kamadhenu Part 3 books and stories free download online pdf in Malayalam

കാമധേനു ലക്കം 3

കാമധേനു ലക്കം 3

ആ വാര്‍ത്ത കേട്ട് കിടുങ്ങിപ്പോയി ഞാന്‍. പറഞ്ഞത് മറ്റാരുമല്ല അറവുകാരന്‍ ബാപ്പുട്ടിക്ക. കുഞ്ഞി മാളുവിനു വിട പറഞ്ഞ അന്ന് ഉച്ചക്ക് മൂന്നു മണി കഴിഞ്ഞു കാണും ഞാന്‍ പല വ്യഞ്ജന കടയില്‍ പോയി വരും വഴി ബാപ്പുട്ടിക്കയെ കണ്ടു. വല്ലാത്തൊരു ഭാവം ആ മുഖത്ത്.

"എന്നാലും നായരുട്ട്യേ ..വല്ലാത്ത പണ്യ യിപ്പോയി. അറക്കാന്‍ കൊടുക്കാനാണെങ്കില്. ഛെ ഛെ ...ആ നേരും നെറീം ഇല്ലാത്ത ആ അബോക്കാര്‍ന് തന്നെ കൊടുക്കണേര്ന്നോ. ആ അറമുഖം ങ്ങളെ പറ്റിച്ചതാ. നേരെ കൊണ്ടോയി ഇരുന്നൂറു ഉരുപ്യക്ക്‌ അബോക്കാര്‍ന് കൊടുത്തു."

തറഞ്ഞു നിന്നുപോയി ഞാന്‍. ആ നിമിഷം ഭൂമി പിളര്‍ന്നു പോയിരുന്നെങ്കില്‍ എന്നാശിച്ചു പോയി. ബാപ്പുട്ടിക്ക തുടര്‍ന്നു.

"അബോക്കാര് ഒരു മയോല്ലാത്ത കാര്‍ക്കൊടകനാ. ആ പയ്യിന്റെ തല വെട്ടി പീടികേന്റെ മുന്നില് തന്നെ തൂക്കീക്ക്‌ണ്. ഹൽള്ളോ ഞമ്മള് ഇന്ന് വരെ അങ്ങനെ ഒരു പണി ചെയ്ത്ട്ടില്ല."

തല പൊട്ടിപ്പിളരുംപോലെ തോന്നി എനിക്ക്.

"സംസയണ്ടെങ്കില് ഇപ്പൊ പോയി നോക്കീ അറമുഖന്റെ പൊരേല് .. ഓന് ഓസില് രണ്ടു കിലോ എറച്ചീം കിട്ടി. "

അധികം കേട്ടു നില്‍ക്കാനായില്ല. ഓടുകയായിരുന്നു അറമുഖന്റെ വീട്ടിലേക്ക്. അറമുഖന്റെ വീട്ടിലെത്തുമ്പോള്‍ ദൂരെ നിന്നേ ഇറച്ചി വേവുന്നതിന്റെ മണം മൂക്കിലടിച്ചു. മുറ്റത്തെത്തുമ്പോള്‍ അതാ അകത്തു നിന്നും ഉമ്മറത്തേക്ക് വരുന്ന അറമുഖന്‍. കയ്യില്‍ ഒരു പ്ലേറ്റില്‍ ആവി പറക്കുന്ന ഇറച്ചിക്കറി.

"നായരുട്ടി നല്ല നേരത്താണല്ലോ വന്നത്. രണ്ടു കഷണം എടുക്കട്ടെ. ആ മുതുക്കി പയ്യിനു ഇത്രേം നല്ല എറച്ചിണ്ടാവും ന്നു കരുതിയതല്ല.".

ദേഷ്യം കൊണ്ട് എന്താണ് പറയേണ്ടതെന്നറിയുന്നില്ല. ഞാന്‍ ഇത്രയും പറഞ്ഞു.

" ദ്രോഹി, ചതിക്യായിരുന്നു അല്ലെ ദുഷ്ടന്‍ ..എങ്ങിനെ തോന്നി ...ആ മിണ്ടാപ്രാണിയോടു ഇങ്ങനെ ഒരു ക്രൂരത ചെയ്യാന്‍.."

ഞാന്‍ നിന്ന് ജ്വലിക്കുമ്പോള്‍ അറമുഖന്‍ പറഞ്ഞു......

