The last lamp on the path in Malayalam Horror Stories by MANOJ V books and stories PDF | ചുടലവഴിയിലെ അവസാന വിളക്ക്

The Author
Featured Books
Categories
Share

ചുടലവഴിയിലെ അവസാന വിളക്ക്

ചുടലവഴിയിലെ അവസാന വിളക്ക്

ആ സ്വപ്നം ഞാൻ ആദ്യമായി കണ്ടത് ഒരു മഴയുള്ള രാത്രിയിലായിരുന്നു.

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു. ജനലിന് പുറത്തു മഴ തകർത്തുപെയ്യുകയായിരുന്നു. കാറ്റിൽ മരച്ചില്ലകൾ ജനലിൽ വന്ന് അടിക്കുന്ന ശബ്ദം ഇടയ്ക്കിടെ കേൾക്കുന്നുണ്ടായിരുന്നു.

എന്തുകൊണ്ടോ അന്ന് എനിക്ക് ഉറക്കം വന്നില്ല.

കണ്ണടച്ചാൽ ആരോ എന്നെ നോക്കുന്നതുപോലെ തോന്നി.

ഒടുവിൽ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.

പിന്നെ ഞാൻ കണ്ടത്...

ഒരു വഴിയായിരുന്നു.

എവിടേക്കാണ് ആ വഴി പോകുന്നതെന്ന് എനിക്കറിയില്ല.

വഴിയുടെ ഇരുവശവും കാടാണ്.

ഇലകളെല്ലാം നനഞ്ഞുകിടക്കുന്നു.

ആകാശം കാണാനാകാത്തത്ര ഉയരത്തിൽ മരങ്ങൾ പടർന്നുനിൽക്കുന്നു.

ഞാൻ ഒറ്റയ്ക്ക് ആ വഴിയിലൂടെ നടക്കുകയായിരുന്നു.

കാൽക്കീഴിൽ ചെളി.

മഴയില്ലെങ്കിലും ചുറ്റും നനവ്.

അസ്ഥികളിലേക്ക് കയറുന്ന കൊടുംതണുപ്പ്.

ഞാൻ കൈകൾ കൂട്ടിത്തിരുമ്മി.

"ഇതെങ്ങണ്ടതാ...?"

എന്റെ ശബ്ദം എനിക്ക് തന്നെ അപരിചിതമായി തോന്നി.

മറുപടിയില്ല.

കുറച്ചുദൂരം മുന്നോട്ട് നടന്നപ്പോൾ വഴിയുടെ അരികിൽ ഒരു പഴയ കല്ലുപലക കണ്ടു.

പായൽ പിടിച്ചിരുന്നതിനാൽ ആദ്യം അക്ഷരങ്ങൾ വ്യക്തമായിരുന്നില്ല.

ഞാൻ അടുത്തേക്ക് ചെന്നു.

കൈകൊണ്ട് പായൽ തുടച്ചു.

അവിടെ എഴുതിയിരുന്നത്:

ചുടാലവഴി.

ആ വാക്ക് വായിച്ചതും എന്റെ നെഞ്ചിലൂടെ ഒരു തണുപ്പ് പാഞ്ഞുപോയി.

ചുടാലവഴി.

എവിടെയോ കേട്ട പേര്.

പക്ഷേ എവിടെ?

എപ്പോൾ?

ഓർമ്മ വരുന്നില്ല.

ഞാൻ തിരിഞ്ഞുനോക്കി.

ഞാൻ വന്ന വഴി കാണാനില്ല.

അവിടെ കാട് മാത്രം.

"ഇല്ല..."

ഞാൻ പതുക്കെ പറഞ്ഞു.

"ഞാൻ തിരിച്ചു പോകണം."

പക്ഷേ പിന്നോട്ട് ഒരു ചുവടുവെച്ചപ്പോൾ...

കാടിനുള്ളിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു.

ആദ്യം വളരെ ദൂരെ നിന്ന്.

പിന്നെ കുറച്ചുകൂടി അടുത്ത്.

"അമ്മേ..."

ഞാൻ നിശ്ചലനായി.

വീണ്ടും.

"അമ്മേ..."

ഈ തവണ കരച്ചിൽ വളരെ വ്യക്തമായിരുന്നു.

