Kunchan and Mathur Kalathattum in Malayalam Anything by aNil Madhavan books and stories PDF | കുഞ്ചനും മാത്തൂർ കളത്തട്ടും

Featured Books
Categories
Share

കുഞ്ചനും മാത്തൂർ കളത്തട്ടും

കുഞ്ചനും മാത്തൂർ കളത്തട്ടും

ആമുഖക്കുറിപ്പ്

കുഞ്ചൻ നമ്പ്യാരെ നമുക്കറിയാം, ഓട്ടൻതുള്ളലിന്റെ പിതാവായി. എന്നാൽ അമ്പലപ്പുഴയിലെത്തിയ ആ യുവാവിനെ കളരിയും കവിതയും ചേർത്ത് മഹാ കവിയായി രൂപപ്പെടുത്തിയ ഗുരു, മാത്തൂർ പണിക്കർ, എത്രപേർക്ക് അറിയാം?

തുള്ളലിന്റെ ചിട്ടകൾ പിറന്നത് മാത്തൂർ കളത്തട്ടിലാണെന്നും, മാത്തൂരമ്മയ്ക്കായി അദ്ദേഹം അഷ്ടകം രചിച്ചത് ആ തറവാട്ടിലെ സന്ധ്യാനാമത്തിനാണെന്നും പഴമക്കാർ പറയുന്നു. ആ പാരമ്പര്യത്തെ ചരിത്രവും കേട്ടറിവും ചേർത്തുവച്ച് ഒരു കഥയായി എഴുതിയതാണ് ഇത്.

ലക്കിടിയിലെ കിള്ളിക്കുറിശ്ശിമംഗലത്തെ ഇടവഴികളിലും കലക്കത്ത് തറവാട്ടിലുമായി ബാല്യം കഴിഞ്ഞ്, ഏതാണ്ട് 1710 ഓടെ കുഞ്ചൻ എന്ന കുഞ്ചൻ നമ്പ്യാർ കുടമാളൂരുള്ള തന്റെ പിതാവിന്റെ വീട്ടിലെത്തി. അവിടെയായിരുന്നു ചെറുപ്പകാലം.

യൗവനത്തിന്റെ ആദ്യപടികളിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ ആ ചെറുപ്പക്കാരന്റെ മനസ്സിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ — എന്തു ചെയ്യണം ഈ ജീവിതം കൊണ്ട്? കവിതയ്ക്ക് വാക്കുകൾ വഴങ്ങുന്നുണ്ട്, നാവിന് നർമ്മത്തിന്റെ മൂർച്ചയുമുണ്ട്. പക്ഷേ അതു മാത്രം പോരല്ലോ ഒരു ജീവിതത്തിന്.

അങ്ങനെയിരിക്കെ അമ്പലപ്പുഴ രാജസദസ്സിൽ ചാക്യാർക്ക് മിഴാവ് കൊട്ടാൻ ഒരാളെ വേണം എന്ന് കേട്ടറിഞ്ഞു.

1720 കളിലെ ഒരു പ്രഭാതത്തിൽ മീനച്ചിലാറിന്റെ ഓളങ്ങൾക്കു മീതെ ഒരു കൊച്ചുവള്ളം പടിഞ്ഞാറോട്ട് നീങ്ങി. കുടമാളൂരിന്റെ തീരങ്ങൾ പിന്നിലായി. പുഴയുടെ ഓരങ്ങളിൽ തലയുയർത്തിനിന്ന തെങ്ങിൻതോപ്പുകളും പച്ചപ്പാർന്ന വയലുകളും വള്ളത്തിന്റെ യാത്രയ്ക്ക് അകമ്പടിയായി. പുഴയുടെ ഒഴുക്കിനൊപ്പം വള്ളം കായലിന്റെ വിശാലതയിലേക്ക് കടന്നു. കായൽ പരപ്പിൽ ചെമ്പകശ്ശേരിയുടെ നാവികപ്പടയിലെ ചുണ്ടൻവള്ളങ്ങളും, തൊട്ടു പിന്നിലായി, പടയാളികൾക്കുള്ള ഭക്ഷണവും അവശ്യസാധനങ്ങളുമായി വെപ്പുവള്ളങ്ങളും നീങ്ങുന്ന കാഴ്ച കുഞ്ചൻ അത്ഭുതത്തോടെ നോക്കിയിരുന്നു.

കായലിന്റെ ഓളങ്ങൾക്കു മീതെ തന്റെ വള്ളം തെന്നിനീങ്ങുമ്പോൾ, ചെമ്പകശ്ശേരിയുടെ രാജസദസ്സ് തന്നെ എങ്ങനെ സ്വീകരിക്കും എന്ന ചിന്തയിലായിരുന്നു കുഞ്ചൻ നമ്പ്യാർ.

പുഴയും കായലും പിന്നിട്ട് കുട്ടനാടിന്റെ ജലപാതകളിലൂടെ വള്ളം മുന്നോട്ടുനീങ്ങി. അമ്പലപ്പുഴയുടെ ക്ഷേത്രഗോപുരങ്ങൾ ദൂരക്കാഴ്ചയിൽ തെളിഞ്ഞുതുടങ്ങി. ചെമ്പകശ്ശേരി രാജ്യത്തിന്റെ ഹൃദയഭൂമി.

ശ്രീകൃഷ്ണസ്വാമിയുടെ നടയിൽ തൊഴുത് അമ്പലപ്പുഴ പാൽപ്പായസവും ഭക്ഷിച്ച് നമ്പ്യാർ ചാക്യാരെ കാണുവാനായി നടന്നു.

അതായിരുന്നു തുടക്കം — ക്ഷേത്രത്തിലെ ചാക്യാർക്ക് സഹായിയായി, മിഴാവ് കൊട്ടുന്നവനായി കുഞ്ചൻ അവിടെ നിലയുറപ്പിച്ചു.

ആ ദിവസങ്ങളിലൊന്നിലാണ് കുഞ്ചൻ ആദ്യമായി ചെമ്പകശ്ശേരിയുടെ സർവ്വ സൈന്യാധിപനായ മാത്തൂർ ഇരവി കുഞ്ഞു പണിക്കരെ കാണുന്നത്.

ഗുരുദർശനം

ക്ഷേത്രമുറ്റത്ത് ഒരു ശിഷ്യസംഘത്തിന് കളരിപ്പയറ്റിന്റെ അടവുകളും യുദ്ധത്തിൽ അവയുടെ തന്ത്രപരമായ പ്രയോഗങ്ങളും കാണിച്ചുകൊടുക്കുകയായിരുന്നു പണിക്കർ. അഭ്യാസത്തിനു മുമ്പ് കളരി, ഗുരു, ആയുധങ്ങൾ എന്നിവയെ വണങ്ങുന്ന ചടങ്ങുകൾ നടക്കുന്നു; ഗുരുവണക്കം, ഈശ്വരവണക്കം, ദിക്കുവണക്കം, നാഗവണക്കം, സൂര്യചന്ദ്രവണക്കം എന്നിവ ഗുരുവിന്റെ മേൽനോട്ടത്തിൽ നടക്കുന്നു.

എടനാടൻ പറവിദ്യ മുതൽ മുച്ചാൺ വടിപ്പയറ്റ് വരെയുള്ള അഭ്യാസങ്ങൾ, പിന്നെ പകർച്ചക്കൈകൾ, പകർച്ചക്കാലുകൾ, കൈകുത്തിപ്പയറ്റ് തുടങ്ങിയ മുറകൾ — ഏതാണ്ട് മുന്നൂറോളം വരുന്ന കരുത്തരായ യോദ്ധാക്കൾ നിരന്നുനിന്ന് ഒരേപോലെ പരിശീലിക്കുന്നു. ചങ്ങലംപരണ്ടയും മറ്റ് പച്ചമരുന്നുകളും ഇട്ട് കാച്ചിയ എണ്ണ തേച്ചുപിടിപ്പിച്ച അവരുടെ കാരിരുമ്പൊത്ത ശരീരം ഉദയകിരണങ്ങളിൽ വെട്ടിത്തിളങ്ങുന്നു.

അറപ്പക്കൈ, പിള്ളതാങ്ങി, വടേന്തിരിപ്പ്, വലഭട്ട്, ഒടിമുറിശ്ശേരി, കന്നടിയം, മോതരച്ചുടി — അങ്ങനെ ഓരോ മുറയും കുഞ്ചനെ വിസ്മയിപ്പിച്ചു.

കൈകളുടെ ചടുലത, അസാമാന്യമായ മെയ്‌വഴക്കം, കണ്ണുകളിലെ അസാധാരണ തിളക്കം, കൂർമ്മബുദ്ധി — ഒറ്റനോട്ടത്തിൽത്തന്നെ കുഞ്ചന് മനസ്സിലായി, ഇത് വെറും ഒരു ആയോധനാഭ്യാസി മാത്രമല്ല മറിച്ച് ഗുരുതന്നെയാണ് തന്റെ മുൻപിൽ നിൽക്കുന്നത് എന്ന്. 

