Procrastination - 4 books and stories free download online pdf in Malayalam

നിധാനം - 4




✍ വിച്ചു

© Copyright work-This work protected in accordance with section 45 of the Copyright act 1957(14 of 1957) and should not used in full or part without the creator's prior permission...


___________________________________________

സായാഹ്നത്തിൽ സൂര്യപ്രകാശം മേഘങ്ങൾക്കിടയിലൂടെ ഒരു ചുവന്ന ഗോവണിയായി ഇറങ്ങി വരികയാണ്...

അർജുൻ കോളേജ് ഗേറ്റിനടുത്ത് തന്നെ നിൽക്കുന്നതാണ് മീര വരുമ്പോൾ കണ്ടത്..!!
നേരമിത്രയും അർജുൻ തന്നെ കാത്ത് അവിടെ തന്നെ നിൽക്കുകയായിരുന്നോ??
തെല്ലിട അവൾ ഒരേ സ്ഥാനത്ത് നിശ്ചലമായി പോയി.

അർജുൻ വാച്ചിലേയ്ക്ക് നോക്കി.. ക്ലാസ് കഴിഞ്ഞു കാണണം.. എന്തു തന്നെയായാലും എത്ര നേരമെടുത്താലും മീരയെ കണ്ടേ പറ്റൂ.. അവളെ നഷ്ടപ്പെടുത്താൻ തനിക്കൊരിക്കലും സാധിക്കില്ല..

അവൻ അൽപനേരം കൂടി ബൈക്കിൽ ചാരി നിന്നു..

കാത് തുളയ്ക്കുന്ന ബുള്ളറ്റിന്റെ ശബ്ദം കേട്ടിടത്തേയ്ക്ക് അർജുൻ നോക്കി.. ഹെൽമറ്റ് ധരിച്ചിരിക്കുന്ന, ബുള്ളറ്റിൽ വരുന്ന വ്യക്തിയെ എവിടെയോ കണ്ടിരിക്കുന്നുയെന്ന് അവന് ഉറപ്പായിരുന്നു.. പക്ഷെ വ്യക്തമായി ഓർമയില്ല..

ആ ബുളളറ്റ് കോളേജ് കവാടം കഴിഞ്ഞ് അകത്തേയ്ക്ക് പ്രവേശിച്ചു.. അർജുന്റെ കണ്ണുകൾ അതിനു പിന്നാലെ പോയി.. ദൂരെയായി ആ ബുള്ളറ്റ് തിരിച്ച ശേഷം ഒരു മരത്തിനു സമീപം വന്നുനിന്നു.. അടുത്ത നിമിഷം മരത്തിനു മറവിൽ നിന്ന് മീര അതിനു പിറകിലേയ്ക്ക് കയറുന്നത് കണ്ടപ്പോൾ അവൻ ഞെട്ടിക്കൊണ്ട് മുൻപോട്ട് ആഞ്ഞു...

മീര മുൻപേ തന്നെ കണ്ടിരിക്കുന്നു.. അവൾ അവിടെ മറഞ്ഞിരിക്കുകയായിരുന്നു...!! അർജുന്റെ ഹൃദയമിടറി.. കണ്ണുകളിൽ നീരുറവ പൊടിഞ്ഞു..

ബുളളറ്റ് ഉച്ചത്തിൽ അവനെ കടന്നുപോകുമ്പോൾ അവന്റെ നെഞ്ചിടിപ്പ് അതിലും ഉച്ചത്തിൽ മിടിച്ചു.. ഒരു നോക്കുപോലും അവനെ നോക്കാതെ എതിർ വശത്തേയ്ക്ക് അവൾ കണ്ണുകൾ ഉറപ്പിച്ചിട്ടുണ്ടായിരുന്നു..

ബുള്ളറ്റ് കണ്ണിൽ നിന്നും മറയുന്നതും നോക്കി അവൻ നിന്നു... മീര തന്നെ പൂർണമായും വെറുത്തു കഴിഞ്ഞിരിക്കുന്നു... അവൾക്കിപ്പോൾ തന്റെ സാമീപ്യം അലോരസമായി തുടങ്ങിയിരിക്കുന്നു.. അവന് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി..