ഒരു കുഞ്ഞ് സഹായത്തിനായി കരയുന്നതുപോലെ.

ഞാൻ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി.

കാടിന്റെ ഇരുട്ടിനുള്ളിൽ എന്തോ ചലിക്കുന്നതായി തോന്നി.

"ആരാ?"

ഞാൻ വിളിച്ചു.

കരച്ചിൽ പെട്ടെന്ന് നിന്നു.

അതിനുപകരം...

ഒരു പാട്ട്.

വളരെ പതുക്കെയുള്ള ഒരു തരട്ടുപാട്ട്.

ഒരു അമ്മ കുഞ്ഞിനെ ഉറക്കാൻ പാടുന്നതുപോലെ.

പക്ഷേ ആ പാട്ടിൽ സ്നേഹമില്ലായിരുന്നു.

അതിൽ എന്തോ ദുഃഖമുണ്ടായിരുന്നു.

അതിലും ഭയാനകമായി...

ആ പാട്ട് പാടുന്ന ശബ്ദം ഒരു സ്ത്രീയുടേതാണോ പുരുഷന്റേതാണോ എനിക്ക് മനസ്സിലായില്ല.

ഞാൻ മുന്നോട്ടു നടന്നു.

വഴി പതുക്കെ താഴേക്ക് ഇറങ്ങിത്തുടങ്ങി.

അവിടെ ഒരു കട്ടരുവി.

മലയിറങ്ങി വരുന്ന വെള്ളം കല്ലുകളിൽ തട്ടി ഇരമ്പുന്നു.

വെള്ളം വളരെ വേഗത്തിൽ ഒഴുകുന്നു.

അതിനിടയിൽ ചില കല്ലുകൾ വിചിത്രമായി തിളങ്ങുന്നുണ്ടായിരുന്നു.

ചന്ദ്രപ്രകാശമില്ല.

വിളക്കില്ല.

എങ്കിലും ആ കല്ലുകൾക്ക് സ്വന്തം പ്രകാശമുണ്ടെന്നപോലെ.

ഞാൻ താഴേക്ക് കുനിഞ്ഞ് നോക്കി.

ഒരു കല്ല് വെള്ളത്തിനടിയിൽ കിടക്കുന്നു.

അതിനുള്ളിൽ ചുവന്ന നിറത്തിലുള്ള എന്തോ തിളങ്ങുന്നു.

രക്തം പോലെ.

ഞാൻ കൈ നീട്ടി.

അപ്പോഴാണ്...

എന്റെ പിന്നിൽ നിന്ന് ആരോ ശ്വാസം വലിക്കുന്ന ശബ്ദം കേട്ടത്.

ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി.

ആരും ഇല്ല.

പക്ഷേ എന്റെ കഴുത്തിന് പിന്നിൽ തണുത്ത കാറ്റ് തട്ടി.

"ഇവിടരുമില്ലേ...?"

ഒരു സ്ത്രീയുടെ ശബ്ദം.

വളരെ പതുക്കെ.

ഞാൻ വിറച്ചു.

വീണ്ടും ശബ്ദം.

"ഇവിടരുമില്ലേ...?"

ഇത്തവണ ശബ്ദം അരുവിയുടെ മറുവശത്ത് നിന്നായിരുന്നു.

ഞാൻ നോക്കി.

അവിടെ ഒരു സ്ത്രീ കുനിഞ്ഞിരുന്ന് എന്തോ കഴുകുകയായിരുന്നു.

വെള്ള സാരി.

നീണ്ട മുടി.

മുഖം കാണുന്നില്ല.

അവൾ ഒരു തുണി എടുത്ത് കല്ലിൽ അടിക്കുന്നു.

ചപ്പേ...

വീണ്ടും.

ചപ്പേ...

വീണ്ടും.

ചപ്പേ...

ഞാൻ അവളെ നോക്കി നിന്നു.

"ചേച്ചീ..."

അവൾ നിശ്ചലമായി.

പതുക്കെ തല ഉയർത്തി.

പക്ഷേ തിരിഞ്ഞില്ല.

"ഇവിടരുമില്ലേ?"

ഞാൻ മറുപടി പറഞ്ഞില്ല.

അവൾ വീണ്ടും തുണി കല്ലിൽ അടിച്ചു.

