Who are we? books and stories free download online pdf in Malayalam

ആരാണു നമ്മൾ?

കഥയിലേക്ക് കടക്കും മുമ്പ്,

NB1.
ഈ കഥയും കഥാപാത്രങ്ങളും തികച്ചും
സാങ്കല്പികം അല്ല. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും ഒക്കെത്തന്നെയാണിവർ.
NB2.
ഈ കഥയിലേക്ക് ആഴ്ന്നിറങ്ങി ലോജിക് എവിടെയെന്ന് ചോദിക്കരുത്. കാരണം ഇത് 'കഥ'യാണ്.
NB3.
ഒന്നാമത്തെയും രണ്ടാമത്തെയും NBകൾ പരസ്പരവിരുദ്ധമാണെന്ന് തോന്നിയെങ്കിൽ അത് നിങ്ങളുടെ കുറ്റമല്ല.

ഇനി പറയാം,
"പണ്ട്, ഒരു ഗ്രാമത്തിൽ മൂന്നേമൂന്നുപേർ ജീവിച്ചിരുന്നു. ഒരു രാജാവും;
അല്ലെങ്കിൽ വേണ്ട ഒരു പ്രഭുവും അയാളുടെ രണ്ട് അടിമകളും. പ്രഭു തന്റെ ഭൂമി മുഴുവൻ ഈ രണ്ട് അടിമകൾക്കും കൃഷി ചെയ്യാനായി തുല്യമായി വീതിച്ചു നൽകി. അതിന്റെ രണ്ടിടങ്ങളിലായി ഓരോ കൂര വെച്ച് താമസിക്കാനും അനുവാദം നൽകി.
തുടക്കം കേട്ട് തെറ്റിദ്ധരിക്കണ്ട പഴയ ജന്മി-അടിയാൻ കഥകളിലെ(അല്ല ജീവിതങ്ങളിലെ) അടിമകൾ എല്ലുമുറിയെ പണിയെടുത്ത് പ്രഭുവിന്റെ പത്തായം നിറക്കേണ്ട സീനൊന്നും ഇവിടെയില്ല. നമ്മുടെ പ്രഭു ഒരു സോഷ്യലിസ്റ്റാണ് (കൂടെ കമ്മ്യൂണിസ്റ്റും).
പറഞ്ഞുവന്നത് മാസത്തിലൊരിക്കലോ മറ്റോ എന്തെങ്കിലും പ്രഭുവിന് കാഴ്ചവെച്ചാൽ മതി. അതും അദ്ദേഹം ആവശ്യപ്പെട്ടിട്ടോ അദ്ദേഹത്തിന് വേണ്ടിയിട്ടോ അല്ല, അടിമകളുടെ ഒരു സന്തോഷത്തിനാണ്. കാരണം തങ്ങൾക്ക് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന പ്രഭുവിനോട് അവർക്ക് അത്രയും ബഹുമാനവും ആരാധനയുമായിരുന്നു.
അങ്ങനെ കാര്യങ്ങളെല്ലാം നല്ലരീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കവേ പ്രഭുവിന് തോന്നി ഇതിലൊരു ത്രില്ലില്ലാന്ന്. പുള്ളിക്കാരൻ ഇതിൽ എന്തെങ്കിലും മാറ്റം വരുത്താൻ ആലോചിച്ചു തുടങ്ങി, പെട്ടെന്ന് അദ്ദേഹത്തിനൊരു ഐഡിയ തോന്നി. അന്ന് രാത്രി രണ്ട് അടിമകളും ഉറങ്ങിയ സമയം നോക്കി പ്രഭു രണ്ടാമത്തെയാളുടെ കൂരയ്ക്കും കൃഷിയിടത്തിനും തീവച്ചു. ഉറക്കം ഞെട്ടിയുണർന്ന അടിമ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടെങ്കിലും തീയണയ്ക്കാൻ കഴിയാതെ തന്റെ അന്നുവരെയുള്ള സമ്പാദ്യം മുഴുവൻ കത്തിനശിക്കുന്നതിന് സാക്ഷിയാകേണ്ടിവന്നു.
എന്ത്‌ ചെയ്യണമെന്നറിയാതെ വിഷമിച്ച് അയാൾ അവസാനം തന്റെ യജമാനന്റെ മുന്നിലെത്തി. അയാൾ പറഞ്ഞു: 'പ്രഭോ അങ്ങാണെനിക്ക് പാർക്കാനൊരിടവും പണിചെയ്തു ജീവിക്കാൻ ഭൂമിയും ഒക്കെത്തന്നത്, പക്ഷേ എന്റെ അശ്രദ്ധകൊണ്ട് എല്ലാം നശിച്ചു. ഇപ്പൊ എനിക്ക് ഒന്നും തന്നെയില്ല, ദയവായി എനിക്ക് വീണ്ടും ജീവിക്കാനുള്ള സൗകര്യം ഒരുക്കിതരണം'
