Almakalude Lokhath books and stories free download online pdf in Malayalam

ആത്മാക്കളുടെ ലോകത്ത്

ആത്മാക്കളുടെ ലോകത്ത്

ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള വെളിമ്പ്രദേശങ്ങളിൽ ആത്മാക്കൾ ഉഴറി നടന്നു.
അവിടെ ,യോഗ്യതയില്ലാതെ വന്നവനെന്നു സ്വയം കരുതി കുന്നത്ത് നിന്നു വിയർത്തു. ഉസാൻ താടിയും ചുവന്നവട്ടകണ്ണുമുള്ള മെലിഞ്ഞുകുറുകി,കരിവാളിച്ചവൻ തട്ടിവിളിച്ചു കൈനീട്ടി .
"ഞാൻ ചിലിയിൽനിന്നു എമേഴ്സൺ "
കുന്നത്ത് ജാള്യതയോടെ കൈയിലെ ചെളി ഉടുത്തിരുന്ന ചെളിപുരണ്ട തോർത്തിൽ തൂത്തു.
"ചില്ലയിൽ നിന്നു വന്ന സായ്പ് കിളിയേ കൈലപ്പിടി ചേറാ "
വയലിൽ പണിയായിരുന്നു . ഇടയ്ക്കു ഞാറുനടുന്ന പെണ്ണുങ്ങളെ വിട്ട്‌ പുഴക്കരെ വന്നു . ഒരു ബീഡി കത്തിച്ചു വലിച്ചത് ഓർമ്മയുണ്ട് . പൊടുന്നവേ നെഞ്ചിലൊരിടിവാള് മിന്നി . പിന്നെ എത്തിയത് ഇവിടെ .
എമേഴ്സൺ കറുത്തചിരി പരത്തി "ചില്ലയല്ല ചിലി .
ചിലിയുപ്പിന്റെയും നെരൂദയുടേയും നാട് ."
അപ്പോഴും ആൽത്മാക്കൾ ആരെയോ തേടി പതറി ഒഴുകി . തല വെട്ടിച്ചു കുതിരയേപോലെ ചാടി ചാടി നടക്കുന്ന വേറോനിക്ക ചേടത്തിയെ കുന്നത്ത് തിരിച്ചറിഞ്ഞു.
ചേടത്തി ഗോപ്യമായി മടികുത്തിൽ നിന്ന് കൽകണ്ടപൊട്ടുകൾ എടുത്തു വായിലിടുന്നു. ഇതെപ്പോവന്നു ,മെഡിക്കൽ കോളേജിൽ ആണെന്ന്അറിഞ്ഞിരുന്നു .

"ചെളിയൊന്നും ഇവിടെ കുഴപ്പമില്ല . ഇവിടെ എല്ലാവരും ഒന്നുപോലെ "
കുന്നത്തിന്റെ പമ്മൽ കണ്ട് എമേഴ്സൺ പറഞ്ഞു .
"നെരൂദയുടെ സുഹൃത്ത് ചെഗുവരെയെ അറിയുമോ ?ചെഗുവരെ കണക്കാക്കിയതും എല്ലാവരെയും ഒരുപോലെ "
"ചെഗുവരെയെ ഞാൻ അറിയും ,ഡിവൈഫ്ഐ യുടെ ആലപ്പുഴക്കാരൻ നേതാവല്ലേ "
എമേഴ്സൺ കണ്ണുമിഴിച്ചു . ആമസോണിനു പകരം വേമ്പനാട് കുതിച്ചൊഴുകുന്നു .

