കുട്ടിയോ! ഇപ്പോഴാണോ എത്തിയത്?"
അനു ചിരിച്ചു.
"ഞാൻ വന്നിട്ട് പത്തോ... ഇരുപതോ കൊല്ലമായി ശേഖരമാമേ. ."
"പണ്ടത്തെ പോലെ നിന്റെ ചളിയൊന്നും ഇപ്പോൾ ഏൽക്കുന്നില്ലെടീ." ശേഖരമാമയും വിട്ടുകൊടുത്തില്ല.
"ശേഖരമാമ... യൂ ടൂ?" അനു ചിരിച്ചുകൊണ്ട് ചോദിച്ചു.
അപ്പോഴാണ് കർത്ത്യാനി ഇടയ്ക്ക് കയറിയത്.
"പോടീ കാന്താരി... എക്സാം ഒക്കെ എങ്ങനെയുണ്ടായിരുന്നു?"
"അതൊക്കെ പൊളിച്ചില്ലേ കാർത്തൂ... ഞാൻ ആരുടെ മോളാണെന്ന് മറന്നോ?"
"ഹ്മ്മ്... എന്തായാലും നന്നായി പഠിച്ച് ഒരു ജോലി വാങ്ങണം മോളേ. അതാണ് പെൺകുട്ടികൾക്ക് ഏറ്റവും വലിയ കരുത്ത്."
മറിയുമ്മയുടെ വാക്കുകൾ കേട്ടതും അവിടെയുണ്ടായിരുന്നവരുടെ മുഖത്തെ ചിരി മാഞ്ഞു.
ഒരുകാലത്ത് പഠനത്തിൽ ഏറ്റവും മിടുക്കിയായിരുന്നു മറിയുമ്മ. അന്നത്തെ കാലത്ത് പ്രീഡിഗ്രി വരെ പഠിച്ചെന്നത് തന്നെ വലിയ കാര്യം. വിവാഹവും കുട്ടികളുമൊക്കെയായ ശേഷവും ഒഴിവുസമയം കിട്ടുമ്പോഴെല്ലാം പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുമായിരുന്നു. ഒടുവിൽ റാങ്ക് ലിസ്റ്റിലും ഇടം നേടി.
പക്ഷേ...
"പെണ്ണുങ്ങൾക്ക് ജോലിയൊന്നും വേണ്ട..."
വീട്ടുകാരുടെ ആ ഒരൊറ്റ തീരുമാനത്തിൽ അവളുടെ സ്വപ്നങ്ങൾ അവിടെ അവസാനിച്ചു.
കാലം കടന്നുപോയി...
ഭർത്താവ് മരണപ്പെട്ടു.
സ്വന്തം വീടായിരുന്നിടത്ത് പോലും ഒരു അധികപ്പറ്റായി മാറിയപ്പോൾ, ഒടുവിൽ അഭയം തേടിയത് 'തണലി'ലായിരുന്നു.
ഇന്നും ഇടയ്ക്കൊക്കെ അവർ പറയും...
"അന്ന് ആ ജോലി കിട്ടിയിരുന്നെങ്കിൽ... ഇന്ന് ആരുടെയും മുന്നിൽ കൈ നീട്ടേണ്ടി വരില്ലായിരുന്നു..."
ആ വാക്കുകൾ കേൾക്കുമ്പോഴെല്ലാം അനുവിന്റെ ഉള്ളൊന്ന് വിങ്ങും.
അന്തരീക്ഷം മാറാൻ വേണ്ടിയാണ് അവൾ പെട്ടെന്ന് വിഷയം മാറ്റിയത്.
"അതൊക്കെ പോട്ടെ... എന്റെ കിച്ചൂട്ടൻ എവിടെയാ?"
"അവനെ മീനു പുറത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. അവിടെ ഉണ്ടാകും "
"എന്നാ ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരാം."
അതും പറഞ്ഞ് അനു പുറത്തേക്കിറങ്ങി.
⚜️⚜️⚜️⚜️⚜️
കോളേജിലെ ആദ്യദിനം...
അമ്മുവിനും രേഷ്മയ്ക്കും നല്ല ടെൻഷനായിരുന്നു.
പുതിയ അന്തരീക്ഷം... പുതിയ ആളുകൾ... അതിലുപരി സീനിയർമാർ റാഗ് ചെയ്യുമോ എന്നൊരു ചെറിയ പേടിയും.
ഭാഗ്യത്തിന് അങ്ങനെ ഒന്നും ഉണ്ടായില്ല.
ഓഫീസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ക്ലാസ് കണ്ടെത്തി എത്തുമ്പോഴേക്കും സമയം ഒരുപാടായി.
സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾ കൂടുതലായി പഠിക്കുന്ന പ്രശസ്തമായ സ്വകാര്യ കോളേജായിരുന്നു അത്.
കോളേജിലെ എഴുപത്തിയഞ്ച് ശതമാനം സീറ്റുകളും മാനേജ്മെന്റ് കോട്ടയിലൂടെയും ബാക്കി ഇരുപത്തിയഞ്ച് ശതമാനം മെറിറ്റിലൂടെയുമായിരുന്നു.
പഠനത്തിൽ മികവ് പുലർത്തിയതുകൊണ്ടാണ് അമ്മുവിനും രേഷ്മയ്ക്കും അവിടെ മെറിറ്റ് സീറ്റ് ലഭിച്ചത്.
ആദ്യ ദിവസം ആയതുകൊണ്ട് പഠനമൊന്നും തുടങ്ങിയില്ല.
ഓരോ അധ്യാപകരും ക്ലാസിലേക്ക് വന്ന് സ്വയം പരിചയപ്പെടുത്തി. വിദ്യാർത്ഥികളും ഓരോരുത്തരായി എഴുന്നേറ്റ് സ്വയം പരിചയപ്പെടുത്തി.
ഉച്ചയോടെ ക്ലാസ് അവസാനിച്ചതോടെ രണ്ടുപേരും വീട്ടിലേക്ക് മടങ്ങി.
⚜️⚜️⚜️
ഏകദേശം ഉച്ചയോടെയാണ് അനു വീട്ടിലെത്തിയത്
.
അടുക്കളയിൽ നിന്ന് ഗീത ചോദിച്ചു.
"എന്താ ഡി... അവിടുത്തെ വിശേഷങ്ങളൊക്കെ?"
"എല്ലാവർക്കും സുഖമാണ് അമ്മേ. അടുത്ത ആഴ്ച മേരിക്കുട്ടിയുടെ പിറന്നാളാണ്. അതിന് ഒരു കേക്ക് ഉണ്ടാക്കി കൊണ്ടുപോകാമെന്ന് വാക്ക് കൊടുത്തിട്ടുണ്ട്."
"ഹ്മ്മ്... ശരി. നീ പോയി ചോറ് കഴിക്ക്. എനിക്ക് കുടുംബശ്രീയുടെ മീറ്റിംഗിന് പോകാനുണ്ട്."
പിന്നെ വിരൽ ചൂണ്ടി ഗീത പറഞ്ഞു.
"അമ്മു വന്നാൽ അവൾക്കും ചോറ് വിളമ്പിക്കൊടുക്കണം. പിന്നെ ഞാൻ തിരിച്ചു വരുമ്പോൾ അടുക്കള ഇതുപോലെ തന്നെ വേണം ഇല്ലല്ലോ ഞാൻ വന്നിട്ട് ബാക്കി പറയാം ..."
ഗീത വാക്ക് പൂർത്തിയാക്കും മുമ്പേ അനു കൈകൂപ്പി.
"അയ്യോ... മനസ്സിലായി മഹാറാണി... അടുക്കള കണ്ണാടി പോലെ വൃത്തിയാക്കി വെച്ചേക്കാം."
അത് കേട്ട് ഗീത ചിരിച്ചുകൊണ്ട് അവളുടെ തോളിലൊരു ചെറു തട്ട് കൊടുത്തു.
അൽപസമയത്തിനകം അമ്മുവും വീട്ടിലെത്തി.
"ചേച്ചീ... വിശക്കുന്നേ... വേഗം ചോറ് വിളമ്പ്."
"ദേ... വന്നില്ല പോയി കയ്യും മുഖവും കഴുകിട്ട് വാടി .
ഹ്മ്മ് ചെല്ല് അമ്മു കൈ കഴുകിവാ."
രണ്ടുപേരും ഒരുമിച്ചിരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്.
കോളേജിലെ ആദ്യ ദിവസത്തെ ഓരോ ചെറിയ വിശേഷവും അമ്മു ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു. ഓരോ ചെറിയ കാര്യം വരെ അവര് പരസ്പരം പങ്കു വെച്ച് ആസ്വദിച്ചു ഭക്ഷണം കഴിച്ചു.
⚜️⚜️⚜️
BY
✨മഷി ✨