"അല്ല ഇതാപ്പോ നന്നായത്. ആ ചാവാലി പയ്യിനെ വിറ്റു പൈസ ആക്കി തന്നപ്പോ കുറ്റം എനിക്കോ. അവടെക്കെടന്നു ചത്ത്‌ ചീഞ്ഞിരുന്നെങ്കില് വല്ലതും കിട്ടുമായിരുന്നോ.? "

അറമുഖനുമായി തറവാട്ടിലേക്ക് വന്ന ആ നിമിഷത്തെ ഞാന്‍ ശപിച്ചു. എന്ത് വലിയൊരു തെറ്റാണ് ഞാന്‍ ചെയ്തത്. ഈ പാപം എവിടെക്കൊണ്ട്‌ കഴുകിക്കളയും. അപ്പോള്‍ അകത്തു നിന്ന് ഒരു മുതുക്കി തള്ള, അറമുഖന്റെ അമ്മൂമ്മയാണ്, വയസ്സ് തൊണ്ണൂറു കഴിഞ്ഞു, കൂനിക്കൂടി വരുന്നു.

"എന്താ വ്ടെ പ്രശനം " ചോദിച്ചു കൊണ്ടാണ് വരവ്. ഞാന്‍ അറമുഖനോട് പറഞ്ഞു.

"ഇതാ ഇവിടേം ണ്ടല്ലോ ഒരു മുതുക്കി തള്ള. ചത്ത്‌ ചീയുന്നേനു മുന്നേ വിറ്റു കാശാക്ക്. അറവു കാര്‍ക്ക് കൊടുത്താല്‍ ബോണസ്സായി ഒന്നോ രണ്ടോ കിലോ എറച്ചീം കിട്ടും. മഹാ പാപി..."

ഇത്രയും പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു, അറമുഖന്‍ എന്ത് പറയുന്നു എന്ന് നോക്കാതെ.

വീട്ടിലെക്കെത്തും തോറും മനസ്സിടിഞ്ഞു കൊണ്ടിരുന്നു. മുത്തശ്ശിയോടെന്തു പറയും. ദൂരെ നിന്നേ കണ്ടു, മുറ്റം നിറയെ ആള്‍ക്കാര്‍. ഇടയില്‍ ബാപ്പുട്ടിക്കയുടെ തല കണ്ടു. എല്ലാവരും അറിഞ്ഞു കഴിഞ്ഞു. ഒരു കുറ്റവാളിയെപ്പോലെ എല്ലാവരും എന്നെ നോക്കുന്നു..

എന്ത് പറയണമെന്നറിയില്ല. കത്തുന്ന കണ്ണുകളോടെ എന്നെ നോക്കുന്ന മുത്തശ്ശി.

"മുത്തശ്ശീ ആ അറമുഖന്‍ ...ചതിക്യായിരുന്നു..."

ഞാൻ പറഞ്ഞു തീര്‍ന്നില്ല മുത്തശ്ശിയുടെ ശബ്ദം കേട്ടു...
"നീ മിണ്ടരുത്...നീയും കൂടി അറിഞ്ഞോണ്ടായിരുന്നു ഇത്...എനിക്ക് ഇനി നിന്നെ കാണണ്ടാ..." മുത്തശ്ശി അകത്തേക്ക് നടന്നു കഴിഞ്ഞു.

ഓരോരുത്തരും എന്നെ അവജ്ഞയോടെ നോക്കി, പല വഴിക്കായി നീങ്ങി. അവസാനം ഒരു ചോദ്യ ചിന്ഹം പോലെ ഞാന്‍ ആ മുറ്റത്തു നില്‍ക്കയാണ്‌. എത്ര നേരം മുറ്റത്തു നിന്നു എന്നറിയില്ല.

"കുഞ്ഞിമാളൂ..ക്ഷമിക്കു " എന്നൊരു വാക്ക് പറയാന്‍ ഈ ജന്മത്തിനി കഴിയില്ലല്ലോ. മനസ്സ് വല്ലാതെ വിങ്ങി. എന്നെ മനസ്സിലാക്കാന്‍ ഒരാളും ഇല്ലാതായല്ലോ. ഉമ്മറത്ത് കയറി വെറും നിലത്തു ചുരുണ്ട് കൂടിക്കിടന്നു.

എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല. സന്ധ്യയായി. രാത്രിയായി. അന്ന് അത്താഴം കഴിക്കാന്‍ പോലും ആരും എന്നെ വിളിച്ചില്ല. വിളിച്ചാലും കഴിക്കാന്‍ കഴിയില്ല. വിശപ്പ്‌ കെട്ടു കഴിഞ്ഞു. അവിടെക്കിടന്നു തന്നെ ഉറങ്ങി...