വെറോണിക്ക തളിർവെറ്റിലയുടെ ഞരമ്പുകൾ നുള്ളി ചുണ്ണാമ്പ് തേച്ചു നനുത്ത അടക്കയിൽ പൊതിഞ്ഞ മുറുക്കാൻ വായിലിട്ടു . മെല്ലെ ചവച്ചുകൊണ്ട് ആശുപത്രിയിലെ ദുരിതങ്ങൾ പറഞ്ഞു തുടങ്ങി . വെറോനിക്കയുടെ ചുറ്റും തലകുലുക്കിയും പല്ലിടകുത്തിയും വെറുതെ
ചൊറിഞ്ഞും കുറെ ആൽത്മാക്കൾ വട്ടം കൂടിയിരുന്നു.
"മെഡിക്കൽകോളേജിൽ ഒപ്പമുണ്ടായിരുന്ന കൃഷ്ണൻകുട്ട്യേ കണ്ടില്ലലോ . അവൻ ഇവിടെ ഉണ്ട്, മുൻപേ വന്നേക്കണൂ . എന്തായിരുന്നു രസം,അവൻ എപ്പോഴും തമാശുകൾ പൊട്ടിച്ചുകൊണ്ടിരിക്കും . എന്റെ വേദനകൾ അവന്റെ വാക്കിലലിഞ്ഞു നേർത്തു.
വാർഡിലെ കക്കൂസ് വൃത്തികേടാക്കിയതിനു അവരോട് അവൻ പൊട്ടിത്തെറിച്ചു . ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും അനാസ്ഥക്ക്
എതിരെ മുഖത്തുനോക്കി മുദ്രാവാക്യം വിളിച്ചു."വെറോണിക്ക പറയുന്നിനിടെ കുന്നത്തിനെ കണ്ടു ."കുന്നത്തെ നീയും വന്നോ ,എന്റെ ചേമ്പെല്ലാം നടാമെന്നു പറഞ്ഞിട്ട് ...."

പൊടുന്നനവേ വിലപിച്ചുകൊണ്ട് ഒരു സുന്ദരി ആത്മാവ് മുടി പാറിച്ച് കിതച്ചു കൊണ്ട് ഓടിയെത്തി.
"പൈൻമരങ്ങൾ കാവൽനിൽക്കുന്ന , മഞ്ഞുപൊഴിയുന്ന തകർന്ന സെമിത്തേരിയിൽ ആണെന്റെ കല്ലറ . നോക്കൂ പിശാച് അവിടെ പാമ്പായി വന്ന് കല്ലറയുടെ പൊത്തിലൂടെ കയറി ദ്രവിച്ച ശവപ്പെട്ടിയിൽ പരതുന്നു."
അസ്വസ്ഥമായ പകലുകൾ മങ്ങിയ വെയിലുകളിലൂടെ ഒഴുകി മറഞ്ഞു. ആൽപിസിന്റെ കൊടുമുടികളിലെ നിഗൂഢതയിൽനിന്നു തണുത്ത കൊടുംക്കാറ്റ് കല്ലറകളിൽ വീശി അടിച്ചു . ഹിറ്റ്ലറുടെ പടയോട്ടത്തിൽ തകർപ്പെട്ട സെമിത്തേരി . പാരിസിലെ തിരക്കിൽ നിന്നൊഴിവായി ലഹരി നുണഞ്ഞു അദൃശ്യമായ ലോകത്തേക്ക് പറക്കാൻ അവരെത്തും.ശവക്കൂനകൾക്കു മീതെ അവരിണചേർന്നു. പിന്നെ ഇണയെ മാറ്റി പുതിയാളുമായി ചേർന്ന് രതിതാളം മുഴക്കി . വേദനയോടെ മണ്ണിനടിയിൽ ആത്മാക്കൾ വിലപിച്ചു.അപ്പോൾ ഫ്രോയ്ഡ് തന്റെ ശവകുടിരത്തിൽ ഇരുന്നു താടിരോമങ്ങൾ ചൊറിഞ്ഞു
വലിച്ചു . ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും മനസ്സിന്റെ ശാസ്ത്രം ചരടു പൊട്ടി പറക്കുന്നതു കണ്ട് അയാൾ നെറ്റിയിലടിച്ചു കരയുകയോ ചിരിക്കുകയോ ചെയ്‌തു .

