Wizard - 3 in Malayalam Horror Stories by Chendamara books and stories PDF | മാന്ത്രികൻ - 3

Featured Books
Categories
Share

മാന്ത്രികൻ - 3

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പെട്ടന്നു പിറകിൽ പ്രകാശം കണ്ട് അവൾ ഭയന്നു വിറച്ചു. അവളുടെ കണ്ണുകളിൽ ഇരുട്ടുകയറി. അവൾ പിറകിലേക്കു വീഴാൻ പോയതും അവന്റെ കൈകളവളെ താങ്ങിയെടുത്തു. 

" മീനു ... "

ഹരി കുലിക്കിവിളിച്ചപ്പോൾ അവൾ മെല്ലെ കണ്ണു തുറന്നു. 

അവൾ ഹരിയുടെ മടിയിലാണ് കിടക്കുന്നതെന്നു മനസ്സിലാക്കിയതും അവൾ ഞെട്ടിയെഴുന്നേറ്റു ചുറ്റും നോക്കി. നന്നായി ഇരുട്ടി. 

" നമ്മളെവിടെയാ ഹരിയേട്ടാ?"

"കാവിനടുത്തുള്ള മന്ത്രവനത്തിലെ പേരറിയാത്ത ഏതോ ഒരു മരത്തിന്റെ ചുവട്ടിൽ."

അവന്റെ കൈയ്യിലെ ടോർച്ച് കണ്ടതും അവൾ അവനെ ദേഷ്യത്തിൽ നോക്കി. 

" ഓഹ് അപ്പൊ എന്റെ കണ്ണിലേക്ക് ടോർച്ചടിച്ച് മന:പൂർവ്വം പേടിപ്പിച്ചതായിരുന്നല്ലേ. "

ഇത് കേട്ട് ഹരി പൊട്ടിച്ചിരിച്ചു. 

" ഒരു ടോർച്ചന്റെ വെട്ടം കണ്ടാലേ ബോധം കെടുന്ന ഈ പെണ്ണിനെ ഞാനെങ്ങനെ കല്യാണം കഴിക്കും ഈശ്വരാ. "

"ഞാൻ പറഞ്ഞു കൊടുക്കും എല്ലാവരോടും, ഇത് കുറച്ചു കൂടുതൽ ആണ് കേട്ടോ. ഞാൻ വല്ലാണ്ട് പേടിച്ചു. "

അവനവളെ കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ച് അവനിലേക്ക് ചേർത്തു. 

" ഈ പേടി ഞാൻ മാറ്റി തരട്ടേ?" 

അവന്റെ കണ്ണുകളിലെ മസ്മരികത അവളെ കീഴക്കിക്കളഞ്ഞു. അവളുടെ അധരങ്ങളിൽ അവന്റെ അധരങ്ങൾ കുസൃതി കാട്ടുബോൾ എന്തോ ഓർത്തതു പോലെയവൾ പിന്മാറി.  

" ശ്ശെ! ആ ഫ്ലോ കളഞ്ഞു. "

" മതി. ഇരുട്ടായി. ആരെങ്കിലും കാണും. "

" ഈ ഇരുട്ടിൽ ഭൂത പ്രേത പിശാച്ചുക്കൾ വിഹരിക്കുമെന്നു പറയപ്പെടുന്ന ഈ കാട്ടുവഴിയിൽ, കാറ്റു പോലും മന്ത്രങ്ങൾ ഉച്ചരിക്കുന്ന മന്ത്രവനത്തിൽ മാന്ത്രികരല്ലാതെ ആരും സഞ്ചരിക്കാറില്ല പെണ്ണേ. "

" അവരു കാണും. നേരത്തെ പറഞ്ഞ ഭൂത പ്രേത ... "

" ഞാനരെയും കണ്ടിട്ടില്ല ഇതുവരെ. ഒക്കെ ചുമ്മാ പറയുന്നതാ മീനൂട്ടീ. " 

" അതു ഹരിയേട്ടനായതു കൊണ്ടാ, അവർ ഹരിയേട്ടന്റെ അടുത്തു വരില്ല, അച്ഛൻ പറഞ്ഞിട്ടുള്ളതാ. ചിത്രമംഗലത്തെ മഹാമാന്ത്രികനെ ഒരു നീചശക്തികളും തൊടില്ലന്ന്. "