ചപ്പേ...

അപ്പോൾ ഞാൻ ശ്രദ്ധിച്ചു.

അവൾ കഴുകുന്നത് തുണിയല്ല.

ഒരു കുഞ്ഞിന്റെ വെള്ള വസ്ത്രമാണ്.

അതിൽ ചുവന്ന പാടുകൾ.

എന്റെ നെഞ്ചിടിപ്പ് കൂടിത്തുടങ്ങി.

"ആ കുഞ്ഞ് എവിടെ?"

എന്റെ വായിൽ നിന്ന് അറിയാതെ ചോദ്യം പുറത്തുവന്നു.

അവൾ പതുക്കെ എഴുന്നേറ്റു.

നീണ്ട മുടി പുറകിലേക്ക് വീണു.

അവൾ എന്നിലേക്ക് തിരിയാൻ തുടങ്ങി.

ഞാൻ ഓടി.

എവിടേക്കെന്നറിയില്ല.

പിന്നിൽ നിന്ന് ആ തരട്ടുപാട്ട് വീണ്ടും കേട്ടു.

ഇത്തവണ വളരെ ഉച്ചത്തിൽ.

അതിനൊപ്പം കുഞ്ഞിന്റെ കരച്ചിലും.

ഞാൻ ഓടിക്കൊണ്ടിരുന്നു.

പെട്ടെന്ന് മുന്നിൽ ഒരു ചെറിയ വെളിച്ചം.

ദൂരെ.

ഒരു വിളക്ക്.

ഇരുട്ടിന്റെ നടുവിൽ ഒറ്റയ്ക്ക് തെളിഞ്ഞുനിൽക്കുന്ന ഒരു മഞ്ഞ വെളിച്ചം.

ഞാൻ അതിലേക്ക് ഓടി.

പക്ഷേ മഴ തുടങ്ങി.

ആദ്യം ചെറിയ തുള്ളികൾ.

പിന്നെ ശക്തമായ മഴ.

അൽപ്പസമയത്തിനുള്ളിൽ വഴിയിലൂടെ വെള്ളം ഒഴുകിത്തുടങ്ങി.

മലവെള്ളം.

ഞാൻ പിന്നോട്ട് നോക്കി.

അരുവി കരകവിഞ്ഞിരുന്നു.

വെള്ളം കുതിച്ചെത്തുന്നു.

മുന്നിൽ വിളക്ക്.

പിന്നിൽ മലവെള്ളം.

എനിക്ക് വേറെ വഴിയില്ല.

ഞാൻ വെള്ളത്തിലേക്ക് ഇറങ്ങി.

തണുപ്പ് ശരീരം തുളച്ചുകയറി.

വെള്ളത്തിന്റെ ഒഴുക്ക് എന്നെ വലിച്ചിഴയ്ക്കാൻ തുടങ്ങി.

എങ്ങനെയോ ഒരു മരക്കൊമ്പിൽ പിടിച്ചു.

അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല.

കണ്ണുതുറന്നപ്പോൾ ഞാൻ ഒരു പഴയ വീട്ടിന്റെ തിണ്ണയിൽ കിടക്കുകയായിരുന്നു.

മഴ ഇപ്പോഴും പെയ്യുന്നു.

തിണ്ണയുടെ ഒരു മൂലയിൽ ഒരു വൃദ്ധൻ ഇരിക്കുന്നു.

വെള്ളമുടി.

നീണ്ട താടി.

കയ്യിൽ ഒരു ചെറിയ എണ്ണവിളക്ക്.

അദ്ദേഹം എന്നെ നോക്കി.

പുഞ്ചിരിച്ചു.

"വഴിതെറ്റിയതാണല്ലേ?"

ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു.

"അതെ..."

"ഇനി രാത്രി എവിടെ പോകും?"

ഞാൻ പുറത്തേക്ക് നോക്കി.

മഴ ശക്തമായിരുന്നു.

"എനിക്ക് വീട്ടിൽ പോകണം."

വൃദ്ധൻ ചിരിച്ചു.

"എല്ലാവരും അങ്ങനെ തന്നെയാണ് പറയുന്നത്."

ഞാൻ അദ്ദേഹത്തെ നോക്കി.

"എല്ലാവരും?"

