I love u 2 - 6 books and stories free download online pdf in Malayalam

I Love U 2 - (Part 6)
ബദ്രി ആത്മികയുടെ അടുത്തേയ്ക് വേഗം നടന്നു..

തറവാട്ടിലേയ്ക്ക് വേഗത്തിൽ നടക്കുന്ന ബദ്രിക്കൊപ്പം എത്താൻ ആത്മിക ധാവണി അൽപം പൊക്കിപിടിച്ചു.

നടന്നുകൊണ്ടിരിക്കുമ്പോൾ അവൾ ചോദിച്ചു.

"ഇനി എന്താ പ്ലാൻ..??"

"ഏഹ്?" നടത്തിനിടെ അവൻ അവൾ പറഞ്ഞത് ശ്രദ്ധിച്ചില്ല..

"ഇന്ന് ഇനി എവിടെ നിന്നാണ് അന്വേഷിക്കുന്നേയെന്ന്..??"

"സെലിനിൽ നിന്നും സ്വാതിയിൽ നിന്നും ചിലത് അറിയാനുണ്ട്.."

"അപ്പുവേട്ടൻ ഇവരിൽ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടാവോ.. ഡയറിയിൽ പ്രണയത്തിന്റെ കവിതാവരികൾ കണ്ടുവെന്ന് ഒക്കെ പറഞ്ഞില്ലേ.. ഇയാൾക്ക് എന്താ തോന്നുന്നേ.."

"ഉണ്ടാവാം.." ബദ്രി ചിരിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു.

"എന്താ.. ഒരു വല്ലാത്ത ചിരി.." അവൾ സംശയം ചോദിച്ചു.

"അല്ല.. നിനക്ക് പേടിയുണ്ടല്ലേ..??"

"എനിക്ക് എന്തിനാ പേടി..?"

"നിന്റെ മുറച്ചെറുക്കൻ അല്ലേ.. നിനക്ക് കിട്ടില്ലേയെന്ന്.."

"ഓഹ്.. അതിന് ഞാൻ എന്തിനാ പേടിക്കുന്നേ.. വേറെ ചെക്കൻമാരൊന്നും കിട്ടില്ലേ എനിക്ക്?"

"നിനക്ക് അവനെ ഇഷ്ടമല്ല അപ്പോൾ?"

"ഇഷ്ടമായിരുന്നു.. പക്ഷെ എന്റെ ഇഷ്ടത്തെ അപ്പുവേട്ടൻ അവഗണിച്ചിട്ടെയുള്ളൂ.. എന്നെങ്കിലും എന്നെ തിരിച്ച് ഇഷ്ടപ്പെടുമെന്ന് കരുതി ഞാൻ പിന്നെയും പിന്നാലെ നടന്നു.. ഇപ്പോൾ എല്ലാ പ്രതീക്ഷയും അവസാനിച്ചു.."

"അവൻ ആരോയോ പ്രണയിച്ചിട്ടുണ്ട്.. അത് ആരെന്ന് അറിഞ്ഞിട്ടില്ലല്ലോ.. ഇനിയിപ്പോ നിന്നെ ആണെങ്കിലോ? ഇഷ്ടമല്ലയെന്ന് പറഞ്ഞിട്ടൊന്നുമില്ലല്ലോ?"

"അപ്പുവേട്ടന് എന്നെ ഇഷ്ടമൊക്കെയാണ്.. പക്ഷെ ഞാൻ ആഗ്രഹിക്കുന്ന പോലെയുള്ളതല്ലെന്ന് മാത്രം.. എന്നെ ആയിരിക്കില്ല അപ്പുവേട്ടൻ പ്രണയിച്ചിട്ടുണ്ടാവുക..."

അവളുടെ സംസാരത്തിൽ ചെറിയ വിഷമം ഉണ്ടെന്ന് ബദ്രിയ്ക്ക് മനസിലായി.

"ഇത്രയും സുന്ദരിയായിട്ട് എന്താണാവോ നിന്നോട് അവന് പ്രണയം തോന്നാതിരുന്നത്?"

ബദ്രി അവളുടെ വിഷമം മാറ്റാൻ വെറുതെ കളിയാക്കി ചോദിച്ചു.

"അയ്യടാ.. ഞാൻ അത്ര സുന്ദരിയൊന്നുമല്ല.."

അവൾക്കപ്പോഴേക്കും നാണവും ചമ്മലുമൊക്കെയായി.. അവനവളെ വീണ്ടും കളിയാക്കാൻ പറഞ്ഞു.