" നിനക്കു വേറെ പണിയില്ലേ മീനു , ഈ ഞാനാണോ മഹാമാന്ത്രികൻ, ഞാൻ ഒരു സാധരണ മനുഷനായി ജീവിക്കുന്നതു കണ്ടിട്ടു സഹിക്കുന്നില്ലല്ലോ ആർക്കും . നിങ്ങളെ പോലെ തന്നെ കൈയ്യും കാലും തലയും മനസ്സും തന്നെയാ എനിക്കും. നീയും അവരുടെ കൂടെ കൂടിക്കോ. ഈ തറവാടിന്റെ ഇരുട്ടിൽ ഒതുങ്ങേണ്ടിവരും കെട്ടോ. ഞാൻ പോകുന്നുണ്ട് ഈ ബന്ധനങ്ങളൊക്കെ പൊട്ടിച്ചെറിഞ്ഞ് ഈ നാട്ടിൽ നിന്നു തന്നെ. അന്ന് നീയും ഉണ്ടാകണം എന്നോടൊപ്പം. "

" എനിക്കു പേടിയാ ഹരിയേട്ടാ, ഇവിടുത്തെ പ്രശ്നങ്ങളൊക്കെ ഹരിയേട്ടനും അറിയുന്നതല്ലേ." 

" അപ്പൊ നിനക്കെന്നോടുള്ള ഇഷ്ടം വിശ്വാസങ്ങളെക്കാൾ ഒരുപാടു ചെറുതാണോ മീനൂ. 
വാ എഴുന്നേൽക്ക്. പോകാം. "

" പിണങ്ങല്ലേ ഹരിയേട്ടാ ... "

എഴുന്നേൽക്കാൻ തുടങ്ങിയ അവന്റെ കൈകളിൽ പിടിച്ചവൾ നിർത്തി.


അവനെ കെട്ടിപ്പിടിച്ച് ഇരുകവിളിൽ ചുംബിച്ചും .

"എനിക്കെല്ലാത്തിലും മുകളിലാ എന്റെ ഹരിയേട്ടൻ. ഞാൻ വരാം. ഹരിയട്ടന്റെ കൂടെ എവിടേക്കും വേണമെങ്കിലും. " 

പറഞ്ഞു തീർന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

" ഞാനൊരു താമാശ പറഞ്ഞപ്പോഴെക്കും സങ്കടായോ എന്റെ മീനൂട്ടിക്ക് ? എനിക്കറിയാം നിന്നെ. നീ വരുമെന്നും. "

അവൾ മറുപടിയൊന്നും പറയാതെ അവന്റെ നെഞ്ചിലേക്കു ചേർന്നു. 

" ഇനി ഞാനൊരു മന്ത്രം ചൊല്ലാം. "
ഹരി ചിരിച്ചു.

" ഏഹ് ? അപ്പൊ അതൊക്കെ അറിയോ ? ഇതൊക്കെ എപ്പൊ പഠിച്ചു ? "

മീനാക്ഷി അത്ഭുതത്തോടെ ചോദിച്ചു.

" ഓഹ് അതു പഠിക്കാൻ വല്യ പ്രയാസമൊന്നുമില്ല. ഒരു സിംപിൾ വശീകരണമന്ത്രം ." 

അവൻ അവളുടെ കാതിൽ പറഞ്ഞു.
" ഐ ലൗ യൂ. "

അവളുടെ മുഖം നാണം കൊണ്ടു ചുവന്നു.
അവൻ അവളുടെ അധരങ്ങൾ കവർന്നു. ചുംബനലഹരിയിൽ അവർ മതിമറന്നു നിന്നു.

അതിനു മൂകസാക്ഷിയായ ആ വൃക്ഷം അവർക്കുമേൽ പൂക്കൾ വർഷിച്ചു.  

🌼🌼🌼🌼🌼

വൈകിയെത്തിയതിന്റെ പേരിൽ ഹരി കൂടെയുണ്ടായിരുന്നതിനാൽ ചോദ്യങ്ങളൊന്നും തന്നെയുണ്ടായില്ല. 

