Malppante Nalvazhikal books and stories free download online pdf in Malayalam

മൽപ്പാന്റെ നാൾവഴികൾ

മൽപ്പാന്റെ നാൾവഴികൾ
----------------------


പുലരിയിൽ വെളിച്ചമായപ്പോൾ തന്നെ മൽപ്പാച്ചൻ അവിടവിടെ തുള വീണ അരകൈയൻ ബനിയനും നെഞ്ചത്തുകയറ്റി ഉടുത്ത കൈലിയുമായി നടന്നു .
വെളുപ്പിനെ മഴ പൊടിഞ്ഞെന്നു തോന്നുന്നു . മഴത്തുള്ളികളിൽ കുതിർന്ന മണ്ണിന്റെ മാദക സുഗന്ധം. രാത്രി മര്യാദക്കു ഉറങ്ങാൻ സാധിച്ചില്ല .കെന്നഡിയും ചാക്കോയും തമ്മിൽ ഭയങ്കര അടിയായിരുന്നു . അവരെ അവിടെനിന്നു മാറ്റണമെന്ന് പറഞ്ഞിട്ടു അപ്പച്ചൻ കേട്ടില്ല . അവർ നല്ല കത്തോലിക്കരാണത്രെ ! . ഈശോയുടെ ഇടത്തും വലത്തും കെന്നഡിയും പി ടി ചാക്കോയും ഭിത്തിയിൽ തൂങ്ങി കിടന്നു .

പീടിക തുറന്ന്‌ നിരപ്പലകൾ നമ്പർ പ്രകാരം അടുക്കിവെച്ചു മൽപ്പാച്ചൻ പഴക്കുല എടുത്തു പുറത്തു തൂക്കി .
"രാവിലെ തുറന്നോ , മൽപ്പാച്ചാ "
കറുത്തബാഗും കഷത്തിൽ ഇറുക്കി നടന്ന അന്തോണിപാപ്പി നേരേ കടയില്‍കയറി വരാന്തയിലെ ബെഞ്ചിൽ ഇരിപ്പായി .
മുണ്ടക്കയത്തിനു പോവാണത്രെ . ഏതങ്കിലൂം വണ്ടി കിട്ടുന്നതുവരെ ഇവിടെതന്നെ.
"ഒരേത്തക്കാ എടുത്തേ "
അയാൾ പഴം പൊളിച്ചു തിന്നുന്നതു നോക്കിയിരുന്നു . പെട്ടെന്ന് അയാൾ മുഖം വക്രിച്ചു .
"ഏത്തപ്പഴത്തിനിപ്പോൾ പാളയംകോടന്റെ രുചി . ഭയങ്കര മായം !"
"അതെങ്ങനെയാടാ "
"ഉള്ളിൽനിന്നു ഏത്തപ്പഴം രാകിയെടുത്തു പകരം പാളയംകോടൻ വച്ചു കാണും "
പിളർന്ന വയോടെ ആലോചിച്ച ശേഷം പറഞ്ഞു .
"അപ്പോൾ കാശുതരാതെ മുങ്ങാനുള്ള പരിപാടിയാണല്ലേ "
പാപ്പി വളിച്ച ചിരി ചുരത്തി .
"കഴിഞ്ഞ ആഴ്ച്ച അനിയന്റെ ഇല്ലാത്ത കല്യാണം വിളിച്ചു നാട്ടുകാരെ മുഴുവൻ പറ്റിച്ച കഥ ഞാൻ മറന്നു . അല്ലെങ്കിൽ നിന്നെ ഞാൻ അകത്തു കയറ്റില്ലായിരുന്നു " മല്പാച്ചൻ തുടർന്നു ,
"നേരം വെളുക്കുമ്പോൾത്തന്നെ ഓസിൽ വലിച്ചുകയറ്റിയിട്ടു വാചകമടിക്കുന്നു "
സിബിയും തങ്കച്ചനും അതുകേട്ടാണ് വന്നത് .
"എന്താ , പാപ്പി പതിവു കലാപരിപാടി തുടങ്ങിയോ "
പാപ്പി വളിച്ച ചിരി അവർക്കും നേദിച്ചു .
"അതു പോട്ടെ .നിങ്ങൾ അറിഞ്ഞോ ? . ഈ വാർഡിലെ പാർട്ടി സ്ഥാനാർത്ഥി ഞാനാണ് ,നിങ്ങളെല്ലാവരും വോട്ട് തരണം ". പാപ്പി പറഞ്ഞു .
"കള്ളക്കടത്തുകാരുടെയും മയക്കുമരുന്നു കച്ചവടക്കാരുടെയും പാർട്ടിയല്ലേ , സ്ഥാനാർത്ഥി ആക്കാൻ പറ്റിയ ആൾ നീ തന്നെ "
" കലഹരണപ്പെട്ട തത്ത്വശാസ്ത്രവും ആദർശവും പറഞ്ഞു മനം മയക്കുന്ന വാഗ്‌ദാനങ്ങളുമായി കക്ഷികൾ തിരഞ്ഞെടുപ്പാകുമ്പോൾ ഇരച്ചെത്തും "
ചിറ്റടി തോട്ടത്തിൽ നിന്നും വെളുപ്പിനെ വെട്ടുകഴിഞ്ഞെത്തിയ മനു പുച്ഛത്തോടെ പറഞ്ഞു .
"കൊള്ളക്കാരും കൊലപാതികളും ജനങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നതാണ് ജനാധിപത്യം "
"ഞാൻ ചിരിക്കാൻ പറഞ്ഞതല്ല " കൂട്ടച്ചിരി ഉയർന്നപ്പോൾ സിബി ഗൗരവം വിട്ടില്ല .


