Kamadhenu Part 4 books and stories free download online pdf in Malayalam

കാമധേനു ലക്കം 4

കാമധേനു - ലക്കം 4
***************

അന്ന് രാവിലെ നേരത്തെ സ്കൂളിലേക്ക് പുറപ്പെടുമ്പോള്‍ വല്ലാത്ത ഒരു സങ്കോചവും അതോടൊപ്പം സന്തോഷവും തോന്നി. എന്തോ ഒരു നല്ല കാര്യം സാധിക്കും എന്നൊരു തോന്നല്‍.

"എന്താ ഇന്ന് നേര്‍ത്തെ"

ചെറ്യമ്മായി ചോദിക്കതിരുന്നില്ല.

"ഒന്നൂല്യ "
എന്ന മറുപടി പറഞ്ഞു വേഗം നടക്കുകയായിരുന്നു.

പടിക്കലെത്തുമ്പോൾ കേട്ടു. ഒരു കുയിലിന്റെ ശബ്ദം

"കൂഹൂ കൂഹൂ... കുക്കുക്കുക്കുക്കു...." ..

വലതു ഭാഗത്ത്‌ ചാടിക്കളിച്ചും പാറിപ്പറന്നും നടക്കുന്ന മൈനകൾ പുത്തൻ ഉന്മേഷം പകർന്നു. അപ്പോൾ ദൂരേന്നു ആ പക്ഷിയുടെ ശബ്ദം വീണ്ടും.

"കൊക്കോ കൊക്കൊക്കോ "

ഞാൻ ഉടൻ പാടി
"ഇപ്പൊ പോറപ്പെട്ടോ" ...

അപ്പോള്‍ വീണ്ടും ആ പക്ഷിയുടെ ശബ്ദം
"കൊക്കോ കൊക്കൊക്കോ"


ഞാന്‍ വീണ്ടും പാടിക്കൊണ്ട് മുന്നോട്ടു നടന്നു...
"വിത്തും കൈക്കോട്ടും".

ഈ പക്ഷിയുടെ ശബ്ദം ഒരു ശുഭ ലക്ഷണമാണെന്ന് മനസ്സ് പറഞ്ഞു. ചോദിച്ചും പറഞ്ഞും കണ്ടു പിടിച്ചു ഡോക്ടര്‍ സാമുവലിന്റെ താമസ സ്ഥലം. അദ്ദേഹത്തിന്റെ ക്ലിനിക്കിനു തൊട്ടു തന്നെ.

ഒരു പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചപ്പോള്‍ ഞാന്‍ എല്ലാം പറഞ്ഞു...എല്ലാം എല്ലാം ...കുഞ്ഞി മാളുവിനെ പറ്റി പറയുമ്പോള്‍ കരയാതിരിക്കാന്‍ ശ്രമിച്ചിട്ടും കണ്ണുകള്‍ തൂവിക്കൊണ്ടിരുന്നു. എല്ലാം കേട്ടു രണ്ടു നിമിഷം നിശബ്ദനായിരുന്നിട്ടു അദ്ദേഹം ഉടന്‍ പുറപ്പെടുകയായി.

"നിന്റെ നന്ദിനികുട്ടിയുടെ കാര്യം ഞാന്‍ ഏറ്റു.."

പല തരം മരുന്നുകള്‍ ബാഗില്‍ നിറച്ചു എന്നോടൊപ്പം പോരാന്‍ ഡോക്ടര്‍ തയ്യാറായി. വഴിയില്‍ ക്ലാസ്സ്‌ ടീച്ചര്‍ ഗോപാലന്‍ മാഷെ കണ്ടത് ഭാഗ്യമായി. ഇന്ന് ലീവ് ആണെന്ന് പറഞ്ഞപ്പോള്‍ ഒന്ന് മൂളിയതെ ഉള്ളു.

വീട്ടിലെത്തി ഡോക്ടര്‍ വളരെ സമയമെടുത്ത്‌ നന്ദിനി കുട്ടിയെ പരിശോധിച്ചു. കുറെ നേരം എന്തോ കണക്കു കൂട്ടുകയും ഒരു ബുക്കെടുത്ത്‌ മറിച്ചു നോക്കുന്നതും കണ്ടു. അവസാനം ആ മുഖം പ്രകാശിച്ചു. ഒരു മരുന്നുണ്ട്, ഇന്ന് മുതല്‍ കൊടുത്തു തുടങ്ങാം. മുളംകുഴല്‍ പോലെ ഒന്ന് വലിച്ചെടുത്തു ഡോക്ടര്‍ മരുന്ന് അതില്‍ ഒഴിച്ച് പശുവിന്റെ വാ പോളിപ്പിച്ചു ഒഴിച്ചു.

ഇത് ഉച്ചക്കും വൈകീട്ടും അത് പോലെ ചെയ്യാന്‍ പറഞ്ഞു. ആദ്യ ദിവസം ഒരു ഫലവും കണ്ടില്ല. പിറ്റേന്ന് രാവിലെ തന്നെ ഡോക്ടര്‍ എത്തി...ഒരു ഇന്‍ജെക്ഷന്‍ കൂടെ എടുത്തു. മരുന്നുകള്‍ തുടര്‍ന്നപ്പോള്‍ ചെറിയ മാറ്റം കണ്ടു തുടങ്ങി..നന്ദിനി എണീറ്റ്‌ നില്‍ക്കാനും പുല്ലും വൈക്കോലും ഒക്കെ തിന്നാനും തുടങ്ങി. സന്തോഷത്തിന്റെ ഒരു ചെറിയ നാമ്പ് മനസ്സിലേക്കോടിയെത്തി. ഒരു ചെറിയ പ്രതീക്ഷ.