രാത്രീലെപ്പോഴോ ചെറിയമ്മായി വന്നു വിളിച്ചു:

"അത്താഴം കഴിച്ചിട്ട് കെടന്നൂടെ നെനക്ക്. അടച്ചു വെച്ചിട്ടുണ്ട് "

പക്ഷെ ഞാന്‍ പോയില്ല. ഉറക്കം വരാത്ത രാത്രി. മനസ്സ് നൊന്തു ക്ഷമ യാചിക്കുകയായിരുന്നു കുഞ്ഞിമാളുവിന്റെ ആത്മാവിനോട് രാത്രി മുഴുവന്‍. പുലരാറായപ്പോള്‍ എപ്പോഴോ ഉറങ്ങി. ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു..പകല്‍ പോലെ വെളിച്ചം. ഒരു ശബ്ദം കേള്‍ക്കാം.

".കുട്ടാ......കുട്ടാ ..ഇത് ഞാനാണ് ..കുഞ്ഞി മാളു"

മനുഷ്യര് സംസാരിക്കുന്ന പോലെ തന്നെ. കുഞ്ഞി മാളു തുടര്‍ന്നു:

"എനിക്കിപ്പോള്‍ ശരീരമില്ലല്ലോ. അതുകൊണ്ടാ കാണാത്തത്. കുട്ടനോടെനിക്ക് ഒരു വിരോധോം ഇല്ല ട്ടോ. കുട്ടന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ. എന്റെ മോളെ നന്ദിനി കുട്ടിയെ കുട്ടന്‍ നോക്കണം. അവള്‍ സൂക്കേട്‌കാരിയല്ലേ.പുല്ലും വൈക്കോലും എന്ത് കഴിച്ചാലും വയറിളക്കം തന്നെ. എല്ലാവരും അവളെ പുറം തള്ളും. കുട്ടന്‍ അവളെ നന്നായി നോക്കണം" ...

"ഞാന്‍ നോക്കാം "
അത്രയും പറഞ്ഞതും ആ പ്രകാശം അകന്നകന്നു പോയി.


രാവിലെ വളരെ വൈകിയാണ് എണീറ്റത്. എണീറ്റപ്പോഴേ കേട്ടു തട്ടലും മുട്ടലും. വല്യമ്മാമ രണ്ടു പണിക്കാരെ വെച്ച് തൊഴുത്തിനെ വൃത്തിയാക്കിച്ചു വിറകു പുരയാക്കുകയാണ്. ഞാന്‍ ഞെട്ടി. അപ്പോള്‍ ഇനി ആകെ ശേഷിച്ച നന്ദിനി കുട്ടിയെ എവിടെ കെട്ടും. അതിനെ കയറൂരി വിട്ടിരിക്കുന്നു. വല്യമ്മാമ പ്രഖ്യാപിച്ചു

"ഇനി ഇവടെ ആലേം ല്യ പശുക്കളും ല്യ. ഈ വയറെളക്കം പിടിച്ച പൈക്കുട്ട്യെ. ആ പെലേന്‍ രാമനോട് കൊണ്ടോയ്ക്കൊളന്‍ പറഞ്ഞു ഞാന്‍. ഏതെങ്കിലും കയത്തില് കൊണ്ടോയി തള്ളിക്കോട്ടെ അസത്തിനെ".

ഞാന്‍ ഞെട്ടിപ്പോയി. സ്വപനത്തില്‍ വന്നു കുഞ്ഞി മാളു പറഞ്ഞതേള്ളു, നന്ദിനി കുട്ടിയെ നല്ലോണം നോക്കണംന്ന്. ഞാന്‍ പറഞ്ഞു.

"ഞാന്‍ നോക്കിക്കോളാം അതിനെ".

ആദ്യമൊന്നും വല്യമ്മാമ സമ്മതിച്ചില്ല ..പിന്നെ ഒരു കണ്ടിഷന്‍ വെച്ചു.വീടിന്റെ അടുത്തൊന്നും അതിനെ കെട്ടാന്‍ പാടില്ല. ഞാന്‍ സമ്മതിച്ചു. ഞാന്‍ അതിനെ കുറച്ചു ദൂരെയായി ഒരു കശുമാവിന്റെ ചുവട്ടില്‍ കെട്ടിയിട്ടു.

പിന്നെ സ്കൂളില്‍ പോകുന്നതിനു മുന്‍പും വന്നു കഴിഞ്ഞാലും എന്റെ പണി നന്ദിനിക്കുട്ടിയെ നോക്കലായി. ഒരു സഹകരണവുമില്ലാത്ത ഒരു പശുക്കുട്ടി. പുല്ലും വൈക്കോലും മുന്നില്‍ കിടന്നാലും തിന്നില്ല. കാടി വെള്ളം കുടിക്കില്ല. അഥവാ കുറച്ചെങ്കിലും പുല്ലു തിന്നാല്‍ പിന്നെ വയറിളക്കം.