"കുറച്ച് വാശിയൊക്കെ വേണം.. നീ ഒരു പാവം പിടിച്ച് നടന്നത് കൊണ്ടാണ് അവൻ വേറെ പെണിന്റെ ഒക്കെ പിന്നാലെ പോയത്... അല്ലെങ്കിലും സൗന്ദര്യമുള്ളവർക്ക് ബുദ്ധി കുറവായിരിക്കുമെന്നാ പറയുക..."

"ആഗ്രഹിച്ചതൊക്കെ വാശിയോടെ നേടിയിട്ടെന്തിനാ, അത് നമ്മളെ കൂടി ആഗ്രഹിക്കുന്നുണ്ടോയെന്ന് നോക്കേണ്ടേ..."

അവൾ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ
താൻ പറഞ്ഞതിലെ അർത്ഥ ശ്യൂന്യത അവന് മനസിലായി.. അവൻ അവളുടെ വിഷമം മാറ്റണമെന്നേ കരുതിയിരുന്നുള്ളൂ.. ഇതിപ്പോ തന്റെ വാക്കുകൾ വീണ്ടും അവളെ മുറിവേൽപ്പിച്ചെന്ന ചിന്തയിൽ പെട്ടെന്ന് അവൻ മറ്റൊന്നും ചിന്തിക്കാതെ പറഞ്ഞു.

"അല്ലെങ്കിലും പൃഥിയെ പറഞ്ഞാൽ മതി... അവന്റെ സ്ഥാനത്ത് ഞാനൊക്കെ ആയിരുന്നെങ്കിൽ സുന്ദരിയായ നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ലായിരുന്നു.. "

അത് കേട്ടതും അവൾ ചെറു പുഞ്ചിരിയോടെ ഒന്നും പറയാതെ തല താഴ്ത്തി അവനൊപ്പം നടന്നു..

ബദ്രി, ഒരു ആവേശത്തിന് പറഞ്ഞത് അബദ്ധമായോ എന്ന ചിന്തയിൽ പിന്നെ അവളോട് ഒന്നും പറയാൻ നിന്നില്ല..

തറവാട്ട് മുറ്റത്തെത്തിയപ്പോൾ ഉമ്മറത്തോട് ചേർന്നുണ്ടാക്കിയ പാട്ടുപ്പുരയിൽ നിന്നും സംഗീതവും നൃത്തചുവടിനൊത്ത് താളത്തിൽ കിലുങ്ങുന്ന ചിലങ്കയുടെ ശബ്ദവും കേൾക്കാമായിരുന്നു.

ബദ്രി അത് ശ്രദ്ധിച്ചു.. വീണ്ടും അമ്മയുടെ ഓർമകൾ അവനിലേയ്ക്ക് വന്നു.

അവനാ സംഗീതത്തിന്റെ മാധുര്യവും മനോഹരിതയും കാതോർത്തു കേട്ടു... അമ്മയുടെതുപോലെ...!!

ഉമ്മറത്തേയ്ക്ക് കയറാതെ സംഗീതവും ചിലങ്കയുടെ നാദവും ശ്രദ്ധിച്ചു നിന്ന ബദ്രിയെ കണ്ട് ആത്മിക പറഞ്ഞു.

"ഇവിടെ നൃത്തക്ലാസ് എടുത്തു കൊടുക്കാറ്ണ്ട്.. പണ്ടു മുതലേ ഉള്ള രീതിയാണ്.. തറവാട്ട് വക നൃത്തവും സംഗീതവും അഭ്യസിപ്പിക്കല്.."

ബദ്രി ആത്മികയെ നോക്കി.

"ഇപ്പോൾ അവിടെ.. ആരാ.. "

"നീരാജ്ഞനയാണ്... കുറെ കാലായി നിർത്തി വച്ചിരിക്കുകയായിരുന്നു.. ഇതിപ്പോ അവൾ വളരെയെറെ നിർബന്ധിച്ചപ്പോഴാണ്.. മുത്തച്ഛനും കേശവമ്മാവനുമൊക്കെ സമ്മതിച്ചേ.."

"ഞാനൊന്ന് പോയി കണ്ടിട്ട്.."

"വൈകിയാ വല്യമ്മാവൻ എന്നെ ആവും ചീത്ത പറയാ.." ആത്മിക പരാതിപ്പെട്ടു.

"ഞാൻ വേഗം വരും ഒന്നു കാണാൻ മാത്രം.. നീ പോയി ഞാൻ എത്തിയെന്ന് പറഞ്ഞേക്ക്.."