പക്ഷെ അടുത്ത ദിവസം എന്നെ എതിരേറ്റത് മറ്റൊരു വാര്‍ത്തയായിരുന്നു. ബാങ്കില്‍ ക്ലാര്‍ക്ക് ആയ ചെറിയമ്മാമക്ക് ട്രാന്‍സ്ഫര്‍ തിരുവനന്തപുരത്തേക്ക്. ഡപ്പൂട്ടേഷനിലാണ് ആറു മാസത്തേക്ക്. ചിലപ്പോള്‍ ഒരു വര്‍ഷത്തേക്കും നീളും. യാത്ര പറയുമ്പോള്‍ ചെറിയമ്മാമ അടുത്ത് വിളിച്ചു പറഞ്ഞു.

"നന്നായി പഠിക്കണം..ഇത് പത്താം ക്ലാസ്സാണ്. മറക്കരുത്. " തലയാട്ടി സമ്മതിക്കുമ്പോള്‍ മനസ്സിന് വല്ലാത്ത ഭാരം.

വല്ലപ്പോഴും പോക്കറ്റ്‌ മണി കിട്ടുന്നത് ചെറിയമ്മാമയില്‍ നിന്നാണ്. ചെറിയമ്മാമ പോയതോടെ ചെറിയമ്മായിയും, നാല് വയസ്സുള്ള നേഹ മോളുമായി അവരുടെ വീട്ടിലേക്കു ചേക്കേറി. അതോടെ ആ വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടു. ആദ്യമേതന്നെ വലിയ സഹകരണമില്ലാത്ത വല്യമ്മായി. അവരില്‍ ഒതുങ്ങിക്കൂടുന്ന അവരുടെ രണ്ടു മക്കള്‍ അഞ്ചു വയസ്സുള്ള രാഹുലും എട്ടു വയസ്സുള്ള രണ്ജിനിയും. എന്തിനും എന്റെ മേല്‍ കുറ്റങ്ങള്‍ ആരോപിക്കുന്ന വല്യമ്മാവന്‍. എല്ലാം അറിഞ്ഞിട്ടും നിസ്സന്ഗത പാലിക്കുന്ന മുത്തശ്ശി.

എനിക്കാവീട്ടില്‍ മുമ്പൊക്കെ കൂട്ടുണ്ടായിരുന്നത് വല്യമ്മാവന്റെ മൂത്ത മകള്‍ ഗോമതി ചേച്ചിയായിരുന്നു. എന്നേക്കാള്‍ നാല് വയസ്സിനു മൂപ്പുള്ള ഗോമതി ചേച്ചി വിവാഹം കഴിഞ്ഞു പോയതോടെ ആ കൂട്ടും പോയി. പിന്നെ എല്ലാം മുത്തശ്ശിയായിരുന്നു. ഇപ്പോള്‍ മുത്തശ്ശിയും ഒരു ശത്രുവിനെ പോലെ എന്നെ കാണുന്നു. പൂജയും ഭാഗവതം വായനയുമായി മുത്തശ്ശി സമയം തള്ളി നീക്കി. ആരും എന്നോടൊന്നും ചോദിക്കുന്നില്ല ..പറയുന്നില്ല...ഭക്ഷണം കഴിക്കാന്‍ നേരം ആരെങ്കിലും വിളിക്കും.

വളരെ ചെറുതായപ്പോഴേ മുത്തശ്ശിയോടൊപ്പം നിന്നതാണ്. ബോംബെ നഗരത്തില്‍ ജോലിയുള്ള അച്ഛന്റെയും അമ്മയുടെയും കൂടെ പോയില്ല. എന്ക്കെന്നും ഈ നാടും ഈ പരിസരവും ആണ് ഇഷ്ടപെട്ടത്. പോരാത്തതിനു മുത്തശ്ശിയുടെയും ചെരിയമ്മാമയുടെയും സപ്പോര്‍ട്ടും കൂടിയായപ്പോള്‍ ഇവിടെത്തന്നെ പറ്റിക്കൂടി. അവിടെ എന്നേക്കാള്‍ നാല് വയസ്സിനിളപ്പമുള്ള അനിയത്തി രേണുവും ആയി അവര്‍ ബോംബയിലാണ്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴാണ് അവര്‍ നാട്ടിലേക്ക് വരുന്നത്. ഓരോ പ്രാവശ്യം വരുമ്പോഴും എന്നെ കൊണ്ട് പോവാന്‍ ശ്രമിക്കും...ഞാന്‍ പോവില്ല. മുത്തശ്ശി വിടുകയുമില്ല. പിന്നെ പിന്നെ അവരും പറയാതായി.

തറവാട്ടില്‍ എല്ലാവരുടെയും നിസ്സഹകരണമായപ്പോള്‍ പിന്നെ സ്കൂള്‍ ഒഴിച്ചുള്ള മുഴുവന്‍ സമയമൊക്കെ നന്ദിനി കുട്ടിയുടെ പരിചരണമായി ഞാന്‍ ഒതുങ്ങിക്കൂടി. പക്ഷെ എല്ലാം എനിക്കെതിരായിരുന്നു. കുഞ്ഞി മാളു എങ്ങിനെയാണോ അതിന്റെ നേരെ വിപരീതം നന്ദിനി കുട്ടി. ഒരു സഹകരണവുമില്ല.

