" ഈ അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം ലൈഫ് കളയണോ ഹരി. "
" ഉം. എന്തെങ്കിലും ആകട്ടേന്നു കരുതി സമ്മതിച്ചിരുന്നു ഞാനും. എന്റെ ശ്രേയക്കുട്ടിയെ കാണും വരെ . "
അവൻ അവളുടെ കവിളിൽ നുള്ളി.
( തുടർന്നു വായിക്കുക )
ഉള്ളിലെ തേങ്ങൽ പുറത്തു കേൾക്കാതിരിക്കാൻ അവൾ വാപൊത്തി. പിന്നെ മെല്ലെ വെളിയിലേക്കു നടന്നു. നേരെ ഓടിയത് ബാത്റൂമിലേക്കാണ്. ഷവറിനടിൽ നിന്നു , പൈപ്പിലെ വെള്ളം തുറന്നിട്ട് പൊട്ടിക്കരഞ്ഞു. ആ ശബ്ദത്തിൽ അവളുടെ തേങ്ങൽ അലിഞ്ഞില്ലാതെയായി.
" മീനൂ , എത്ര നേരമായി വിളിക്കുന്നു. നീ ഈ വാതിലു തുറന്നിട്ട് എവിടെയായിരുന്നു ?"
മുറിയിൽ നിന്നും വെളിയിലിറങ്ങിയ അവളെ വരവേറ്റത് സെറ്റിയിലിരുന്നു ഫോൺ തോണ്ടുന്ന ഹരിയുടെ ചോദ്യമാണ്.
" ആഹ്. ഹരിയേട്ടൻ വന്നോ, ഞാൻ കുളിക്കുവായിരുന്നു. "
അവനവളെ അടിമുടി നോക്കി. നീണ്ട തലമുടിത്തുമ്പിൽ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നു.
" നീ തല തുടച്ചില്ലേ? "
അവൾ ഒന്നും മിണ്ടിയില്ല.
അവൻ അകത്തു ചെന്ന് ടൗവ്വൽ കൊണ്ടുവൻ അവളെ പിടിച്ചു നിർത്തി തല തുടപ്പിച്ചു.
" ചെന്ന് രാസ്നാദി തിരുമ്മ്. അസമയത്തു കുളിച്ചതല്ലേ വെറുതേ പനിപിടിപ്പിക്കണ്ട. "
അവളൊന്നും മിണ്ടാതെ റൂമിലേക്കുനടന്നു. കട്ടിലിൽ കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി.
പുറത്ത് എല്ലാവരുടെയും സംസാരം കേട്ടാണ് എഴുന്നേറ്റത്. അവൾ മുറി തുറന്നു പുറത്തിറങ്ങി. ചുറ്റികറങ്ങൽ ഒക്കെ കഴിഞ്ഞ് എല്ലാവരും തിരിചെത്തിയിരിക്കുന്നു.
ശ്രേയയും കൂടെയിരിക്കുന്നുണ്ട്.
" എന്താ മീനൂട്ടി, ഈ നേരത്തെരുറക്കം. ഹരി വന്നിട്ട് ചായയൊന്നും കൊടുത്തില്ലേ നീ. "
അമ്മ അവളെ നോക്കി നെറ്റിച്ചുളിച്ചു.
" അമ്മേ. നല്ല തലവേദനയായിരുന്നു. ഞാനുറങ്ങിപ്പോയി. "
" ഇറ്റ്സ് ഓക്കെ ആന്റി, ഹരിക്കു ഞാൻ ടീ കൊടുത്തു. അല്ലേ ടാ ?"
ശ്രേയ ഇടക്കു കയറി.
" യസ് യസ്, സത്യത്തിൽ ഇവൾ തൊട്ടടുത്തുള്ളത് ഒരാശ്വാസമാണ്. നല്ലാന്നാന്തരം കുക്ക് ആണ്. "
ഹരി അവളെ പുകഴ്ത്തി.
" ഹേയ്, ഇവൻ വെറുതെ പറയുന്നതാ ആന്റി. പക്ഷേ പട്ടിണി കിടക്കാതെ ഞാൻ നോക്കുന്നുണ്ട്. ഹരിക്ക് ഈ പുറത്തെ ഭക്ഷണം തീരെ പറ്റുന്നില്ല. "
ശ്രേയ പറഞ്ഞതൊക്കെ എല്ലാവരും സന്തോഷത്തോടെ കേട്ടിരുന്നു എങ്കിലും മനസ്സുകൊണ്ട് ഹരിയുടെ മേൽ അവൾ കാണിക്കുന്ന അമിത സ്വാതന്ത്രം അവർക്കാർക്കും തന്നെ ഇഷ്ടമായതേയില്ല.
രാത്രി ഉറങ്ങാനാകാതെ മീനാക്ഷി തിരിഞ്ഞും മറിഞ്ഞും കിടന്നു.