അപ്പോൾ വെറോണിക്ക തന്റെ നാല്പത്തിയൊന്നിലേക്കു നോക്കി . മുറത്തിൽ പേപ്പർ വിരിച്ചു അപ്പങ്ങൾ ചുട്ടുകൂട്ടി നിരത്തിയിരിക്കുന്നു.
ഉരുളിയിൽ പോത്തിറച്ചിക്കറി തിളക്കാറായി . ലിസിയും ഷേർളിയും പിള്ളേരും ഉണ്ണിയപ്പങ്ങൾ പ്ലേറ്റിൽ വിളമ്പി . ലാലിച്ചൻ ഫ്രിഡ്ജിൽനിന്നു വെള്ളമെടുത്തു എങ്ങോട്ടാണവോ ? ഓ മാവിൻചുവട്ടിൽ അവരെല്ലാം കള്ളുകുടിയാ ! ഒരു ബ്രാണ്ടികുപ്പിയുമായി ജെറിൻ നടക്കുന്നു . അവനു മീശ മുളച്ചിട്ടില്ല .സാരമില്ല ,വല്യമ്മച്ചിയുടെ നാല്പത്തിയൊന്നല്ലേ ,ആഘോഷിക്കട്ടെ .

ഒപ്പീസു കഴിഞ്ഞ് മുറികളിലെല്ലാം ഹന്നാൻവെളളം തളിച്ചു അച്ചൻ സെറ്റിയിൽ ചാരിയിരുന്നു. ഓച്ചിറകണ്ണിട്ടു നേർച്ചപാത്രത്തിലേക്കു നോക്കി ചിരിച്ചു.രണ്ടായിരത്തിന്റെ കുറച്ചു നോട്ടുകൾ ഉണ്ട് .
നോട്ടുകൾക്കു വിലയില്ലാത്ത ലോകത്തുനിന്ന് വെറോനിക്കയും ചിരിച്ചു .

കാലുകൾ നിലത്തു തൊടാതെ നീല ,ചുവപ്പ് , മഞ്ഞ ,പച്ച ,വെള്ള ,കറുപ്പ് ചിറകുകൾ ഉള്ളവ ഇമകൾ ചലിപ്പിക്കാതെ വരി വരിയായി കടന്നു വന്നു . ചിലർ പല്ലിളിക്കുകയും ,ചിലർതാടിരോമങ്ങൾ തടവുകയും വേറെ ചിലർതലചൊറിയുകയും ചെയ്യുന്നു .
"ബുജീ,അല്ലബുദ്ധിജീവിആത്മാക്കളാണ്" എമേഴ്സൺ കണ്ടുപിടിച്ചു . കാഫ്കെയും
കമ്യുവും സ്രാർത്തും ആകൂടെയുണ്ട്‌ . ആത്മാക്കളുടെ
അസ്ഥിത്ത്വ വ്യഥയെക്കുറിച്ചവർ കൂലംകലുഷമായി ചർച്ച നടത്തി. പ്ലേഗ് വസൂരിയാക്കിയ, ഔട്ട്സൈഡർ സാക്ഷിയാക്കിയ കാക്കനാടനും പല്ലില്ലാത്ത ഉണ്ണിക്കണ്ണന്റെ ചാപല്യം അറിഞ്ഞ ഒ വി വിജയനും പിറകെയുണ്ട് .നൈജാമലിയുടേയും മൈമൂനയുടെയും ചുവന്നു തുടുത്ത തുടകളിൽ നീല ഞരമ്പുകളായി റാസ്പുട്ടിൻ നിറഞ്ഞു ചിരിച്ചു. സർപ്പത്തിന്റെ പുറ്റുകളിൽ അയാൾ കാലുകളിക്കി പരതി . ഉണ്ണിക്കണ്ണൻ എവിടെയുമില്ല . സാർചക്രവത്തിനിയുടെ മടിയിൽ തലവെച്ചു അയാൾ അവസാനം തീണ്ടിയ വിഷത്തിൽ നിർവൃതി കൊണ്ടു .

