BALIKAKKAKAL books and stories free download online pdf in Malayalam

ബലി കാക്കകൾ


ബലി കാക്കകൾ



ക്രൗൺ തീയേറ്ററിനു പുറകിൽ റെയിൽവേലൈനിനു മുന്പിലായിട്ടായിരുന്നു അടിവാരം തോമയുടെ പെട്ടിക്കട . കൈരണ്ടും വെട്ടിയെറിഞ്ഞിട്ടും രണ്ടു മാസം കഴിഞ്ഞപ്പോൾ മുറികൈയുടെ ഇടയിൽ കത്തി തിരുകി വീണ്ടും ഒരുവനെ കൊന്ന തോമയുടെ കട .വൈകിട്ട് ,മഞ്ജു ഒരു പൊതി കഞ്ചാബും ഒരു കെട്ടുബീഡിയും വാങ്ങി നടന്നു .

ആറേഴുപേർ പിറകെ കൂടിയിട്ടുണ്ട് . മഞ്ജുവിനു വെറുപ്പ് പതഞ്ഞു .
"തിരക്കാക്കല്ല ഇഷ്ടമാരെ. ലേശം കൂടി കഴിഞ്ഞാളട്ടെ. വിളിക്കാം,ഓരോരുത്തായി വരീ"
പാളത്തിനടുത്ത തിണ്ടിൽ ഇരുന്നവൾ ഒരു ബീഡി അഴിച്ചു കഞ്ചാബ് നിറക്കാൻ തുടങ്ങി .
ലഹരി നിറഞ്ഞ പുക ചുറ്റും നിറഞ്ഞു . പിന്നെ ആളെ വിളിച്ചു .
എല്ലാം കഴിഞ്ഞപ്പോൾ പുലർക്കോഴി കൂവിയിരുന്നു . അര കുപ്പി റം ഉണ്ടായിരുന്നു . തീർന്നിരിക്കുന്നു . ഒരു കഞ്ചാബ് ബീഡിയും വലിച്ചുതീർത്തുവോ ?. തിണ്ടിൽ,കമ്മ്യൂണിസ്റ്റ് പച്ചയിൽ സുഖമായി കിടന്നുറങ്ങി .ട്രെയിനിന്റെ ചെകിടടപ്പിക്കുന്ന ശബ്‌ദം കേട്ടാനുണർന്നത്. എട്ടിന്റെ വണ്ടിയാണ്.

ഇനി വീട്ടിൽ പോകാം . കോൺവെന്റ് സ്കൂളിനു മുൻപിൽ പെൺകുട്ടികൾ ആടിപ്പാടി ഉല്ലസിക്കുന്നു . ആ വഴി തിരിഞ്ഞു ബീച്ച് ഹോസ്പിറ്റലിന് മുന്പിലെത്തിയപ്പോൾ ബാബുക്കയെകണ്ടു .
"അന്നോട് എത്ര പറഞ്ഞാലും മനസ്സിലാവൂല്ല . കാലം മാറി മോളെ .ഒന്നുമറിയണ്ട അന്റെ മൊബൈലിൽ വിളി വരും . നോക്ക്,ചുരുങ്ങിയത് പതിനായിരമെങ്കിലും ഞാൻ വാങ്ങി തരും . തറവെടിയായിട്ട് തെരുവിലലയണോ?ഇപ്പത്തെ കാലത്തു ആരുമില്ലയോളി ഇങ്ങനെ "
"എനക്ക് ഇതൊക്ക ഇഷ്ടാ . എന്റെ ജീവിതം ഇങ്ങനെ പോട്ടെ ബാബുക്കാ "
"എയ്ഡ്സ് പിടിച്ചാലേ അനക്ക് മനസ്സിലാവൂ . സ്റ്റാർഹോട്ടലിൽ പോയി അടിപൊളിയായി നടക്കാൻ യോഗമില്ല അനക്ക് .ഞാൻ പോണ് പെണ്ണേ "
ബാബുക്കയുടെ സൈക്കിൾ മറഞ്ഞു .