തീറ്റി തുടങ്ങിയതോടെ എന്നും സ്കൂളില്‍ നിന്നെത്തുംപ്പോഴേ ആരുടെയെങ്കിലു മൊക്കെ കംപ്ലൈന്റ്റ്‌ ഉണ്ടാകും. കയറു പൊട്ടിച്ചു പോയി അവരുടെ വിളവു നശിപ്പിചെന്നോ...വേലി പോളിച്ചെന്നോ ഒക്കെ. ഒരു ദിവസം വലിയമ്മാമയുടെ ചെവിയിലും എത്തി. പിന്നെ ശകാര വര്‍ഷങ്ങളായി.

"ഞാന്‍ അന്നേ പറഞ്ഞതാ...ആ നശിച്ച ജന്തൂനെ എവിടെങ്കിലും കാളയാന്ന്. ഇപ്പൊ എങ്ങനെ ണ്ട്."

മുത്തശ്ശിയും കേള്‍ക്കനെന്നോണം ഉറക്കെയാണ് സംസാരം. എന്നിട്ടും മുത്തശ്ശി ഒന്നും പ്രതികരിച്ചില്ല.

മൂന്നു വയസ്സ് കഴിഞ്ഞ നന്ദിനി കുട്ടിയടെ വളര്‍ച്ച പെട്ടെന്നായിരുന്നു. വലിയൊരു പശുവിന്റെ അത്രേം വലിപ്പമായി. തീറ്റ തുടങ്ങിയതോടെ എപ്പോഴും എന്തെങ്കിലും വേണം. ഇല്ലെങ്കില്‍ പാതിരയായാലും അമറിക്കൊണ്ടിരിക്കും. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ശല്യം.

" രാത്രി ഒന്ന് നേരെ ഒറങ്ങാനും സമ്മതിക്കില്ല " വല്യമ്മായിയുടെ പിറുപിറുപ്പ് കേട്ടില്ലെന്നു നടിച്ചു.

ഡോക്ടറുടെ ക്ലിനിക്കില്‍ നിന്ന് കിട്ടിയ കാലി തീറ്റകള്‍ കൊടുക്കുന്തോറും വിശപ്പ്‌ കൂടുന്ന നന്ദിനീ കുട്ടി. എത്ര വണ്ണമുള്ള കയര്‍ കൊണ്ട് കെട്ടിയാലും രാത്രി കയര്‍ പൊട്ടിക്കുക പതിവായി.

ഒരു ദിവസം സ്കൂളില്‍ നിന്ന് വരുമ്പോള്‍ ഞെട്ടിപ്പോയി. മുറ്റത്ത്‌ രണ്ടു അപരിചിതര്‍ നില്‍ക്കുന്നു. വല്യമ്മാമ നന്ദിനി കുട്ടിയെ കെട്ടിയിടത്തു നിന്നഴിച്ചു കൊണ്ട് വരുന്നു. വലിച്ചാണ് കൊണ്ട് വരുന്നത്. മുട്ടന്‍ വടി കൊണ്ട് അടിക്കുകയും ചെയ്യുന്നു. എന്റെ മനസ്സ് വല്ലാതെ നൊന്തു. ഒരു നിമിഷം കൊണ്ട് എല്ലാം മനസ്സിലായി. നന്ദിനിക്കുട്ടിയെ ആര്‍ക്കോ വില്‍ക്കാന്‍ പോകുന്നു. ഞാന്‍ ഓടി മുറ്റത്തെത്തി. പുസ്തകം ഒരു കോണിലെക്കെറിഞ്ഞു. ചാടി വീഴുകയായിരുന്നു ഞാന്‍ .

"അരുത് നന്ദിനിക്കുട്ടിയെ കൊണ്ട് പോകരുത് "
ഞാന്‍ അലറിവിളിക്കുകയായിരുന്നു.

"മാറി നില്‍ക്കെടാ കഴുതേ "

വല്യമ്മാവന്‍ പിടിച്ചൊരു തള്ള്. ഞാന്‍ മുറ്റത്തിന്റെ ഒരു കോണില്‍ ചെന്ന് വീണു. വല്യമ്മാമ അവരോടു പറയുന്നു.

"വേഗം കൊണ്ട് പൊയ്ക്കോ. പൈസ ഞാന്‍ അവിടെ വന്നു വാങ്ങിക്കോളാം."

ധൃതി പിടിച്ചു നന്ദിനിക്കുട്ടിയെ അവരുടെ കയ്യിലേക്ക് കൊടുക്കുകയായിരുന്നു വല്യമ്മാവൻ. പൊടുന്നനെ മുത്തശ്ശി ഉമ്മറത്ത്‌ പ്രത്യക്ഷപ്പെട്ടു. ആ കണ്ണുകളില്‍ എരിയുന്ന തീ ഞാന്‍ കണ്ടു.

"രാഘവാ "
ആ വിളിയില്‍ വല്യമ്മാമ നടുങ്ങി.

"ഇവിടെ തീരുമാനമെടുക്കാന്‍ ഞാന്‍ ഇന്ന് ജീവനോടെ ണ്ട്"

അതോടെ വല്യമ്മാമക്ക് ഉത്തരം മുട്ടി. വിളറി നില്‍ക്കുന്ന വല്യമ്മാമയോട് മുത്തശ്ശിയുടെ കല്പന

"കൊണ്ട് വന്നിടത്ത് തന്നെ കൊണ്ട് കെട്ടിയിട്ടു വാ"

അനുസരിക്കുകയെ നിവൃത്തിയുണ്ടായിരുന്നുള്ളൂ വല്യമ്മാമക്ക്. തല കുനിച്ചു എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നന്ടിനിക്കുട്ടിയെയും വലിച്ചു കൊണ്ട് വല്യമ്മാമ തിരിച്ചു നടന്നു. മുറ്റത്ത്‌ സ്തമ്പിച്ചു നില്‍ക്കുന്നവരോട് മുത്തശ്ശി പറഞ്ഞു.

