Rudrayanam books and stories free download online pdf in Malayalam

രുദ്രായണം

രുദ്രായണം

അന്ന് തെളിഞ്ഞ ആകാശമായിരുന്നു, കൊതിപ്പിക്കുന്ന നീലനിറം വാരിപ്പൂശി, പ്രസന്നയായി നിൽക്കുന്ന അതിന്റെ കീഴെ, വിശാലമായ കടൽ ശാന്തം. തിര ഞൊറിയുന്ന കുഞ്ഞോളങ്ങളിൽ തഴുകി നോക്കെത്താദൂരം പച്ചപുതപ്പ് ധരിച്ചു അവൾ കുണുങ്ങി നിൽക്കുകയാണ്. വെള്ളിമണൽപ്പരപ്പും അത് പോലെ തന്നെ. എങ്ങും പ്രസന്നത നിറച്ച അന്തരീക്ഷം. ദൂരെ വൃക്ഷത്തലപ്പുകൾ, തഴുകി പോന്ന മന്ദമാരുതനിൽ തലയാട്ടി രസിച്ചു. കുളിർ നിറഞ്ഞ പ്രകൃതി കിഴക്ക് നിന്ന് ഒളിചിതറി ചിരിച്ച് കയറി വരുന്ന ആദിത്യനെ വരവേൽക്കാൻ കാത്ത് നിൽക്കെയാണ്.
കഴിഞ്ഞുപോയ കുറേ ദിനങ്ങൾ, അങ്ങനെ ആയിരുന്നില്ല, കലിപൂണ്ട് അലറി മറിയുന്ന കടലും, ഇടിയും മിന്നലും, തോരാത്ത പേമാരിയും കരിമേഘങ്ങൾ കൊണ്ട് മറച്ച ആകാശവും. ചുഴലികാറ്റും പ്രകൃതി ദുരന്തങ്ങൾ കൊണ്ട് തകിടം മറിഞ്ഞ ഭൂവിഭാഗങ്ങളും, കടപുഴകിയ വൃക്ഷങ്ങളും അതിൽ ഞെരിഞ്ഞമർന്ന സസ്യലതാദികളും, ആർത്തലച്ചു എല്ലാം തകർത്ത് മുന്നേറിയ ജലശക്തിയിൽ പൊട്ടിത്തകർന്ന മലനിരകളും ഉരുണ്ട് പോയി എല്ലാം കാൽച്ചുവട്ടിൽ ചവുട്ടിയരച്ച വലിയ പാറകളും പൊട്ടിച്ചിതറിയ കഷ്ണങ്ങളും ഒക്കെയായി ഭീകരമായിരുന്നു ഭൂമിയും പ്രകൃതിയും. എല്ലാം കീഴ്മേൽ മറിയുമ്പോൾ എവിടെയോ ഒരു യുഗാന്ത്യത്തിൻറെ പെരുമ്പറ മുഴങ്ങുകയായിരുന്നു.
ഇന്ന് പുലരി തികച്ചും വ്യത്യസ്തയാണ്, തെളിഞ്ഞ ആകാശത്തിന് മേലെ ചിരിക്കുന്ന സൂര്യൻ അങ്ങ് ചക്രവാളത്തിൽ നിന്ന് പുറത്തേക്ക് കടക്കുന്നു. ചരിഞ്ഞു വീണ പ്രഭാത രശ്മിയിൽ, ചിരിക്കാൻ ശ്രമിക്കുന്ന പൂക്കൾ. തലയാട്ടുന്ന വൃക്ഷത്തലപ്പുകളിൽ പോലും ഒരു പ്രതീക്ഷയുടെ തിരിനാളം കാണാൻ കഴിയുന്നുണ്ട്. എങ്ങും പുതിയ നാമ്പുകൾ മുളപൊട്ടാൻ കാത്തുനിൽക്കെയാണ് പ്രകൃതി എന്ന് തോന്നുന്ന വശ്യത. ഇന്നലെ വരെ തകർത്താടിയ താണ്ഡവം എവിടെയോ മറന്നുവെച്ച പ്രപഞ്ചം എല്ലാം ഉള്ളിൽ ഒതുക്കി.. ഒരു നവോഡയെപ്പോലെ വശ്യതയാർന്ന ചിരികൊണ്ട്.. എല്ലാം മറക്കുകയാണ്.