അഭ്യാസം കഴിഞ്ഞ് പണിക്കർ പൂത്തറയുടെയും ഗുരുത്തറയുടെയും മുന്നിൽ ശിഷ്യരോടൊപ്പം ഇരുന്ന് "ഓം ശ്രീ ഗുരവേ നമഃ" എന്നു ചൊല്ലി, ശ്ലോകം ധ്യാനിച്ചു. ആ ശ്ലോകശകലങ്ങൾ കുഞ്ചന്റെ ചെവിയിൽ വീണു. അയാൾ അത് ഈണത്തിൽ, സ്വരശുദ്ധിയോടെ ഏറ്റുചൊല്ലി.

അതുകേട്ട് പണിക്കർ ചോദിച്ചു,

"ആരാണ് നീ?"

"ഞാൻ കുടമാളൂരിൽനിന്ന് വരുന്നു. കുഞ്ചൻ എന്നു വിളിക്കും. ഇവിടെ വന്നിട്ട് നാലു ദിവസമായി. ചാക്യാരുടെ കൂടെ മിഴാവ് കൊട്ടുന്നു. അൽപ്പം കവിതയും വശമുണ്ട്."

"മിഴാവ് മാത്രം കൊട്ടിയാൽ പോരാ കുട്ടീ. ശരീരത്തിനും ബുദ്ധിക്കും ഒരുപോലെ താളമുണ്ടാവണം."

ഒറ്റനോട്ടത്തിൽത്തന്നെ പണിക്കർക്ക് കുഞ്ചനിലെ പ്രതിഭ മനസ്സിലായിരുന്നു.

"നാളെ വാ, കളരിയിലേക്ക്."

ആദ്യദിവസം കുഞ്ചൻ കളരിയിലേക്ക് ചെന്നപ്പോൾ, പച്ചമരുന്നുകൾ ഇട്ട് കാച്ചിയ എണ്ണയുടെയും എണ്ണ പുരണ്ട ചുവന്ന മണ്ണിന്റെയും ഗന്ധം വരവേറ്റു.

പണിക്കർ ഒരു വാക്കുപോലും ആദ്യം പറഞ്ഞില്ല — വെറുതെ ഒരു നീണ്ട വടി കയ്യിലേക്ക് ഇട്ടു കൊടുത്തു, "പിടിക്ക്" എന്നു മാത്രം പറഞ്ഞു. കുഞ്ചന്റെ പിടി തെറ്റി, വടി നിലത്തുവീണു. പണിക്കർ ചിരിച്ചു."കവിതയിലും ഇങ്ങനെയാണോ പിടിവിടുന്നത്?" ആ പരിഹാസത്തിൽ ദ്വേഷ്യപ്പെടാതെ കുഞ്ചൻ തിരിച്ചടിച്ചു:"വടിക്ക് നാക്കും വാക്കുമില്ല ഗുരോ, അതുകൊണ്ട് അതിനോട് തർക്കിക്കാൻ പറ്റില്ല. തർക്കം എന്നോടാണെങ്കിൽ ഞാൻ തോൽക്കില്ല."

പണിക്കരുടെ ചിരി ഉറക്കെയായി. കുഞ്ചൻ ദക്ഷിണ വച്ച് അന്നുമുതൽ അവിടെ കൂടി.ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായി നീണ്ടു. പുലർച്ചെ കളരിയിൽ അടവുകൾ, ഉച്ചകഴിഞ്ഞ് സംസ്കൃതശ്ലോകങ്ങൾ, പിന്നെ ചാക്യാരൊത്ത് കൂത്തമ്പലത്തിൽ; സന്ധ്യക്ക് വരാന്തയിലിരുന്ന് ദ്രോണമ്പള്ളി ആചാര്യരും പണിക്കരും പിന്നെ നന്തിയാട്ട് ഉണ്ണിരവിക്കുറുപ്പും ചേർന്നുള്ള ചർച്ചകൾ — അതെല്ലാം കുഞ്ചൻ ഒരു മൂലയിലിരുന്ന് കേട്ടു, ചോദ്യങ്ങൾ ചോദിച്ചു, ചിലപ്പോൾ തന്റെ നാവിന്റെ മൂർച്ചകൊണ്ട് മുതിർന്നവരെപ്പോലും ചിരിപ്പിച്ചു.

ഒരു സന്ധ്യയിൽ, ശരീരം ക്ഷീണിച്ച് കളരിവരാന്തയിൽ ഇരിക്കുമ്പോൾ പണിക്കർ പറഞ്ഞു: "നിന്റെ കൈകൾ വാളിനല്ല ഉണ്ടാക്കിയത് കുഞ്ചാ, നാവാണ് നിന്റെ ആയുധം. പക്ഷേ ശരീരത്തിന് അച്ചടക്കമില്ലാതെ ആ നാവിന് ശക്തി വരില്ല."

ആ വാക്കുകൾ കുഞ്ചന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം അധ്യാപനത്തിനപ്പുറം ഒരു സൗഹൃദമായി വളർന്നത് അങ്ങനെയായിരുന്നു — പണിക്കർ കുഞ്ചനിൽ ഒരു മഹാകവിയെ കണ്ടു, കുഞ്ചൻ പണിക്കരിൽ ഒരു അഭയസ്ഥാനവും.

വല്യകുഞ്ഞമ്മയുടെ ഊണ് 

കളരിയിലെ ആദ്യാഭ്യാസം കഴിഞ്ഞ്, കുളിച്ച് ശുദ്ധിയോടെ കുഞ്ചൻ അകത്തളത്തിലേക്ക് കയറിവരുമ്പോൾ, വാഴയിലയിൽ ചൂടുള്ള ചോറ് വിളമ്പിക്കൊണ്ടിരിക്കുകയായിരുന്നു പണിക്കരുടെ വലിയമ്മായി — തറവാട്ടിലെ മൂത്ത സ്ത്രീ, എല്ലാവരും "വല്യകുഞ്ഞമ്മ" എന്നു വിളിക്കുന്ന ഗൗരി കുഞ്ഞമ്മ.

കുട്ടനാടൻ പുഞ്ചയിലെ നെല്ല് കുത്തിയെടുത്ത അരികൊണ്ടുള്ള ചൂടുചോറ്. അതിനൊപ്പം മാമ്പഴപ്പുളിശ്ശേരി, ചക്കക്കുരു തോരൻ, ചീര അവിയൽ, ഒടുവിൽ ഒരു കരണ്ടി നെയ്യ് — എല്ലാം താളത്തിൽ ഇലയിൽ വീണു.

"നല്ല വിശപ്പുണ്ടോ കുഞ്ചാ?" വല്യകുഞ്ഞമ്മ ചോദിച്ചു,

കണ്ണിൽ ഒരു കുസൃതി മിന്നലോടെ. "അതോ കവിതയും കളരിയഭ്യാസവും കൊണ്ട് വയറു നിറച്ചോ?

""കവിതകൊണ്ട് മനസ്സ് നിറയും വല്യകുഞ്ഞമ്മേ, വയറ് നിറയില്ല,"

കുഞ്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "അതുകൊണ്ടല്ലേ ഞാൻ ഇവിടെ വന്നിരിക്കുന്നത്."

ചുറ്റുമിരുന്ന കുട്ടികളും ശിഷ്യന്മാരും ചിരിയോടെ ഊണിലേക്ക് ശ്രദ്ധതിരിച്ചു. അക്കാലത്തെ പതിവുപോലെ, പുരുഷന്മാർ ആദ്യം ഉണ്ണണം; സ്ത്രീകൾ വിളമ്പി പിന്നാലെ ഇരിക്കും. എങ്കിലും വല്യകുഞ്ഞമ്മ പറയുന്നത് എല്ലാവരും ശ്രദ്ധയോടെ കേൾക്കും; പണിക്കർ പോലും ഇടയ്ക്കിടെ വലിയമ്മായിയുടെ അഭിപ്രായങ്ങൾ കേട്ടിരിക്കും.

മിഴാവ് നിലച്ച രാത്രി

ദിവസങ്ങൾ കടന്നുപോയി. ഒരു ഉത്സവരാത്രിയിൽ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് നടക്കുന്നു. പകൽ മുഴുവൻ കളരിയിലെ അഭ്യാസം, രാത്രി മുഴുവൻ മിഴാവിനു മുന്നിൽ. ക്ഷീണം കൺപോളകളെ തോൽപ്പിച്ചു. കൂത്തിന്റെ നടുവിൽ, താളം തെറ്റി, മിഴാവ് നിശ്ശബ്ദമായി. ചാക്യാർ അവസരം പാഴാക്കിയില്ല. സദസ്സിനു മുന്നിൽ, ശ്ലോകത്തിൽ പൊതിഞ്ഞ് ഒരു പരിഹാസം: "ഉറക്കം തൂങ്ങുന്നവന് മിഴാവല്ല, തലയിണയാണ് വേണ്ടത്!" സദസ്സ് ചിരിച്ചു. ആ ചിരി കുഞ്ചന്റെ നെഞ്ചിൽ കൊണ്ടു. പിറ്റേന്ന് രാവിലെ കുഞ്ചൻ നേരെ മാത്തൂർ തറവാട്ടിലേക്കു വഞ്ചി കയറി. അവിടെ ചെല്ലുമ്പോഴേക്കും വാർത്ത വല്യകുഞ്ഞമ്മയുടെ കാതിലുമെത്തിയിരുന്നു.