** ** ** **

റീനു പോസ്റ്റ്മോർട്ടം റിപ്പോർട്ട് റാമിന്റെ കൈയിലേയ്ക്ക് നൽകി..

റാം തുറന്ന് പിടിച്ച് ഓരോ പേജും നോക്കി കൊണ്ടിരുന്നു..

മരിച്ചിരിക്കുന്ന വ്യക്തിയുടെ തലയോടിന്റെ ഒരു വശത്ത് വലിയ പൊട്ടലുണ്ടായിരുന്നു.. ഭാരമുള്ള എന്തുകൊണ്ടോ തലയിൽ ഇടിച്ചിട്ടുണ്ടാകണം... തലയോടിലെ അസ്ഥികൾ തമ്മിലുള്ള ജോയിന്റിൽ നിന്നും പ്രായം 25നും 30ത്തിനും ഇടയിലാണെന്ന് തീർച്ചപ്പെടുത്തിയിരിക്കുന്നു.. കൈകാലുകളിലെ അസ്ഥികളുടെ നീളത്തെ അടിസ്ഥാനമാക്കി നടത്തിയ കണക്കുക്കൂട്ടലിൽ പ്രായത്തെ സംബന്ധിച്ചുള്ള നിഗമനം ശരിയാണെന്ന കണ്ടത്തലും കൂടെ ചേർത്തിട്ടുണ്ട്..

നെറ്റിയിൽ പൊള്ളലേറ്റതുപോലെ ചെറിയ കുമിളകൾ കണ്ടെത്തിയിട്ടുണ്ട്.. ശക്തമായ സൂര്യാഘാതം ഏറ്റിരിക്കുമ്പോൾ കാണപ്പെടുന്ന പോലുള്ളവ... പക്ഷെ അതൊരിക്കലും സൂര്യാഘാതം ഏറ്റതല്ലെന്ന scientific തെളിവുകളുണ്ട്.. എന്നാൽ സൂര്യനിൽ നിന്നും വരുന്ന കിരണങ്ങളിലുള്ള പ്രത്യേകതകൾ ഉള്ള
രശ്മികളുടെ ഫലമാണ് പൊള്ളൽ എന്ന് വ്യക്തം..

കണ്ണിലെ കൃഷ്ണമണി വീർത്ത് വീങ്ങിയിരിക്കുന്നു.. ഒരു പക്ഷെ നെറ്റിയിൽ പൊള്ളലേൽപിച്ച രശ്മികൾ തന്നെയാകാം കാരണമെന്ന് സംശയം..

കൈ കാലിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രധാന്യമർഹിക്കുന്നവയായിരുന്നു.. വലതുകൈയിലെ കൈത്തണ്ടയിൽ സാധാരണ ചരടിനേക്കാൾ നീളമേറിയ ചരട് മുറുക്കി കെട്ടിയിരിക്കുന്ന പാടുകളുണ്ട്.. കൂടാതെ ആ പാടിനു ചുറ്റും പ്രത്യേകതരം ചുവപ്പു പൊടി പറ്റിപ്പിടിച്ചിരിക്കുന്നു..
കാൽ പാദത്തിൽ രക്തകറ പുരണ്ടിട്ടുണ്ട്.. അത് പക്ഷെ മരിച്ചയാളുടെ രക്തമല്ല.. മാത്രവുമല്ല കാൽ പാദത്തിൽ പറ്റി പിടിച്ചിരിക്കുന്ന കറുത്തപൊടിമണ്ണ് തണുത്ത പ്രദേശത്തെ ഉൾക്കാടുകളിലേയോ അല്ലെങ്കിൽ പ്രത്യേകമായി നിർമ്മിച്ച അടഞ്ഞു കിടക്കുന്ന, സൂര്യപ്രകാശമേൽക്കാത്ത ടണലിലെ ഈർപ്പം നിറഞ്ഞ മണ്ണിന്റെ പോലുള്ളവയോ ആണെന്ന് സംശയമുണ്ട്...

അമിതമായ രക്തസ്രാവമാണ് മരണകാരണം.. ഹൃദയഭാഗത്ത് മാരകമായ ആഴത്തിലുള്ള വലിയ വാളുകൊണ്ടുള്ള മുറിവുണ്ട്... മുറിവിന്റെ ആഴവും മുറിവേറ്റ ഭാഗത്തേ തൊലിയിൽ സംഭവിച്ച മാറ്റങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് ഉപയോഗിച്ച ആയുധം വലിയ വാളാണെന്ന് പറയാൻ കാരണം...