ദൂരെ, ഒരു ചെറിയ പ്രാവ്, നനഞ്ഞ ചിറകുകൾ ഒതുക്കി, മരക്കൊമ്പിൽ തണുത്ത കാറ്റ് നൽകിയ കുളിരിൽ ചടങ്ങിരുന്നു. തെളിഞ്ഞ ആകാശവും, കൊതിപ്പിക്കുന്ന സൂര്യപ്രകാശവും കണ്ടപ്പോൾ അതിൻറെ മനസ്സും തെളിഞ്ഞു. ആദ്യം ഒന്ന് ചിറക് കുടഞ്ഞു, പിന്നെ ഒന്ന് കൂടി വിതിർത്തു. രണ്ടുതവണ ചിറകുകൾ വീശി ബാക്കിയായ ഈർപ്പം, തെറിപ്പിച്ചു പിന്നെ ആകാശത്തേക്ക് ഉയർന്നു. പിന്നെ തിരികെ മരക്കൊമ്പിലേക്ക്. എന്നാൽ അവൾ അവിടെ ചടഞ്ഞിരുന്നില്ല, ആദ്യ പറക്കലിൽ ആവേശം കൊണ്ടിട്ടോ എന്തോ, അവൾ ചിറകടിച്ചുയർന്നു.. ആ അനന്ത വിഹായസ്സിലേക്ക്.. പിന്നെ കടലിൻറെ മുകളിലേക്ക്..
ആ കാഴ്ച്ച അവൾക്ക് കുടുതൽ ഊർജ്ജം പകരുന്നതായിരുന്നു, ആ നീലാകാശത്തിൽ അവളെപ്പോലെ നിരവധി പക്ഷികൾ, അവരെല്ലാം ആസ്വദിക്കുകയാണ്.. ആ മനോഹര നിമിഷങ്ങൾ. അവരെല്ലാം ആവേശത്തോടെ ചിറകടിച്ചുയരുന്നു.. പിന്നെ തിരിച്ചും. ആകെ പ്രസന്നമായ ആ പ്രകൃതിയിൽ ചുറ്റിയടിക്കുമ്പോൾ എങ്ങും നിറയുന്നത് സന്തോഷവും, പ്രതീക്ഷയും. അപ്പോൾ എവിടെയൊക്കയോ അതിൻറെ ആവേശ തള്ളലിൽ അവർ ചിലച്ചു, അതിൻറെ പ്രതിധ്വനികൾ പോലെ എങ്ങും കലമ്പൽ ഉയർന്നു, കരയിലും, കാട്ടിലും, കടലിൽ പോലും.
ചൊരിമണൽ നിറഞ്ഞ ആ കടൽ തീരത്ത്, അരക്ക് താഴെ, തഴുകി പോകുന്ന കുഞ്ഞോളങ്ങളിൽ മുങ്ങി, മേൽഭാഗം മണലിൽ പൂഴ്ത്തി, കാരിരുമ്പിന്റെ ശക്തി തോന്നിക്കുന്ന,പേശികൾ നിറഞ്ഞ തോളും പുറംഭാഗവും, ഒതുങ്ങിയ അരകെട്ടുമുള്ള കാരികറുപ്പാർന്ന ഒരു യുവാവ് കമഴ്ന്ന് കിടപ്പുണ്ട്. പൂർണ്ണ നഗ്‌നനായ അയാളെ അവിടേക്ക് കടൽ ഉപേക്ഷിച്ചു പോയതാണ് എന്ന് വ്യക്തം. ദൂരെ കാഴ്ചയിൽ അർദ്ധബോധാവസ്ഥയിൽ ആണോ, മൃതപ്രായനാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല.
മണൽപ്പരപ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഞണ്ടുകൾ ശരീരത്ത് കൂടി കയറി ഇറങ്ങിയത് കൊണ്ടോ, തഴുകി പോകുന്ന ഈർപ്പം നിറഞ്ഞ ചെറുകാറ്റിൽ നിന്ന് ജലകണങ്ങൾ ചരിഞ്ഞ മുഖത്തേക്ക് ഇറ്റിയതാണോ, അവൻ ഉണർന്നു. ഇപ്പോൾ ശാസോച്ച്വാസം ഉച്ചസ്ഥായിയിൽ ആയി, അത്, മണലിൽ അമർന്ന് കിടന്ന അവൻറെ നാസിക ഏറ്റെടുത്തപ്പോൾ, മണൽത്തരികൾ പാറാൻ തുടങ്ങി. അതിന്റെ ആവർത്തി കൂടിയപ്പോൾ അവൻ മുഖം കുടഞ്ഞു, പതിയെ മുഖമുയർത്തി. ചുറ്റുമുള്ള പ്രകൃതി കണ്ണിൽ ഉടക്കിയപ്പോൾ പിടഞ്ഞെഴുന്നേറ്റ്, ഈർപ്പത്തിൽ നിന്ന് മാറുവാനായി കരയിലേക്ക് നടന്നു.