" നിങ്ങള്‍ക്കും പോകാം "

അവര്‍ നടന്നു നീങ്ങിയപ്പോള്‍ ഞാന്‍ ആശ്വാസത്തോടെ, നന്ദിയോടെ മുത്തശ്ശിയെ നോക്കി. പക്ഷെ മുത്തശ്ശി അവിടെ ഉണ്ടായിരുന്നില്ല.

അതൊരു തുടക്കമായിരുന്നു. അതോടെ വല്യമ്മാമയുടെയും വല്യമ്മായിയുടെയും കണ്ണിലെ കരടായി ഞാന്‍ മാറി. നിസ്സഹകരണത്തിന്റെ ഉഗ്രതയിലേക്ക് അവരെത്തി. പലപ്പോഴും നന്ദിനിക്കുട്ടിക്കായി എടുത്തു വെയ്ക്കുന്ന കഞ്ഞി വെള്ളം എടുത്തു ദൂരെക്കളയും വല്യമ്മായി.

ഭക്ഷണ സമയത്ത് വിളിക്കാതായി. വേണമെങ്കില്‍ ചെന്ന് എടുത്തു കഴിച്ചോളുക. അതിനോടും പൊരുത്തപ്പെട്ടു. പക്ഷെ നന്ദിനിക്കുട്ടിയുടെ ദിവസവുമുള്ള കയറു പൊട്ടിക്കല്‍ വീണ്ടും ഒരു നീറ്റലായി. എന്താണ് ചെയ്യേണ്ടതെന്നറിയാതെയായി. അവിടെയും ഡോക്ടര്‍ അറിഞ്ഞു കേട്ട് സഹായത്തിനെത്തി. വലിയൊരു ഇരുമ്പു ചങ്ങല കൊണ്ട് വന്നു..പിന്നെ അതിലായി നന്ദിനി കുട്ടിയെ കെട്ടിയിടുന്നത്.

ദിവസവും പ്രാതല്‍ കിട്ടാന്‍ വൈകി..അതോടെ സ്കൂളിലെത്താനും വൈകാന്‍ തുടങ്ങി. വല്യമ്മായി പറയും

"എനിക്ക് രണ്ടു കയ്യേ ഉള്ളു. എവിടെയൊക്കെ എത്തണം."

പല ദിവസവും ഉച്ചക്ക് കൊണ്ട് പോകാനുള്ള ചോറ് ആയിട്ടുണ്ടാവില്ല.. പല ദിവസവും ഉച്ചയക്ക് പട്ടിണിയായി. മുമ്പൊക്കെ ചെറിയമ്മാമ തരുന്ന പോക്കറ്റ്‌ മണി കൊണ്ട് അലവിയാക്കയുടെ പീടികയില്‍ നിന്ന് വാങ്ങി തിന്ന കട്ടന്‍ കാപ്പിയും ഉണ്ടപ്പൊരിയുമെല്ലാം ഇന്ന് ഓര്‍മയായി.

പല ദിവസവും ഉച്ചക്ക് പച്ച വെള്ളത്തില്‍ ഒതുങ്ങി ഉച്ചയൂണ്. കൂനിന്‍ മേല്‍ കുരു എന്ന പോലെ കാല്‍ക്കൊല്ല പരീക്ഷയുടെ റിസള്‍ട്ട്‌ വന്നപ്പോള്‍ ക്ലാസ്സില്‍ എന്നും ഒന്നാമനായ ഞാന്‍ പലതിലും കഷ്ടിച്ച് ജയിച്ചതെ ഉള്ളു. ആദ്ധ്യാപകരുടെ ശകാര വര്‍ഷം.

പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ആരെക്കൊണ്ടു ഒപ്പിടുവിക്കും ? മിണ്ടാട്ടമില്ലാത്ത മുത്തശ്ശിയെകൊണ്ടോ. ഈറ്റപ്പുലി പോലെ തന്നെ നോക്കുന്ന വല്യമ്മവനെ കൊണ്ടോ. ചെരിയമ്മാമ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. എത്ര വഴക്ക് പറഞ്ഞാലും ഒരു അഭയ കേന്ദ്രമായിരുന്നു. ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ പ്രോഗ്രസ്സ് കാര്‍ഡ് ബുക്കില്‍ തന്നെ വെയ്ക്കാന്‍ വയ്യാതായി തിരിച്ചു കൊടുക്കണം.

അവസാനം ആദ്യമായി ഒരു തെറ്റ് ചെയ്തു. ചെറിയമ്മാമയുടെ മുമ്പത്തെ ഒപ്പ് നോക്കി ഒപ്പിട്ടു കൊടുത്തു. അവസാന ദിവസമായത്‌ കൊണ്ടും ഒരു പാട് പേരുടെ ഒന്നിച്ചു ശേഖരിച്ചതുകൊണ്ടും ക്ലാസ് ടീച്ചര്‍ ഗോപാലന്‍ മാഷ്‌ അത് ശരിക്കും ചെക്ക്‌ ചെയ്യാഞ്ഞതു ഭാഗ്യമായി കരുതി. പക്ഷെ മനസ്സിനൊരു നീറ്റല്‍.