അദ്ദേഹം ഒന്നും പറഞ്ഞില്ല.

കുറച്ചുനേരം കഴിഞ്ഞ് തിണ്ണയുടെ ഒരു വശത്തേക്ക് വിരൽചൂണ്ടി.

"തിണ്ണയിൽ കിടന്നോളൂ."

ഞാൻ മടിച്ചു.

"നാളെ രാവിലെ പോവാം."

അദ്ദേഹത്തിന്റെ ശബ്ദത്തിൽ എന്തോ വിചിത്രമായ ഉറപ്പ് ഉണ്ടായിരുന്നു.

എനിക്ക് വേറെ വഴിയില്ലായിരുന്നു.

ഞാൻ തിണ്ണയിൽ കിടന്നു.

മഴയുടെ ശബ്ദം പതുക്കെ ഉറക്കത്തിലേക്ക് എന്നെ കൊണ്ടുപോയി.

പക്ഷേ ഉറങ്ങുന്നതിന് മുമ്പ് ഞാൻ വൃദ്ധനോട് ചോദിച്ചു.

"അപ്പൂപ്പാ..."

"ഹും?"

"ഇവിടെ വേറെ ആരുമില്ലേ?"

വൃദ്ധൻ വിളക്കിലേക്ക് നോക്കി.

അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി പതുക്കെ മാഞ്ഞു.

"ഉണ്ട്."

"ആരാ?"

അദ്ദേഹം എന്നെ നോക്കി.

"അവൾ."

"ആര്?"

അദ്ദേഹം അരുവിയുടെ ഭാഗത്തേക്ക് നോക്കി.

"കുഞ്ഞിനെ അന്വേഷിക്കുന്നവൾ."

എന്റെ ശരീരത്തിലൂടെ വീണ്ടും തണുപ്പ് പാഞ്ഞു.

"എന്ത് കുഞ്ഞ്?"

വൃദ്ധൻ മറുപടി പറഞ്ഞില്ല.

അദ്ദേഹം വിളക്ക് അണച്ചു.

ഇരുട്ട്.

അപ്പോഴാണ് തിണ്ണയുടെ താഴെ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്.

"അമ്മേ..."

ഞാൻ കണ്ണുതുറന്നു.

കരച്ചിൽ വീണ്ടും.

"അമ്മേ..."

ഞാൻ എഴുന്നേറ്റു.

തിണ്ണയുടെ താഴേക്ക് നോക്കി.

ഇരുട്ട്.

പക്ഷേ അവിടെ നിന്ന് ഒരു ചെറിയ കൈ പുറത്തേക്ക് നീണ്ടുവന്നു.

ഞാൻ നിലവിളിക്കാൻ ശ്രമിച്ചു.

ശബ്ദം പുറത്തുവന്നില്ല.

ആ കൈ പതുക്കെ എന്റെ കാലിൽ പിടിച്ചു.

മഞ്ഞുപോലെ തണുത്ത കൈ.

ഞാൻ വലിച്ചുമാറ്റാൻ ശ്രമിച്ചു.

അപ്പോൾ തിണ്ണയുടെ താഴെ നിന്ന് ഒരു കുഞ്ഞിന്റെ മുഖം പുറത്തേക്ക് വന്നു.

കണ്ണുകളില്ല.

കണ്ണുകൾ ഉണ്ടായിരുന്നിടത്ത് കറുത്ത രണ്ട് കുഴികൾ.

വായ തുറന്നിരിക്കുന്നു.

അതിനുള്ളിൽ നിന്ന് രക്തം ഒഴുകുന്നു.

അത് എന്നെ നോക്കി ചിരിച്ചു.

"എന്നെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകുമോ?"

ഞാൻ ഭയന്ന് പിന്നിലേക്ക് വീണു.

അപ്പോഴാണ് വൃദ്ധന്റെ ശബ്ദം കേട്ടത്.

"അവനെ നോക്കരുത്!"

ഞാൻ തിരിഞ്ഞുനോക്കി.

വൃദ്ധൻ അവിടെ നിന്നിരുന്നു.

കയ്യിൽ വിളക്ക്.

പക്ഷേ അദ്ദേഹത്തിന്റെ കണ്ണുകൾ...

കണ്ണുകൾ രണ്ടും കറുപ്പ്.