അവളെ വീട്ടിൽ വിട്ട ശേഷം അവൻ സ്വന്തം വീട്ടിലേക്കു തിരിച്ചു. 

പിറ്റേന്ന് ഉച്ചക്ക് ഹരി ഒരു ലെറ്ററുമായി വന്നു. 
കൊച്ചിയിൽ ഒരു പുതിയ ജോലി ശരിയയിട്ടുണ്ടെന്നും ഉടൻ ജോയിൻ ചെയ്യാൻ പോവ്വാണെന്നും മീനാക്ഷിയോടു പറഞ്ഞു. 

" ഹരിയേട്ടാ, നമ്മളീ ജോലി ചെയ്യുന്നത് സമ്പാദിക്കാനല്ലേ. തറവാട്ടിൽ സമ്പത്തിനൊരു കുറവുമില്ല. പിന്നെന്തിനാ ഇങ്ങനെ വല്ലവരുടെയും കീഴിൽ ജോലിക്കു പോകുന്നത്. "

" ടീ... നിന്നോടാരാ സംമ്പാദിക്കാൻ മാത്രാ ജോലിക്കു പോകുന്നതെന്നു പറഞ്ഞത്. ഞാൻ എന്റെ ആത്മസംതൃപ്ത്തിക്കു വേണ്ടി കൂടിയാ പോകുന്നത്. "

" ഈ നാട്ടിൽ കിട്ടില്ലേ ഈ പറഞ്ഞത് ?"

" ഇല്ല, ഇവിടെ മൊത്തം അന്ധവിശ്വാസങ്ങളാ. ഞാൻ മറ്റന്നാൾ പോകും. ഇനി ഒരു മാസം കഴിഞ്ഞേ വരൂ.
അതു പറയാനാ വന്നത്. ഈ നാട്ടിൽ നിന്നു പോകാൻ വേണ്ടിത്തന്നെയാ ഞാനും ശ്രമിച്ചത്. "

" മാമനും മുത്തശിയുമൊക്കെ സമ്മതിച്ചോ ? "

" ചോദിച്ചില്ല. പക്ഷേ ഞാൻ പോകും. "

അവൻ അൽപം ദേഷ്യത്തിൽ തിരിഞ്ഞു നടന്നു.

അവളുടെ ഉള്ളിലെന്തോ ഭയം വന്നു മൂടി. 

അവൾ അച്ഛനരികിലേക്ക് ഓടി.
ഏതോ ഗ്രന്ധങ്ങൾ വായിക്കുന്ന തിരക്കിലായിരുന്ന അദ്ദേഹം അവളുടെ കാലൊച്ച കേട്ട് കണ്ണുകളുയർത്തി.

" എന്താ മീനൂട്ടി? "

" ഹരിയേട്ടൻ ... കൊച്ചിക്ക് ... ജോലി..."

" ഉം..." 

മിത്രൻ അൽപമൊന്ന് ചിന്തിച്ചു.

" തടയണ്ട. അവൻ ചെല്ലട്ടേ. "

അവൾ ഒന്നും മനസ്സിലായില്ലെങ്കിലും തല കുലുക്കി.

ഹരികൃഷ്ണൻ പോകുന്ന കാര്യം വീട്ടിലവതരിപ്പിച്ചുവെങ്കിലും പ്രതീക്ഷിച്ച എതിർപ്പുകളൊന്നും ഉണ്ടായില്ല.  

പോകുന്നതിന്റെ തലേന്ന് മിത്രൻ അവനെക്കാണാൻ ചെന്നു.

ലഗേജ് പാക്കു ചെയ്യുകയായിരുന്നു അവൻ .

" മിത്രൻ മാമൻ വന്നിരിക്കുന്നു."

രാധ വന്നു പറഞ്ഞു.

രാധ പുറംപണിക്കു വരുന്ന അബുജത്തിന്റെ മകളാണ്. അടുക്കളയിൽ സഹായി ആ കുട്ടിയാണ്. എന്നാലും അവളെ ഒരു മോളെ പോലെ തന്നെയാണ് ഹരികൃഷ്ണന്റെ അമ്മ ലേഖ കാണുന്നത്. പഠിക്കാൻ വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട്.