കടൽ ജലത്തിൽ നിന്ന് കയറി, മണലിലൂടെ നടക്കുമ്പോൾ അവൻ സ്വയം വീക്ഷിക്കുകയായിരുന്നു, പൂർണ്ണ നഗ്‌നമായ തന്റെ ശരീരത്തിൽ ദൃഷ്ടി ഉടക്കിയപ്പോൾ, ആദ്യം അമ്പരപ്പും, പിന്നെ ഒരു ജാള്യതയുമായിരുന്നു മുഖത്തെ ഭാവം. വിശാലമായ മണൽപ്പരപ്പിൽ അവൻ എന്തൊക്കയോ തിരഞ്ഞു.വിടർന്നതും വിശാലവുമായ കൈപ്പത്തികൾ കൊണ്ട് അരക്കെട്ട് മറച്ചു ചുറ്റും പരതുന്നത് കണ്ടാൽ, നാണം മറയ്ക്കുവാൻ തുണി കഷ്ണം തേടുകയാണ് എന്ന് മനസിലാക്കാം.
കാഴ്ച്ച ദൂരം പോയിട്ട്, കണ്ണെത്താ ദൂരത്ത് പോലും അതിന് പരിഹാരം ഇല്ലാ എന്ന് കണ്ടപ്പോൾ അവൻ തലകുനിച്ച്, മണലിൽ കടലിന് അഭിമുഖമായി കുന്തിച്ചിരുന്നു. തൻറെ നഗ്നതയിൽ ആദ്യം ഒരു ജാള്യം തോന്നിയെങ്കിലും ആ വലിയ മണൽപ്പരപ്പിൽ ഒരു മനുഷ്യജീവി പോയിട്ട്, മറ്റൊന്നിനെയും സാനിധ്യം ഇല്ലാ എന്ന് മനസിലായപ്പോൾ അത് എങ്ങോ പോയ്മറഞ്ഞു. പിന്നെ എന്തോ ഒരു ചോദനയിൽ എന്നപോലെ ആ കടൽപ്പരപ്പിലേക്ക് തൻറെ ദൃഷ്ടിയെ ഉറപ്പിച്ചു.
മനസ്സിൽ ആ ചോദ്യം വല്ലാതെ ചുരമാന്തിയപ്പോൾ അവൻറെ ചുണ്ടുകളും അത് ആവർത്തിച്ചു.
ഞാൻ ആരാണ്.. എങ്ങനെ ഇവിടെ വന്നു.???
ശൂന്യമായ മനസ്സ് വല്ലാതെ വേട്ടയാടി തുടങ്ങിയപ്പോൾ, അവൻ രണ്ടുകൈകളും കൊണ്ട്, തലയുടെ ഇരുവശങ്ങളെയും മാറിമാറി അടിച്ചു, പിന്നെ നീണ്ടുവളർന്ന മുടിയിഴകളെ കൈകളിൽ കൊരുത്ത് സ്വയം പീഡിപ്പിച്ചു. അതിലും കഥ ഒന്നും ഇല്ലാ എന്ന് തോന്നിയപ്പോൾ ഇടംകൈകൊണ്ട് തല മൃദുവായി തലോടി. പിന്നെ എഴുന്നേറ്റ് കടലിലേക്ക് ഇറങ്ങി. പൂർണ്ണമായി മുങ്ങി നിവർന്നു. കഴുത്ത് മെച്ചം ഇറങ്ങി, നന്നായി ഒന്ന് തേച്ചു കുളിച്ചു.
കണ്ണിൽ ചെറുതിരമാല തെറുത്ത് വരുന്ന കാഴ്ച്ച ഉടക്കിയപ്പോൾ, ആ തണുത്ത ജലത്തിൽ അവൻ ഒന്ന് ഞെട്ടി, ശരീരത്തിൽ വൈദ്യുതി കടന്നുപോയപോലെ വിറച്ചു, പിന്നെ ഒട്ടും താമസിയാതെ കരയിലേക്ക് ഓടി കയറി.
കടലിനഭിമുഖമായി അൽപ്പം ദൂരയായി, ചാഞ്ഞുകിടന്ന ആ മരത്തടിയിൽ ഇരിക്കുമ്പോൾ അവൻ കിതക്കുകയായിരുന്നു. ഉയർന്നു പൊന്തുന്ന മാറിടം വലിച്ചുകയറ്റുന്ന വായുവിനെ അത് പോലെ തന്നെ പുറത്തേക്ക് തള്ളി, ഇരുകൈകളും ശരീരത്തിൻറെ വശങ്ങളിൽ ചേർത്ത് തടിയിൽ ഉറപ്പിച്ചു, അവൻ പകയോടെ കടലിൻറെ ആഴത്തിലേക്ക് അവൻ തന്റെ കണ്ണുകൾ ഉറപ്പിച്ചു.