മുത്തശ്ശി എല്ലാം അറിയുന്നുണ്ടായിരുന്നെങ്കിലും ഒരിക്കലും എന്നോട് മിണ്ടിയില്ല. മുഴുവനായും അവഗണന. മുത്തശ്ശി എല്ലാവരെയും അവഗണിച്ചു രാമായണവും ഭക്തി മാര്‍ഗവും ആയി ദിവസം മുഴുവന്‍. നന്ദിനിയെ തോട്ടിലെ വെള്ളത്തില്‍ കുളിപ്പിക്കാന്‍ കൊണ്ട് പോവുമ്പോള്‍ പലരും കളിയാക്കും.

"എന്തിനാടാ ഈ ചാവാലിയെ കൊണ്ട് നടക്കുന്നത് " എന്ന് പറഞ്ഞ്.

പലരുടെയും പരിഹാസങ്ങള്‍ സഹിച്ചപ്പോഴും സ്വപ്നത്തില്‍ കുഞ്ഞിമാളുവിനു കൊടുത്ത വാക്കായിരുന്നു മുന്നില്‍..കുഞ്ഞിമാളുവിനോടുള്ള എന്റെ പ്രായശ്ചിത്തം.

ദിവസങ്ങളും മാസങ്ങളും പിന്നിടുന്തോറും നന്ദിനി കുട്ടി ക്ഷീണിച്ചു വന്നു എല്ലും തോലുമായി. എപ്പോഴും കിടത്തം തന്നെ. രണ്ടടി നടക്കുമ്പോഴേക്കും വീഴും. അപ്പോഴേക്കും ഞാന്‍ പത്താം ക്ലാസ്സിലെത്തിയിരുന്നു. ഒരു ദിവസം ചെറിയമ്മാവന്‍ ദേഷ്യപ്പെട്ടു:

"ഇനിയെങ്കിലും നിനക്കാ പൈക്കുട്ട്യെ വിട്ടു പഠിക്കാനുള്ളത് നോക്കിക്കൂടെ. ഇത് പത്താം ക്ലാസ്സാണ് മറക്കണ്ട. അത് ചത്ത്‌ പോകുന്നെങ്കില്‍ പോകട്ടെ."

പക്ഷെ എനിക്കങ്ങനെ ചിന്തിക്കാന്‍ പറ്റില്ലല്ലോ കുഞ്ഞി മാളുവിനു വാക്ക് കൊടുത്തതല്ലേ.

ഒരു ദിവസം ഞാന്‍ സന്ധ്യക്ക്‌ പലചരക്ക് കടയില്‍ പോയി വരുമ്പോള്‍ നല്ല ഇരുട്ടായി. കുറച്ചു ദൂരം ഒഴിഞ്ഞ പ്രദേശത്ത് കൂടെ വേണം വരാന്‍. വഴിയിലെങ്ങും ആരെയും കാണാനില്ല. ഞാന്‍ അതിവേഗം നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു വിളി കേട്ടു.

"കുട്ടാ നില്ക് ഞാനും വരുന്നു."

പിറകില്‍ നിന്നാണ്...പിന്നില്‍ ഒരു മനുഷ്യ രൂപം നടന്നടുക്കുന്നു. നേരിയ പേടി തോന്നി. അടുത്തെത്തിയ ആളെ കണ്ടു ഞാന്‍ ഞെട്ടി. ഓന്ത് നായര്‍ എന്ന് ഇരട്ടപ്പേരുള്ള തങ്കപ്പന്‍ നായര്‍. അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു...

"നിന്നെ കിട്ടിയത് നന്നായി. ഞാന്‍ ഒറ്റയ്ക്ക് വര്വാര്ന്നു. ഒരു കൂട്ടായല്ലോ."

പിന്നെയും എന്തൊക്കെയോ അയാള്‍ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട്. ഒന്നും ഞാന്‍ കേള്‍ക്കുന്നില്ല..ഒരു യന്ത്രം പോലെ നടക്കുന്നുണ്ട് എന്ന് മാത്രം. ഈ മനുഷ്യന്‍ അന്നത്തെ ദേഷ്യത്തിന് പകരം വീട്ടാന്‍ എന്നെ എന്തെങ്കിലും ചെയ്യുമോ എന്ന പേടി. ഞാന്‍ വെറുതെ ചോദിക്കുന്നതിനെല്ലാം ഹും എന്ന് മൂളുന്നതല്ലാതെ ഒന്നും പറയുന്നില്ല. അയാളാണെങ്കില്‍ വാ തോരാതെ സംസാരിക്കുന്നുമുണ്ട്.

