I Love U 2 - (Part 3) books and stories free download online pdf in Malayalam

I Love U 2 - (Part 3)






മേലേപാട് മുറ്റത്തേയ്ക്ക് ബദ്രിയുടെ ബോലെറോ ജീപ്പ് വന്ന് നിന്നു..
മുറ്റത്തേക്കിറങ്ങിയപ്പോൾ ജീപ്പിന്റെ ശബ്ദം കേട്ട് ഉമ്മറത്തു വന്നവരെ അവൻ കണ്ടു..

ഓരോ അടിവെച്ച് മുൻപോട്ടു നടക്കുമ്പോൾ അവൻ ആ നാലുകെട്ടിന്റെ തല ഉയർത്തിയുള്ള നിൽപ്പ് നോക്കി...
വർഷങ്ങൾക്കു മുൻപ് അമ്മയുടെ കൈപ്പിടിച്ച് മേലേപാട് തറവാടിന്റെ പടികൾ ഇറങ്ങുമ്പോഴും ബദ്രി തല തിരിച്ച് നോക്കിയിരുന്നു.. അന്നത്തെ അതേ ഗാംഭീര്യം തെല്ലും കുറവില്ല..!!
അമ്മയുടെ ഓർമയിൽ നിറഞ്ഞ അവന്റെ കണ്ണുകൾ ആരും കാണാതെ അവൻ പതിയെ തുടച്ചു..

ഉമ്മറത്തേയ്ക്കു കയറി വന്ന ബദ്രിയെ രാമചന്ദ്രൻ സ്വീകരിച്ചു.. ദേവരാജനും കൂടെയുണ്ടായിരുന്നു..

"ഓ ഇവനെ ആയിരുന്നോ ഏട്ടൻ വിളിച്ച് വരുത്തിയെ... ഇവിടുത്തെ ഉള്ള പ്രശ്നം വലുതാകണമെന്നുണ്ടോ ഏട്ടന്??"

രാധിക രാമചന്ദ്രനോട് എന്നപോലെ ബദ്രിയുടെ മുഖത്ത് നോക്കി പരിഹസിച്ചു.

ബദ്രി സൗമ്യമായി ചിരിക്കുക മാത്രം ചെയ്തു..

കേശവമേനോനും കാരണവർ രാമമേനോനും ഉമ്മറത്തേയ്ക്കു വന്നു.

"ഈ തറവാടിന്റെ നാശം കാണാൻ
നിൽക്കുന്നവരെയെക്കെ വിളിച്ചു വരുത്തി എല്ലാം അറിയിക്കുന്നതെന്തിനാ രാമേട്ടാ.." കേശവമേനോൻ പറഞ്ഞു.

രാമചന്ദ്രന്റെ മറവിൽ നിന്നും ഏന്തിവലിഞ്ഞ് ബദ്രി കേശവമേനോനെ എത്തിനോക്കി.. അപ്പോഴും അവന്റെ ചുണ്ടിൽ പിടിപ്പിച്ച ആ ചിരി മാഞ്ഞിരുന്നില്ല..

അൽപ നേരമെടുത്ത് ബദ്രി മറുപടി പറഞ്ഞു.

"ഈ തറവാടിന്റെ പടികൾ ഇനിയൊരിക്കലും കയറില്ലെന്ന് അമ്മയ്ക്ക് വാക്കു കൊടുത്തതാണ്... പക്ഷെ ഈ നിൽക്കുന്ന മനുഷ്യന്റെ ആവശ്യപ്രകാരം വന്നു പോയതാ.. അല്ലാതെ ഇവിടെ ആരുടെയും മുഖം കറുപ്പിക്കാൻ വന്നതല്ല.."

രാധികയും കേശവനും രതികയുമെല്ലാം പുച്ഛഭാവത്തോടെ അവനെ കേട്ടുനിന്നു.