"ഇന്നലെ ക്ഷേത്രത്തിൽ കൂത്തിനിടയിൽ മിഴാവ് കൊട്ടുന്നവൻ ഉറങ്ങിപ്പോയത്രേ,"

വല്യകുഞ്ഞമ്മ കണ്ണ് കുഞ്ചന്റെ നേരെ പായിച്ചു. "താളം തെറ്റിയത്രേ. അതാരാണെന്ന് അറിയാമോ?"

കുഞ്ചന്റെ മുഖം ചുവന്നു. "വല്യകുഞ്ഞമ്മയ്ക്ക് എല്ലാം അറിയാമല്ലോ."

"തറവാട്ടിലെ സ്ത്രീകൾക്ക് അറിയാത്തതായി ഒന്നുമില്ല കുട്ടീ," അവർ ചിരിച്ചു.

"ചുറ്റും നടക്കുന്ന എല്ലാക്കാര്യങ്ങളും കൃത്യമായി ഇവിടെ അറിയും."

സന്ധ്യാവിളക്ക് കൊളുത്തുന്ന നേരമായപ്പോൾ തറവാട്ടിലെ ഇളയ പെൺകുട്ടികൾ നിലവിളക്കിനു ചുറ്റും കൂടി, തിരി തെറുത്ത് എണ്ണ പകർന്നു. അവരിൽ അമ്പാലിക കുഞ്ഞമ്മ, കുഞ്ചനെ കളിയാക്കി ഒരു കൊച്ചുപാട്ട് മൂളി — കുസൃതിപ്പാട്ട്:

"മിഴാവിനു ശ്രുതിയേറി, അതു താരാട്ടായോ?സ്നേഹമിന്നുമില്ലാതില്ല, എൻ മാനസേ!"

കുഞ്ചൻ ചിരിച്ചു, തിരിച്ചൊരു നാലുവരി ചൊല്ലി:

"താരാട്ടെന്നോ മിഴാവിൻ നാദം, താളമറിയാത്തോർക്കതു തോന്നും ഭ്രമം!

ശ്രുതിയും ലയവും ഒന്നിച്ചിടുമ്പോൾ, അമ്പലപ്പുഴ പാൽപ്പായസം പോലതിൻ മധുരം!"

അതുകേട്ട് അകത്തളം മുഴുവൻ ചിരിയിൽ മുങ്ങി. വരാന്തയിൽ വിളക്കിനരികെ പണിക്കർ ഇരിപ്പുണ്ടായിരുന്നു.

"എല്ലാം കേട്ടു," പണിക്കർ പറഞ്ഞു. "ചാക്യാർക്ക് താളം തെറ്റിയതിന്റെ വിഷമം, നമ്പ്യാർക്ക് ആക്ഷേപം കിട്ടിയതിന്റെ വിഷമം. ഇനി എന്തു ചെയ്യും?"

"ഉത്തരം കൊടുക്കണം ഗുരോ. പക്ഷേ ചാക്യാരുടെ ഭാഷയിലല്ല. കൂത്ത് കാണാൻ വരുന്നതിലേറെയും പണ്ഡിതരാണ്. പാടത്തു പണിയെടുക്കുന്നവന് അതിലെ ഒരു വാക്കും മനസ്സിലാവില്ല. അവനു മനസ്സിലാകുന്ന ഭാഷയിൽ ഒരു കല വേണം. വേഗത്തിൽ, ചടുലമായി, ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന ഒന്ന്."

പണിക്കർ എഴുന്നേറ്റു. "അതിനു പറ്റിയ ഇടം ഞാൻ കാണിച്ചുതരാം."തറവാടിന്റെ മുറ്റത്തിനപ്പുറം, മാത്തൂർ കളത്തട്ട്. ഉയർന്ന തട്ടും കരിങ്കൽ തൂണുകളും. വേലകളിയുടെ ചിലമ്പൊച്ചയും കഥകളിയുടെ ചെണ്ടയും ഒരുപാടു കണ്ട വേദി. "ഇവിടെയിരുന്ന് എഴുതിക്കോ," പണിക്കർ പറഞ്ഞു. "ഇവിടെ കേട്ട താളമൊക്കെ ഈ തട്ടിനും ഓർമ്മയുണ്ടാകും."

കളത്തട്ടിലെ കല്യാണസൗഗന്ധികം

അന്നു രാത്രി കുഞ്ചൻ കളത്തട്ടിൽ ഇരുന്നു. കളത്തട്ടിന്റെ മച്ച് ധാരാളം ദാരുശില്പങ്ങളാൽ സമ്പന്നമാണ്. ചുറ്റിനും പുരാണ ഇതിഹാസങ്ങൾ കൊത്തിവച്ചിരിക്കുന്നു. ദേവശില്പങ്ങൾ വേറെയും. നമ്പ്യാർ മച്ചിലേക്ക് നോക്കി കുറച്ചുനേരം ഇരുന്നു. പിന്നെ നാരായവും എഴുത്തോലയും കയ്യിലെടുത്തു. താളം തെറ്റാതെ, മിഴാവിന്റെ ബോധ്യത്തോടെ, വരികൾ പിറന്നു. നേരം പുലർന്നപ്പോൾ പണിക്കർ വന്നുനോക്കി. കുഞ്ചൻ തട്ടിൽ ചാരിയുറങ്ങുന്നു, ചുറ്റും ഓലകൾ. അദ്ദേഹം അവ വായിച്ചുനോക്കി. കല്യാണസൗഗന്ധികം കഥ ഒരു പുതിയ രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. മാത്തൂർ കളത്തട്ടിൽ ചിട്ടപ്പെടുത്തിയ ആദ്യത്തെ തുള്ളൽ അതായിരുന്നു. ദ്രൗപദി കാറ്റിൽ പറന്നുവന്ന സൗഗന്ധികപ്പൂവ് കണ്ട് മോഹിക്കുന്നതും, അതു തേടി ഭീമൻ ഗന്ധമാദനത്തിലേക്ക് പോകുന്നതും, വഴിമുടക്കിക്കിടക്കുന്ന വാനരനെ കണ്ടു കയർക്കുന്നതുമാണ് കഥ. ആ വാനരൻ ഹനുമാനാണെന്ന് അറിയുമ്പോൾ ഭീമന്റെ അഹങ്കാരം ഇടിഞ്ഞുവീഴും.

ഏതാനും നാൾ കഴിഞ്ഞ്, ഉത്സവം തീരും മുൻപ്, ക്ഷേത്രമുറ്റത്ത് പച്ചയും ചുവപ്പും ചായം പൂശി, കിരീടം ചൂടി, ചിലമ്പണിഞ്ഞ് ഒരാൾ ഓടിക്കയറി. ഒറ്റയ്ക്കു പാടി, ഒറ്റയ്ക്ക് ആടി, ഒറ്റയ്ക്ക് ചിരിപ്പിച്ചു. ചാക്യാർ പറഞ്ഞ ആ പരിഹാസം തന്നെ കഥയിൽ കയറിവന്നു. സദസ്സ് ആർത്തുചിരിച്ചു. ചാക്യാരുടെ മുഖം വിളറി. ചാക്യാരുടെ മുന്നിൽ ഉറക്കം തൂങ്ങിയവൻ ഇപ്പോൾ ഒറ്റയ്ക്ക് ഭീമനായി, ഹനുമാനായി, ദ്രൗപദിയായി മാറുന്നത് പാടത്തുനിന്നു വന്നവരും കളരിയിലെ ശിഷ്യന്മാരും മുൻനിരയിലിരുന്ന് കണ്ടു.

നോക്കെടാ നമ്മുടെ മാർഗേ കിടക്കുന്ന മർക്കടാ! നീയങ്ങു മാറിക്കിടെശടാ!ദുർഘടസ്ഥാനത്തു വന്നു കിടക്കുവാൻനിനക്കെടാ തോന്നുവാൻ എന്തെടാ സംഗതി?

നമ്പ്യാർ അത് വളരെ മനോഹരമായി ചിട്ടപ്പെടുത്തി കളത്തട്ടിൽ അവതരിപ്പിച്ചു. അതിനു ചേരുന്ന വേഷവും ശരിയാക്കി.

ഓട്ടൻതുള്ളലിന്റെ ചടുല ചലനങ്ങൾക്ക് കുഞ്ചനെ കളരി അഭ്യാസം സഹായിച്ചു. കുഞ്ചന്റെ ഓട്ടൻതുള്ളൽ കാണാൻ ജനം തിങ്ങിനിറഞ്ഞു. ചാക്യാർകൂത്തിന് ആരും വരാതായി. ഇത് ചാക്യാരിൽ കടുത്ത ശത്രുത ഉണ്ടാക്കി. എങ്ങനെയെങ്കിലും ഓട്ടൻതുള്ളൽ ഇവിടെ നിർത്തലാക്കണം. വൈകിയാൽ രാജാവും നമ്പ്യാരോടൊപ്പമാകും. ചാക്യാർ ചെമ്പകശ്ശേരി രാജാവ് ദേവനാരായണനോടു പരാതി പറഞ്ഞു. ക്ഷേത്രവളപ്പിൽ ഈ പുതിയ കല വേണ്ടെന്ന് ഉടനെ കൽപ്പന വന്നു.