അവൻ ഒരു ആജാനുബാഹുവാണ്, ഒരു യോദ്ധാവിന്റെ തീഷ്ണത നിറഞ്ഞ ശരീരവടിവുകൾ. ആയുധം ഉപയോഗിച്ച് തഴമ്പിച്ച കൈകൾ. തൂണീരപ്പാടും, ധനുസിന്റെ അടയാളങ്ങളും അവശേഷിച്ച ചുമലുകൾ. ത്രസിക്കുന്ന മസിലുകൾ കാലുകളിലും നെഞ്ചിലും സമൃദ്ധവും. ഒതുങ്ങിയ അരക്കെട്ട് നിത്യാഭ്യാസിയുടെ ഭാവാദികൾ നിറക്കുന്നു, അതിൽ അരപ്പട്ടയുടെയും മറ്റ് ആയുധങ്ങൾ സൂക്ഷിച്ചതിന്റെയും വടുക്കൾ, എങ്കിലും നടുനെറ്റിയിലെ ആ വലിയ കല, ഒരു മൂന്നാംകണ്ണ് പോലെ ജ്വലിച്ചു.
ഇപ്പോൾ അവന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു, നെറ്റിയിൽ പകുതി ഉണങ്ങിയ ആ വലിയ മുറിവിന്റെ വടുവിൽ കൈത്തലം ചേർത്ത് അവൻ ഒന്നലറി.. അതിൻറെ ശക്തിയിൽ ആ മണൽപ്പുറം ഒന്ന് വിറച്ചപോലെ തോന്നിയപ്പോൾ, അവൻ വീണ്ടും അസ്വസ്ഥനായി. ആ കരുത്താർന്ന ശരീരം ഒന്ന് ത്രസിച്ചു, പിന്നെ ഞൊടിയിടയിൽ എഴുന്നേറ്റ് അവൻ, ആ വലിയ തടിക്കഷ്ണം ഒരു ഉണങ്ങിയ ചുള്ളിക്കമ്പ് എന്നപോലെ എടുത്ത് കടലിലേക്ക് എറിഞ്ഞു. പിന്നെ ഭ്രാന്തനെപ്പോലെ അലറുകയും.. കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുകയും ചെയ്‌തു.

ആ വലുതും ഉറപ്പാർന്നതുമായ ശരീരവും, ത്രസിച്ചു നിൽക്കുന്ന പേശികളും ക്ഷീണിച്ചു എന്ന് കണ്ടപ്പോൾ, അവൻ വീണ്ടും മണ്ണിൽ മുട്ടുകുത്തി ഇരുന്ന് അഴിഞ്ഞുലഞ്ഞു മുഖത്തേക്ക് വീണ ജടാഭാരം ഒതുക്കാതെ ആകാശത്തേക്ക് നോക്കി.. അതിരൂക്ഷമായി നിലവിളിച്ചു. അത് ആ ശാന്തമായ പ്രകൃതിയിൽ ഒരു പ്രകമ്പനം സൃഷ്ട്ടിക്കാൻ പര്യാപ്തമായിരുന്നു. അത് കേട്ട് അതുവരെ ആഹ്ലാദത്തോടെ പറന്ന പറവകൾ ചകിതരായി, അവ ആകാശം ഉപേക്ഷിച്ചു ഒളിച്ചു. തഴുകി കടന്നുപോയ കാറ്റ് പോലും നിലച്ചു, വൃക്ഷങ്ങളും സസ്യലതാദികൾ പോലും സ്തബ്ധരായി.
രുദ്രാ.. എന്നൊരു വിളി കാതിൽ അലയായി നിറയുന്നതും, പിന്നെ കാറ്റായി വീശുന്നത് പോലെയും അനുഭവപ്പെട്ടപ്പോൾ അവൻറെ നിലവിളി അവസാനിച്ചു.. പിന്നെ കാതുകൾ രണ്ടും കൈകൾ കൊണ്ട് അമർത്തി, അവൻ ചുടുനീർ പൊഴിക്കുന്ന കണ്ണുകളെ വെറുതെ വിട്ട് മണ്ണിലേക്ക് ദൃഷ്ടി ഉറപ്പിച്ചു അവൻ ഒരു ശിലയെപ്പോലെ, ഇരുന്നു, അപ്പോഴും അവൻറെ ഉള്ളിൽ ഉരുകി ഒലിക്കുന്ന ലാവ നിറഞ്ഞ ഒരു സാഗരം തിളച്ചു പൊന്തുകയായിരുന്നു, പൊട്ടാൻ വെമ്പുന്ന അഗ്‌നിപർവതം പോലെ.