അയാളുടെ വീട്ടു പടിക്കലെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു:

"ഇപ്പോള്‍ നിന്നെ കണ്ടത് നന്നായി.ഇനി നമ്മള്‍ കണ്ടൂന്നു വരില്ല. ഞാന്‍ നാളെ ഇവിടന്നു പോവുകയാണ്. ഈ സ്ഥലമൊക്കെ വിറ്റു.എന്റെ നാട്ടിലേക്ക് തന്നെ പോണു. നിനക്കെന്നോട് വിരോധോന്നൂല്ലല്ലോ. അന്ന് നിന്റെ ആ പശൂനെ ഞാന്‍ വല്ലാണ്ട് തല്ലി. ചത്ത്‌ പോയെടത്തും എന്നെ ശപിച്ചിട്ടുണ്ടാവും. ഞാന്‍ ആളാകെ മാറി, പഴയ തങ്കപ്പന്‍ നായരല്ലട്ടോ ഇപ്പോള്‍. "

അപ്പോഴും എനിക്ക് വിശ്വാസമായില്ല. പോട്ടെ എന്ന് പറഞ്ഞു അയാള്‍ നീങ്ങി. പെട്ടെന്ന് തിരിഞ്ഞു നിന്ന് പറഞ്ഞു:

"കുട്ടാ നീ ആ പശുകുട്ടിയെ മൃഗ ഡോക്ടറെ കാണിക്കണം. നിന്റെ സ്കൂളിന്റെ അവിടന്ന് കുറച്ചു പോയാല്‍ കാണുന്ന ആ മാര്‍ക്കറ്റ്‌ ഇല്ലേ, അവിടെ പുതിയ ഒരു മൃഗ ഡോക്ടര്‍ വന്നിട്ടുണ്ട്. എനിക്കയാളെ നേരത്തെ അറിയാം. നല്ല മനുഷ്യനാ ഡോക്ടര്‍ സാമുവേല്‍. ഇവിടെ ക്ലിനിക് തുറന്നിട്ടും ആരും ചെല്ലുന്നില്ല. നീ ആകട്ടെ അയാളുടെ ആദ്യ കസ്റ്റമര്‍. സര്‍ക്കാര്‍ വകയാണ്. ഒരു പൈസയും മുടക്കേണ്ട."

ഞാന്‍ തല കുലുക്കി...അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. അതേ, ആ ഡോക്ടറെ കാണണം. നന്ദിനി കുട്ടിയെ രക്ഷിക്കാന്‍ അയാള്‍ക്ക് കഴിയുമായിരിക്കും. നടന്നു നീങ്ങുന്ന തങ്കപ്പന്‍ നായരോട് മടിച്ചു മടിച്ചു ഞാന്‍ ചോദിച്ചു.

"തങ്കപ്പേട്ടന്‍ പോയാല്‍ ഇനി വരില്ലേ..."

അയാള്‍ തിരിച്ചു വന്നു. എന്റെ തോളില്‍ തട്ടിയിട്ടു പറഞ്ഞു:

"ഇല്ല ഇനി ഇങ്ങോട്ടില്ല. ഈ നാടിനു വേണ്ടത് എന്നെ പോലെയുള്ള മൃഗീയ സ്വഭാവമുള്ളവരെയല്ല, നിന്നെപ്പോലെ മനുഷ്യ സ്നേഹമുള്ളവരെയാണ്‌. നിനക്ക് നല്ലതേ വരൂ."

അറിയാതെ ഞാന്‍ ഒന്ന് തേങ്ങിപ്പോയി:

"ഹേയ് എന്തായിത് ...കരയ്യെ...ഞാന്‍ പോയാലും ഈ നാടും നീയും ഈ നാട്ടുകാരും ഒക്കെ എന്നും ഓര്‍മ്മെണ്ടാവും".

അയാള്‍ വീട്ടിലേക്കു കയറിപ്പോയിട്ടും ഞാന്‍ ആ നില്പ് നിന്നു. മനസ്സില്‍ അപ്പോള്‍ ഒരു സന്തോഷം അലയടിക്കുകയായിരുന്നു. നാളെത്തന്നെ ആ ഡോക്ടറെ പോയി കാണണം. നന്ദിനിക്കുട്ടിയെ അയാള്‍ക്ക്‌ രക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ !!!

...........തുടരും.