കുഞ്ചൻ തളർന്നില്ല. "ക്ഷേത്രമുറ്റം പോയാൽ മാത്തൂർ കളത്തട്ടുണ്ടല്ലോ," നമ്പ്യാർ ചിരിച്ചു. അങ്ങനെ മാത്തൂർ തറവാടിന്റെ കളത്തട്ടിൽ ഇരുന്ന്, തുള്ളലിന്റെ ചിട്ടകൾ ഓരോന്നായി രൂപപ്പെട്ടു. പണിക്കർ പിന്നിൽ നിന്ന് ചിലമ്പൊച്ച എണ്ണിനോക്കും. ഒരു രാത്രി അരങ്ങൊഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: "താളം തെറ്റിയില്ല കുഞ്ചാ. മിഴാവ് കൊട്ടിയവന് ഇപ്പോൾ തന്റെ ശരീരം തന്നെയാണ് മിഴാവ്."

കിരാതം, സ്യമന്തകം, സന്താനഗോപാലം, ബകവധം, സഭാപ്രവേശം, ഹരിണീസ്വയംവരം — അങ്ങനെ കഥകൾ ഓരോന്നായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.

കളത്തട്ടിൽ നിന്ന് വാർത്ത പരന്നു. ഒരു പുതിയ കലയുണ്ട്. ചാക്യാർക്കു ശേഷം ജനങ്ങൾക്കു വേണ്ടി ഒരാൾ ഒറ്റയ്ക്ക് ആടുകയും പാടുകയും ചെയ്യുന്നു. ആ വാർത്ത തിരുവിതാംകൂറിലും എത്തി.

മാത്തൂരമ്മയ്ക്കൊരു അഷ്ടകം

സന്ധ്യാനാമത്തിനു നേരം വരുമ്പോൾ തറവാട്ടിലെ സ്ത്രീകൾ വിളക്കിനു ചുറ്റുമിരിക്കും. ഒരു സന്ധ്യയിൽ വല്യകുഞ്ഞമ്മ പറഞ്ഞു:"കുഞ്ചാ, നീ ആളുകളെ ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. നല്ലതുതന്നെ. എന്നാൽ ഈ തറവാട് കാക്കുന്ന മാത്തൂരമ്മയ്ക്കായി ഒരു നാലുവരി എഴുതാൻ പറ്റുമോ?"

വല്യകുഞ്ഞമ്മയുടെ വാക്കുകൾ കുഞ്ചൻ മറന്നില്ല. അന്നു രാത്രി കളത്തട്ടിൽ വിളക്കു കൊളുത്തി, ഓലയും നാരായവും നിരത്തി അയാൾ കണ്ണടച്ചിരുന്നു.

തറവാടിന്റെ കിഴക്കുഭാഗത്ത് ശ്രീകോവിലിൽ ഭദ്രകാളി ഇരിക്കുന്നു. മാത്തൂരമ്മ. എല്ലാ സന്ധ്യയ്ക്കും ആ നടയിൽനിന്ന് ഉയരുന്ന കർപ്പൂരഗന്ധം കുഞ്ചന് പരിചിതമായിരുന്നു. പടിയിൽ പതിവുപോലെ തറവാട്ടിലെ ഇളമുറക്കാരി അമ്പാലിക കുഞ്ഞമ്മ വന്നിരുന്നു. ഇത്തവണ അവൾ ഒന്നും ചോദിച്ചില്ല. കുഞ്ചന്റെ ചുണ്ടുകൾ മെല്ലെ ചലിക്കുന്നത് നോക്കിയിരുന്നു. വരികൾ ഓരോന്നായി വീണു. പിന്നെ ഉറക്കെ ചൊല്ലി:

കല്യാണശ്രീ വിളങ്ങും തിരുമുഖമഖിലാനന്ദതം മന്ദഹാസം കല്ലോലം വെല്ലുമുല്ലാസിത ചടുലകടാക്ഷങ്ങളും ചില്ലി രണ്ടും ചൊല്ലേറും കുംഭികുംഭത്തോടു പടപൊരുതും പോർമുലക്കുന്നുരണ്ടും ഫുല്ലാംഭോജാനനേ എൻ മനസി വിലസണം ദേവി മാത്തൂരധീശേ!

മിന്നും പൊന്നിൻ മണിക്കോപ്പുകളിടകലരും മുണ്ഡമാലാകലാപേ നിന്നഗം തുംഗമംഗീകൃത മഹിതമഹാഭംഗിമംഗല്യശീലേ എന്നുള്ളിൽ തോന്നുവാനായനുദിവസമഹം ചണ്ഡികേ കുമ്പിടുന്നേൻ മന്നിൽ ചൊൽക്കൊണ്ട മാത്തൂരമലപുരമകത്തമ്പുമെൻ തമ്പുരാട്ടി!

അമ്പാലിക ശ്വാസമടക്കി കേട്ടിരുന്നു. "ദേവിയെ ഇങ്ങനെയും വർണ്ണിക്കാമോ?"

അവൾ പതുക്കെ ചോദിച്ചു."അമ്മയെ അറിയുന്നത് അമ്മയുടെ എല്ലാ ഭാവത്തിലുമാണ്," കുഞ്ചൻ പറഞ്ഞു.

"ചിരിയിലും, ചടുലമായ നോട്ടത്തിലും, പോരിനിറങ്ങുന്ന വീര്യത്തിലും."

പാതിരാവു കഴിഞ്ഞിട്ടും എഴുത്തു നിന്നില്ല. ഭദ്രകാളിയുടെ രൗദ്രരൂപം, മുണ്ഡമാലയും ശൂലവും, ചണ്ഡികയുടെ ചണ്ഡവീര്യം, പിന്നെ എല്ലാറ്റിനുമൊടുവിൽ ഭക്തന്റെ ചെറിയ പ്രാർത്ഥന. ഓരോ ശ്ലോകം തീരുമ്പോൾ അയാൾ ചൊല്ലിനോക്കി, ഓലയിൽ ഉറപ്പിച്ചു:

മാതർ മാത്തൂരധീശേ ഭഗവതി വിഗതാശങ്കമാതങ്കമെല്ലാം ചേതോർമോദം കലർന്നൻപോടു വിഘടയമേ സാമ്പ്രതം തമ്പുരാട്ടി മാതംഗീ മന്ദയാനേ മന്ദഹിതഗുണഗണേ ചാരുകാരുണ്യശീലേ ജാതാനന്ദം തൊഴുന്നേൻ തവചരണയുഗം ചണ്ഡികേ ചണ്ഡവീര്യേ

മാത്തൂരാർന്നാർത്തഭാവം വിലസിനഭരദൈവത്തെയെന്നാർത്തി തീർപ്പാൻ പ്രാർത്ഥിക്കുന്നേനമന്ദം തിരുവുടലുടെലെൻ മാനസേ ചേർത്തു ഭക്ത്യാ

നിത്യം പാദാരവിന്ദങ്ങളിലതികുതുകം വീണുകൂപ്പീടുമെന്നിൽ ചിത്താനന്ദം വളർത്തീടുക സകലജഗൽഭദ്രദേ ഭദ്രകാളീ!

ലോകാനാമേകനാഥേ ലളിതകളിരസം തേടുമാനന്ദശീലേ ശോകാനാം മൂലഘാതം കുരു, വിരവിലനംഗാരിജേ വാരിജാക്ഷി രാകാചന്ദ്രാനനേ നിൻ മനതളിർ തെളിവാൻ എപ്പോഴും കൂമ്പിടുന്നേൻ ഏകാന്താനന്ദചിന്താമണിസമകരുണാപാംഗി! മാത്തൂരധീശേ!

മന്നിൽ കാരുണ്യപൂരം കലരുമലർമിഴിത്തല്ലു കൊണ്ടല്ലലെല്ലാം എന്നുള്ളംതന്നിൽ നിന്നങ്ങഖിലവുമകലെപ്പോക്കി നീയാക്കമോടെ ധന്യേ നിന്നാർദ്രഭാവം കിമപി ലഭിച്ചെങ്കിലെന്നോടെതിർപ്പാൻഅന്യന്മാർക്കില്ല കെൽപ്പെന്നിഹ വരുമുടനെ ദേവി മാത്തൂരധീശേ!

സമ്പന്നപ്രൗഢിസമ്പൽക്കരസരസഗുണേ സാമ്പ്രതം തമ്പുരാട്ടി നിൻപാദദ്വന്ദ്വമൻപോടകതളിരിലുറപ്പിച്ചു ഞാനിമ്പമോടെ സമ്പത്തുണ്ടായ് വരേണം മമ വിമതജനാഡംബരം ശാന്തമാക്കി കമ്പം നീക്കീടവേണം കനിവൊടു കമലാ പാംഗി മാത്തൂരധീശേ!