ഇനി നന്നായി പഠിക്കണം...മനസ്സില്‍ ഉറപ്പിച്ചു. രാത്രി വളരെ നേരം ഇരുന്നു പഠിക്കാന്‍ തന്നെ തീരുമാനിച്ചു. അന്ന് വീട്ടില്‍ കറന്റ്‌ ആയിട്ടില്ല. മണ്ണെണ്ണ വിളക്കിന്റെ മുന്നിലിരുന്നാണ് പഠനം. ഒരു ദിവസം വിളക്ക് വന്നു ഊതിക്കെടുത്തി വല്യമ്മാമ.

"മണ്ണെണ്ണ വെറുതെ കിട്ട്ണതല്ല. പാതിരാ വരെ ഇരുന്നു പഠിക്കാന്‍. പകല്‍ സമയത്ത് നീ എവിടെരുന്നു. "

എണീറ്റാല്‍ സ്കൂളില്‍ പോകുന്നതിനു മുന്‍പ് വരെയും നന്ദിനിക്കുട്ടിക്കുള്ള പുല്ലും വൈക്കോലും ഒരുക്കണം. കുടിക്കാനുള്ള വെള്ളം വലിയ പാത്രത്തിലാക്കി കൊണ്ട് വെയ്ക്കണം. വൈകീട്ട് വന്നാലും ഇത് തന്നെ പണി. പല ദിവസവും ബുക്ക്‌ തുറന്നു നോക്കാന്‍ പറ്റാതെ അവസ്ഥ.

ഒന്ന് രണ്ടു ദിവസങ്ങളായി നന്ദിനിക്കുട്ടി വലിയ കരച്ചിലായിരുന്നു. പുല്ലും വൈക്കോലും ശ്രദ്ധിക്കുന്നില്ല. എപ്പോഴും അമറല്‍ തന്നെ. ഡോക്ടര്‍ എത്തി. കൂടെ ഒരു അസ്സിസ്ടന്റും ഉണ്ട്. വലിയൊരു സൂചി വലിച്ചെടുത്തു. എന്നോട് ദൂരെപ്പോകാന്‍ പറഞ്ഞു. ഡോക്ടറും അസ്സിസ്ടന്റും നന്ദിനിക്കുട്ടിയെ കേട്ടിയിരുന്നിടത്ത് ചെന്ന് കുറച്ചു കഴിഞ്ഞു മടങ്ങി വന്നു. ഡോക്ടര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

"നിന്റെ നന്ടിനിക്കുട്ടിയ്ടെ അസുഖം മാറി. ബീജ സങ്കലനത്തിനുള്ള സമയമായിരുന്നു. ഉന്നത തരം ജേര്‍സി പശുവിന്റെ ബീജമാണ് ഇപ്പോള്‍ കുത്തി വെച്ചത്. ഇനി നിന്റെ നന്ദിനി കുട്ടി പ്രസവിക്കുമ്പോള്‍ ഒരു ജേര്‍സി പശു കുട്ടിയായിരിക്കും. നോക്കിക്കോ. ഇന്നാട്ടിലെ എന്റെ ആദ്യത്തെ പരീക്ഷണമാണ്."

ജേര്‍സി പശുവിനു സാധാരണ പശുക്കളേക്കാള്‍ പതിന്മടങ്ങ്‌ പാല്‍ കിട്ടുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.

നന്ദിനി കുട്ടി ഗര്‍ഭിണി ആയതോടെ എന്റെ ജോലി കൂടി. കൂടുതല്‍ ശ്രദ്ധ വേണ്ട സമയം. ആ വാര്‍ത്ത അറിഞ്ഞതോടെ മുത്തശ്ശിയില്‍ ഒരു ചെറിയ മാറ്റമുണ്ടായി. എന്നോട് ഉരിയാടിയിട്ടില്ലെങ്കിലും പകല്‍ സമയത്തെല്ലാം മുത്തശ്ശി നന്ദിനിക്കുട്ടിയോടൊപ്പം ഉണ്ട്. തീറ്റ കൊടുത്തിട്ടും വെള്ളം കൊടുത്തിട്ടും ഒക്കെ.

എന്റെ തല കാണുമ്പോഴേ മുത്തശ്ശി ഒന്നുമറിയാത്ത പോലെ അവിടന്ന് നീങ്ങും. മുത്തശ്ശിയുടെ ആ മാറ്റം എന്റെ പിരി മുറുക്കത്തിനു ഒരു ചെറിയ ഒരു അയവ് വന്നു. ക്ലാസ്സില്‍ അന്നന്ന് പഠിപ്പിക്കുന്നത് ജാഗരൂകതയോടെ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ പഠനം വീണ്ടും സുഖകരമായി. എന്ത് വിഷമം പിടിച്ച ചോദ്യത്തിനും ഞാന്‍ ഉത്തരം നല്‍കാന്‍ തുടങ്ങിയതോടെ വീണ്ടും അധ്യാപകരുടെ പ്രിയങ്കരനായി. അരക്കൊല്ല പരീക്ഷയില്‍ എല്ലാ വിഷയത്തിനും ഒന്നാം സ്ഥാനം നേടാനും കഴിഞ്ഞു.

ഇപ്രാവശ്യം മുത്തശ്ശി പ്രോഗ്രസ്സ് കാര്‍ഡ്‌ ഒപ്പിട്ടു തന്നു. ഒന്നും ചോദിച്ചില്ല. നേരത്തെയുള്ള മാര്‍ക്ക് എത്രയെന്നു ആരാഞ്ഞില്ല. ഇപ്പോള്‍ എത്ര മാര്‍ക്ക് കിട്ടിയെന്നു ചോദിച്ചില്ല. വളരെ ദിവസങ്ങക്ക് ശേഷം ചെറിയമ്മാമയുടെ ഒരു കത്ത് എന്റെ സ്കൂള്‍ അഡ്രെസ്സില്‍ വന്നു. അരക്കൊല്ല പരീക്ഷയില്‍ ഒന്നമാനായതിൽ അഭിനന്ദിക്കാന്‍ മറന്നില്ല. മുത്തശ്ശി അറിയിച്ചതാനെന്നു തോന്നുന്നു. എന്നാലും പറഞ്ഞു..