അതെ താൻ രുദ്രനാണ് എന്ന് വിളിച്ചു കൂവണം എന്ന് തോന്നി, സാക്ഷാൽ പശുപതിയുടെ അനുഗ്രഹം ആവോളം കോരിചൊരിഞ്ഞിരുന്നു എന്ന് അഹങ്കരിച്ചിരുന്ന രുദ്രൻ, ഉമയുടെ മാത്രമാണ് എന്ന് ഉറപ്പിച്ചിരുന്ന, ആർഷഭാരതത്തിലെ അജയ്യനായ പോരാളി. പക്ഷേ.. ഇപ്പോൾ എവിടെ ഉമ.. ഒരു നോക്ക് കാണുവാൻപോലും ബാക്കിയില്ലാതെ എരിഞ്ഞു തീർന്നപ്പോൾ താൻ എവിടെയായിരുന്നു. ഒറ്റക്ക് കേൾവികേട്ട പ്രജാപതി സൈന്യത്തെ ആകെ മുടിപ്പിച്ച, എന്തിന് അമരൻ ആണ് എന്നഹങ്കരിച്ച ദക്ഷനെ ഉൻമൂലനം ചെയ്‍ത തനിക്ക് എന്താണ് ഉമയെ രക്ഷിക്കാൻ കഴിയാതിരുന്നത്.
പശുപതി തന്ന ത്രികാലജ്ഞാനം.. വെറും ഒരു കടുവയുടെ പിന്നാലെ പോയി നശിപ്പിച്ചപ്പോൾ, കൈമോശം വന്നത് തന്റെ പ്രാണപ്രേയസിയെയാണ്. അവൾ നടന്ന് കയറിയ നിർഭാഗ്യം, എന്തേ തിരിച്ചറിഞ്ഞില്ല.. അവൾ സ്വയം ആഹുതി ചെയ്യാൻ ശ്രമിച്ചപ്പോൾ, അവിടേക്ക് എത്താൻ കഴിഞ്ഞില്ല, എന്തേ തടഞ്ഞില്ല? ചോദ്യങ്ങൾ ഒന്നൊന്നായി മനസിലേക്ക് പ്രളയ തിരമാലകളെപ്പോലെ ആർത്തലച്ചു വന്നപ്പോൾ അവൻ ദിഗന്തങ്ങൾ ഭേദിക്കുമാറ് ഉച്ചത്തിൽ അലറി, തന്റെ ജടകൾ വലിച്ചു പറിച്ചു.
രുദ്രൻറെ മനസ്സ് അപ്പോൾ സഞ്ചരിക്കുകയായിരുന്നു, കാതങ്ങൾ താണ്ടി , വർഷങ്ങൾക്ക് പിന്നിലേക്ക്. അപ്പോൾ മനസ്സിൽ പശുപതി മാത്രം. അഞ്ജലിബദ്ധനായി സ്വയം നഷ്ടപ്പെട്ട് സാക്ഷാൽ പശുപതിയെ വണങ്ങി നിന്ന അവൻറെ ഉള്ളിലേക്ക് ആ പ്രണവ മന്ത്രം നിറയുകയാണ്.. ഓം.. അവിടെ നിന്ന് ഉമയിലേക്ക്, അവളൊപ്പം ഓടിത്തീർത്ത കാടുകളും, വയലേലകളും നാടും കടന്ന്, വള്ളിയമ്മയുടെ കൊട്ടാരത്തിലേക്ക്. ഒന്നിച്ചാടി തീർത്ത നാട്യ ഗൃഹങ്ങളിലൂടെ അവസാനം എത്തിപ്പെട്ട ആ കാനനത്തിന്റെ ശാന്തിയിലേക്ക്.
ഇപ്പോൾ അവന്റെ കൈകൾ തരിച്ചു, എഴുത്തുവിട്ട ബാണങ്ങളുടെ പ്രവേഗവും, ലക്ഷ്യത്തിലേക്കുള്ള ത്വരയും ആവാഹിക്കാൻ കൊതിച്ചു, പക്ഷേ.. തൻറെ ധനുസ്സ്.. അതോർത്തപ്പോൾ മനസിലേക്ക് വന്നത് ആ നരഭോജി കടുവയുടെ ഗർജ്ജനം ആണ്. കഴുത്തിനെ തകർത്ത് പാഞ്ഞുകയറിയ അസ്ത്രം നൽകിയ വേദനയിൽ പിടഞ്ഞ അവൻറെ രോദനമാണ്. അത് അവസാനിച്ചത് അമരാവതത്തിലേക്കുള്ള തൻറെ കൊടുംകാറ്റിന് സമാനമായ യാത്രയിലും.