ശൂലാഗ്രം കൊണ്ടു ദേവപ്രതിഭടപടലീ കണ്ഠനാളം മുറിച്ചും ബാലാദിത്യ പ്രഭയ്ക്കൊത്ത രുധിരജലംതന്നിൽ മുങ്ങിക്കുളിച്ചും മാലാകാരേണ മുണ്ഡാവലി തിരുവുടലിൽ ചേർത്തു ചാർത്തിച്ചമഞ്ഞും ലീലാഭേദം നടിക്കും ഭഗവതി സതതം പാഹി മാത്തൂരധീശേ!

ഫലശ്രുതി

നിത്യം മാത്തൂർ വിളങ്ങും മഹിതജനമഹാ ഭദ്രതം ഭദ്രകാളി ഭക്ത്യാ ചിത്തേ നിനച്ചൻപോടു പടുതരമാമഷ്ടകം തുഷ്ടിയോടെ മർത്ത്യൻ നിത്യം ജപിച്ചീടുകിലഖിലഭയക്ലേശരോഗാദി ശാന്തി കീർത്ത്യാരോഗ്യാർത്ഥസാർത്ഥങ്ങളുമവനുടനേ സാധയേൻ ബോധശാലീ!

പിറ്റേന്ന് സന്ധ്യാനാമത്തിന് തറവാട്ടിലെ എല്ലാവരും നിലവിളക്കിനു ചുറ്റുമിരുന്നു. കുഞ്ചൻ അഷ്ടകം ശ്രുതിയിൽ ചൊല്ലി. പണിക്കർ കണ്ണടച്ച് അതു കേട്ടിരുന്നു. കേൾക്കാൻ ദ്രോണമ്പള്ളി ആചാര്യരും നന്തിയാട്ട് കുറുപ്പും ഉണ്ടായിരുന്നു. വല്യകുഞ്ഞമ്മ ഇടയ്ക്ക് കണ്ണു തുടച്ചു. ഒടുവിൽ അവർ പറഞ്ഞു: "കുഞ്ചാ, ഇന്നലെ ഞാൻ കണ്ടത് ഫലിതപ്രിയനായ ഒരു കവിയെയാണ്. ഇന്ന് ഞങ്ങൾക്ക് ഒരു ഭക്തകവിയെ കിട്ടിയിരിക്കുന്നു. സരസ്വതി നാവിലും വിരൽത്തുമ്പിലും വിലസുന്നു."

"വല്യകുഞ്ഞമ്മ എന്നോട് പറഞ്ഞതുകൊണ്ടാണ് ഈ ശ്ലോകങ്ങൾ പിറന്നത്," കുഞ്ചൻ തലകുനിച്ചു. "ഇത് ദേവിയുടെ അനുഗ്രഹമാണ്. എന്റെ കഴിവല്ല."

വിളക്കിനപ്പുറത്ത്, പെൺകുട്ടികൾക്കിടയിൽ, അമ്പാലിക മുഖം താഴ്ത്തിയിരുന്നു. കുഞ്ചൻ അവളെ നോക്കി. അവൾ ആരും കാണാതെ വിരലുകൊണ്ട് തറയിൽ ഒരു താളം വച്ചു.

അന്നുമുതൽ മാത്തൂരമ്മയെ വാഴ്ത്തുന്ന ആ അഷ്ടകം തറവാട്ടിലെ സന്ധ്യാനാമത്തിന്റെ ഭാഗമായി.

ചെമ്പകശ്ശേരിയുടെ പതനം

1739 മുതൽ തിരുവിതാംകൂറും ഡച്ചുകാരും തമ്മിൽ സംഘർഷം നിലനിന്നിരുന്നു. ഡച്ചുകാർക്ക് കുളച്ചലിൽ വ്യാപാരകേന്ദ്രം സ്ഥാപിക്കാനും തിരുവിതാംകൂറിന്റെ കാര്യങ്ങളിൽ ഇടപെടാനുമായിരുന്നു അത്. മാർത്താണ്ഡവർമ്മ നാട്ടുരാജ്യങ്ങളെ ഏകീകരിക്കാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയിരിക്കെ 1741 ഫെബ്രുവരിയിൽ ഡച്ച് സേന സിലോണിൽനിന്ന് കുളച്ചലിൽ ഇറങ്ങി;

അവർ തെങ്കാശ്ശേരി, മിദാലം, കടിയപ്പട്ടണം ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്തി. മാർത്താണ്ഡവർമ്മയും പ്രധാന സേനയും ഉടനെ തന്നെ ഡച്ച് സേനയെ തുരത്താനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഡച്ച് സേനയെ അഡ്മിറൽ യുസ്റ്റേഷ്യസ് ഡി ലെനോയി നയിച്ചു; തിരുവിതാംകൂർ സേനയെ മാർത്താണ്ഡവർമ്മയും രാമയ്യൻ ദളവയും നയിച്ചു. ഡച്ചുകാർക്ക് തോക്കുകളും പീരങ്കികളും ഉൾപ്പെടെ മെച്ചപ്പെട്ട ആയുധങ്ങളുണ്ടായിരുന്നു. എന്നാൽ തിരുവിതാംകൂർ സേന തന്ത്രപരമായി കോട്ടയെ വളഞ്ഞ് ആക്രമിച്ചു. ഓഗസ്റ്റ് 5-ന് തിരുവിതാംകൂർ പടയുടെ പീരങ്കിയിൽനിന്ന് തീഗോളം ഡച്ച് കോട്ടയ്ക്കുള്ളിലെ വെടിമരുന്നുശാലയിൽ വീണു; തുടർന്നുണ്ടായ തീപിടുത്തത്തിൽ അവരുടെ അരിയും മറ്റു സാധനങ്ങളും കത്തി ചാമ്പലായി. ഭക്ഷണവും വെടിമരുന്നും നഷ്ടപ്പെട്ടതോടെ ഡച്ച് പടയ്ക്ക് ചെറുത്തുനിൽക്കാനായില്ല. ഓഗസ്റ്റ് 10 ഓടെ അവശേഷിച്ച ഡച്ച് സൈനികർ ഡി ലെനോയിയോടൊപ്പം കോട്ടയിൽനിന്നിറങ്ങി മാർത്താണ്ഡവർമ്മയുടെ മുന്നിൽ വാൾ സമർപ്പിച്ച് കീഴടങ്ങൽ പ്രഖ്യാപിച്ചു. തടവിലായ ഡി ലെനോയി പിന്നീട് മാർത്താണ്ഡവർമ്മയുടെ വിശ്വാസം നേടി, തിരുവിതാംകൂർ സേനയെ യൂറോപ്യൻ രീതിയിൽ പരിശീലിപ്പിച്ചു;

1746-ൽ മാർത്താണ്ഡവർമ്മ കായംകുളം ആക്രമിച്ച് തിരുവിതാംകൂറിന്റെ ഭാഗമാക്കി. അക്കാലത്ത് തെക്കുനിന്ന് മാർത്താണ്ഡവർമ്മയുടെ സൈന്യം വടക്കോട്ട് നീങ്ങുകയായിരുന്നു. ഒന്നൊന്നായി ചെറുരാജ്യങ്ങൾ വീണു. ചെമ്പകശ്ശേരിയുടെ ഊഴവും വന്നു. രാജാവ് ദേവനാരായണൻ രാജ്യകാര്യങ്ങളിൽ ഒട്ടും തൽപ്പരനായിരുന്നില്ല.

കായംകുളത്തിന് പിന്തുണ നൽകിയ തെക്കുംകൂർ, വടക്കുംകൂർ, ചെമ്പകശ്ശേരി തുടങ്ങിയ നാട്ടുരാജ്യങ്ങൾക്കെതിരെ തിരുവിതാംകൂർ യുദ്ധം തുടർന്നു. ചെമ്പകശ്ശേരി രാജാവ് ദേവനാരായണന്റെ പടയ്ക്ക് മാത്തൂർ പണിക്കരുടെ ശിക്ഷണത്തിൽ ശക്തമായ കളരിപ്പയറ്റ്, നാവിക പരിശീലനം സിദ്ധിച്ച പടയാളികൾ ഉണ്ടായിരുന്നു.

കളരിയിൽ പണിക്കർ തന്റെ സേനാംഗങ്ങളെ ഇരുത്തി ഒന്നും മിണ്ടാതെ ദീർഘനേരം ഇരുന്നു. ആയുധമെടുത്താൽ എത്ര പേർ തിരിച്ചുവരും എന്ന ചോദ്യം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.

തിരുവിതാംകൂറിന്റെ സൈന്യം ഡി ലെനോയിയുടെ നേതൃത്വത്തിൽ ശക്തമാണ്. പോരാഞ്ഞിട്ട് രാമയ്യൻ ദളവ വേഷം മാറി ഇവിടെ വന്ന് രഹസ്യങ്ങളെല്ലാം ചോർത്തിയെന്നും കേട്ടിരുന്നു. എങ്കിലും ഒടുവിൽ പണിക്കർ തന്റെ കർത്തവ്യം നിർവഹിക്കാൻ തന്നെ തീരുമാനിച്ചു.