പ്രഭുവിന്റെ ഭാഗത്തുനിന്നും ഒരു പോസിറ്റീവ് റെസ്‌പോൺസ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അദ്ദേഹം അവനോട് പറഞ്ഞു: 'നിന്നെ നേരിട്ട് സഹായിക്കാൻ എനിക്ക് കഴിയില്ല. പക്ഷേ നിനക്ക് മുൻപിൽ ഇനിയുള്ള വഴികൾ കാണിച്ചുതരാൻ എനിക്ക് പറ്റും, രണ്ടേ രണ്ട് മാർഗങ്ങളാണ് നിനക്കുള്ളത്. ഒന്നുകിൽ നീ ഈ ഗ്രാമത്തിൽ നിന്നും പോവുക(സ്വയം മരിക്കുക എന്ന് അർഥം) അതിന് പറ്റില്ലെങ്കിൽ നിന്റെ കൂടെയുള്ളവനെ കൊന്ന് അവന്റെ കൃഷിസ്ഥലവും കൂരയും സമ്പാദ്യവും സ്വന്തമാക്കി ഇനിയുള്ള കാലം നിനക്ക് അവിടെ കഴിയാം'.
പ്രഭുവിന്റെ വാക്കുകൾ ഉൾക്കൊള്ളാൻ ആദ്യം അയാൾക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീട് ചിന്തിച്ചപ്പോൾ സ്വന്തം ജീവനേക്കാൾ വലുതല്ല മറ്റൊരാളുടെ ജീവനെന്ന് അയാൾക്ക് തോന്നി. അങ്ങനെ അയാൾ അത് ചെയ്തു, അടിമ No.1നെ കൊന്ന് അടിമ No.2 അവിടെ സ്ഥാനമുറപ്പിച്ചു.
അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്നുപോയി.പെട്ടെന്ന് ഒരു സുപ്രഭാത്തിൽ പ്രഭു മറ്റൊരടിമയെ കൊണ്ടുവന്ന് കത്തിനശിച്ചു പോയ സ്ഥലത്ത് കൂരവച്ചുകൊടുത്ത് അവിടെ കൃഷിചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. ഇതുകണ്ട അടിമ No.2ന് ആദ്യം പ്രഭുവിനോട് ദേഷ്യം തോന്നി. പക്ഷേ എന്നിരുന്നാലും തനിക്ക് വീണ്ടും ജീവിതം തിരിച്ചുനൽകിയ അദ്ദേഹത്തെ വെറുക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല. പ്രഭു ചെയ്യുന്നതിനെല്ലാം പിന്നിൽ എന്തോ വലിയ ശരിയുണ്ടെന്ന് അയാൾക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു.
ഇതാണ് കഥ, ഇതിവിടെ തീർന്നില്ല തുടർന്നുകൊണ്ടേയിരുന്നു. അടിമകൾ പിന്നെയും വന്നുകൊണ്ടിരുന്നു, ചിലർ മരിച്ചു ചിലർ ജീവിച്ചു, ചിലരൊക്കെ ചിന്തിച്ചു അതിൽ ചിലർ എതിർത്തു, മറ്റു ചിലർ ഒന്നും കണ്ടില്ലെന്ന് നടിച്ചു, പക്ഷേ ഭൂരിപക്ഷം പേരും ഭയത്തെ ബഹുമാനം കൊണ്ട് മറച്ചു പിടിച്ചു..."
ഇത്രയും പറഞ്ഞ് അവൾ എന്നോട് മൂന്നു ചോദ്യങ്ങൾ ചോദിച്ചു.
ഒന്നാമത്തെ ചോദ്യം, രണ്ടാം അടിമ ചെയ്തത് ശരിയാണോ?
രണ്ട്, നീയാണ് ആ അടിമയുടെ സ്ഥാനത്തെങ്കിൽ എന്ത് ചെയ്തേനെ?
മൂന്ന്, ഈ കഥയിൽ ആരാണ് യഥാർത്ഥ തെറ്റുകാരൻ?
എന്റെ ഉത്തരങ്ങൾ ഇങ്ങനെയായിരുന്നു:
അടിമ ചെയ്തത് ശരിയാണെന്ന് വാദിക്കുന്നില്ല പക്ഷേ അയാൾ തെറ്റുകാരനുമല്ല, സ്വന്തം ജീവന് കൂടുതൽ വിലകൽപ്പിച്ചത് ഒരു തെറ്റാണെന്ന് എനിക്ക് പറയാൻ പറ്റുന്നില്ല.
ഇനി ഞാനാണ് അയാളുടെ സ്ഥാനത്തെങ്കിൽ, സ്വയം ജീവനൊടുക്കും കാരണം എനിക്ക് മറ്റൊരാളുടെ ജീവനെടുക്കാൻ കഴിയില്ല.
അവസാനമായി ആരാണ് യഥാർത്ഥ തെറ്റുകാരൻ എന്നത് ഒരു ചോദ്യമേയല്ല, എല്ലാത്തിനും കാരണം ആ പ്രഭുവാണ് അയാൾ തന്നെയാണ് ഈ കഥയിലെ വില്ലൻ.
-------------