"ഇനി വരുന്ന പരീക്ഷ ഫൈനലാ ശരിക്കും ശ്രദ്ധിക്കണം."

ചെറിയമ്മാമ അത്രയും പറഞ്ഞാല്‍ മതി. അത് ഒരു പ്രചോദനമായിരുന്നു. സ്കൂള്‍ ഫൈനല്‍ പരീക്ഷ കഴിഞ്ഞിട്ടും വേനല്‍ക്കാല അവധിയായിട്ടും ചെറിയമ്മാമ വന്നില്ല. അവിടെ തിരക്കാണത്രെ. ഇനിയും സമയമേടുക്കുമത്രേ.

നന്ദിനിക്കുട്ടിയുടെ പ്രസവമടുക്കുന്തോരും മിക്കവാറും ദിവസങ്ങളിൽ ഡോക്ടര്‍ വരും പരിശോധിക്കും. പലരും കേട്ടറിഞ്ഞു നന്ദിനിക്കുട്ടിയെ കാണാന്‍ വന്നു തുടങ്ങി. ഒരു ജേര്‍സി പശുവിനു ജന്മം കൊടുക്കാന്‍ പോകുന്ന നന്ദിനി അവരുടെ ഒരു കൌതുകമായി.

സ്കൂള്‍ അവധിയും കഴിഞ്ഞു ജൂണ്‍ മാസപ്പിറവിയായി. നന്ദിനി പ്രസവിക്കുമെന്നു ഡോക്ടര്‍ പറഞ്ഞ പല ദിവസങ്ങളും തെറ്റി. ഡോക്ടറുടെയും നെറ്റി ചുളിയാന്‍ തുടങ്ങി. ഇപ്പോള്‍ മുത്തശ്ശി എന്നോട് മിണ്ടാട്ടമില്ലെങ്കിലും സജീവമായിട്ടുണ്ട്. പൂജയും ജപവുമൊക്കെ രാവിലെയും വൈക്കീട്ടും കുറച്ചു നേരമാക്കി.

ഒരു ദിവസം ഡോക്ടര്‍ വന്നത് രാത്രിയിലാണ്. പോകാന്‍ കുറെ നേരമായി. ഞാന്‍ ചെന്ന് കിടന്നതെ ഉറങ്ങിപ്പോയി. രാവിലെ എണീറ്റപ്പോള്‍ പത്തു മണി. കിണറ്റുകരയിലെക്കോടി പല്ലും മുഖവും കഴുകി വന്നപ്പോള്‍ നന്ദിനിക്കുട്ടിയെ കെട്ടിയ ഭാഗത്ത്‌ ആള്‍ക്കൂട്ടം. ബേജാറോടെ മുത്തശ്ശി എന്തൊക്കെയോ പറയുന്നു. കുറച്ചു കഴിഞ്ഞു ഡോക്ടര്‍ വന്നു കൈ കഴുകുന്നത് കണ്ടപ്പോഴാണ് ഡോക്ടര്‍ രാവിലെ വന്നത് ഞാന്‍ അറിഞ്ഞത്. ഡോക്ടര്‍ വലിയ സന്തോഷത്തില്‍ എന്റെ തോളില്‍ തട്ടിയിട്ടു പറഞ്ഞു.

"സക്സ്സ്സ് . ചെന്ന് നോക്കെടാ നിന്റെ നന്ദിനിക്കുട്ടി പ്രസവിച്ചു". ഒരു നിമിഷം നിന്നെടത്തു നിന്നനങ്ങാന്‍ കഴിയുന്നില്ല സന്തോഷമോ സങ്കടമോ..

ഞാന്‍ നടന്നടുക്കുമ്പോള്‍ മുത്തശ്ശി വിലക്കി."വരട്ടെ ..കുറച്ചു കഴിയട്ടെ...പശൂന്റെ മറൂട്ടി വീണിട്ടില്ല".

കുറച്ചു കഴിഞ്ഞു മുത്തശ്ശി നിറഞ്ഞ ചിരിയോടെ എന്നെ കൈ കാട്ടി വിളിച്ചു. ഞാന്‍ ചെന്ന് കണ്കുളിര്‍ക്കെ കണ്ടു.. നല്ല വലിപ്പമുള്ള ഒരു പശുകുട്ടി. അതിനെ നക്കിത്തോര്‍ത്തുന്ന നന്ദിനി. പശുക്കുട്ടി പതിയെ എണീക്കാന്‍ ശ്രമിക്കുന്നു...വീഴുന്നു.

മുത്തശ്ശി എന്നെ ചേര്‍ത്ത് പിടിച്ചു എന്റെ മുടിയിലൂടെ തഴുകി പറഞ്ഞു.

"ഒരു പാട് സഹിച്ചു അല്ലെ കുട്ടാ...സാരല്യ. ദേ നോക്യേ നിന്റെ കുഞ്ഞി മാളു തിരിച്ചു വിന്നിരിക്യാ. ..സൂക്ഷിച്ചു നോക്ക്. ആ വെളുത്ത നെറോം നെറ്റിയിലെ ആ പൊട്ടും ഒക്കെ കണ്ടോ..."