"ഓടിക്കോ!"

അദ്ദേഹം നിലവിളിച്ചു.

"എവിടേക്ക്?"

"വിളക്കിന്റെ വെളിച്ചത്തിലേക്ക്!"

ഞാൻ ഓടി.

വീട് കടന്ന് പുറത്തേക്ക്.

മഴ.

ഇരുട്ട്.

മലവെള്ളം.

എല്ലാം ഒന്നായി.

പക്ഷേ ദൂരെ വീണ്ടും ആ വിളക്ക്.

ഞാൻ അതിലേക്ക് ഓടി.

അതിനിടയിൽ പിന്നിൽ നിന്ന് ആരോ എന്റെ പേര് വിളിച്ചു.

ഞാൻ തിരിഞ്ഞുനോക്കിയില്ല.

വീണ്ടും.

"നീ..."

അത് വൃദ്ധന്റെ ശബ്ദം.

"നീ എന്നെ ഇവിടെ ഒറ്റയ്ക്ക് വിട്ടുപോകുകയാണോ?"

ഞാൻ ഓടി.

പിന്നിൽ നിന്ന് കാലടികൾ.

ഒന്ന്.

രണ്ട്.

മൂന്ന്.

പിന്നെ നിരവധി കാലടികൾ.

എന്നെ പിന്തുടരുന്നവർ ഒരാൾ മാത്രമല്ലെന്ന് എനിക്ക് മനസ്സിലായി.

ഞാൻ ഓടിക്കൊണ്ടിരുന്നു.

അപ്പോഴാണ് കാലിൽ എന്തോ തട്ടി.

ഞാൻ താഴേക്ക് നോക്കി.

അത് ഒരു ചെറിയ കല്ല്.

അത് തന്നെയായിരുന്നു അരുവിയിൽ കണ്ട തിളങ്ങുന്ന കല്ല്.

ഞാൻ അത് എടുത്തു.

അത് കൈയിൽ പിടിച്ച നിമിഷം ചുറ്റുമുള്ള ശബ്ദങ്ങളെല്ലാം നിശ്ചലമായി.

മഴ നിന്നു.

മലവെള്ളം നിന്നു.

കാറ്റ് നിന്നു.

എല്ലാം നിശ്ശബ്ദം.

പിന്നെ...

എന്റെ മുന്നിൽ ആ സ്ത്രീ.

വെള്ള സാരി.

നനഞ്ഞ മുടി.

അവൾ പതുക്കെ മുഖം ഉയർത്തി.

ഈ തവണ ഞാൻ അവളുടെ മുഖം കണ്ടു.

മുഖത്തിന്റെ പകുതി കരിഞ്ഞിരുന്നു.

ഒരു കണ്ണ് മാത്രം.

ആ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു.

അവൾ എന്നെ നോക്കി.

"എന്റെ കുഞ്ഞിനെ കണ്ടോ?"

എന്റെ വായിൽ വാക്കുകളില്ല.

അവൾ വീണ്ടും ചോദിച്ചു.

"എന്റെ കുഞ്ഞിനെ കണ്ടോ?"

ഞാൻ പിന്നോട്ട് നീങ്ങി.

അവൾ അടുത്തേക്ക് വന്നു.

"അവൻ ഇവിടെ തന്നെയുണ്ട്."

അവളുടെ കൈ എന്റെ നെഞ്ചിൽ തൊട്ടു.

മഞ്ഞുപോലെ തണുപ്പ്.

"നിന്റെ ഉള്ളിൽ."

ഞാൻ നിലവിളിച്ചു.

അപ്പോഴാണ് ഞാൻ ഉണർന്നത്.

---

ഞാൻ കിടക്കയിൽ ഇരുന്നു.

ശ്വാസം വേഗത്തിൽ.

മുറിയിൽ വെളിച്ചം.

ജനലിലൂടെ പുലരിയുടെ വെളിച്ചം.

ഞാൻ ചുറ്റും നോക്കി.

എല്ലാം സാധാരണ.

"സ്വപ്നം."

ഞാൻ സ്വയം പറഞ്ഞു.

"വെറും സ്വപ്നം."

ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു.

അപ്പോഴാണ് എന്റെ വലതുകൈയിൽ എന്തോ ഉള്ളതായി തോന്നിയത്.