അമരാവതത്തിലെ അവസാനത്തരിയെയും കാലപുരിക്ക് അയച്ചിട്ടും തീർന്നിരുന്നില്ല തൻറെ ക്രോധം, അത് അവസാനിപ്പിക്കാൻ എന്നപോലെ പ്രകൃതി നടത്തിയ ഘോര താണ്ഡവം, അവസാനം അമരാവതം എന്ന സൂര്യനഗരം വിഴുങ്ങാൻ രാക്ഷസ തിരമാല ആർത്തലച്ചു വന്നപ്പോൾ രുദ്രൻ, ഒരിക്കലും തകരില്ല എന്ന് പ്രജാപതിമാർ അഹങ്കരിച്ചിരുന്ന ആ വലിയ കൊട്ടാരത്തിന്റെ നെറുകയിൽ ആയിരുന്നു. പാതിരാവിൽ പോലും സൂര്യകിരണം ഏറ്റുവാങ്ങിയിരുന്നു കൊടിക്കൂറയുടെ തൊട്ടടുത്ത്.
നെറ്റിയിൽ എന്തോ ശക്തിയായി വന്നടിച്ചതേ ഓർമ്മയുള്ളു, പിന്നെ ദൂരെ നിന്ന് ആർത്തലച്ചു കയറിവരുന്ന സാഗരത്തിരമാലകൾ വിഴുങ്ങുന്ന നഗരവീഥികളും. അത് തച്ചുതകർത്തത് അന്നുവരെ ഉണ്ടായിരുന്ന എല്ലാ വിശ്വാസങ്ങളെയും, ഭൂമി ഉള്ളകാലം വരെ നിലനിൽക്കും എന്നഹങ്കരിച്ചിരുന്ന ആ നിർമ്മിതിയെ ഒന്നായി കടൽ വിഴുങ്ങിയപ്പോൾ എന്താണ് ബാക്കിയായത്. അപ്പോഴും ഉമ ഒരു നീറ്റലായി തൻറെ ഉള്ള് കത്തിക്കുകയായിരുന്നു.
ഉമയുടെ ഓർമ്മകൾ മനസിലേക്ക് ഓടിയെത്തിയപ്പോൾ അവൻറെ ഉള്ള് വീണ്ടും ഒരു ഉമിത്തീയിൽ എന്നപോലെ നീറി. കണ്ണുകൾ ചുവന്നു, പേശികൾ എഴുന്നു, മുഖം വലിഞ്ഞു മുറുകി. വീണ്ടും നില നഷ്ടപ്പെടുന്നു എന്ന് വന്നപ്പോൾ.. മനസിലേക്ക് ഓംകാരം ഒരു നനുത്ത തിരയായി നിറഞ്ഞു, ഒപ്പം ഓംകാരമൂർത്തിയുടെ ആ രൂപവും. അത് തൊട്ട് മുന്നിൽ വന്ന് പറയുംപോലെ തോന്നി.
രുദ്രാ.. നീ ക്രോധത്തെ അടക്കി സത്യത്തെ അറിയൂ. നീ ഈ പ്രകൃതിയുടെ പുരുഷൻ ആണ്. ഉമ ഈ പ്രകൃതിയും. അവൾ എങ്ങും പോയിട്ടില്ല. ആ തീയിൽ അലിഞ്ഞില്ലാതായത് വെറും മിഥ്യ.. അവൾ നിന്നെപ്പോലെ തന്നെ ഇവിടെ ഉണ്ട്. ഈ നശ്വര ലോകത്ത് ഉണ്മയായ എല്ലാ ചരാചരങ്ങളിലും നിറഞ്ഞ ലോകമാതാവായി.. പ്രകൃതിയെ നിലനിർത്തുന്ന അമ്മയായി.. സൃഷ്ടിയുടെയും സ്ഥിതിയുടെയും സംഹാരത്തിൻറെയും ദേവിയായി.. നിന്നെ കാത്തിരിക്കുകയാണ്.
എല്ലാ തിന്മകളെയും സ്വംശീകരിച്ച നിനക്ക് അറിയില്ലേ അത്.. നോക്ക് നിൻറെ പിന്നിൽ ആ വിശാലമായ ഭൂമിക.. അത് അവളാണ് .. നിൻറെ ഉമ.. അതിൻറെ ഓരോ അംശത്തിലും നിനക്ക് അവളെ ദർശിക്കാം..ഇനി ഈ നാട് സംരക്ഷിക്കേണ്ടതും വളർത്തേണ്ടതും നീയാണ്.. രുദ്രാ.. ഇത് നിൻറെ നാടാണ്.. നാഗസ്ഥലി.
രുദ്രൻ തലയുയർത്തി നോക്കി.. മുന്നിൽ തെളിഞ്ഞു നിൽക്കുകയാണ് പശുപതി.. കണ്ണുകളിലെ ആർദ്രഭാവത്തെ ദർശിച്ചപ്പോൾ അവൻറെ ക്രോധം അൽപ്പം അടങ്ങി.. എങ്കിലും ഉള്ളിൽ തിളച്ചു പൊങ്ങുന്ന ജഠരാഗ്നി ആളിക്കത്താൻ തുടങ്ങിയപ്പോൾ അവൻ ഒന്ന് മുക്രയിട്ടു, പിന്നെ ജടയിൽ ശക്തിയായി വലിച്ചു.