വെള്ളയിലെ തെരുവിൽ പൂപ്പൽ പിടിച്ച വെയിൽ പരന്നിരുന്നു . അഫ്സലിന്റെ കശാപ്പുകടയിൽ ചോരകട്ടപിടിച്ച പോത്തിന്റെ തല തെരുവിലേക്ക് പല്ലിളിച്ചു . തോലുപൊളിഞ്ഞു നഗ്നമാക്കപ്പെട്ട പോത്ത് കടക്കുമുകളിൽ കൊളുത്തിൽ തൂങ്ങി കിടന്നു . പോത്തിന്റെകണ്ണുകളിൽ തന്റെ കണ്ണുകൾ കണ്ടു മഞ്ജുവിന്റെ ചുണ്ടുകൾ നനുത്തചിരിയിൽ വിടർന്നു .

ആളുകേറാത്ത പാർക്കിൽനിന്നു നരിച്ചീറുകൾ തലക്കുമുകളിലൂടെ പാറി . പാർക്കിൽ മുൾച്ചെടികൾ പൊളിഞ്ഞ സിമെന്റ്‌ബെഞ്ചിലേക്കു കയറിയിരിക്കുന്നു . നടുവേ ഒടിഞ്ഞ സ്ലീപ്പിങ് അശോകയാകെ മാറാല മൂടി . മഞ്ജുവിന്റെ കൗമാരത്തിലെ പ്രണയവും രതിയും സ്വപ്നവും എല്ലാം അവിടെ മൂടിയിരിക്കുന്നു.

ബംഗ്ലാദേശ് കോളനിയിലെ ലൈൻവീട്ടിൽ വാതിൽ തളളിതുറന്നു കയറി. തള്ളയുടെ നിലക്കാത്ത ചുമ കേട്ടുവെറുപ്പുതോന്നി .
പണ്ട് ഈ തള്ളക്ക് ഒരു ഉറ കൊണ്ട് ആരുടേയോ ജീവബീജത്തിന് തടയിട്ടു കൂടായിരുന്നോ, വേണ്ട വളരുന്ന ജീവനെയെങ്ങിലും നശിപ്പുകൂടായിരുന്നില്ലേ?മഞ്ചു തളർച്ചയോടെ ബെഡിൽ ചുരുണ്ടു .

വൈകിട്ടു പുതിയ ചുരിദാറിട്ടു പാളയത്തു ഇമ്പേരിയൽ ഹോട്ടലിന്റെ
മുൻപിലോ, തളിയിലോ, മാവൂർ റോഡിലോ പോകണമെന്ന് കരുതി. ധാരാളം പേർ അന്വേഷിച്ചു വരും. ഇന്ന് റൂം എടുക്കുന്നവന്റെ കൂടയെ പോകാനാവൂ . പക്ഷെ എന്തോ മൂഡ് തോന്നുന്നില്ല . ബീച്ചിലേക്ക് നടന്നു . ബൈക്കിൽ
ഒരു ചെക്കനെ പിറകിൽ ഇരുത്തിവന്ന ദാദാബിജൂ കണ്ണിറുക്കി . അവനു വേണ്ടല്ലോ ,കുണ്ടന്മാരെ മതി .

ലയൺസ്‌ പാർക്കിന്റെ സൈഡിൽ കൂടി ബീച്ചിലേക്കിറങ്ങി . വിവിധ വർണ്ണത്തിലുള്ള ഒരു മനോഹര പട്ടം ആകാശത്തു തത്തികളിക്കുന്നു .
ചെത്ത്ഡ്രെസ്സിട്ട അഞ്ചാറു കുട്ടികൾ കടൽ പതക്കുന്ന നുരകൾക്കും ആകാശത്തെ ചട്ടം തെറ്റിച്ച കാറ്റിനുമപ്പുറം ആർത്തുമദിക്കുന്നു .

