Oru Krimiyude Jwala books and stories free download online pdf in Malayalam

Oru Krimiyude Jwala

സമർപ്പണം
അട്ടപ്പാടിയിൽ
കൊല്ലപ്പെട്ട
മധുവിന്
 

 

ഒരു ക്രിമിയുടെ ജ്വാല

 

ചെറിയാൻ കെ ജോസഫ്

PH 9446538009

മരുത് കുറെയേറെ സമയം ചിന്തിച്ചശേഷം പാറക്കെട്ടിൽ പിടച്ചുകയറി . മഴ പെയ്തിരുന്നെങ്കിലും വഴുക്കലില്ല , മഴക്കാലം തുടങ്ങി വരുന്നതല്ലേയുള്ളൂ . പാറ മുകളിൽ അമറിയുടെ വള്ളിയെല്ലാം കരിഞ്ഞിരിക്കുന്നു . അപ്പുറത്തു മണ്ണിൽ ഇപ്പോഴും മൂടു പച്ച പിടിച്ചാവും , കായുണ്ടാവുമോ ? ഇല്ലെങ്കിൽ ഇലയെങ്കിലും കിട്ടിയാൽ മതി . വറ്റൽമുളകും ഉപ്പും ഇട്ടു ഇല തിളപ്പിച്ചു തിന്നാൽ നല്ല രുചിയായിരിക്കും . ഹോ , എന്തൊരു വിശപ്പ് !. മിനിഞ്ഞാന്നു കഞ്ഞി കഴിച്ചതിൽപ്പിന്നെ ഒന്നും കഴിച്ചിട്ടില്ല . യൂസഫിന്റെ കടയിൽ നിന്നെടുത്ത അരി തീർന്നു . മുളകും ഉപ്പും ബാക്കിയുണ്ട് .

എന്തൊരു വേനലായിരുന്നു . കാട്ടുക്കിഴങ്ങുകൾ പോലും ഉണങ്ങി കരിഞ്ഞുപ്പോയി .

 

 

' അട്ടപ്പാടിയിലെ ഭൂമിയെല്ലാം നമ്മൾ കാട്ടുനായ്ക്കർക്കുള്ളതാ . പണ്ടു അതിലുള്ളതെല്ലാം

നമ്മുക്കു മാത്രമായിരുന്നു .'

യൂസഫ് ഉണ്ണാൻ പോയിക്കഴിഞ്ഞു അയാളുടെ പീടികയിൽ കയറുമ്പോൾ മനസ്സിലുദിച്ചതു വല്യമുത്തപ്പൻ പണ്ടുപറഞ്ഞ വാക്കുകളായിരുന്നു .

ഇപ്പോൾ മതിലുകെട്ടി തിരിക്കാത്ത സ്ഥലം കാണാനേയില്ല . അതിനുള്ളിലെല്ലാം മണിമാളികകളും ഉണ്ടാവും . സ്വസ്ഥമായി എവിടേയും നടക്കാനാവില്ല . അവിടവിടെ ബാക്കിയായ കാടുകളിൽ മാത്രം ഫോറസ്റ്റുകാർ കാണാതെ നടക്കാം . കാട്ടിനുള്ളിൽ പറയിടുക്കിലെ ഒരു ഗുഹയിലാണു കുറേ ദിവസമായി താമസം . കൂരയിൽ ഇപ്പോൾ പോകാറേയില്ല . ചെന്നാലുടൻ അമ്മ ശകാരം തുടങ്ങും . എവിടെയെങ്കിലും പോയി പണിയെടുക്കണം പോലും . പണി എവിടെ കിട്ടാൻ ?. ചേട്ടന്മാർ നഷ്ട കൃഷി നിറുത്തി . പിന്നെയെങ്ങിനെ കൂലിപ്പണി കിട്ടും .

അമ്മ തവികൊണ്ടു ചളുങ്ങിയ അലൂമിനിയം പാത്രത്തിൽ കൊട്ടി പേർത്തു പേർത്തു പറഞ്ഞുകൊണ്ടേയിരുന്നു . അരികെ , പെങ്ങളുടെ കുട്ടി കീറപ്പായയിൽ നിന്നുരുണ്ട് മണ്ണിൽ കിടന്നു കരയുന്നു . അതിന്റെ മെലിഞ്ഞുണങ്ങിയ കൈകാലുകളും വീർത്ത വയറും വലിയത്തലയും നോക്കി തറയിലെ പുഴുക്കൾ പുളച്ചു . പാവം വല്ലതും കഴിച്ചിട്ടു ദിവസങ്ങളായി കാണും . കൂരയുടെ പനയോല മേൽപ്പുര അവിടവിടെ ദ്രവിച്ചിരിക്കുന്നു .