"പിന്നെ ഈ തറവാടിന്റെ നാശം കാണണം എന്ന് എനിക്കുണ്ടായിരുന്നെങ്കിൽ അത് എപ്പോഴേ ആകാമായിരുന്നു... പക്ഷെ ഞാൻ അത് ചെയ്യില്ല.. ജയിലിൽ നരകിച്ചു മരിച്ച എന്റെ അച്ഛന്റെ ആത്മാവിന് പകരം ചോദിക്കാൻ മുകളിൽ ഈശ്വരനുണ്ട്.. തീർത്തു കെട്ടെണ്ടതെല്ലാം അങ്ങേര് തീർത്തു കെട്ടിയിരിക്കും... താഴെ നിന്ന് ഒന്നു മുതൽ എണ്ണികൊണ്ട്... അതിൽ നിന്ന് ഒഴിവായി കിട്ടണേയെന്ന് കൈകൂപ്പി പ്രാർത്ഥിക്ക് ദൈവത്തോട്...!!"

"തറവാട്ടിൽ കയറി വന്ന് അനാവശ്യം പറഞ്ഞാലുണ്ടല്ലോ.. പോല്ലീസാണോ പട്ടാളമാണോ
എന്നൊന്നും ഞാൻ നോക്കില്ല.."
കേശവമേനോൻ ഒച്ചയെടുത്തു.

"പണ്ട് എന്റെ അച്ഛന് പണവും സ്വാധീനവും ഉണ്ടായിരുന്നെങ്കിൽ താൻ ഇന്ന് ഇങ്ങനെ കൊലവിളിക്കാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല.. വാനോളം ഉയരത്തിൽ നിൽക്കുന്ന ഈ തറവാടിന്റെ അന്തസ്സും മാന്യതയും ഇപ്പോഴും അതേപടി ഉണ്ടാകുമായിരുന്നില്ല.."

"രാമാ.. ഇവനെ ഇപ്പോൾ ഇവിടുന്ന് പറഞ്ഞയക്കണം.. പരിഹാരത്തിന് മറ്റാരെ തേടിയാലും വേണ്ടില്ല്യാ.." കാരണവർ രാമചന്ദ്രനോട് പറഞ്ഞു.

രാമചന്ദ്രൻ ബദ്രിയെ നോക്കി..

"അവിടുന്ന് എന്നോട് ക്ഷമിക്കണം... പഴയ കണക്കുകൾ കുത്തിപ്പൊക്കാനോ പകരം ചോദിക്കാനോ വന്നതല്ല.. സഹായമഭ്യർത്ഥിച്ചു വരുന്നവർക്ക് സഹായകരങ്ങൾ നീട്ടുന്ന മേലേപാട് തറവാട്ടിൽ, ഒരു പ്രശ്നപരിഹാരത്തിനായി വരാമോയെന്ന് ചോദിച്ചു... ഒപ്പം കളിച്ചിരുന്ന പഴയ കൂട്ടുകാരന് ഒരു പ്രശ്നമുണ്ടായപ്പോൾ അത് ആൾക്കൂട്ടത്തിൽ നിന്ന് നോക്കി ചിരിക്കാൻ തോന്നിയില്ല.. അത്രമാത്രം.."

ബദ്രി പറഞ്ഞു..

"അച്ഛാ.. വിശ്വസിച്ച് എല്ലാം പറയാൻ നമുക്കിപ്പോൾ ഇവനല്ലാതെ മറ്റാരെയും തേടാൻ ആകില്ല.." രാമചന്ദ്രൻ പറഞ്ഞു.

"ഈ ഏട്ടനിതെന്താ??"

രതിക ചോദിച്ചു വന്നപ്പോൾ ദേവരാജൻ തടുത്തു കൊണ്ട് പറഞ്ഞു.

"രതികേ.. അഭിപ്രായം ചോദിക്കുമ്പോൾ പറഞ്ഞാൽ മതി.. ഇപ്പോൾ അകത്തേയ്ക്ക് ചെല്ല്.." രതിക ഒന്നുമടിച്ചപ്പോൾ ദേവരാജൻ വീണ്ടും പറഞ്ഞു.. "ചെല്ലാൻ..."