"വന്നേക്കണേ..."

"ആന്നേ.."

ആത്മിക ചിരിച്ചിട്ട് അകത്തേയ്ക്ക് പോയി.

ബദ്രി പാട്ടുപ്പുരയുടെ അടുത്തേയ്ക്ക് എത്തി.. ഓരോ ചുവടും പതിയെ വച്ചു കൊണ്ടവൻ ആ സംഗീതം ശ്രദ്ധിച്ചു. പതിയെ അകത്തേയ്ക്ക് നോക്കി.

നൃത്ത ചുവടുകൾ വയ്ക്കുന്ന കുട്ടികൾക്കിടയിലൂടെ നീരാജ്ഞന നിലത്ത് ഇരിക്കുന്നത് കണ്ടു.

ഓരോ കുട്ടികളുടെ നൃത്തം ശ്രദ്ധിച്ചു കൊണ്ടു തന്നെ അവൾ പാടുന്നു.. അതൊടൊപ്പം ചില തെറ്റുകൾ കൈയുയർത്തി കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നു.. ബദ്രിയ്ക്ക് ഒരു നിമിഷം അവന്റെ അമ്മയെ ഓർമ്മ വന്നു.. അവളിലൂടെ അവനവന്റെ അമ്മയെ കാണുകയായിരുന്നു.. അവളെ മിഴി ചിമ്മാതെ നോക്കാൻ അവന് തോന്നി.. അവൾ തന്റെ കൂടെ എന്നും ഉണ്ടായിരുന്നെങ്കില്ലെന്ന് അവൻ വെറുതെ ആഗ്രഹിച്ചു.

ഇടക്കെപ്പോഴോ നീരാജ്ഞന പുറത്ത് നിന്ന് അകത്തേയ്ക്ക് നോക്കുന്ന ബദ്രിയെ കണ്ടു.. പെട്ടെന്ന് അവൾ പാടുന്നത് നിർത്തി, കുട്ടികൾ എല്ലാം സ്തംഭിച്ചു നിന്നു.

തന്നെ കണ്ടെന്നറിഞ്ഞ ബദ്രി തെല്ലൊന്നു പരിഭ്രമിച്ചു നിന്നു.

നീരാജ്ഞന എഴുന്നേറ്റ് വന്നു.

"എന്തേ.. എന്തേ ഇവിടെ വന്നേ.. എന്തെങ്കിലും ആവശ്യമുണ്ടോ?"

അവൾ കാര്യമായി ചോദിച്ചു.

"ഇല്ല.. ഞാൻ വെറുതെ കാണാൻ വേണ്ടി.. പണ്ട് എന്റെ അമ്മ ഇവിടെ.. അപ്പോൾ.. എനിക്കെന്തോ.. ആ ഓർമ വന്നപ്പോൾ.. വെറുതെ.. വെറുതെ വന്നതാ.. എന്നാൽ നടക്കട്ടെ.. "

അവൻ വല്ലാതെ പരിഭ്രമിച്ചതു കൊണ്ട് പറഞ്ഞതെല്ലാം ഇടർച്ചയോടെയായിരുന്നു.. പക്ഷെ നീരാജ്ഞനയ്ക്ക് എല്ലാം മനസിലാകാൻ അവൻ പറഞ്ഞ 'പണ്ട് അമ്മ ഇവിടെ', 'ഓർമ വന്നപ്പോൾ' എന്നതു തന്നെ മതിയായിരുന്നു.

"ഹമ്മ്.. " അവൾ ചിരിച്ചു കൊണ്ട് മൂളി..

ബദ്രിയും ശരിയെന്ന് ചിരിച്ചു കൊണ്ട് തലയാട്ടി അവിടെ നിന്നും തിരിച്ചു നടന്നു.

നീരാജ്ഞന അവൻ പോയ വഴിയെ വെറുതെ ചിരിയോടെ നോക്കി.. അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എന്തിന്റെയോ തുടക്കമായിരുന്നു..!!!


*❣️__________________*💞*___________________❣️*


ബദ്രി ഒന്നാം നിലയിലെ ഗോവണി കയറി രണ്ടാം നിലയിലേയ്ക്കുള്ള ഗോവണിയിലേയ്ക്ക് കയറാൻ തുടങ്ങുമ്പോൾ മുകളിൽ നിന്നും വരുന്ന ആത്മിക അറിയാതെ അവനുമായി ഇടിച്ചു. ആത്മികയുടെ നെറ്റി ബദ്രിയുടെ താടിയിൽ തട്ടി, വേദനിച്ചു കൊണ്ട് ബദ്രി എരിവ് വലിച്ച് താടിയിൽ പിടിച്ചമർത്തി.