വെയിൽ അതിലൂടെ ഊർന്നിറങ്ങി മണ്‍ത്തറയിൽ ഇഴയുന്നു . തൽക്കാലം വീടു വിടുക തന്നെ നല്ലത് .

 

 

അമറിയുടെ ഇലകൾ കടിച്ചുപ്പിടിച്ചു മരുത് മെല്ലെ പാറക്കെട്ട് ഇറങ്ങി . കുറച്ചു ഇലകൾ മാത്രമേ കിട്ടിയുള്ളു , കായ ഒന്നുമില്ല . സാരമില്ല, തൽകാലം കത്തലൊതൊങ്ങും . താഴെയെത്തിയപ്പോൾ ഗുഹയുടെ മുൻപിൽ ഒരാൾക്കൂട്ടം .

" ഇവിടെ വാടാ മരുതേ "

മരുത് മെല്ലെ മെല്ലെ , കുനിഞ്ഞ ശിരസ്സിൽ വളിച്ച ചിരിയുമായി നടന്നു .

അവർ അവനെ അഗളിയിലേക്കു വലിച്ചിഴച്ചു .

 

 

 

" നീ എന്റെ കടയിൽ നിന്നുകക്കും അല്ലേടാ "

അങ്ങാടിയിൽ എത്തിയപ്പാടെ കരണക്കുറ്റിക്കു പൊട്ടിച്ചിട്ടു യൂസഫ് ചോദിച്ചു .

" ങ്ങളു ഇങ്ങനെ തല്ലല്ലാ . ഈ വൃത്തിക്കെട്ട ആദിവാസിയെ കൈകൊണ്ടു തല്ലാൻ അറപ്പാവില്ലേ ?"

പാർട്ടി നേതാവ് ഗോപി കുറുവടികൊണ്ട് ആഞ്ഞു തല്ലി പറഞ്ഞു .

വേദനയിൽ മരുത് അലറിക്കരഞ്ഞു .

ചുറ്റും ജനക്കൂട്ടം പൊട്ടിച്ചിരിച്ചു .

" അരിയും ഉപ്പും മുളകുമേ അനക്ക് കക്കാൻ കിട്ടിയുള്ളോ ? ഇനി മോൻ ഒന്നും എടുക്കേണ്ട ."

അലിയാർ വടികൊണ്ടു അവന്റെ മുണ്ടഴിച്ചു കൈകൾ ദേഹത്തു വരിഞ്ഞുക്കെട്ടി ഇരുഭാഗത്തും മാറി മാറി അടിച്ചു .

അപ്പോൾ ആരോ ഒരാൾ അവന്റെ ടൗസർ വലിച്ചൂരി വടികൊണ്ടിളക്കി തമാശു പറഞ്ഞു .

" ഇവന്റെ പേട്ടു പിടുക്കു കണ്ടോ ?"

ജനക്കൂട്ടം ആർത്തട്ടഹസിച്ചു ചിരിക്കവേ അയാൾ മുരിക്കിൻക്കമ്പിനാൽ അവന്റെ നന്ധതയിൽ ആഞ്ഞടിച്ചു രസിച്ചു .

ജനക്കൂട്ടം ചവിട്ടിമെതിച്ചു മണ്ണിൽനിന്നും ടാർറോഡിൽ കയറിയ മണ്ണിര ചതഞ്ഞുമരിച്ചു .

അരികിൽ , മരുതും ചോരയൊലിപ്പിച്ചു പിളർന്ന വായിൽനിന്നൊലിച്ച ഈറയുമായി ചത്തു കിടന്നു .

 

അഗളി മലമുകളിൽ കാലം ഇടഞ്ഞുക്കൂടുകയും പിടഞ്ഞൊഴിയുകയും കരിമേഘനിറവിൽ മുക്രയിടുകയും പെയ്തുനിറയുകയും ചെയ്തുകൊണ്ടേയിരുന്നു . ചീമയുടെ കുഞ്ഞിന്റെ ശവം ഇനിയും മറവു ചെയ്യിതിട്ടില്ല . മരുതിന്റെ അമ്മ അതിനു കൂട്ടിരുന്നു . വാഴപ്പിണ്ടിയിൽ കുത്തിവെച്ച ഏതോ ഒരു തിരിയുടെ കരിംപുക കുഞ്ഞിന്റെ ഉന്തിയവയറിൽ ചിതറിക്കിടന്ന ചെത്തിപ്പൂക്കളിൽ പിണഞ്ഞു . അതു പട്ടിണി കിടന്നു ചത്തതാണത്രെ . എന്തെങ്കിലും കഴിച്ചിട്ടു ദിവസങ്ങളായി പോലും .