ലേഖക്കും വാസുദേവന്റെയും ഒരേയൊരു മകനാണ് ഹരികൃഷ്ണൻ. മഹാമന്ത്രിക പാരമ്പര്യമുള്ള ചിത്രമംഗലത്തെ അടുത്ത മാന്ത്രികൻ . 

" മിത്രൻ മാമനോ ?"

" അതേ , വിളിക്കുന്നുണ്ട്. "

" ശരി, ഞാൻ ഇതാ വരുന്നു. 

ഹരി ബാഗ് അടുച്ചു വച്ച് മിത്രന്റെ അടുത്തേക്കു നടന്നു.

മനക്കൽ തടവാട്ടിലെ മിത്രൻ. ചിത്രമംഗലം പോലെ തന്നെ മഹാമാന്ത്രിക പാരമ്പര്യമുള്ളതാണ് മനക്കലും.
മിത്രനു ശേഷം മക്കളായി മനുവും മീനാക്ഷിയുമുണ്ടെങ്കിലും മാന്ത്രികനാകാനുള്ള യോഗ്യത മനുവിനില്ല. തറവാട്ടിൽ ജനിച്ചതു കൊണ്ടുമാത്രമായില്ല. ജനനസമയത്തെ നാളും പ്രകൃതിയലെ മാറ്റങ്ങളും ശബ്ദങ്ങളും ലക്ഷണങ്ങളുമടക്കം ധാരാളം കാര്യങ്ങൾ ശുഭമായി വന്നാൽ മാത്രമേ മഹാമാന്ത്രികനാണ് ജനിച്ചതെന്ന് കണക്കാക്കാൻ പറ്റുകയുള്ളൂ . നൂറു വർഷത്തിനു ശേഷം രണ്ടു തറവാടുകളിലും അങ്ങിനെ യോഗ്യതയുമായി ജനിച്ചയാൾ ഹരികൃഷ്ണനാണ്. മീനാക്ഷിയുടെയും ഇതുപോലെ തന്നെ പലയോഗ്യതകളും ഒത്തു ചേർന്ന ജനനമാണ്. അതിനാൽ അവർ തമ്മിലുള്ള വിവാഹം നേരത്തേ തീരുമാനിക്കപ്പെട്ടു. 

മിത്രൻ അക്ഷമനായി മെല്ലെ നടന്നു വരുന്ന ഹരിയെ നോക്കി. 
മിത്രനോടൊപ്പം വാസുദേവനും ഉണ്ടായിരുന്നു.

" ഹരി പോകാൻ തീരുമാനിച്ചു കഴിഞ്ഞു അല്ലേ ?"

മിത്രന്റെ ചോദ്യത്തിന് അതെയെന്നവൻ തല കുലുക്കി.

" അപ്പോൻന്റ്മെന്റ് ലെറ്റർ കിട്ടിയാൽ പിന്നെ ജോയിൻ ചെയ്യാൻ വൈകിയാൽ ശരിയല്ലല്ലോ. " 

" പുറത്തുപോയി ജോലി ചെയ്യണമെന്ന് നിർബന്ധമാണോ ഹരീക്ക് ?"

" ഉം, മനു എത്ര നാൾ മുന്നേ പോയതാ ബാംഗ്ലൂർക്ക്. എല്ലാവരും സന്തോഷത്തോടെയല്ല പറഞ്ഞുവിട്ടത്. ഇതിപ്പൊ അതിലും അടുത്തല്ലേ. "

" പോയ്ക്കോളൂ , നാളെയല്ലേ ?" 

" അതെ . " 

വാസുദേവൻ ഒന്നുതന്നെ സംസാരിച്ചില്ല. 

" പോകുന്നതിനു മുൻപ് നാളെ വെളുപ്പിന് മന്ത്രവനം വരെ ഒന്നു പോകണം. "

മിത്രന്റെ നിർദ്ദേശം കേട്ട് ഹരി സംശയത്തോടെ നോക്കി

" അതെന്തിനാ ?"