രതികയും രാധികയും ദേഷ്യത്തോടെ ബദ്രിയെ നോക്കി അകത്തേയ്ക്ക് പോയി..

"അച്ഛാ ഇവനെ പറഞ്ഞയക്കേണ്ടെന്ന് തന്നെയാണ് എന്റെയും അഭിപ്രായം.." ദേവരാജൻ കാരണവരോട് പറഞ്ഞു.


*❣️_______________*💞*________________❣️*

എല്ലാ കാര്യങ്ങളും ദേവരാജനും രാമചന്ദ്രനും കൂടി ബദ്രിയ്ക്ക് പറഞ്ഞു കൊടുത്തു.

എല്ലാം കേട്ട ശേഷം ബദ്രി കണ്ണടച്ച് ചെവിയുടെ പിറകിൽ ചൂണ്ടുവിരൽ കൊണ്ട് തടവി.. അത് അവന്റെ മാനറിസമാണ്.. ഗഹനമായി ചിന്തിക്കുമ്പോഴോ ആശയ കുഴപ്പത്തിലായിരിക്കുമ്പോഴോ ആണ് അങ്ങനെ ചെയ്യുക..

കണ്ണു തുറന്ന് ബദ്രി നിശ്വസിച്ചു കൊണ്ട് പറഞ്ഞു..

"പ്രശ്നം അത്ര നിസാരമല്ല.. ഈ പെൺകുട്ടികളെ ആരെങ്കിലും എന്തിനെങ്കിലും പറഞ്ഞ് വിട്ടതാണെന്ന് എനിക്ക് തോന്നുന്നില്ല.. കാരണം ഇവർ പറയുന്ന എല്ലാ കാര്യങ്ങൾക്കും ശക്തമായ തെളിവുകളുണ്ട്.. ആ തെളിവുകളൊന്നും സൂക്ഷ്മനോട്ടത്തിൽ പോലും സൃഷ്ടിച്ചെടുത്തതാണെന്ന് പറയാൻ കഴിയില്ല.. അതുകൊണ്ട് ഇവർ പറഞ്ഞ പോലെ ഈ പ്രശ്നത്തിൽ പൃഥിയ്ക്ക് പങ്കുണ്ട്.. അപ്പോൾ പൃഥി ഇവരെ രണ്ടു പേരേയും പ്രണയിച്ചതാണോയെന്ന ചോദ്യമാണുണ്ടാവുക.. അല്ലെങ്കിൽ രണ്ടുപേരെയും ചതിക്കുകയായിരുന്നോയെന്ന ചോദ്യവും..."

രാമചന്ദ്രനും ദേവരാജനും പരസ്പരം നോക്കി..

"പൃഥിയുടെ സ്വഭാവം വെച്ചിട്ട് ഇവരെ ചതിക്കാൻ ഒന്നും അവന് കഴിയില്ലെന്നാണല്ലോ നിങ്ങൾ പറയുന്നത്.. പക്ഷെ രണ്ടുപേരോടും ഒരാൾക്ക് ഒരേ സമയം പ്രണയം തോന്നുമെന്നും ചിന്തിക്കാൻ കഴിയില്ല.. അതൊരു യുക്തിയില്ലാത്ത ചിന്തയാണ്.."

"അപ്പോൾ നീ പറഞ്ഞു വരുന്നത്?"

"എനിക്ക് കുറച്ച് സമയം വേണം.. ചിലപ്പോൾ ദിവസങ്ങൾ എടുക്കും.. സെലിൻ, പൃഥി, സ്വാതി ഇവരോടെല്ലാം ചില കാര്യങ്ങൾ ചോദിച്ചറിയണം.."