നോക്ക് രുദ്രാ.. അമരാവതം മാത്രമല്ല, എല്ലാം നശിച്ചിരിക്കുന്നു, എൻറെ ആലയം എന്ന് നിൻറെ മിഥ്യാധാരണയായ, നിൻറെ പിതാവ് എന്നും വ്രതമനുഷ്ഠിച്ച ആ വലിയ ക്ഷേത്രം പോലും.. ഇവിടെ ഒന്നും ശാശ്വതമല്ല.. നീയും ഞാനും പോലും. ഞാൻ നീയാണ്, നീ ഞാനും.. എഴുന്നേൽക്കുക..
രുദ്രൻ.. ശ്വാസം ഉള്ളിലേക്ക് നന്നായി വലിച്ചെടുത്തു, പിന്നെ സാവധാനം പുറത്തക്ക് വിട്ടു, അങ്ങനെ രണ്ട് മൂന്ന് ആവർത്തിച്ചപ്പോൾ, കണ്ണുകൾ അടഞ്ഞുവന്നു, പിന്നെ നിദ്രയിൽ എന്നപോലെ പിന്നിലേക്ക് മറിഞ്ഞു.
ഉള്ളിൽ ഇപ്പോൾ ഒരു പ്രകാശനാളം പോലെ പശുപതി ഭഗവൻ, അവന്റെ മനസ്സിലെ അഗ്നിയെ തുടച്ചു നീക്കുവാനായി എന്തൊക്കയോ പുലമ്പുന്നു. ആ വാഗ്ധോരണിയിൽ അലിഞ്ഞ് ഇല്ലാതാകുമ്പോൾ അവൻ അറിയുകയായിരുന്നു, തന്റെ ജന്മരഹസ്യം, അത് പോലെ ബാക്കിയായ കർമ്മവും.
കാതിൽ ഏതോ ഒരു ശബ്ദം തുടർച്ചയായി വീണപ്പോൾ, അവൻ ചിന്തകൾക്ക് കടിഞ്ഞാണിട്ടു. ആദ്യം ചെവിയിൽ പ്രണവമന്ത്രം ഉരുക്കഴിക്കുംപോലെ ആണ് തോന്നിയത്. പിന്നെ ഉമാ... ന്ന്. നീട്ടിവിളിക്കുന്നു എന്ന് തോന്നിയപ്പോൾ, രുദ്രൻ കണ്ണുകൾ തുറന്ന്, ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അവിടെ മണൽ ഒരു ചുഴിയിൽ എന്നപോലെ ചുറ്റി താഴുന്നു, പിന്നെ ചുറ്റിലും നിരവധി നാളിൽ എന്നപോലെ പുറത്തേക്ക് ചിതറുന്നു. ആ കിടപ്പിൽ തന്നെ കുറെ നേരം അങ്ങോട്ട് നോക്കി, അതിന്റെ മർമ്മരം ആണ് അവന്റെ കാതിൽ ഉമ എന്ന ശബ്ദമായി തെറ്റിദ്ധരിക്കപ്പെട്ടത്.
അത് എന്താണ് അറിയാനുള്ള ജിജ്ഞാസയോടെ അവൻ എഴുന്നേറ്റ് അവിടേക്ക് നടന്നു.. സൂര്യന്റെ കിരണം ശക്തി പ്രാപിക്കുംതോറും ആ മണലിന്റെ ആവേഗം കൂടുകയാണ്. അത് ഇപ്പോൾ ദ്രുതഗതിയിൽ ആയി. കുറച്ചു നേരം അത് നോക്കി നിന്നിട്ട്, വിശാലമായ കൈപ്പത്തി നടുവിലെ നാളിക്ക് മുകളിലായി സൂര്യന് അഭിമുഖമായി പിടിച്ചു.. അത്ഭുതം എന്ന് പറയട്ടെ, ആ ശബ്ദവും, മണലിന്റെ ഒഴുക്കും പിടിച്ചു നിർത്തിയപോലെ അവസാനിച്ചു. കൈ മാറ്റിയപ്പോൾ അത് സാവധാനം വീണ്ടും ആരംഭിച്ചു.