ഏറെ അമാനുഷികമായി തോന്നിപ്പിക്കുന്ന കണ്ടെത്തലുകളുള്ള ഭാഗം ചുവപ്പ് മക്ഷികൊണ്ട് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ളത് റാം ശ്രദ്ധിച്ചു വായിച്ചു.. ജീവനറ്റ ശരീരം രാസപരിണാമങ്ങളുടെ ഫലമായുള്ള റിഗർ മോർട്ടിസ് എന്ന പ്രതിഭാസത്തെ തുടർന്ന് മരപ്പലകപോലെ ദൃഢപ്പെടും.. 18 - 24 മണിക്കൂർ നിലനിൽക്കുന്ന ഈ പ്രക്രിയ അന്തരീക്ഷത്തിലെ ഊഷമാവിനനുസൃതമായി ഏറ്റകുറചിലുകൾ ഉണ്ടാകും.. അതിനു ശേഷമാണ് ശരീരം ജീർണിക്കുക.. എന്നിരുന്നാലും ജീർണിക്കാതിരിക്കണമെങ്കിൽ രാസദ്രവ്യങ്ങൾ കുത്തിവെച്ച് എംബാം ചെയ്യുകയോ അല്ലെങ്കിൽ ശരീരം നാലു ഡിഗ്രി സെൽഷ്യസിൽ ശീതികരണങ്ങളിൽ സൂക്ഷിക്കുകയോ വേണം.. എന്നാൽ രാസദ്രവ്യങ്ങൾ കുത്തിവെച്ചിട്ടില്ലെന്ന് വ്യക്തമാണ്... ശീതികരണങ്ങളിൽ സൂക്ഷിച്ചതിന് ശരീരത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങളോ അവശേഷിപ്പുകളോ ഇല്ല... കൊലയാളി, ശരീരം ജീർണിക്കാതെ സൂക്ഷിക്കേണ്ട ആവശ്യവും സംശയാതീതമാണ്...

ചിന്തസരണിയിൽ നിന്നും മുൻപെങ്ങോ കണ്ട പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സമാനമായ സൂചകങ്ങൾ പുറം തള്ളി വന്നുകൊണ്ടിരുന്നു... പക്ഷെ ഏത് കേസ്?? ആരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്?? ഓർക്കാൻ കഴിഞ്ഞില്ല!! റാം വീണ്ടും ആലോചിച്ചു..

ഏതോ നിമിഷത്തിൽ അവൻ തല ഉയർത്തിയപ്പോൾ അവനെ നോക്കിയിരിക്കുന്ന റീനു കണ്ണുകൾ തെന്നിമാറ്റിച്ച് മുഖത്തെ നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകൾ മാടി വച്ചു.

റാമിനെ നോക്കിയിരിക്കുന്നത് അവൻ കണ്ടെന്ന ബോധത്തിൽ നിന്നുളവായ ലജ്ജയിൽ എന്തു ചെയ്യണമെന്നറിയാതെ അവൾ ഇരിക്കുന്ന ടേബിളിലെ എന്തൊക്കെയോ ഒതുക്കി വച്ചു കൊണ്ട് വീണ്ടും റാമിനെ പാളി നോക്കി..

റാം കൂടുതൽ ഒന്നും ചിന്തിക്കാൻ നിൽക്കാതെ റിപ്പോർട്ട് മടക്കി പെട്ടെന്നെഴുന്നേറ്റു..

"ഞാൻ എന്നാൽ റിപ്പോർട്ട് CI സാറിന് കൈമാറാം.. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അന്വേഷണമാരംഭിക്കാം.."

റീനു മൂളി കൊണ്ട് ശരിയെന്ന് തലയാട്ടി.. അവൾ ഇപ്പോഴും ജാള്യതയിൽ നിന്നും പുറത്ത് കടന്നിട്ടില്ല..