മുത്തശ്ശിയുടെ ഏറെ നാള് കഴിഞ്ഞുള്ള ആ തലോടലില്‍ എന്റെ എല്ലാ ദുഖങ്ങളും അമര്‍ന്നു. സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞൊഴുകി. ഈറന്‍ മിഴിയിലൂടെ ഞാന്‍ കണ്ടു.

"കുഞ്ഞി മാളു... അതെ കുഞ്ഞി മാളു തന്നെ..ഒന്ന് ഉറക്കെ തുള്ളിച്ചാടാന്‍ എന്റെ മനസ്സ് വെമ്പി....."

കുഞ്ഞി മാളു വീണ്ടും എത്തിയിരിക്കുകയാണ്. മുത്തശ്ശി പറഞ്ഞു..

"കുട്ടാ ഇനി ഇത്തിരി കൂടുതല്‍ പുല്ലരിയണം കേട്ടോ...ഇനീപ്പോ നന്ദിനിക്കുട്ടി മാത്രല്ല ...നിന്റെ കുഞ്ഞി മാളൂനും വേണം. "

അത് കേള്‍ക്കേണ്ട താമസം ഞാന്‍ ഓടി അരിവാള്‍ എടുക്കാനായി. പാടത്ത് വരമ്പത്ത് തഴച്ചു വളര്‍ന്ന പുല്ലരിഞ്ഞു കെട്ടാക്കണം. പാടത്തേക്കു ഓടുമ്പോള്‍ ..പിന്നില്‍ ഒരു ശബ്ദം...

"ടപ് ടപ് ടപ് ടപ്"
ഞാന്‍ തിരിഞ്ഞു നോക്കി.

അതാ എണീറ്റ്‌ നില്‍ക്കാറായ കുഞ്ഞി മാളു എന്റെ പിന്നാലെ ഓടി വരുന്നു. ഞാന്‍ അതിന്റെ കഴുത്തിലൂടെ കയ്യിട്ടു ചേര്‍ത്ത് നിര്‍ത്തി വിളിച്ചു.

"കുഞ്ഞി മാളൂ...കുഞ്ഞി മാളൂ "

എന്തോ പറയാനായി അത് വായ്‌ തുറന്നെങ്കിലും ശബ്ദം പുറത്തു വന്നില്ല.

"നീ എന്നോട് ക്ഷമിച്ചു അല്ലെ...കുഞ്ഞി മാളൂ. നീ വീണ്ടും വന്നല്ലോ. സന്തോഷായി."

എന്റെ കണ്ണുകള്‍ തൂവാതിരിക്കാന്‍ പാട് പെട്ടിട്ടും ഇട മുറിയാതെ ഒഴുകിക്കൊണ്ടിരുന്നു. നന്ദിനിക്കുട്ടിയുടെ വലിയ വായിലെ ഉള്ള കരച്ചില്‍ കേള്‍ക്കാം...

"മ് ബേ"

അത് കേട്ട് മറുപടിയെന്നോണം പശുക്കുട്ടിയും ഒരു ചെറിയ ശബ്ദമുണ്ടാക്കി.

"ഇനി നീ അമ്മേടെ അടുത്തേക്ക് തന്നെ പോയ്കോ"..

എന്ന് പറഞ്ഞു പശുക്കുട്ടിയെ തിരിച്ചു വിട്ടു ഞാന്‍ നടക്കവേ കണ്ടു പടിക്കല്‍ ചെറിയമ്മാമ, ചെറിയമ്മായി, നേഹാമോള്‍ എല്ലാവരും ഉണ്ട്.

ഓടുകയായിരുന്നു.ചെറിയമ്മാമയുടെ അടുത്തേക്ക്. അമ്മായിയുടെ കയ്യില്‍ തൂങ്ങി നേഹ മോള്‍ ചിരിച്ചു.എല്ലാവരോടും ഞാന്‍ പറഞ്ഞു.

"നന്ദിനി കുട്ടി പ്രസവിച്ചു....കുഞ്ഞി മാളു തിരിച്ചു വന്നു. ഞാന്‍ പോയി പുല്ലരിയട്ടെ..."

ഓടാന്‍ തുടങ്ങിയ എന്നെ ചെറിയമ്മാമ പിടിച്ചു നിര്‍ത്തി..

"നിനക്കറിയോ നിന്റെ റിസള്‍ട്ട്‌ വന്നു . നിനക്ക് ഫസ്റ്റ് ക്ലാസ്സ്‌ ഉണ്ട്. എന്ന് മാത്രമല്ല നീ ആണ് ഈ ഡിസ്ടിക്ടില്‍ ഫസ്റ്റ്. "

അപ്പോഴാണ്‌ ഇന്നാണല്ലോ റിസള്‍ട്ട്‌ അറിയുന്നത് എന്നോര്‍ത്തത്...അതിനെക്കലേറെ എന്നെ സന്തോഷിപ്പിച്ചത് കുഞ്ഞി മാളുവിന്റെ തിരിച്ചുവരവാണെന്ന് ഇവര്‍ക്കറിയില്ലല്ലോ .

ചെറിയമ്മായി എന്റെ തോളില്‍ തട്ടിയിട്ടു ചോദിച്ചു..

"സുഖാണോ കുട്ടാ...ചെക്കന്‍ ആള് വല്യ കുട്ട്യായല്ലോ. പൊടീ മീശേം ഒക്കെ വന്നു. ...വേഗം പോയിട്ട് വാ. നിനക്കെന്തോക്കയാ ചെറിയമ്മാമ കൊണ്ടോന്നത് എന്ന് കാണണ്ടേ."