നീല ഞരമ്പുകൾ പുണർന്ന ഭൂമിയിൽ വേദനയുടെ പകലുകൾ കത്തി മയങ്ങി . അതിനുമപ്പുറം,ശൂന്യാകാശത്തിനപ്പുറം പ്രപഞ്ചശക്തികൾ ചിറകടിച്ചു . തമോഗർത്തങ്ങൾ മിന്നിനിറഞ്ഞ നക്ഷതങ്ങളെ വിഴുങ്ങികൊണ്ടിരുന്നു .
അവിടെ രേണുക നെഞ്ചുപൊട്ടിക്കരഞ്ഞു . താഴെ ഗോരക്പുർ റെയിൽവേസ്റ്റേഷനിൽ അവളുടെ കുഞ്ഞിനു വിശക്കുന്നു . കുഞ്ഞ് മുല പരതി അവളുടെ കീറിയബ്ലൗസുപിടിച്ചു വലിച്ചു. പിന്നെ നിർജ്ജീവമായ ശരീരം പിടിച്ചുകുലുക്കി . കീറപ്പുതപ്പു താളത്തിൽ വീശി ഉണർത്താൻ ശ്രമിക്കുന്നു . ഒന്നിനും ആവാതെ ഒരു നിമിഷം പകച്ചു പിന്നെ പൊട്ടിക്കരയാൻ തുടങ്ങി . ശൂന്യമായ വെയിലേക്ക് ഉറ്റുനോക്കി ദൈന്യമായവൾ വിതുമ്പി.

തോൽ ഫാക്ടറിയിൽ ആയിരുന്നു അവർക്കു പണി . കോവിഡ് പടർന്നപ്പോൾ അവളുടെ പണിപോയി . അന്യനാട്ടിൽ, ഭക്ഷണം പോലും കിട്ടാതെ മരത്തണലിൽ കുറച്ചുദിവസം കഴിഞ്ഞുകൂടി. നാട്ടിലേക്കു ട്രെയിനുണ്ടന്നു കേട്ടിട്ടാണ് സ്റ്റേഷനിൽ വന്നത് . എപ്പോഴോ എന്നോ വരേണ്ട ട്രെയിനു വേണ്ടി മോളെയും ചേർത്തുകിടത്തി കിടന്നതു ഓർമയുണ്ട് .
പിന്നീട് ഓർമത്തെളിഞ്ഞത് ഇവിടെയാണ്‌ .

ഇപ്പോൾ ഗംഗയിൽ ചിതാഭസ്മകുംഭങ്ങൾ ഒഴുകാറില്ല .എവിടെയും ബലിയിടാറില്ല . പള്ളികളിൽ മരണമണി മുഴങ്ങാറില്ല .ശവപ്പറമ്പുകളിൽ മീസാൻകല്ലുകൾ ഇളകാറില്ല . എങ്കിലും അത്മാക്കൾ
കണക്കില്ലാതെ ഒഴുകി എത്തി. പുതിയ കൊറോണയുടെ കാരുണ്യം .

എന്നാലോ ഇനിയും ആത്മാക്കളെ അറിയാത്ത രണ്ടുപേർ കാത്തിരിപ്പിന്റെ അനന്തതയിൽ കലർന്നു ഒഴുകി . സോദോംമിൽ അഗ്നിയും ഗന്ധകങ്ങളും വർഷിക്കുന്നത് തിരിഞ്ഞു നോക്കി ഉപ്പുതൂണായ ലോത്തിന്റെ ഭാര്യയും,വൃണം പൊട്ടിയ കാലുകളുമായി
ജരാനരകൾ ബാധിച്ചലയുന്നഅശ്വത്ഥത്മാവും.

കുന്നിൻചെരുവിലെ മഞ്ഞുപൊഴിയുന്ന മുന്തിരിത്തോപ്പിൽ വിക്ടർ യൂഗോയുടെ മടിയിൽ തലചായിച്ചു ഡാലി കിടന്നു .
മങ്ങിയ മഞ്ഞവെയിൽ നേർത്ത തണുത്ത കാറ്റിനൊപ്പം പാറിവീണു , ഇവിടെ ഞാൻ നിനക്കെന്റെ
പ്രണയം തരുന്നു തുടുത്ത മുന്തിരിപ്പഴക്കുല അവളുടെ കവിളിൽതട്ടി അയാൾ മൊഴിഞ്ഞു .അയാൾക്ക് അപ്പോൾ എൺപതും അവൾക്ക് ഇരുപതുമായിരുന്നു പ്രായം . ജീവിതവും മരണവും പോലെ ആത്മാവും ശരീരവും പോലെ അവർ കിടന്നു .


Cherian K Joseph