"പിന്നെ ഞാൻ കൊണ്ടുവന്ന സോർട്ട് ഫയലിലെ ആരുമായും ഇത് മാച്ച് അല്ല മേഡം.. ഒരു പക്ഷെ മറ്റു പോലീസ് സ്റ്റേഷൻ പരിധിയിലെ ആരെങ്കിലുമായിരിക്കും കൊല ചെയ്യപ്പെട്ടിട്ടുണ്ടാവുക.. അവിടെയാകും missing കേസ് രജിസ്റ്റർ ചെയ്യ്തിട്ടുണ്ടാവുക... അടുത്തുള്ള സ്റ്റേഷനുകളിലേക്ക് ഇൻഫർമേഷൻ അയക്കാം.. match ആവുന്നത് വച്ച് മൂവ് ചെയ്യാം... "

"റാം നല്ല ഇൻവെസ്റ്റിഗേറ്റർ ആണല്ലോ.." റീനു ചിരിച്ചു കൊണ്ട് പറഞ്ഞു.

ഔപചാരികമായി പുഞ്ചിരിച്ചു കൊണ്ട് അവൻ തിരിഞ്ഞു നടന്നു.. വാതിൽക്കൽ എത്തിയപ്പോൾ റീനു അവനെ വിളിച്ചു നിർത്തി..

ടേബിൾ വലിപ്പിലെ ഏതോ ഫയലെടുത്ത് റീനു റാമിനടുത്തേയ്ക്ക് ഓടി കിതച്ചെത്തി...

"പോകാം... " റീനു പറഞ്ഞു.

"ഏഹ്.. "

"ഞാൻ ഫ്ലാറ്റിലേയ്ക്ക് ആണ്... താഴെ വരെ ഒപ്പം പോകാം.."

"മ്മ്... " വലിയ വില കൊടുക്കാതെ റാം മുൻപിൽ നടന്നു..

പതിമൂന്നാം നിലയിൽ ഇരുവരും ലിഫ്റ്റ് ലാൻഡിങ്ങിലേയ്ക്ക് നടക്കുമ്പോൾ റാം ഒന്നും മിണ്ടാതിരിക്കാൻ ശ്രദ്ധിച്ചു.. താഴെയ്ക്ക് എത്തും മുൻപ് അവൾ ഒന്നും സംസാരിക്കരുതെന്ന പ്രാർത്ഥന ആയിരുന്നു, കാരണം കൂടെ ഉള്ളവളെ ഇണക്കാനും പിണക്കാനും പറ്റില്ലല്ലോ..

റീനു ആണെങ്കിൽ എന്തു പറഞ്ഞ് ഇംപ്രസ്സ് ചെയ്യുമെന്ന് അറിയാതെ തല പുകയ്ക്കുവാണ്..

"റാമിന് ഒരു പ്രണയം മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ..?" നടത്തത്തിനിടയിൽ പെട്ടെന്ന് അവൾ ചോദിച്ചു..

റാം അവളെ നോക്കുകമാത്രം ചെയ്തു.. അപ്പോഴേക്കും ലാൻഡിങ്ങിൽ എത്തിയിരുന്നു... പാതി അടഞ്ഞു വന്ന ലിഫ്റ്റനടുത്തേയ്ക്ക് റാം ഓടി.. ലിഫ്റ്റിലേക്കു ഓടി വന്നപ്പോഴേക്കും അടഞ്ഞ് കഴിഞ്ഞ് മൂവ് ആയി.

"ച്ചേ..." റാം സ്വയം പറഞ്ഞു..

പക്ഷെ അത് അവളിൽ സന്തോഷമുണ്ടാക്കുക ആണുണ്ടായത്.. അത്ര നേരമെങ്കിലും സമയം കിട്ടുമല്ലോ..

"സാരമില്ല റാം.. ഒരു രണ്ടു മിനിറ്റ് വെയിറ്റ് ചെയ്താൽ മതി.."

അവൻ ഒന്ന് നിശ്വസിച്ചു കൊണ്ട് സൈഡിലേയ്ക്ക് നിന്നു..

"റാം ഞാൻ ചോദിച്ചതിനുത്തരം പറഞ്ഞില്ല..."

"അതേക്കുറിച്ച് എന്തിനാ മേഡം ഇപ്പോൾ ചോദിക്കുന്നേ.. " അവന്റെ മുഖത്ത് ഗൗരവമുണ്ട്.. പക്ഷെ സ്വരം കഴിയുന്നതും സൗമ്യമാക്കിയിരുന്നു..