 

 

പൊടുന്നനവേ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി . മരുതിന്റെ കാര്യം ആലോചിക്കുകയായിരുന്നു . കൊന്നിട്ടു വർഷം എഴായെങ്കിലും നടപടികൾ ഒന്നുമായില്ല . ആരല്ലെമോ ഒത്തുകളിച്ചിട്ടു കോടതിയിൽ കേസ്‌ എവിടെയുമെത്തിയില്ല . പ്രോസിക്യൂട്ടർ കോടതിയിൽ പലപ്പോഴും ഹാജരാവില്ല . ഇന്നലെ ചെറിയമ്മയുടെ മകൻ സന്തോഷിനെ കണ്ടു . മരുതിന്റെ കൊലക്കേസിന്റെ സാക്ഷിയാണവൻ .

പാർട്ടി നേതാവ് ഗോപി അവനെ വിളിപ്പിച്ചിരുന്നു പോലും . സാക്ഷി പറഞ്ഞാൽ തട്ടിക്കളയുമത്രെ . പിന്നെ ലോഹ്യത്തോടെ അയാൾ

അവനെ മണ്ണാർക്കാട്ടിനു കൂട്ടി . മുന്തിയ ഹോട്ടലിൽ ഒരാഴ്ച്ചത്തെ താമസം , കേട്ടിട്ടില്ലാത്ത രുചികരമായ വിഭവങ്ങൾ നിറഞ്ഞ സദ്യ , മുന്തിയ തരം മദ്യം , കുശലായിരുന്നു , കുശാൽ . പോരാൻ നേരം അയ്യായിരം രൂപായും പോക്കറ്റിൽ ഇട്ടു തന്നു .

" എന്റെ ഏട്ടത്തിയേ , നമ്മളു പാവങ്ങളു തലയും കുത്തി നിന്നാലും ഒന്നും ചെയ്യാനാവില്ല . പണവും അധികാരവും അവർക്കല്ലേ ?"

അവനോടു ഒന്നും പറയാൻ തോന്നിയില്ല . മണ്ടൻ , കൂറുമാറിയ ഫോറസ്റ്റ്ക്കാർക്കു ലക്ഷങ്ങൾ കിട്ടിയെന്നാണ് അറിഞ്ഞത് . മരുതിന്റെ വിളറിയ ചിരി നീറലായി മനസ്സിനുള്ളിൽ കൂമ്പി . പണ്ടു , പണിക്കു പോയി വരുമ്പോൾ കുഞ്ഞിക്കണ്ണുകൾ വിടർത്തി കൈകാലുകൾ ഇളക്കി അവൻ തറയിൽ കീറപ്പായയിൽ കിടപ്പുണ്ടാവും . മൂക്കള ഒലിപ്പിച്ചു മണ്ണിൽ കുളിച്ചു അവൻ കിടക്കും . തന്നെ കാണുമ്പോൾ ആർത്തിയോടെ കരയും . പാവം എന്റെ കുഞ്ഞിനു വിശക്കുന്നുണ്ട് .

 

 

അട്ടപ്പാടിയുടെ വരണ്ട മുള്‍ക്കാടിനു മുകളിൽ കുടവിരിച്ച മഴമേഘങ്ങൾ അഴിഞ്ഞലിഞ്ഞു അകന്നേപ്പോയി . മലർ അംഗനവാടിയിൽ വിയർത്തൊലിച്ചു അസ്വസ്ഥരാവുന്ന കുട്ടികളെ നോക്കിയിരുന്നു . പണ്ടു സ്കൂളിൽ പോകുമ്പോൾ കുഞ്ഞാങ്ങള മരുത് പറയുമായിരുന്നു .

" ആ കൂട്ടിലേറി വയ്യുന്നേരവോളം കുത്തിരിക്കാൻ എന്നെ കിട്ടൂല്ല "

പിന്നെയവൻ ബട്ടൺ പൊട്ടിയ യൂണിഫോമുമായി കാട്ടിൽ കയറും . വൈകുന്നേരം തിരികെയെത്തുമ്പോൾ കാട്ടുചീനി കിഴങ്ങോ എറിഞ്ഞുവീഴ്ത്തിയ മലയണ്ണാനോ ആയി ചെളിപുരണ്ടു കാത്തുനിൽപ്പുണ്ടാവും .

ആരെന്തു വഴക്കു പറഞ്ഞാലും അവൻ ചോദിക്കും .

" പഠിച്ചിട്ടു എന്താ കാര്യം ?"

പഠനം കഴിഞ്ഞു ഒരു ജോലിക്കു തിരക്കുമ്പോൾ മലരിനും ആ ചോദ്യം തികട്ടി .