" ഓർമ്മവെച്ചനാൾ മുതൽ എന്റെതെന്നു ഞാൻ കരുതായ ഹരിയേട്ടന്റെ മനസ്സിൽ മറ്റൊരാളോ. വിശ്വസിക്കാൻ കഴിയുന്നില്ല. പിന്നാലെ നടന്നപ്പോൾ അൽപം വഴക്കൊക്കെ കാണിച്ചിട്ടുണ്ടെങ്കിലും ജീവനാണെന്ന് അറയുമായിരുന്നില്ലേ. നിങ്ങൾ മാത്രമല്ലേ ഈ പൊട്ടിപ്പെണ്ണിന്റെ മനസ്സിലുള്ളൂ . ഹരിയേട്ടാ, എനിക്കു പറ്റില്ല ഹരിയേട്ടനില്ലാതെ. വന്നതു ഏതു ശ്രേയയായാലും. "
മീനാക്ഷി ചാടിയെഴുന്നേറ്റു ,എല്ലാവരും നല്ല ഉറക്കം.
മെല്ലെ പുറത്തേക്കിറങ്ങി. ഹരിയുടെ മുറി തുറന്നു കിടക്കുന്നു. ഹരിയെ അന്വേഷിച്ച് അവൾ വാതിൽ തുറന്നു പുറത്തേക്കു നടന്നും, ശ്രേയയുടെ വാതിൽ ഒന്നു വെറുതേ തുറന്നു നോക്കി.
പൂട്ടിയിട്ടുണ്ടായിരുന്നില്ല. അകത്തേക്കു പ്രവേശിച്ച അവൾ കണ്ടത് ബാൽക്കണിയിൽ സംസാരിച്ചിരിക്കുന്ന ശ്രേയയെയും ഹരിയെയുമാണ്.
ഹരി ശ്രേയയെ ചേർത്തു പിടിച്ചിരിക്കുന്നു. അവർ അവന്റെ തോളിൽ ചാരിയിരിക്കുന്നു.
ഉള്ളിലൊതുക്കി വെച്ച ദേഷ്യം അണപൊട്ട ഒഴുക്കി. അതു നിയന്ത്രിക്കാൻ അവർ പാടുപെട്ടു.
അവരുടെ സംസാരം വ്യക്തമല്ല. അകത്തേക്കടിക്കുന്ന കാറ്റിൽ ചില ശബ്ദങ്ങൾ മാത്രം കേൾക്കാം.
അൽപം കഴിഞ്ഞ് ഹരി എഴുന്നേറ്റു .
" ഞാൻ ചെല്ലട്ടേ ശ്രേയക്കുട്ടീ . ഗുഡ് നൈറ്റ്, വെറുതെ മറ്റുള്ളവർക്കു സംശയം കൊടുക്കണ്ടല്ലോ.
എല്ലാവരും നാളെപ്പോകും നമുക്ക് ബാക്കി നാളെ സംസാരിക്കാം. "
" ഇപ്പൊ തന്നെ പോവ്വാണോടാ. "
അവളുടെ സംസാരത്തിൽ അൽപം പരിഭവം കലർന്നിരുന്നു.
അവൻ അവളെ കെട്ടിപ്പിടിക്കുന്നതും നെറുകിൽ ചുംബിക്കുന്നതു പകയോടെ മീനാക്ഷി മാറിനിന്നു നോക്കി. അവൾ ഹരികാണാതെ ഭിത്തിയുടെ മറവിലേക്കു നിന്നു.
" നിന്നെ ഞാൻ ജീവിക്കാൻ അനുവദിക്കില്ല ശ്രേയാ. ഹരിയേട്ടൻ എന്റേതാണ്. എന്റേതുമാത്രം. "
അവളുടെ ഉള്ളിലെ പ്രതികാരം ആളിക്കത്തി.
ഹരിയിറങ്ങിപ്പോയതും ശ്രേയ ഡോർലോക്ക്ചെയ്ത ശേഷം മുറിയിലേക്കു പോയി.
മീനാക്ഷി അകത്തുണ്ടെന്നറിയാതെ.
കനലെരിയുന്ന കണ്ണുകളുമായി അവൾ കിച്ചണിൽ ചെന്ന് മൂർച്ചയുള്ള ആയുധത്തിനായി തിരഞ്ഞു.
ഒടുവിൽ ഒരു വലിയ കത്തികണ്ടെത്തിയ അവളിൽ ഒരു ക്രൂരമായ ചിരി തെളിഞ്ഞു. അതുമായി ശ്രേയയുടെ മുറി ലക്ഷ്യമാക്കി അവൾ നടന്നു.
ഉറക്കത്തിലേക്കു വഴുതിവീണ ശ്രേയയുടെ കഴുത്തു ലക്ഷമാക്കി അവൾ കത്തിയുയർത്തിയതും.
എന്തോ ഓർത്തതു പോലെ അവൾ കൈ പിൻവലിച്ചു.