"വെറുതെ.. അറിയാൻ വേണ്ടി.."

"എനിക്ക് അതേക്കുറിച്ച് ഓർക്കുന്നതും പറയുന്നതും ഒന്നും ഇഷ്ടമല്ല.."

"അത് മതി.. അത് മതി, സമാധാനം.. ഇനി ഇഷ്ടമാവുകയും വേണ്ട.. അല്ലേലും അതൊക്കെ എന്തിനാ ഓർക്കുകയും പറയുകയും ചെയ്യുന്നെലേ... past is past" അവൾ ചിരിച്ചു.

കാര്യം പഴയ ഇഷ്ടം ഇപ്പോഴും ഉള്ളിൽ ഇല്ലെന്ന് ഉറപ്പു വരുത്തുവാൻ ചോദിച്ചതായിരുന്നു.. അവന്റെ മറുപടിയോടെ അവൾ കൂടുതൽ ഹാപ്പിയായി.. വഴിയിൽ തടസ്സങ്ങൾ ഒന്നുമില്ലെന്നത് ഉറപ്പു വരുത്തേണ്ടേ..

"ഒരു കാര്യം ചോദിച്ചോട്ടെ..?"

ഇനി അടുത്തതെന്തെന്ന ഭാവത്തിൽ റാം അവളെ നോക്കി..

"what kind of girl do you like more...?"

റാം നെറ്റി തടവി അമർഷം പിടിച്ചടക്കി..

"എന്താ.. മേഡം ഈ ചോദിക്കുന്നേ..??" അപ്പോഴും അവൻ സുപീരിയർ എന്ന പദവി കണക്കിലെടുത്താണ് ചോദിച്ചത്.

"മനസിലായിലേ റാം.. എങ്ങനെയൊക്കെ ഉള്ള പെൺകുട്ടിയെയാണ് ഇഷ്ടപ്പെടുകയെന്ന്..?"

"അത് മനസിലായി.. ഞാൻ ചോദിച്ചത് എന്തിനാണിങ്ങനെയുള്ള ചോദ്യങ്ങൾ എന്നാണ്..?" അവന്റെ സ്വരം മാറി തുടങ്ങിയെന്ന് മനസിലായപ്പോൾ റീനു കളം മാറ്റി ചവിട്ടി..

"ദേഷ്യപ്പെടുമ്പോൾ റാമിനെ കാണാൻ നല്ല ഭംഗിയുണ്ട്.."

"മേഡം.. ഞാൻ കാര്യമായി പറഞ്ഞതാ.. എനിക്ക് ഇതൊന്നും ഇഷ്ടമല്ല.. "

"റാം.. വിട്ടേക്ക്.. ഇനി ഇങ്ങനെ ഒന്നും ചോദിക്കില്ല.. പോരേ..?"

ലിഫ്റ്റ് വന്നപ്പോൾ റാം ഒന്നും പറയാതെ അതിനുള്ളിൽ കയറി.

ഇനി എന്തു പറയുമെന്നറിയാതെ റീനു അവന്റെ മുഖത്ത് നോക്കി..

ലിഫ്റ്റിൽ നിന്നും ഒന്നും പറയാൻ അവൾക്ക് പറ്റിയില്ല.. പറയാൻ തോന്നിയില്ല.. എത്രയെന്ന് കരുതിയാ ഒരാളെ വെറുപ്പിക്കാ..

ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ റീനു നിരാശയോടെ ഓർത്തു.. എത്ര സിനിമകളിൽ നായികയും നായകനും ലിഫ്റ്റിനുള്ളിൽ വരുമ്പോൾ കറന്റ് പോകുന്നു.. ലിഫ്റ്റ് ജാം ആയി നിൽക്കുന്നു... അതിനും ഒരു ഭാഗ്യമൊക്കെ വേണം..

"റാം.. നാളെ സ്റ്റേഷനിൽ കാണില്ലേ? കേസിന്റെ ചില കാര്യങ്ങൾ അറിയാൻ ആണ്.. "

അവൻ ഉണ്ടാകുമെന്ന് തലയാട്ടി..