ബദ്രി പൃഥിയോട് സംസാരിക്കാൻ അവന്റെ മുറിയിലേയ്ക്ക് പോകാൻ തിരുമാനിച്ചു. രാമചന്ദ്രൻ അവനെ മുറിവരെ ആക്കിയ ശേഷം തിരിച്ചു പോയി.

മുറിയ്ക്ക് അകത്തേയ്ക്ക് പ്രവേശിക്കാൻ നേരം ബദ്രി, ഇടനാഴിയിലൂടെ ആരോ വേഗത്തിൽ പോകുന്നത് ശ്രദ്ധിച്ചു.. പാദസരത്തിന്റെ കിലുക്കം കേൾക്കാമായിരുന്നു..

അവൻ അകത്തേയ്ക്ക് കയറികൊണ്ട് പൃഥിയോട് ചോദിച്ചു..

"ഇവിടെ നിന്നിപ്പോൾ ആരെങ്കിലും പുറത്തേയ്ക്ക് പോയിരുന്നോ?"

പൃഥി അപരിചിതനെ കാണുന്നപോലെ ബദ്രിയെ നോക്കിയ ശേഷം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

"പോയിരുന്നു.. എനിക്ക് മെഡിസിൻ തരാൻ വന്നതാ.."

"ആരാ അനിയത്തിയാണോ?"

"അല്ല.. അച്ഛൻ പെങ്ങളുടെ മകൾ.."

"അച്ഛൻ പെങ്ങളുടെ മകൾ?" ബദ്രി ആലോചിച്ചു കൊണ്ട് ചോദിച്ചു.. "ആത്മികയോ അതോ നീരാജ്ഞനയോ?"

ഇവരെയെല്ലാം ഇവനെങ്ങനെ അറിയാമെന്ന അത്ഭുതത്തോടെ അവൻ പറഞ്ഞു.

"ആത്മിക.. "

ബദ്രി മൂളിയ ശേഷം കസേര വലിച്ച് ഉരച്ച് അവനടുത്തേയ്ക്കിട്ട് അതിൽ ഇരുന്നു..

ബദ്രി നോക്കുമ്പോൾ പൃഥി കണ്ണടച്ച് ചെവിയടച്ചു പിടിച്ചിരിക്കുന്നു.. കാര്യം കസേര നിലത്തുരയുന്ന ശബ്ദം അവൻ ഇഷ്ടപ്പെട്ടിരുന്നില്ല..

കണ്ണു തുറന്നപ്പോൾ ബദ്രി അവന്റെ മുഖത്തിനു നേരെ വന്ന് സിനിമ സ്റ്റൈലിൽ ചോദിച്ചു.

"ഓർമ ഉണ്ടോടാ ഈ മുഖം...??"

അവനൊന്നും പറയാതിരുന്നപ്പോൾ ബദ്രി പറഞ്ഞു..

"ഒരുപാട് മുഖങ്ങൾ കയറി ഇറങ്ങി പോയതല്ലേ.. ചിലപ്പോൾ ഓർമ കാണില്ല.. ആഹ് അല്ലെങ്കിലേ ഇപ്പോ ഓർമ പോയി കിടക്കുവല്ലേ.. "

ബദ്രി ചിരിച്ചു കൊണ്ട് പറഞ്ഞു..

"വർഷങ്ങൾ ഒരുപാടായി കണ്ടിട്ട്.. നമ്മൾ തമ്മിൽ ചില പഴയ കണക്കുകളൊക്കെ ബാക്കിയുണ്ട്..!!"

പെട്ടെന്ന് വാതിൽക്കലിലൂടെ ആരോ കടന്ന് പോകുന്ന പോലെ ബദ്രിയ്ക്ക് തോന്നി അവൻ വേഗം എഴുന്നേറ്റ് മുറിയ്ക്ക് പുറത്ത് വന്നു..

"നിൽക്ക്...." ബദ്രി വിളിച്ചു.



തുടരും...




(ബദ്രിയെ കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം.. ചെക്കൻ എങ്ങനെയുണ്ട്..🙃)