ആത്മിക നെറ്റി തടവി കൊണ്ട് പറഞ്ഞു.

"സോറി.. ഞാൻ വല്യമ്മാവൻ പറഞ്ഞപ്പോ.. ഇയാളെ വിളിക്കാൻ.. പെട്ടെന്ന് വന്നപ്പോ കണ്ടില്ല... സോറി.. "

ബദ്രി വേദനക്കിടയിൽ അവളെയൊന്ന് നോക്കിയ ശേഷം താടിയിൽ മുറുകെ പിടിച്ചു.

"നല്ലോണം.. വേദനിച്ചോ?"

അതും പറഞ്ഞ് അവന്റെ താടിയിൽ നിന്നും മുറുകെ പിടിച്ചിരുന്ന അവന്റെ കൈകൾ മാറ്റി.. അവൾ അമർത്തി തടവി..

"സോറി.. സത്യായിട്ടും ഞാൻ കണ്ടില്ല.."

ബദ്രി അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.. കുഞ്ഞിലെ കളിക്കുമ്പോൾ തലയിടിച്ചു വീണ തന്നെ ചേർത്തുപിടിച്ച് തലോടുന്ന തന്റെ അമ്മ വീണ്ടും മുൻപിൽ വന്നതു പോലെ അവനു തോന്നി.. ആധി നിറഞ്ഞ അവളുടെ കണ്ണുകളിൽ നനവ് പടരുന്നത് അവൻ കണ്ടു.. എന്തിനായിരുന്നെന്ന് അവന് മനസിലായില്ല.. പക്ഷെ അതൊരിക്കലും അവളുടെ നെറ്റി വേദനിച്ചിട്ടല്ലെന്ന് അവന് മനസിലായി.

അവളുടെ കൈകളുടെ സ്പർശനത്തിൽ ഒരു തണ്ണുപ്പ് അവനിൽ വന്ന് നിറഞ്ഞത് പോലെ.. അപ്പോഴേയ്ക്കും അവന്റെ വേദന എവിടെയോ പോയ് മറഞ്ഞിരുന്നു..

തന്റെ വളരെ അടുത്ത് നിൽക്കുന്ന അവളുടെ
എണ്ണ മിനുക്കിയ മുടിയിഴകളും.. കരിമഷി കണ്ണിലെ കറുപ്പും.. ചുവന്ന ചുണ്ടിലെ മനോഹരിതയും അവന്റെ മനസിൽ വികാരങ്ങൾ ഉണർത്തി.. അവനവളെ മിഴി ചിമ്മാതെ നോക്കി.. എന്നും തന്റെ കൂടെ അവളുണ്ടായിരുന്നെങ്കില്ലെന്ന് ആഗ്രഹിച്ചു പോയി..

അവൾ തടവുന്നതിന്റെ ഇടയിൽ പെട്ടെന്ന് ബദ്രിയുടെ കണ്ണുകളിലേയ്ക്ക് നോക്കി.. ഇരുവരുടെയും കണ്ണുകൾ കോർത്തു..

അവൻ തന്നെ നോക്കുകയായിരുന്നെന്ന് അവൾക്ക് മനസിലായി.. വളരെ അടുത്ത് ഒരു പുരുഷനെ സ്പർശിച്ചു കൊണ്ട് താൻ നിൽക്കുന്നു..!! നിമിഷങ്ങൾകക്കം അവൾക്കുള്ളിലും വികരങ്ങൾ വന്നു നിറഞ്ഞു...

വികാരങ്ങൾക്ക് അടിമപ്പെട്ട് രണ്ടുപേരും എന്തിനോ വേണ്ടി ആഗ്രഹിച്ചു.. ബദ്രി അവളുടെ ചുവന്ന അധരങ്ങളിലേയ്ക്ക് നോക്കി.. അത് ശ്രദ്ധിച്ച അവൾ ഉമിനീർ ഇറക്കി അവന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി..

അവളുടെ അധരങ്ങൾ ചുംബനമേറ്റു വാങ്ങാൻ പിടയ്ക്കുന്നതു പോലെ അവനു തോന്നി.. അവൻ തന്നെ ചുംബിക്കുമെന്ന് അവൾക്കും തോന്നി..

അടുത്ത നിമിഷം.....തുടരും..