" ശ്ശെ! ഞാനെന്തൊക്കെയാണീ ചെയ്യുന്നത്. ഹരിയേട്ടന്റെ മനസ്സിൽ ഞാനില്ലെങ്കിൽ എന്തു ചെയ്യാനാകും. ഇത്ര ക്രൂരതകാണിക്കാൻ എങ്ങിനെ മനസ്സുവന്നു എനിക്ക് . മാന്ത്രികകുലത്തിൽ ജനിച്ചതു കൊണ്ടാണോ ഒരു നിമിഷമെങ്കിലും എന്റെ ചിന്തകൾ മറ്റൊരു തരത്തിൽ, മാന്ത്രികർക്കു ദേഷ്യം നിയന്തിക്കാൻ ബുദ്ധിമുട്ടാണെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് , നിയന്ത്രിക്കാൻ പഠിക്കണമെന്നും. പാടില്ലായിരുന്നു. "
കുറ്റബോധം തോന്നി അവൾക്ക്.
അവൾ തിരിഞ്ഞു നടന്നു . കത്തി തിരിച്ചുവച്ചശേഷം അവൾ ശ്രേയയുടെ ഫ്ലാറ്റിനു വെളിയിലേക്കിറങ്ങി.
ഹരി അകത്തു നിന്ന് ഡോർ പൂട്ടിക്കാണുമല്ലോ എന്നോർത്ത് എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവൾ വെളിയിൽ നിന്നു .
പിന്നെ പതുക്കെ ഡോറിൽ മുട്ടി.
രണ്ടാമത്തെ മുട്ടിന് അതു തുറക്കപ്പെട്ടു.
ഹരിയെ മുന്നിൽകണ്ട അവളൊന്നു പതറി.
" ഹ... ഹരിയേട്ടൻ ഉറങ്ങിയില്ലേ ഇതുവരെ. ? "
" ഇല്ല. കുറച്ചു ഓഫീസ് വർക്സ്സ് കൂടെ പെൻഡ്രിങ്ങ് ഉണ്ടായിരുന്നു. "
അവൾക്ക് ഉള്ളിലൊരു പുച്ഛം തോന്നി.
" അല്ല! നീ എന്താ ഈ നേരത്ത് പുറത്തിറങ്ങി നടക്കുന്നത്. അതും പരിചയമില്ലാത്ത സ്ഥലത്ത് . "
" ഒന്നു കാറ്റു കൊളളാൻ ടെറസിൽ. "
മീനക്ഷി പെട്ടന്നു തോന്നിയ കള്ളം പറഞ്ഞൊപ്പിച്ചു.
" ഇവിടെ ബാൽക്കണിയിൽ ഇറങ്ങി നിന്നാൽ മതിയല്ലോ ?"
" അത്... അത് പിന്നെ അമ്മ... അമ്മ റൂമിലുള്ളതു കൊണ്ട് കാറ്റു അകത്തേക്കു കയറിയാൻ അമ്മക്ക് ഉറങ്ങാൻ. "
" കിടന്നുരുളണ്ട. പോയി കിടക്കാൻ നോക്ക് . "
അവൾ മറ്റൊന്നും പറയാതെ അകത്തേക്കു കയറി.
"മീനാക്ഷി ... "
ഹരി പിറകിൽ നിന്നും വിളിച്ചു.
അവൾ തിരിഞ്ഞു നോക്കി.
" വന്നിവിടെ ഇരിക്ക്. എനിക്കു കുറച്ചു സംസാരിക്കാനുണ്ട്. "
അവർ സംശയത്തോടെ അവന്റെ അരികിൽ ചെന്നിരുന്നു.
" എന്താ ഹരിയേട്ടാ ?"
" നീ രണ്ടു ദിവസമായി മൂഡോഫ് ആണെന്നും അതു എന്താണെന്നും അന്വേഷിക്കാൻ പറഞ്ഞ് എന്റെ അമ്മ ബഹളമാണ്. സത്യത്തിൽ എന്താണ് നിന്റെ പ്രശ്നം ?"
" ഹും! ഒന്നും അറിയാത്ത പാവം . "
അവൾ മനസ്സിലോർത്തു.
" ഹരിയേട്ടനെന്താ പറഞ്ഞു വരുന്നത്. ഞാൻ ഹാപ്പിയാണ് വളരെ ഹാപ്പി. ഇത്രയും സന്തോഷം ഇതിനു മുൻപ് ഞാൻ അനുഭവിച്ചിട്ടേയില്ല. Good night ഹരിയേട്ടാ, ഉറക്കം വരുന്നു. "
പറഞ്ഞു തീർന്നതും കരച്ചിലടക്കാൻ പാടുപെട്ടവൾ എഴുന്നേറ്റു നടന്നു. തിരിഞ്ഞു നോക്കാതെ
മുറിയിൽ കയറി വാതിലടച്ചു.
(തുടരും)