ബസു വന്നപ്പോൾ എല്ലാവരും ഒഴിവായി . മൽപ്പാനും പീടികയും ബാക്കിയായി . പിന്നെ ഒരെലിയും . മെലിഞ്ഞു മുഖം കൂർപ്പിച്ച ഒരെലി . അതു വേദനയും നിരാശയും നിറഞ്ഞു മൂക്കു വിറപ്പിച്ചുകൊണ്ടേയിരുന്നു . കടയിൽ അരിയില്ല ,കടലയില്ല ,പരിപ്പില്ല ഉള്ളി പോലുമില്ല . ഉള്ളത് മൂഷും പാറ്റാഗുളികയും മുളകും ഗോട്ടിയും അങ്ങനെ ചില ചില്ലറ സാധനങ്ങളും മാത്രം .
എന്നിട്ടവൻ,മൽപ്പാൻ ഒരു കൂസലുമില്ലാതെ സ്റ്റൂളിൽ കുത്തിയിരുന്നു കുടവയർ തിരുമ്മി ഏമ്പക്കം വിടുന്നു !.

നാരങ്ങ ബാക്കിയായിരുന്നതെല്ലാം ഉണങ്ങിപോയി അല്ലായിരുന്നെങ്കിൽ സോഡ ഒഴിച്ചു ഒരു വെള്ളം കുടിക്കാമായിരുന്നു . വയറു കമ്പിക്കുന്നു ,വല്ലാത്ത ഗ്യാസ്‌ . മുട്ടായിഭരണിയിൽ വായുഗുളിക ഒന്നുമില്ല ,പൂത്ത കടലമുട്ടായി മാത്രം .
കാപ്പി കുടിക്കാൻ പോകുവാൻ തോന്നിയില്ല . രാവിലെ റോസ ചക്കവെട്ടിപ്പുഴുങ്ങുന്നത്‌ കണ്ടിരുന്നു . മോളെ കാണാൻ വയ്യ . അവളുടെ ദുഃഖം നിറഞ്ഞ മുഖമാണ് തെളിയുന്നത് . അവൾക്കിപ്പോൾ ഓൺലൈൻ ക്ലാസ്സാണു , മൊബൈലോ ലാപ്‌ടോപ്പോ വേണമത്രേ !. കച്ചവടത്തിനു സാധനങ്ങൾ വാങ്ങാൻപോലും കാശില്ല . കൊറോണകാലത്തു കട അടച്ചിട്ടതു ആകെ തകർത്തുകളഞ്ഞു .