കടലോരത്തോടെ തെക്കോട്ട് നടന്നു . പാദങ്ങളിൽ ഇടയ്ക്കിടെ നുരയിട്ട കടൽ ചുംബിക്കുന്നു . യുവത്വം തുളുമ്പുന്ന അച്ഛനും അമ്മയും കുരുന്നു മോൾക്കായി തീർത്ത മണൽകൊട്ടാരം പെട്ടന്ന് വന്ന തിരയെടുത്തു .
ചുറ്റും തുള്ളിച്ചാടി കളിച്ചിരുന്ന മോൾ പൊട്ടിക്കരഞ്ഞുപോയി . അതിനുമപ്പുറം ഒരു വയോധികൻ കടലിലെ തിരയും ആകാശത്തു ഇഴയുന്ന മേഘങ്ങളും നോക്കി അഗാധചിന്തയിലാണ്.
എങ്കിലും അയാൾ ഇടയ്ക്കിടെ പൊതി തുറന്നു കടല കൊറിക്കുന്നു . പിന്നെ ഒരു പ്രണയജോഡിയാണ് . അവരുടെ മണികിലുക്കംപോലെ ഉതിരുന്ന പൊട്ടിച്ചിരികൾ ഉപ്പുകാറ്റിൽ ഉണരുന്നു . പെണ്ണിന്റെ
മാറിൽ ചാരി ഇരിക്കുകയാണ് അവൻ . അവളുടെ വിരലുകൾ അവന്റെ മുഖത്തു പടരുമ്പോൾ അവൻ അവളുടെ മേനിയിൽ കൈകൊണ്ടു തഴുകുന്നു .

പമ്മിനടക്കുന്ന കറുത്ത തടിയനെ കണ്ടപ്പോൾ ചിരിപൊട്ടി .അയാൾ കഴിഞ്ഞദിവസം ബോംബെഹോട്ടലിനടുത്ത കോപ്രപാണ്ടിയുടെ അരികിലുള്ള ഓവിൽ വന്നിരുന്നു .കാശുവാങ്ങി പാവാടകെട്ടഴിച്ചു തിട്ടയിൽ കിടന്നപ്പോൾ അയാൾ പേടിച്ചപോലെ ഓടിയകന്നു .

നടക്കുമ്പോൾ ഉള്ളിലൊരുനീറ്റൽ . കുട്ടികളും കുടുംബവും എവിടേയോ മുറിവേൽപ്പിച്ചു . കോർപറേഷൻ ഓഫീസും കടന്ന് ചെറൂട്ടി റോഡിലൂടെ
നാലാംഗേറ്റിലെത്തി. മുട്ടായി തെരുവുകഴിഞ്ഞപ്പോൾ
ഒരു ബൈക്ക് അടുത്ത് ചവിട്ടിനിർത്തി ,സുന്ദരനായ ഒരു യുവാവ് .
"പോരുന്നോ "
"ഇല്ല "നടന്നു .
"എത്ര വേണമെന്ന് പറ .റൂം ഉണ്ട് "
"ഇല്ലാന്ന് പറഞ്ഞില്ലേ നായിന്റെമോനെ .വിട്ടാളി മിനക്കെടുത്താണ്ട് "

പുതിയസ്റ്റാൻഡിനിപ്പുറം സ്റ്റേഡിയത്തിനു മുൻപിൽ അഞ്ചുവയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി നിന്നു കരയുന്നു . അവളെ ആരും ശ്രദ്ധിക്കുന്നില്ല .മഞ്ചു അടുത്തു ചെന്നു .
"എന്താ മോളെ കരയുന്നേ "
അവൾ ഒന്നും മിണ്ടിയില്ല .ചുണ്ടുകൾ വിറപൂണ്ടു, ക വിളുകൾ ചുവന്നു തുടൂത്തു,കണ്ണുകൾ കലങ്ങിനിറഞ്ഞു. പാവം വിട്ടുപോയതാവും അല്ലെങ്കിൽ മറന്നതാവും അതുമല്ലെങ്കിൽ അച്ഛനോ അമ്മയോ ഉപേഷിച്ചതാവും .
"കരയാതെ മോളെ കരയാതെ "
വെറുതെ പറഞ്ഞു .
കുട്ടി ആകാശത്തേക്ക് നോക്കി പൊട്ടി പൊട്ടി കരഞ്ഞു
ആകാശത്തു വികലമായ മേഘങ്ങൾ മേയുന്നുണ്ടായിരുന്നു .ചുവന്നു തുടുത്ത പടിഞ്ഞാറൻ ആകാശത്തുനിന്ന് ശക്തമായ കാറ്റ് വീശി അടിച്ചു .
അവളുടെ മുടികളിളക്കി കാറ്റു മൊഴിഞ്ഞു .
എദോം പുത്രീ നീ പാനപാത്രം നിറച്ചു കുടിച്ചു മത്തയാവുക പിന്നെ അനാവൃതയാവുക .

-------//-------

ചെറിയാൻ കെ ജോസഫ്



Sent from my iPhone