** ** ** **

Cl-യുടെ ഓഫിസിനു മുൻപിൽ കുറച്ച് നേരമായി റാം നിൽക്കാൻ തുടങ്ങിയിട്ട്.. ഓഫിസിനകത്ത് നിന്ന് ശബ്ദം കേൾക്കാനുണ്ട്.. അകത്ത് ഏതെല്ലാമോ രാഷ്ട്രീയ പ്രവർത്തകരാണ്..

കാര്യം അൽപം other side പരിപാടി ആയിരിക്കും അതാണ് പുറത്ത് വെയ്റ്റ് ചെയ്യാൻ പറഞ്ഞതെന്ന് റാമിന് തോന്നി.

"ചായ കുടിക്കൂ നവീൻ സാറേ...." CI യുടെ ശബ്ദമാണ്..

പേരിനോടൊപ്പം സാർ എന്ന് CI വിളിക്കണമെങ്കിൽ അകത്തിരിക്കുന്ന ആൾക്ക് വലിയ പിടിപാടുണ്ടായിരിക്കണം...
അതിപ്പോ അങ്ങനെ അല്ലെങ്കിലും പത്ത് കാശ് കീശയിൽ വീണാൽ ആരേയും CI, സാർ എന്ന് വിളിക്കും.. റാം പരിഹാസത്തോടെ ആലോചിച്ചു.

"അവൻ തന്നെയാണെന്ന് ഉറപ്പാണോ?" CI ചോദിച്ചു..

"അത് ഉറപ്പാ.. അവന് മാത്രമേ ഇതിനൊക്കെ ധൈര്യമുള്ളൂ.. അല്ലാതെ ഞങ്ങളുടെ വീട്ടിൽ വന്ന് കൊച്ചിനെ ഇറക്കി കൊണ്ട് പോകാൻ ആർക്കും കഴിയില്ല..." അകത്ത് നിന്ന് ആരോ പറയുന്നത് റാം കേട്ടു.

"നിങ്ങൾ കണ്ടുപിടിച്ചാൽ അവന് ജീവനെങ്കിലും ഉണ്ടാകും.. ഞങ്ങളാണെങ്കിൽ വെച്ചേക്കത്തില്ല അവനെ... " മറ്റാരോ രോഷാകുലനായി ഒച്ചപ്പാടുണ്ടാക്കി.

"എല്ലാം നമുക്ക്.. ശരിയാക്കാം.. ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ.." നിർത്തിയ ശേഷം CI പറഞ്ഞു തുടങ്ങി. "അവനെക്കുറിച്ച് മറ്റെന്തെങ്കിലും വിവരങ്ങൾ.. നാട്, വീട്ടുകാർ, കൂട്ടുകാർ അങ്ങനെ എന്തെങ്കിലും.. "

"അവൻ വരത്തനാ, നാട് വടക്ക് എങ്ങാണ്ടോ ആണ്.. ഇവിടെ അവന് ആരുമില്ല.. ഒരു ഒറ്റപ്പെട്ട ജീവിതമാണ്.. പുസ്തകം പിടിക്കണ്ട സമയത്ത് കത്തി പിടിച്ച ഇനമാ.. കുറേ കാലം ജയിലിൽ കിടന്നിട്ട്ണ്ട്.." ഒരാൾ പറഞ്ഞു.

"ഇവിടെ വന്ന അന്നുമുതൽ ഞങ്ങൾക്ക് പാരയാണ്... തീർക്കാനൊക്കെ തീരുമാനിച്ചതാ.. പിന്നെ ചാച്ചൻ പറഞ്ഞോണ്ടാ.. അല്ലെങ്കിൽ പണ്ടേക്ക് പണ്ടേ ഇവിടുത്ത റോഡിൽ അവന്റെ ശവം വീണേനേ.."

"നീ കുറേ ഉണ്ടാക്കുമായിരുന്നു... നീയൊക്കെ കളിപ്പാട്ടം വച്ച് കളിച്ച പ്രായത്തിൽ അവൻ ജയിലിലായിരുന്നു... അതും ഇരട്ടകൊലപാതകത്തിന് അതിൽ തന്നെ അവനത്ര നിസാരക്കാരനല്ലെന്ന് മനസിലായില്ലേ.. അതാ.. അന്ന് ഞാൻ വേണ്ടെന്ന് പറഞ്ഞേച്ചേ.."