പൊട്ടിയ ഓടിനിടയിലൂടെ പതറിവീണ വെയിൽ ചുക്കിലിപ്പിടിച്ച ഭിത്തിയിലും തറയിലും ചിതറിനടന്നു . അതു നിരത്തിലെ വെയിലിന്റെ സമൃദ്ധിയിലേക്കു ആവേശത്തോടെ പകർന്നു .അതിനിടയിലൂടെ ചെട്ടിക്കര എക്സ്പ്രസ്സ് കടന്നുവന്നു .എക്സ്പ്രസ്സ് എന്നു പിള്ളേർ കളിയാക്കി വിളിക്കുന്നതാണ് . കാളയില്ലാത്ത കാളവണ്ടി , മുതലാളി ,ചെട്ടിക്കര കൊച്ചു വലിച്ചുകൊണ്ടുവന്നു . പണ്ടു പണ്ടു കൊച്ചിന്റെ മുത്തശ്ശന്റെ കാലം , അന്നീനാടിന്റെ രാജകീയ വാഹനമായിരുന്നു ഈ കാളവണ്ടി . ചായം പൂശിയ പനമ്പുകൊണ്ടു കൂടുകെട്ടിയ വണ്ടി ,
തോരണംതൂക്കി ,മണികൾകിലുക്കി ,കൊമ്പുചുവപ്പിച്ച കൊഴുത്ത കാളകൾ വലിക്കുന്ന വണ്ടി . പതിവായി മുണ്ടക്കയം ചന്തക്കും കാഞ്ഞിരപ്പള്ളി ചന്തക്കും പോയ വണ്ടി . മുത്തശ്ശൻ മരിച്ചു മണ്ണായി . വിദേശത്തു ജോലിയായിരുന്നു കൊച്ചിന് . പിന്നീട് ഭാര്യ അയാളെ ഉപേക്ഷിച്ചു ഒരു സായിപ്പിന്റെ കൂടെ പോയി . പാവം, കിട്ടിയ കുറച്ചുവട്ടുമായി നാട്ടിൽ തിരികെയെത്തി . പിതൃസ്വത്തായി കൊച്ചിനു കൂടുദ്രവിച്ച ആണിയിളകിയ മെലിഞ്ഞ കാളകൾ വലിക്കുന്ന വണ്ടി കിട്ടി . സന്തോഷത്തിൽ ആറാടി കൊച്ചന്നൂരാത്രി ചിറ്റടിക്കു വണ്ടി തെളിച്ചു .

◦ ചിറ്റടിയിൽ നിന്നു മടങ്ങിയപ്പോൾ പാതിരാവാകറായി . റബ്ബർത്തലപ്പുകൾ നിലാവൊഴുക്കി ഇരുൾമുടികെട്ടിൽ ഉലഞ്ഞു . പൊടുന്നനവെ യക്ഷിരഥം അതിനുമീതെ ഒഴുകി എത്തി . മാങ്ങാപ്പാറയിൽ നിന്നു ആഴംമലയിലെക്കു എല്ലാ വെള്ളിയാഴ്ചയും യക്ഷിരഥം പോകാറുണ്ട് . അതിസുന്ദരിയായ യക്ഷി ചോരയിൽ മുക്കിയ ചുണ്ടു പിളർന്നു മാംസം പറ്റിയിരിക്കുന്ന നീണ്ടു കൂർത്ത പല്ലുകളിൽ രക്തം ഇറ്റു ഇറ്റു വീഴ്ത്തി ചാരിയിരുന്നു . കൊച്ചു ശ്വാസം പിടിച്ചു ഉള്ളിലേക്കു വലിഞ്ഞു . പോകുന്നവഴി ആരെക്കണ്ടാലും യക്ഷി കടിച്ചീമ്പി തീർക്കുമത്രേ .