" മന്ത്രിമാരുടെയോ നേതാക്കന്മാരുടെയോ സ്വന്തക്കാരല്ലാത്തവർക്കു ജോലി വിധിച്ചിട്ടില്ല കുട്ടിയേ "

രഘുമാഷ്‌ ഒരിക്കൽ പറഞ്ഞു .

അവസാനം അംഗനവാടി ടീച്ചറായി .

 

 

കോളേജ് പഠന കാലത്തു തന്റെ തടിച്ച പുസ്തകങ്ങൾ അത്ഭുതം കൂറുന്ന മിഴികളുമായി നോക്കി മരുത് ചിരിക്കും , നിഷ്കളങ്കമായി . ഇന്നാ ചിരിയെവിടെ ? . പൊലിഞ്ഞുപോയ ആ ചിരി നീറലായി പതഞ്ഞു രോഷത്തിൽ അടിയുന്നു . കഴിഞ്ഞ ദിവസവും നേതാവു ഗോപി വന്നിരുന്നു .

വീടു വെയ്ക്കാൻ സ്ഥലവും പത്തുലക്ഷം രൂപയും തരുമത്രെ . നല്ല ജോലിയും മേടിച്ചു തരും . കേസ്സു പിൻവലിക്കണം . അല്ലെങ്കിൽ ജീവിക്കാൻ വിടുകേല പോലും . ക്യാമ്പസ്സിൽ സ്റ്റുഡന്റ് ഫെഡറേഷനു മുദ്രാവാക്യം വിളിച്ചുകൊടുത്ത അതേ ആവേശത്തിൽ അയാളുടെ മുഖമടച്ചു ആട്ടി . സ്വർണ്ണക്കടത്തു നടത്തി അയാൾ ധാരാളം പണം സമ്പാദിച്ചിട്ടുണ്ട് . അധികാരവും ഉണ്ട്‌ . എന്നാൽ മരുത് പിടഞ്ഞുവീണ മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന മലരിനു അതിൽ പേടിക്കേണ്ടതുണ്ടോ ?!.

 

വെറുതെ മരുതിന്റെ കുഴിമാടത്തിൽ പോയിനിന്നു . തൊട്ടാവാടി പടർപ്പുകൾ അവിടെയാകെ നിറഞ്ഞിരിക്കുന്നു . അതിലൂടെ വീട്ടിലുകളും വണ്ടുകളും അട്ടകളും പുഴുക്കളും നടക്കുന്നു .

'ഞാൻ കൃമിയാവുന്നു . വെറും കൃമി '

കുഴിക്കുള്ളിൽ നിന്നും അവൻ പറയുന്നതായി തോന്നി .

അതാണല്ലോ കോടതിയും ഭരണകൂടവും എല്ലാം അവന്റെ ദുരന്തം തട്ടി തെറിപ്പിക്കുന്നത്‌ . പണ്ടു ഞങ്ങൾ അധകൃതർക്കു ചൂഷകർക്കു മുൻപിൽ നട്ടെല്ലു നിവർത്താൻ കരുത്തു തന്ന പാർട്ടി ഇന്നിപ്പോൾ കുത്തകമുതലാളികളും ചൂഷകരുമായി ഞങ്ങളെ അടിച്ചമർത്തുന്നു .

 

 

തുരുമ്പിച്ച തത്ത്വശാസ്ത്രത്തിന്റെ വടുക്കളിൽ വീണു കാറൽ മാർക്‌സും ലെനിനും മാവോയും പിടഞ്ഞു . അതിനുപ്പുറം അധകൃതരുടെ വേദന നീറിയാളുന്നു . അവിടെനിന്നു പൊരിച്ചിതറി പുതിയ വിപ്ലവ ജ്വാല ഉയരുകയായി . എല്ലാ പർവ്വതങ്ങളെക്കാൾ ഉയരത്തിലും എല്ലാ സമുദ്രങ്ങളെക്കാൾ ആഴത്തിലുമായതു കത്തിപ്പടർന്നു . കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം ഉത്തരകൊറിയൻ രാജാവിന്റെ കാൽക്കൽ ഇഴയവേ കോടതിയും ഭരണകൂടവും തച്ചുതകർത്തു നവവിപ്ലവത്തിന്റെ ജ്വാലകൾ ആകാശത്തു പടർന്നു . ഒരു പുലരിയിൽ അതു ആഞ്ഞുവീശി അട്ടപ്പാടിയിലെ യുസുഫിന്റെയും ഗോപിയുടെയും അലിയാരുടെയും തലയറുത്തു കാലത്തിന്റെ പടിപ്പുരയിൽ വെക്കാതിരിക്കില്ല .

 

-----000-----

 

Sent from my iPhone