കൈ തുറന്നു.

ഞാൻ മരവിച്ചു.

ആ തിളങ്ങുന്ന കല്ല്.

അത് എന്റെ കൈയിലുണ്ടായിരുന്നു.

അരുവിയിൽ നിന്ന് ഞാൻ എടുത്ത അതേ കല്ല്.

എന്റെ ശരീരത്തിലെ രക്തം മുഴുവൻ വറ്റിപ്പോയതുപോലെ തോന്നി.

"ഇത് എങ്ങനെ...?"

ഞാൻ കല്ല് മേശപ്പുറത്ത് വെച്ചു.

അപ്പോഴാണ് പുറത്തുനിന്ന് ഒരു ശബ്ദം കേട്ടത്.

ചപ്പേ...

ഞാൻ ജനലിനരികിലേക്ക് ചെന്നു.

പുറത്ത് ആരുമില്ല.

വീണ്ടും.

ചപ്പേ...

ആരോ തുണി അലക്കുന്നതുപോലെ.

ഞാൻ ഭയന്ന് ജനൽ അടച്ചു.

അപ്പോൾ ഫോൺ മുഴങ്ങി.

ഞാൻ ഞെട്ടി.

സ്ക്രീനിൽ ഒരു പരിചയമില്ലാത്ത നമ്പർ.

കുറച്ചുനേരം നോക്കിനിന്ന ശേഷം ഫോൺ എടുത്തു.

"ഹലോ?"

മറുപടിയില്ല.

പിന്നെ...

ഒരു കുഞ്ഞിന്റെ ശബ്ദം.

"അമ്മേ..."

എന്റെ കൈയിൽ നിന്ന് ഫോൺ വീണു.

---

ആ ദിവസം മുഴുവൻ ഞാൻ ആ സ്വപ്നത്തെക്കുറിച്ച് ചിന്തിച്ചു.

പക്ഷേ വൈകുന്നേരത്തോടെ എല്ലാം മറക്കാൻ ശ്രമിച്ചു.

രാത്രി വീണ്ടും ഉറങ്ങാൻ കിടന്നു.

കല്ല് ഞാൻ ഒരു പെട്ടിയിൽ അടച്ച് പൂട്ടി.

"ഇനി ഒന്നുമുണ്ടാകില്ല."

ഞാൻ കണ്ണടച്ചു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഉറക്കം വന്നു.

പക്ഷേ വീണ്ടും...

അതേ വഴി.

അതേ കാട്.

അതേ കൊടുംതണുപ്പ്.

അതേ ചുടാലവഴി.

ഇത്തവണ ഞാൻ ഒറ്റയ്ക്കായിരുന്നില്ല.

എന്റെ മുന്നിൽ ഒരു കുഞ്ഞ് നടക്കുന്നു.

അവൻ തിരിഞ്ഞുനോക്കി.

കണ്ണുകളില്ലാത്ത മുഖം.

"വാ..."

അവൻ പറഞ്ഞു.

"അമ്മ കാത്തിരിക്കുന്നു."

ഞാൻ പിന്നോട്ട് പോകാൻ ശ്രമിച്ചു.

പക്ഷേ കാലുകൾ മുന്നോട്ട് നീങ്ങി.

കുഞ്ഞിന്റെ പിന്നാലെ ഞാൻ നടന്നു.

അവൻ എന്നെ ഒരു പഴയ കുഴിയുടെ അരികിലെത്തിച്ചു.

അവിടെ നിരവധി തിളങ്ങുന്ന കല്ലുകൾ.

ഓരോ കല്ലിനുള്ളിലും ഒരു മുഖം.

പുരുഷന്മാർ.

സ്ത്രീകൾ.

കുട്ടികൾ.

എല്ലാവരും എന്നെ നോക്കുന്നു.

അവരുടെ വായകൾ ഒരുമിച്ച് തുറന്നു.

"ഇവിടരുമില്ലേ?"

ഞാൻ നിലവിളിച്ചു.

അപ്പോൾ വൃദ്ധൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

"നീ തിരിച്ചുവന്നല്ലോ."

ഞാൻ കരഞ്ഞുകൊണ്ട് ചോദിച്ചു.

"ഇതെന്താണ്?"