അതവിടെ തീർന്നെങ്കിലും ഞാൻ പിന്നീടും അതിനെപ്പറ്റി ആലോചിച്ചു. ഇത്തവണ കഥയ്ക്കുള്ളിലേക്ക് ഇറങ്ങിത്തന്നെ, കാരണം നേരത്തേ ഞാൻ പറഞ്ഞ ഉത്തരമെല്ലാം കഥയ്ക്ക് പുറത്തു നിന്നുകൊണ്ടായിരുന്നു. അതെ ഇപ്പോഴെന്റെ ഉത്തരങ്ങൾ മാറുന്നു.
അയാൾ ചെയ്തത് ശരിതന്നെയാണ്, നിലനില്പ്പാണ് എല്ലാത്തിലും വലുത്.
ഞാനാണയാളുടെ സ്ഥാനത്തെങ്കിലും ഇതുതന്നെയേ ചെയ്യുകയുള്ളു.
ഇനി ഈ കഥയിലെ യഥാർത്ഥ തെറ്റുകാരൻ ഒന്നാമത്തെ അടിമയാണ്, അയാൾ പ്രഭുവിനെ വേണ്ടവിധം ബഹുമാനിച്ചിട്ടുണ്ടാവില്ല, അതുകൊണ്ടാവണം പ്രഭു ഇങ്ങനെയൊരു പ്ലാൻ ഉണ്ടാക്കിയത്. ജീവിക്കാൻ എല്ലാം ഒരുക്കിക്കൊടുത്ത ഒരാളെ ബഹുമാനിക്കാത്തതിലും വലിയ തെറ്റെന്താണുള്ളത്?
-------------

കഥ കഴിഞ്ഞു, നേരത്തേ കഴിഞ്ഞു.... പക്ഷേ ഒരു ചോദ്യം നിങ്ങൾക്കായി ഞാൻ ബാക്കി വെക്കുന്നു.
അല്ല. നിങ്ങളാണ് ആ അടിമയുടെ സ്ഥാനത്തെങ്കിൽ എന്നതല്ല എന്റെ ചോദ്യം...
ചോദ്യം ഇതാണ്, നിങ്ങളിതിൽ എത്രാമത്തെ അടിമയാണ്? ഒന്നാമത്തെയോ, രണ്ടാമത്തെയോ, അതോ മൂന്നാമത്തെയോ?
അതോ ഇനി വരാനിരിക്കുന്ന കാക്കതൊള്ളായിരാമത്തെയോ?