" മിത്രൻ പറഞ്ഞതു അനുസരിച്ചിരിക്കണം. നിന്റെ പോക്കിനെ ഇവിടെയാരും എതിർത്തില്ലല്ലോ."

വാസുദേവന്റെ ശബ്ദം ഉയർന്നു കേട്ടു. 

" ശരി. " 

കൂടുതൽ എതിർത്താൽ പോകാൻ കഴിയില്ല എന്നു മനസ്സിലായതുകൊണ്ട് ഹരിയതിനു സമ്മതിച്ചു.

പിറ്റേന്നു തന്നെ മിത്രൻ പറഞ്ഞതു പ്രകാരം കുളിച്ച് പ്രാർത്ഥിച്ച് വെളുക്കുന്നതിനു മുൻപേ മന്ത്രവനത്തിലെ അടഞ്ഞു കിടക്കുന്ന ക്ഷേത്രമുറ്റത്ത്ത്തേക്കു അവനെത്തി. ആരും കാര്യമില്ലാതെ അങ്ങോട്ടു പോകാറില്ല. കാടുപിടിച്ചു പരിസരം കിടക്കുന്നുവെങ്കിലും ക്ഷേത്രത്തിന്റെ ഐശ്വര്യത്തിനു യാതൊരു കുറവുമില്ലെന്നത് അവനു അത്ഭുതമായി. ക്ഷേത്രത്തിൻ്റെ കവാടത്തിനും കൊത്തുപണികളിലും യാതൊരു അഴുക്കോ പായലോ ഒന്നും തന്നെയില്ല. എന്നാലും ആരും വർഷങ്ങളായി ക്ഷേത്ര പരിസരത്ത് പ്രവേശിച്ചിട്ടില്ല എന്നതാണ് സത്യം. 

ഇടതു വശത്തു കൊത്തുപണികൾ ചെയ്ത പഴയ ഒരു കെട്ടിടം ... പണ്ട് മാന്ത്രികർ പൂജ ചെയ്തുവന്നിരുന്ന അറയാണതെന്ന് അച്ഛൻ പറഞ്ഞത് അവൻ ഓർത്തു.  
മിത്രൻ പറഞ്ഞത് പ്രകാരം അവൻ അറക്കു അടുത്തേക്ക് ചെന്നു.

പറഞ്ഞ കേട്ടിട്ടുള്ളതുപോലെ ആഞ്ഞുവീശിയ കാറ്റു പോലും മന്ത്രം ചൊല്ലിയതായവന് തോന്നി. 

അറയുടെ വാതിൽ അവനു മുന്നിൽ മലർക്കെ തുറക്കപ്പെട്ടു. ഒരു സ്വർണ്ണ പ്രകാശം അവിടമാകെ പരന്നു . അതിനകത്ത് കയ്യിൽ മാന്ത്രിക ദണ്ഡുമായി ഒരുക്കുപോലെ ബലവാനായ ഒരു മനുഷ്യനെ ഹരി കണ്ടു. 

അവന്റെ ശരീരം കണ്ടാൽ തന്നെയറിയാം ബലമുപയോഗിച്ച് അവനെ കീഴ്പെടുത്തുക സാധരണ മനുഷ്യന് അസാധ്യമാണെന്ന്.  
അവന്റെ മുഖം സൂര്യനുദിച്ചപോലെ ശോഭിച്ചു. 

കണ്ണുകളിലെ തേജസിനു മുന്നിൽ ആരുമൊന്നു നമിച്ചു പോകും. 

ഹരി അൽപ നേരം ആ രൂപം നോക്കി സ്തംഭിച്ചു നിന്നു.

അയാൾ അവനെ നോക്കി പുഞ്ചിരിച്ചു.

" നിങ്ങളാരാണ് ?"

അവൻ മെല്ലെ ചോദിച്ചു.

⚡" ഞാൻ നിനക്കു സുപരിചിതനാണ് മാന്ത്രികാ ... "⚡

അദ്ദേഹത്തിന്റെ മാന്ത്രിക ശബ്ദം മുഴങ്ങിക്കേട്ടു. 

(തുടരും)