ഞാന്‍ വേഗം വരാം എന്ന് പറഞ്ഞു തിരിഞ്ഞു.. പിറകില്‍ വല്യമ്മാമയുടെ ശബ്ദം.

"കുട്ടാ നിൽക്ക്. നിന്നെ ഞാന്‍ നേരെയോന്നു കാണട്ടെ."

വല്യമ്മാമയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. എന്നെ വന്നു ചേര്‍ത്ത് പിടിച്ചു വല്യമ്മാമ പറഞ്ഞു

"നിന്നെ ഞാന്‍ ഒരു പാട് ദ്രോഹിച്ചിട്ടുണ്ട്. നീ ഇന്ന് ഈ തറവാടിന്റെ അഭിമാനമാണ്. എന്റെ കുട്ടീ നെനക്ക് ഫസ്റ്റ് ക്ലാസ്സ് കിട്ടീന്നു കേട്ടപ്പോ ഞാന്‍ ഒരു പാട് പൊങ്ങിപ്പോയി എന്റെ അന്തിരവന്‍ ഈ ഡിസ്ട്രിക്ടില്‍ ഫസ്റ്റ് ..എന്താ കഥ..."

ഒന്ന് നിര്‍ത്തിയിട്ടു പറഞ്ഞു

"പിന്നെ നീ അറിഞ്ഞോ നിന്റെ ഗോമതി ചേച്ചിയും കുട്ടികളും വരുന്നുണ്ട്...അത് മാത്രമോ...നിന്റെ അച്ഛനും അമ്മയും അന്യത്തിക്കുട്ടിയും എല്ലാരും കൂടെ ഒന്നിച്ചാ വരുന്നത്. ..നാളെ എത്തും. ..സന്തോഷായില്യെ.നെനക്ക് .."

അത്രയൊക്കെ വല്യമ്മാമ പറഞ്ഞപ്പോഴും ഞാന്‍ തിരിച്ചു പറഞ്ഞത് ഇതാണ്..

"വല്യമ്മാമേ കുഞ്ഞി മാളു തിരിച്ചു വന്നു.....എനിക്ക് പോണം പുല്ലരിയണം."

ഞാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ വല്യമ്മായിയുടെ നീട്ടിയുള്ള വിളി കേള്‍ക്കാം..

"കുട്ടാ വേഗം വാ . ഈ കുട്ടി ഇത് വരെ പ്രാതല്‍ കഴിചില്യല്ലോ..."

എത്രയോ ദിവസങ്ങള്‍ക്കു ശേഷം വല്യമ്മായിയുടെ ഈ വിളി കേള്‍ക്കുകയാണ്.

ഞാന്‍ ആരെയും ശ്രദ്ധിക്കാതെ അരിവാളുമായി ഓടി പാടത്തേക്ക്. കാര്‍ മേഘങ്ങളൊഴിഞ്ഞു തെളിഞ്ഞ മാനം. അവിടവിടെ പാറി നടന്നിരുന്ന മൈനകള്‍ എനിക്ക് വഴി മാറിത്തന്നു. പാടത്ത് വരമ്പില്‍ തഴച്ചു വളര്‍ന്ന പച്ച പുല്ലുകള്‍ എന്നെ നോക്കി പുഞ്ചിരിച്ചു തലയാട്ടി.

എവിടെന്നോ ഒരു കുയിലിന്റെ ശബ്ദം...."കൂഹൂ...കൂഹൂ...കുക്കു ക്കു ക്കു ക്കു."

പുല്ലരിയുന്നതിനിടയില്‍ ഞാന്‍ ദൂരെ ആ പക്ഷിയുടെ ശബ്ദം കേട്ടു...

"കൊക്കോ കൊക്കൊക്കോ "

ഞാന്‍ എല്ലാം മറന്നു കൂടെ പാടി...

"ഇപ്പൊ പോറപ്പെട്ടോ"

അപ്പോള്‍ വീണ്ടും പക്ഷിയുടെ ശബ്ദം..

"കൊക്കോ കൊക്കൊക്കോ "

ഞാനും പാടി...

"വിത്തും കൈക്കോട്ടും "

മനസ്സ് സന്തോഷം കൊണ്ട് പെരുമ്പറയടിക്കുകയാണ്. ഇനി തറവാട്ടില്‍ ഉത്സവമാണ്. ഗോമതി ചേച്ചിയും മക്കളും അമ്മയും അച്ഛനും രേണു മോളും എല്ലാരും എത്തിയാല്‍ തറവാട്ടില്‍ ഇനി കുറച്ചു ദിവസം വലിയ ബഹളം തന്നെയായിരിക്കും. ഇനി ദിവസവും രാവിലെ മുത്തശ്ശിയുടെ തൈര് കലക്കുന്ന "ക്ലെ ക്ലെ ക്ലെ ക്ലെ " ശബ്ദം കേള്‍ക്കാം.

മോരും വെള്ളം കുടിക്കാനും ലോഹ്യം പറയാനും എത്തുന്നവര്‍ എല്ലാം ഇനി സജീവം. അവഗണനയുടെ നാളുകള്‍ പിന്നിട്ടു സന്തോഷത്തിന്റെ നാളുകളാണ് ഇനി. എല്ലാം മനസ്സിലാക്കിയ പോലെ ഒരു കുളിര്‍ തെന്നല്‍ എന്നെ തഴുകിക്കൊണ്ട് കടന്നു പോയി.


.............അവസാനിച്ചു.