യുദ്ധഭൂമിയിലെ അപരിചിതൻ

അമ്പലപ്പുഴ-തകഴി പാടശേഖരങ്ങളിൽ അന്ന് പുക ഉയർന്നു. ചെമ്പകശ്ശേരിയുടെ പടയും തിരുവിതാംകൂറിന്റെ പടയും തമ്മിലുള്ള പോരാട്ടം കടുത്തു. പണിക്കർ സ്ത്രീകളോടും കുട്ടികളോടും വീടുകളിൽ തന്നെയിരിക്കാൻ നിർദ്ദേശിച്ചു. പണിക്കരുടെ നേതൃത്വത്തിൽ കൂടുതൽ യോദ്ധാക്കൾ പമ്പയുടെ കൈവഴികളിലൂടെ അവിടെയെത്തി. അത് തിരുവിതാംകൂർ സൈന്യം ഒട്ടും പ്രതീക്ഷിച്ചില്ല. അവർ ചിന്നിച്ചിതറി. അവരെ മുന്നിൽ നിന്ന് നയിച്ച രാജകുമാരൻ ഏതാനും സൈനികരുമായി ഒറ്റപ്പെട്ടു. പോരാഞ്ഞിട്ട് മുറിവേറ്റതിന്റെ നല്ല ക്ഷീണവും. ബോധം ഏതാണ്ട് പോയ മട്ടായിരുന്നു. നേരം നന്നേ ഇരുട്ടിയിരുന്നു.

പണിക്കരുടെ നിർദ്ദേശപ്രകാരം ദൂതൻ ഉടനെ അവിടെയെത്തി. പന്തത്തിന്റെ വെളിച്ചത്തിൽ കയ്യിലണിഞ്ഞ മുദ്രമോതിരവും തോൾക്കച്ചയിലെ അധികാര ചിഹ്നവും കണ്ട് രാജകുമാരനെന്നുറപ്പിച്ചു. അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകരും കൂടെയുണ്ട്.

ഉടനെതന്നെ പണിക്കരും അവിടെയെത്തി. അദ്ദേഹം പതുക്കെ പറഞ്ഞു. "മാർത്താണ്ഡവർമ്മയുടെ അനന്തരവൻ, കാർത്തിക തിരുനാൾ രാജകുമാരൻ. യുവരാജാവ്."

"ശത്രുവാണ് ഗുരോ," ഒരു ശിഷ്യൻ പറഞ്ഞു. "ഇവിടെ കിടക്കട്ടെ."

പണിക്കരുടെ മറുപടി ഒറ്റവരിയായിരുന്നു. "പോരാടേണ്ടത് ആയുധം കയ്യിലുള്ളവനോടാണ്. വീണവനോടല്ല."

ഇനി അധികം രാജകുമാരനെ ഇവിടെ നിർത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകും എന്ന് മനസ്സിലാക്കിയ പണിക്കർ, കൂടുതൽ രക്തം പോകും മുൻപ് യോദ്ധാക്കളോട് കച്ച അഴിച്ച് മുറിവിൽ കെട്ടാൻ പറഞ്ഞു.

ആ ഒരു പോരാട്ടം ജയിച്ചാലും യുദ്ധം ജയിക്കില്ലെന്ന് പണിക്കർക്ക് അറിയാമായിരുന്നു.

യുവരാജാവിനെ മാത്തൂർ തറവാട്ടിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം യോദ്ധാക്കളെ ഏർപ്പാടാക്കി. കൂടുതൽ നേരം അവിടെ കിടന്നാൽ കുമാരന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നു. യുവരാജാവിനെയും കൊണ്ട് വള്ളം അതിവേഗം നെടുമുടി ലക്ഷ്യമാക്കി തുഴഞ്ഞു.

തറവാട്ടിലെ അതിഥി

മാത്തൂർ തറവാട്ടിലെത്തിയ രാജകുമാരന്റെ മുറിവിൽ വൈദ്യൻ മരുന്നുവച്ചുകെട്ടി, കഷായം കൊടുത്തു, പഥ്യം പറഞ്ഞു. പണിക്കരുടെ നിർദ്ദേശപ്രകാരം യുവരാജാവിന് എല്ലാ സൗകര്യങ്ങളും ഒരുക്കി. അദ്ദേഹം പെട്ടെന്നുതന്നെ സുഖം പ്രാപിച്ചു.

അതേ സമയം അനന്തപുരിയിൽ മാർത്താണ്ഡവർമ്മ രാജാവും ദളവയും കുമാരനെ കാണാഞ്ഞു വിഷമിച്ചു. ഇനി കുമാരന് വല്ല അപകടവും സംഭവിച്ചു കാണുമോ? അംഗരക്ഷകരെയും കാണുന്നില്ല. ഒരുപക്ഷേ തടവിലാക്കിയതാവുമോ? രാജാവിന്റെ നിർദ്ദേശപ്രകാരം ദളവ വലിയൊരു സൈന്യത്തെ അമ്പലപ്പുഴയിലേക്ക് അയക്കാൻ തയ്യാറെടുത്തു. അപ്പോഴേക്കും കുമാരൻ തന്റെ അംഗരക്ഷകനെ അനന്തപുരിയിലേക്ക് അയച്ചിരുന്നു. അയാൾ കാര്യങ്ങൾ ധരിപ്പിച്ചു. രാജകുമാരൻ സുഖമായി ഇരിക്കുന്നു എന്നും കളരി അഭ്യാസം പഠിച്ച് ഉടനെ എത്തുമെന്നും അറിയിച്ചു. കുഞ്ചൻ ആദ്യമായി കുമാരനോട് സംസാരിച്ചത് ഒരു ഉച്ചസമയത്തായിരുന്നു.

"അങ്ങ് ആരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം. പക്ഷേ ആരും ചോദിക്കില്ല. വല്യകുഞ്ഞമ്മയുടെ ചോറ് കഴിക്കുന്നവരോട് ആരും ചോദ്യം ചോദിക്കില്ല."

രാജകുമാരൻ ക്ഷീണിച്ചിരുന്നെങ്കിലും ചിരിച്ചു.

"ഞാൻ കേട്ടിട്ടുണ്ട്, ഇവിടെ ഒരു കവിയുണ്ടെന്ന്. ചാക്യാരെ കളിയാക്കിയവൻ."

"കളിയാക്കിയതല്ല തമ്പുരാനേ," കുഞ്ചൻ പറഞ്ഞു. "ഞാൻ തിരിച്ചടിച്ചതാണ്."

ആ സംഭാഷണത്തിലാണ് രണ്ടുപേരുടെയും സൗഹൃദം തുടങ്ങിയത്.

ശരീരം കരുത്തുനേടിയപ്പോൾ പണിക്കർ രാജകുമാരനെ കളരിയിലേക്ക് വിളിച്ചു. കളരിയുടെ ഓരോ മുറയും അദ്ദേഹം പഠിച്ചു. മാസങ്ങളോളം പുലർച്ചെ ചുവന്ന മണ്ണിൽ വിയർപ്പൊഴുക്കി, വൈകുന്നേരം സാഹിത്യം, രാത്രി വരാന്തയിൽ കുഞ്ചന്റെ വർത്തമാനം. അക്കാലത്ത് രാജകുമാരൻ പഠിച്ചത് അടവുകൾ മാത്രമല്ല, ഒരു ഗുരുവിനോടുള്ള ബഹുമാനവുമായിരുന്നു.

മടക്കം

തിരിച്ചുപോകാനുള്ള ദിവസം രാജകുമാരൻ വരാന്തയിൽ പണിക്കരുടെ മുന്നിൽ കൈകൂപ്പി. "ഗുരോ, ഞാനിവിടെ വന്നത് ശത്രുവായിട്ടാണ്. പോകുന്നത് ശിഷ്യനായിട്ടും. അങ്ങ് തിരുവിതാംകൂറിലേക്ക് വരണം. ഇനി അനന്തപുരിയിലാകട്ടെ അങ്ങയുടെ കർമ്മകാണ്ഡം."

"അങ്ങ് എന്നെ വിളിച്ചാൽ തീർച്ചയായും ഞാൻ വരും,"

പണിക്കർ പറഞ്ഞു. യുവരാജാവ് അനന്തപുരിയിലേക്ക് മടങ്ങി.

വിടവാങ്ങൽ

വൈകാതെ ചെമ്പകശ്ശേരി രാജ്യം പൂർണമായും തിരുവിതാംകൂറിൽ ലയിച്ചു. ക്ഷേത്രത്തിൽ കൂത്തു നടത്തിയിരുന്ന സദസ്സ് ചിതറി. കുഞ്ചന് ഇനി അമ്പലപ്പുഴയിൽ നിലയില്ലെന്ന് പണിക്കർ അറിഞ്ഞു.

രണ്ടു വർഷം കഴിഞ്ഞ് ഒരു ദിവസം അനന്തപുരിയിൽ നിന്ന് ഒരു ദൂതൻ മാത്തൂരിലെത്തി. തിരുവിതാംകൂറിന്റെ സൈന്യത്തെ ശക്തമാക്കാൻ പണിക്കർക്ക് നിയോഗം. ഒപ്പം കുഞ്ചൻ നമ്പ്യാരെയും വിളിക്കാൻ രാജകുമാരൻ മറന്നില്ല.