ഒരിരമ്പലോടെ യക്ഷിരഥം കടന്നുപോയി . പക്ഷെ നെറ്റിയിൽ ചുട്ടിയുള്ള സ്നേഹത്തോടെ തല കുലുക്കുന്ന മണിയൻകാളയെ കാണാതായി . ഒറ്റകാളയുമായി കിതച്ചും വിയർത്തും കൊച്ചു വണ്ടി വീട്ടിലെത്തിച്ചു . പിന്നെ നെല്ലുകുത്തു മുറിയിൽ, ചാണകത്തറയിൽ കമിഴ്ന്നു കിടന്നു തലയും കൈകാലുകളും നിലത്തടിച്ചു പൊട്ടിക്കരഞ്ഞു .
പിറ്റേദിവസം തന്നെ ഒറ്റക്കാളയെ കശാപ്പുകാരൻ അവറാനു കൊടുത്തു ഇറച്ചി മണക്കുന്ന നോട്ടുകൾ വാങ്ങി .

ഇപ്പോൾ കൊച്ചു പീടികക്കു വശത്തു കൂടി പള്ളിയിലേക്ക് വണ്ടി തിരിച്ചു . ഇവൻ എന്തിനാണ് പള്ളിയിലേക്കു പോകുന്നത് ?. കടയിൽ ആരുമില്ല ,ആരും വരുവാനുമില്ല , വെറുതെ പോയിനോക്കാം .
ക്ലാവു പിടിച്ച പള്ളിമണിക്കു താഴെ വണ്ടി നിർത്തി
ആകാശത്തിന്റെ നിഗൂഢത ആഴത്തിൽ നുകർന്നവൻ ചിരിച്ചുകൊണ്ടേയിരുന്നു .പള്ളിമേടയിൽ നിന്നിറങ്ങിയ അച്ചൻ പുല്ലും തൊട്ടാവാടിപടർപ്പുകളും നിറഞ്ഞ മുറ്റത്തുകൂടി വേച്ചുനടന്നു . വേദനയോടെ വിജാഗിരി വിട്ട ജനാലയിലൂടെ പാളിനോക്കി . പള്ളിയിൽ മാറാലനിറഞ്ഞ പുണ്യാളനും പുണ്യവാളത്തിയും താഴെ മെഴുതിരി നാളങ്ങളില്ലാതെ വിറങ്ങലിച്ചു നിൽക്കുന്നു . അച്ചന്റെ നരച്ച താടിയും മീശയും മൂടിയ കൊറോണ മാസ്ക് വിറപൂണ്ടു ഇളകിക്കൊണ്ടേയിരുന്നു . അപ്പോൾ സെമിത്തേരിയിൽനിന്നും ഏതോ ദുരൂഹമായ തണുത്ത കാറ്റ് വീശിയടിച്ചു . കാറ്റിൽ അച്ചന്റെ വെള്ളിയിഴകൾ പോലെ നീണ്ട മുടിയിഴകൾ ചിതറി ഉലഞ്ഞു . തലമുടിയിൽ നിന്നു പഞ്ഞിച്ചുരുളുകൾ പോലെ അപ്പൂപ്പൻതാടികൾ ഉറവ പൊട്ടി വെയിൽപാളികളിൽ നിറഞ്ഞു . അതു മെല്ലെ മെല്ലെ കാറ്റിലാറാടി തന്റെ ശരീരത്തിൽ പൊതിഞ്ഞപ്പോൾ വണ്ടിക്കാരൻ കൊച്ചു ഇക്കിളി പൂണ്ടു ചിരിച്ചുതുള്ളി . മൽപ്പാനോ , അനിർവചനീയമായ നിർവൃതിയിൽ പൂത്തുലഞ്ഞു അപ്പൂപ്പൻതാടികൾക്കൊപ്പം പറന്നു . ദിക്കുകളറിയാതെ ,കാലങ്ങളറിയാതെ ആകാശത്തിനും ഭൂമിക്കുമിടയിലൂടെ യാമങ്ങളിൽ ചിതറി പതറിയ അപ്പൂപ്പൻതാടികളിൽ മൽപ്പാൻ അലിഞ്ഞേതീർന്നു .

-----//-----

ചെറിയാൻ കെ ജോസഫ്
9446538009