ആരെകുറിച്ചാണ് ഇവർ ഇങ്ങനെ പറയുന്നത്? അയാൾ നല്ലവനോ അതോ? അവനെന്തിന് ആ പെൺകുട്ടിയേ കൊണ്ടുപോയി.. പ്രണയം? അതോ പ്രണയത്തിന്റെ മറയിൽ മറ്റെന്തെങ്കിലും?
ഇതിനോടകം റാമിന് ഒരുപാട് സംശയങ്ങൾ തികട്ടി വന്നു.

"പിന്നെ എല്ലാം മുൻപേ പറഞ്ഞതാണല്ലോ.. പുറത്ത് ആരേയും അറിയിക്കാതെ വേണം.. എല്ലാം.. അവനെ ഞങ്ങൾക്ക് ജീവനോടെ ഒറ്റയ്ക്ക് കിട്ടണം.. "

"ഹമ്മ്.. അറിയാം.. എല്ലാം വേണ്ട പോലെ ചെയ്യാം... " CI മറുപടി നൽകി.

നിമിഷങ്ങൾക്കകം കസേരകൾ നിലത്ത് ഉരയുന്ന ശബ്ദമുയർന്നപ്പോൾ റാം വാതിക്കൽ നിന്ന് അൽപം മാറി റിപ്പോർട്ട് തുറന്ന് അലസമായി പേജുകൾ മറിച്ചു.

ദൃഢഗാത്രരായ മൂന്നുനാലു പേർ പുറത്തിറങ്ങി.. വയസുള്ള രണ്ടു പേരും.. ചെറുപ്പക്കാരായ മറ്റുള്ളവരും.. അവർ ഓരോരുത്തരും റാമിനെ കടന്നുപോയി കൊണ്ടിരുന്നു..

അവസാനമായി അതിൽ ഒരു ചെറുപ്പക്കാരൻ റാമിനെ രൂക്ഷമായി നോക്കി കൊണ്ട് കടന്നുപോയി.. റാം നിർഭാവത്തോടെ തല ഉയർത്തി നോക്കുകമാത്രം ചെയ്തു.

അവർ പോയി കഴിഞ്ഞും കുറച്ച് നേരം പോയ വഴിയെ റാം നോക്കി.. ശേഷം ദീർഘമായി ഒന്ന് നിശ്വസിച്ച ശേഷം CI ന്റെ ഓഫീസ് വാതിൽ തുറന്നു.

"Sir may i?"

"ഓഹ്.. താൻ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു അല്ലേ.. ഞാൻ അതങ്ങ് വിട്ടു പോയി.."

റാം സല്യൂട്ട് ചെയ്തു. സല്യൂട്ടിന് പ്രത്യഭിവാദനം ചെയ്ത ശേഷം CI ചോദിച്ചു..

"പോസ്റ്റ് മോർട്ടം റിപ്പോർട്ട് റെഡിയായല്ലേ.. "

"അതെ സാർ.." റാം റിപ്പോർട്ട് കൈമാറി..

"ശരി.. താൻ പൊയ്ക്കോ.. "

വീണ്ടും സല്യൂട്ട് ചെയ്തു കൊണ്ട് റാം തിരിഞ്ഞു നടന്നു. വാതിൽക്കൽ എത്തിയപ്പോൾ Cl വിളിച്ചു.

"താൻ പുറത്ത് വാതിൽക്കൽ വെച്ച് അകത്ത് നിന്ന് എന്തെങ്കിലും കേട്ടെങ്കിൽ അത് മറന്നേക്ക്.. താൻ ഒന്നും കേട്ടിട്ടില്ല.. മനസിലായോ ഡോ??"

റാം പതിയെ തല മാത്രം ആട്ടി..

"ഹാ.. പൊക്കോ.."

റാം വാതിൽ തുറന്ന് പുറത്ത് വന്നു.. ഒരു നിമിഷം ഒരേ സ്ഥാനത്ത് നിന്ന് കണ്ണുകളടച്ച് നിശ്വസിച്ചശേഷം നടന്നു പോയി..



°° ᴛᴏ ʙᴇ ᴄᴏɴᴛɪɴᴜᴇᴅ.. °°



For any queries can follow me on instagram @vichu_writer