ഒരു സന്ധ്യയ്ക്ക് പണിക്കർ ശിഷ്യന്മാരെയെല്ലാം വരാന്തയിൽ വിളിച്ചു.

"രാജാവ് മാറി. രാജ്യം മാറി. പക്ഷേ നമ്മുടെ വിദ്യ മാറില്ല. അതിനി വേണ്ടവരുടെ അടുത്തേക്ക് നാം പോകുന്നു. തിരുവിതാംകൂറിന് നമ്മെ ആവശ്യമുണ്ട്."

ശിഷ്യന്മാർ മിണ്ടിയില്ല. കുഞ്ചൻ മാത്രം ചിരിച്ചു. "ഗുരോ, ഞാൻ പറയാൻ കാത്തിരുന്നതാണ്. രാജാവിന്റെ ദൂത് എനിക്കും വന്നിട്ടുണ്ട്."

പണിക്കർ ഒന്നു നോക്കി, പിന്നെ പൊട്ടിച്ചിരിച്ചു. "അപ്പോൾ നീ എന്റെ കൂടെ വരുന്നു, അല്ലേ? വഴിയിൽ കുഞ്ചന്റെ വായ അടപ്പിക്കാൻ ഞാനൊരു മാർഗം കണ്ടെത്തണം."

യാത്രയുടെ തലേന്ന് വല്യകുഞ്ഞമ്മ ഉണ്ടാക്കിയ ചോറൂണ്. ഇലയിൽ നെയ്യ് വീഴുന്നത് കുഞ്ചൻ നോക്കിയിരുന്നു.

"വല്യകുഞ്ഞമ്മേ, ഇനി ഈ ഊണിന് ഞാൻ എവിടെ പോകും?"

"രാജാവിന്റെ വിരുന്നിൽ നിനക്കു ചക്കക്കുരു തോരൻ കിട്ടില്ലല്ലോ കുഞ്ചാ," വല്യകുഞ്ഞമ്മ പറഞ്ഞു. അവരുടെ കണ്ണ് നനഞ്ഞിരുന്നു. തറവാട് ഉപേക്ഷിച്ച് അവർ വരില്ല, ഒരിക്കലും. "ഇവിടെ വിളക്ക് കൊളുത്താൻ ആരെങ്കിലും വേണ്ടേ," അവർ പറഞ്ഞു.

രാത്രി കുഞ്ചൻ കളത്തട്ടിൽ ഒറ്റയ്ക്ക് ഇരുന്നു. പടിയിൽ ഒരു ചെറിയ വിളക്ക്, പഴയ ഇലപ്പൊതി. അമ്പാലിക വന്നില്ല. പകരം പണിക്കർ വന്നിരുന്നു.

"അവളെ വിട്ടുപോകുന്നത് നിനക്കു വേദനയാണല്ലേ?"

"ഗുരോ, അങ്ങ് എല്ലാം അറിയുന്നുണ്ടല്ലോ," കുഞ്ചൻ പറഞ്ഞു.

"ഞാൻ ഈ തറവാട്ടിലെ ഏറ്റവും മൂത്ത ആളുമാത്രമല്ല കുഞ്ചാ, ഏറ്റവും നന്നായി അറിയുന്നയാളുമാണ്."

അദ്ദേഹം കളത്തട്ടിന്റെ തൂണിൽ തൊട്ടു. "ഈ തട്ടിൽ ഇരുന്നാണ് നീ തുള്ളൽ ഉണ്ടാക്കിയത്. ഇത് ഇവിടെത്തന്നെയുണ്ടാകും. തിരിച്ചുവരാനുള്ള വഴി ഒരിക്കലും അടയില്ല."

കുഞ്ചൻ മെല്ലെ മാത്തൂരമ്മയുടെ നടയിൽ കൈകൂപ്പി. കേശാദിപാദവർണന ചൊല്ലി നമസ്കരിച്ചു.

മാത്തൂരമർന്നരുളീടും ഭഗവതി മായേ മഹാദേവി പാലയമാം ബാലേന്ദുചൂഡന്റെ ഫാലേക്ഷണം തന്നിൽ ചാലേ ജനിച്ചൊരു ദൈവതമേ..

കല്യാണീദേവീ-കരാളസ്വരൂപിണി കല്യേ ശിവേ-പരിപാലയമാം കാരുണ്യശാലിനീ- കമ്രാഗി ശ്രേഷ്ട്ടിനി കാരുണ്യസുന്ദരി -പരിപാലയമാം കീർത്ത്യാവിളങ്ങുന്ന കാർത്യായനിയെന്നും മൃത്യാമഹാഭദ്രകാളിയെന്നും ഭൈരവിയെന്നും മഹിഷാർദ്ദിനിയെന്നും ഗൗരീമഹാചണ്ഡി-ദേവിയെന്നും ഭൂലോകംതന്നിൽ ഭുവനേശ്വരിയെന്നും മാലോകരേവം പുകഴ്ത്തീടുന്നു.

ഓർക്കുന്ന നേരം മഹേശ്വരീ നിൻമൂലം ആർക്കും അറിവാനെളുതല്ലേതും വിശ്വങ്ങൾക്കൊക്കവേ കാരണമായുള്ളരീശ്വരീ നീതാനെന്നോതീടുന്നു.

ഭദ്രേ-ശിവേ-ഭദ്രകാളീ-ഭഗവതീ ഭദ്രാകൃതേ-പരിപാലയമാം പാർത്തിരിയാതെ-ഭജിക്കും ജനങ്ങടെ ആർത്തികളെല്ലാമകറ്റീടുവാൻ മാത്തൂരധിവസിച്ചീടും ഭഗവതി കാത്തുകൊള്ളബികേ കൈതൊഴുന്നേൻ.

മന്ത്രങ്ങൾകൊണ്ടും മഹീസുരശ്രേഷ്ഠന്മാർ തന്ത്രങ്ങൾകൊണ്ടും ഭജിച്ചീടുന്നു.

മറ്റുള്ളവർക്ക് മഹാശക്തിയോഗവും മുറ്റും പ്രദക്ഷിണ സ്തോത്രങ്ങളും ധ്യാനവും മൗനവും മാനസശുദ്ധിയും നാനാവ്രതങ്ങളുമാശു ഫലം സേവിച്ചുമേവും ജനങ്ങൾ മനക്കാമ്പിൽ ഭാവിച്ചകാര്യം ലഭിച്ചീടുന്നു.

ഏവംപ്രകാരം പ്രസാദിക്കുംമബികേ കേവലേ നിൻമെയ് വണങ്ങീടുന്നേൻ.

കേശാദിപാദവർണ്ണന

അഞ്ചിതമാകുമാച്ചെഞ്ചിടഭാര-ത്തെ നെഞ്ചിൽ നിരൂപിച്ചു കൈതൊഴുന്നേൻ തിങ്കൾക്കലചൂടുമാടോപഭംഗിയും നെറ്റിത്തിരുക്കണ്ണുമാനനവും പങ്കജപത്രങ്ങൾപോലെ തിരുമിഴി രണ്ടും-പിന്നെ തിരുനാസികയും മാതംഗകുണ്ഡലമണ്ഡനത്താ-ലാതുംഗഭംഗികപോലങ്ങളും ബന്ധൂകശോണമധരപ്രകാശവുംബന്ധുരദന്തമുകുളങ്ങളും ബാലേന്ദുവക്രദംഷ്ട്രായുധങ്ങളും ചാലേതിരുമുഖഭംഗികളും കംബുഗളംതന്നിലംബുജമാലകൾ ലംബിതഹാരകപാലങ്ങളും ശൂലം കപാലം കൃപാണ വരദവും ലോലാഞ്ചലം ചാരു ഖടാംഗവും ആലംബമാകുന്ന തൃക്കൈകളിൽ ചാരു നീലരത്നാഭരണങ്ങളും പങ്കജമൊട്ടിനോടങ്കം പൊരുംകുളിർ കൊങ്കയുഗം തിരുമാറിടവും കുങ്കുമപങ്കമണിഞ്ഞു വിളങ്ങിന സങ്കലശോഭ തിരുവുടലും മണ്ഡനമാകുന്ന മണ്ഡദാമങ്ങളും ചണ്ഡികേ മേ ഹൃദി താനാകണം ആലിലയ്ക്കൊത്തൊരുദരം കടീതടം ബാലാർക്കശോഭയുടയാടയുംപൊന്നരഞ്ഞാണവും കിങ്കിണീജാലങ്ങൾ ഉന്നതശോഭിത ഊരുക്കളും പൊന്നിൻ ചിലമ്പും പദാംബുരുഹങ്ങളും എന്നുള്ളിലെപ്പോഴും തോന്നുകവേണമേ

ആധിയും വ്യാധിയുമന്യദുഃഖങ്ങളും ആകവേ നീക്കി രക്ഷിച്ചീടുവാൻ മായേ-മഹാദേവീ—മാത്തൂർഭഗവതീ മാതാവേ ഞാനിതാ കൈതൊഴുന്നേൻ.