രുദ്രൻ... ഒരു കൊച്ചു കുട്ടിയെപ്പോലെ മണലിൽ കുന്തിച്ചിരുന്ന്, രണ്ട് കൈകളും ഉപയോഗിച്ച് മണൽ മാന്തിയെറിഞ്ഞു. അവിടെ കണ്ട കാഴ്ച അവനെ അത്ഭുതപ്പെടുത്തി. പിത്തളയിൽ തീർത്ത ഒരു ഉപകരണം.. നിരവധി ത്രിമാന രൂപങ്ങൾ ചേർത്തുവച്ചപോലെ മേൽഭാഗവും.. അതിന്റെ ഒത്തനടുവിൽ അകത്തേക്ക് നീളുന്ന ഒരു നാളിയും. അതിന്റെ പാദുകം വർത്തുളാകൃതിയിൽ തീർത്തതും അതിൽ ചുറ്റും നിരവധി താമരയിതളുകൾ ചേർത്ത് വച്ചപോലെയും ആയിരുന്നു. അവൻ അത്, മണ്ണിൽ നിന്ന് മാന്തി പുറത്തെടുത്തു. പിന്നെ ശ്രദ്ധയോടെ വൃത്തിയാക്കി. കടൽ ജലത്തിൽ കഴുകി.. വെയിലിൽ ഉണങ്ങാൻ വച്ച്.. അൽപ്പം ദൂരേക്ക് മാറിയിരുന്നു.
തിരികെ നോക്കിയപ്പോൾ അവൻ അത്ഭുതപ്പെട്ടു. ആ ഉപകരണം ഉച്ചവെയിലിൽ ജ്വലിക്കുകയാണ്, ആയിരം തിരിയിട്ട നിലവിളക്ക് പോലെ.. അതിൽ അഗ്നി പകർന്നത് ആര് എന്ന് അമ്പരന്ന് ചുറ്റിലും നോക്കി.. ഇല്ല താൻ അല്ലാതെ വേറെ ഒരു മനുഷ്യജീവിയും ഇവിടെ ഇല്ല.. പിന്നെ ആര്?
അവന്റ ഓർമ്മകൾ തെളിഞ്ഞു, ഉള്ളിൽ കാടിന്റെ ഇരുട്ടിൽ തന്റെ മടിയിൽ തലചായ്ച്ച് ഉമ പണ്ട് പറഞ്ഞ കഥകൾ, അമരാവതത്തിലെ അത്ഭുത വിളക്ക്.. മനുപ്രജാപതി ഭൂമിക്ക് നൽകിയ ഊർജ്ജദായിനി.. സൂര്യപ്രഭ ആവാഹിച്ചു സ്വയം തെളിയുന്ന ആ ഊർജ്ജപ്രവാഹം.. അപ്പോൾ, സാക്ഷാൽ പശുപതി അരുളിയത് ശരിയാണ്. ഉമ.. അവൾ ജീവത്യാഗം ചെയ്തത് ഇതിന് വേണ്ടി അല്ലേ.. അവൾ തന്നെ വിട്ട് പോയിട്ടില്ല.
പിന്നെ അവൻ നിന്നില്ല.. നേരെ അതിന്റെ അടുത്തേക്ക് നടന്നു, ഇടത് കൈകളിൽ എടുത്ത് ഉയർത്തുമ്പോൾ അഗ്‌നിയുടെ ചൂട് അറിയുന്നുണ്ടായിരുന്നില്ല, എന്നാൽ സുഖമുള്ള ഒരു കുളിർമ്മയും സുഗന്ധവും ചുറ്റും തഴുകുന്നപോലെ തോന്നി. പിന്നെ അമാന്തിച്ചില്ല, അതുമായി നടന്നു.. നേരെ കിഴക്കൻ ദിക്കിലേക്ക്.
ഭൂമിക കിഴക്കോട്ട് പോകുംതോറും മാറുകയായിരുന്നു, ചൊരിമണൽ ധാതുമണൽ ആകുന്നതും പിന്നെ അത് കല്ലും മുള്ളും, പൊന്തക്കാടുകളും, ഇടതൂർന്ന ചെറുവനങ്ങളും, കുറ്റിക്കാടുകളും ആകുകയും, ആ പ്രകൃതി കുന്നുകൾക്കും മലകൾക്കും, പിന്നെ വലിയ മാമരങ്ങൾ നിറഞ്ഞ നിബിഢവനങ്ങൾക്കും വഴിമാറുന്നത് അവൻ അറിഞ്ഞതേ ഇല്ല. കാലുകൾ വിണ്ടുകീറുന്നതും ചോരപൊടിയുന്നതും, അറിയാതെ അവൻ നടന്നു.
അവസാനം സൂര്യപ്രകാശം മങ്ങുന്നതും ഭൂമി കരിമ്പടം മൂടി കാഴ്ചയെ മറക്കുകയും ചെയ്തപ്പോൾ അവൻ നിന്നു... ആരോ പിടിച്ചു നിർത്തിയത് പോലെ.. മുന്നിൽ കണ്ട തെളിഞ്ഞ സ്ഥലത്ത് കൈയിൽ ഇരുന്ന ഉപകരണം വച്ച്.. ഉള്ളിൽ അലറുന്ന അശാന്തിയുടെ തിരമാലകളെ അടക്കി.. ഒരേ നില..