പിന്നെ അല്പനേരം രണ്ടുപേരും മിണ്ടിയില്ല. പണിക്കർ എഴുന്നേൽക്കും മുൻപ് ഒരു കാര്യം കൂടി പറഞ്ഞു.

"നിന്റെ നാവാണ് നിന്റെ ആയുധം എന്ന് ഞാൻ പറഞ്ഞിരുന്നു. ഇനി അത് രാജാവിന് ഇഷ്ടക്കേടുണ്ടാക്കാതെ നോക്കണം. എന്നാൽ രാജാവിനെ പേടിച്ച് ഒതുക്കുകയുമരുത്."

പുലർച്ചെ കുഞ്ചൻ കളത്തട്ടിൽ നിന്ന് ഓലക്കെട്ടെടുത്തപ്പോൾ അതിനിടയിൽ ഒരു മുല്ലമാല വച്ചിരിക്കുന്നു. പഴയ മാലയല്ല, പുതിയത്. ഒപ്പം കരിക്കട്ടകൊണ്ട് ഒരു വരി: "ചിലമ്പൊച്ച നിലയ്ക്കാത്തിടത്തോളം ഞാൻ കേൾക്കും."

പുലരുന്നതിനു മുൻപ് രണ്ടുപേരും തെക്കോട്ടുള്ള വഴിയിൽ ഇറങ്ങി. ഗുരു മുന്നിൽ, ശിഷ്യൻ പിന്നിൽ. മുല്ലമാല കുഞ്ചന്റെ ഓലക്കെട്ടിനുള്ളിൽ ഭദ്രമായിരുന്നു.

അനന്തപുരിയിൽ

ദിവസങ്ങളോളം നീണ്ട യാത്രയ്ക്കൊടുവിൽ അവർ തിരുവനന്തപുരത്ത് എത്തി. അനന്തപദ്മനാഭന്റെ ക്ഷേത്രഗോപുരം ദൂരെ നിന്നുതന്നെ കാണാമായിരുന്നു. അമ്പലപ്പുഴയിലെ പാടങ്ങളും മാത്തൂരിലെ കളത്തട്ടും മനസ്സിൽ നിന്ന് മായാതെ നിൽക്കുമ്പോഴും, കുഞ്ചൻ ആദ്യമായി ഒരു വലിയ നഗരത്തിലേക്ക് കാലെടുത്തുവച്ചു.

പണിക്കരെ കൊട്ടാരത്തിൽ വരവേറ്റു. കുഞ്ചനെ ആദ്യം ആരും ഗൗനിച്ചില്ല. കൊട്ടാരത്തിലെ പണ്ഡിതന്മാർ അയാളെ ഒരു നാടൻ തുള്ളൽക്കാരനായി മാത്രം കണ്ടു. മാർത്താണ്ഡവർമ്മ മഹാരാജാവ് സദസ്സിൽ ഇരിക്കുമ്പോൾ ആ ഗൗരവത്തിനു മുന്നിൽ ചിരിക്കാൻ പോലും ആളുകൾ ഭയപ്പെട്ടു. ആദ്യ പ്രകടനത്തിന്റെ തലേന്ന് കുഞ്ചൻ ഉറങ്ങിയില്ല. പണിക്കർ ഇടയ്ക്ക് വന്നുനോക്കി. "പേടിയുണ്ടോ കുഞ്ചാ?"

"മിഴാവിന്റെ മുന്നിൽ ഉറങ്ങിപ്പോയതിനു ശേഷം പേടി ഉറക്കത്തെയാണ് ഗുരോ, രാജാവിനെയല്ല" കുഞ്ചൻ ചിരിച്ചു.

പിറ്റേന്ന് സദസ്സിൽ, പച്ചച്ചായം പൂശി, കിരീടം ചൂടി, ചിലമ്പണിഞ്ഞ് അയാൾ രംഗത്തെത്തി. ആദ്യം മുഖത്തു വിനയം. പിന്നെ പതുക്കെ, ഓരോ വരിയിലും വേഗം കൂടി.ഭീമന്റെ അഹങ്കാരം, ഹനുമാന്റെ കളിയാക്കൽ, ദ്രൗപദിയുടെ വാശി. ഇടയ്ക്ക് കഥയിലെ കഥാപാത്രങ്ങളുടെ വായിലൂടെ സദസ്സിലെ പണ്ഡിതന്മാരുടെ പൊങ്ങച്ചം, ഉദ്യോഗസ്ഥരുടെ അലസത, രാജകീയ ഭാവങ്ങൾ എല്ലാം മെല്ലെ തൊട്ടുപോയി. ആദ്യം സദസ്സ് സ്തബ്ധമായി. ഒരു മന്ത്രിയുടെ മുഖം ചുവന്നു. പിന്നെ പിന്നിൽ ആരോ ഒന്നു ചിരിച്ചു. ആ ചിരി പടർന്നു. ഒടുവിൽ സിംഹാസനത്തിൽ ഇരുന്ന മഹാരാജാവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി.പ്രകടനം തീർന്നപ്പോൾ നിശ്ശബ്ദത. ഒരു ശ്വാസം കഴിഞ്ഞ്, സദസ്സിന്റെ മുൻനിരയിൽ നിന്ന് രാജകുമാരൻ എഴുന്നേറ്റു. കൈകൂപ്പി, മാത്തൂർ തറവാട്ടിൽ കണ്ട അതേ ചിരിയോടെ. "മഹാരാജാവേ," അദ്ദേഹം പറഞ്ഞു. "ഇത് ഞാൻ മാത്തൂർ തറവാട്ടിൽ ഇരുന്ന് കേട്ടിട്ടുള്ളതാണ്. കുഞ്ചനെ രാജസദസ്സിൽ വേണം." അങ്ങനെ കുഞ്ചൻ നമ്പ്യാർ തിരുവിതാംകൂർ രാജാവിന്റെ സദസ്യനായി. അന്നു രാത്രി അയാൾ കൊട്ടാരത്തിലെ ഒരു മുറിയിൽ ഓലക്കെട്ട് തുറന്നു. ഇലപ്പൊതിയിലെ മുല്ലമാല ഉണങ്ങിയിരുന്നു. പക്ഷേ ഗന്ധം അപ്പോഴും മങ്ങിയിരുന്നില്ല.

ഒരു കുറിപ്പ്

• ഇത് ഒരു ചരിത്രാധിഷ്ഠിത കഥയാണ്, യഥാർത്ഥ ചരിത്രം ആകണമെന്നില്ല. താഴെ പറയുന്നവ ചരിത്രത്തിൽ നിന്നോ പാരമ്പര്യത്തിൽ നിന്നോ എടുത്തതാണ്: കുഞ്ചൻ നമ്പ്യാരുടെ ജനനസ്ഥലവും ബാല്യവും, അമ്പലപ്പുഴയിലെ മിഴാവ് കൊട്ടലും ചാക്യാരുടെ പരിഹാസവും, ക്ഷേത്രത്തിൽ തുള്ളൽ വിലക്കിയതും, മാത്തൂർ പണിക്കരുടെ ഗുരുത്വവും, ചെമ്പകശ്ശേരി രാജ്യം ഏകദേശം 1746-ൽ തിരുവിതാംകൂറിൽ ലയിച്ചതും, 1748-ൽ കുഞ്ചൻ മാർത്താണ്ഡവർമ്മയുടെ സദസ്സിൽ എത്തിയതും, ധർമ്മരാജാവിന്റെ സംരക്ഷണത്തിൽ തുടർന്നതും.

• കല്യാണസൗഗന്ധികം ആദ്യത്തെ തുള്ളലാണെന്നത് ജനങ്ങൾക്കിടയിലെ വിശ്വാസമാണ്.  മാത്തൂർ അംബികാഷ്ടകം, മറ്റ് കീർത്തനങ്ങൾ മാത്തൂർ കളരിയുടെ ശേഖരത്തിൽ നിന്നുള്ളതാണ്.

•കഥയ്ക്കുവേണ്ടി ഭാവന ചെയ്തവ: അമ്പാലികയും അവരുടെ കഥാഭാഗങ്ങളും, ഉറക്കം തൂങ്ങിയ രാത്രിയിലെ സംഭാഷണങ്ങൾ, വല്യകുഞ്ഞമ്മയുടെയും പണിക്കരുടെയും സംഭാഷണങ്ങൾ, യുദ്ധഭൂമിയിൽ യുവരാജാവിനെ രക്ഷിച്ച സംഭവം, മാത്തൂർ തറവാട്ടിലെ താമസവും കളരിപഠനവും, പണിക്കർ തിരുവിതാംകൂറിന്റെ സേനാപതിയായതിന്റെ വിശദാംശങ്ങൾ.

• തിരുവനന്തപുരത്തെ ആദ്യ പ്രകടനത്തിന്റെ രംഗം. രാമയ്യൻ ദളവയുടെ വേഷംമാറിയുള്ള വരവ് പഴങ്കഥയായി മാത്രം കണക്കാക്കണം.