അദ്ദേഹം ചിരിച്ചു.

"സ്വപ്നമല്ല."

"പിന്നെ?"

"ഓർമ്മ."

"ആരുടെ ഓർമ്മ?"

വൃദ്ധൻ എന്റെ കൈയിലേക്ക് നോക്കി.

"നിന്റെ."

ഞാൻ ഞെട്ടി.

"എന്റെ?"

അദ്ദേഹം തലകുനിച്ചു.

"നീ ഈ വഴി മുമ്പും വന്നിട്ടുണ്ട്."

"എപ്പോൾ?"

അദ്ദേഹം മറുപടി പറയുന്നതിന് മുമ്പ് പിന്നിൽ നിന്ന് ആ സ്ത്രീയുടെ ശബ്ദം.

"വർഷങ്ങൾക്കുമുമ്പ്."

ഞാൻ തിരിഞ്ഞു.

അവൾ അവിടെ.

ഈ തവണ അവളുടെ കൈയിൽ ഒരു കുഞ്ഞ്.

കുഞ്ഞിന്റെ മുഖം ഞാൻ കണ്ടപ്പോൾ എന്റെ ശരീരം വിറച്ചു.

ആ മുഖം...

എന്റെ ബാല്യത്തിലെ ഫോട്ടോകളിൽ കണ്ടിരുന്ന എന്റെ മുഖം പോലെയായിരുന്നു.

ഞാൻ ഒന്നും മനസ്സിലാക്കാതെ അവളെ നോക്കി.

"ഇത് ആരാണ്?"

അവൾ പുഞ്ചിരിച്ചു.

"നീ."

ഞാൻ പിന്നോട്ട് നീങ്ങി.

"അല്ല."

"നീ മറന്നതാണ്."

അവൾ കുഞ്ഞിനെ എന്റെ നേരെ നീട്ടി.

"ഈ വഴിയിൽ ഒരിക്കൽ നീയും വന്നിരുന്നു."

വൃദ്ധൻ പതുക്കെ പറഞ്ഞു:

"മഴയുള്ള രാത്രി."

"മലവെള്ളം."

"ഒരു ചെറിയ കുട്ടി."

"ഒരു അമ്മ."

"ഒരു വിളക്ക്."

ഓരോ വാക്കും എന്റെ തലയിൽ ഇടിമുഴക്കം പോലെ മുഴങ്ങി.

പെട്ടെന്ന് ഒരു ഓർമ്മ.

വർഷങ്ങൾക്കുമുമ്പ്...

ഒരു മഴയുള്ള രാത്രി...

ഞാൻ ഒരു ചെറിയ കുട്ടി.

അച്ഛന്റെ കൈപിടിച്ച് ഒരു മലവഴിയിലൂടെ നടക്കുന്നു.

പിന്നിൽ അമ്മ.

മുന്നിൽ മലവെള്ളം.

അച്ഛൻ എന്നെ എടുത്തോടുന്നു.

അമ്മ നിലവിളിക്കുന്നു.

പിന്നെ...

ഒരു വലിയ ശബ്ദം.

മണ്ണിടിച്ചിൽ.

അമ്മ വെള്ളത്തിൽ ഒഴുകിപ്പോകുന്നു.

ഞാൻ നിലവിളിക്കുന്നു.

അച്ഛൻ എന്നെ രക്ഷിക്കുന്നു.

പക്ഷേ അമ്മയെ കണ്ടെത്താനായില്ല.

അന്നുമുതൽ ആ രാത്രിയെക്കുറിച്ചുള്ള ഓർമ്മ എന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോയിരുന്നു.

ഞാൻ വൃദ്ധനെ നോക്കി.

"അവൾ... എന്റെ അമ്മയാണോ?"

വൃദ്ധൻ ഒന്നും പറഞ്ഞില്ല.

സ്ത്രീ മാത്രം പുഞ്ചിരിച്ചു.

"ഇത്ര വർഷം ഞാൻ നിന്നെ കാത്തിരുന്നു."

ഞാൻ കരഞ്ഞു.

"എന്നെ എന്തിന് വിളിച്ചു?"

അവൾ പറഞ്ഞു:

"എനിക്ക് ഒറ്റയ്ക്ക് പേടിയാണ്."

അതിനുശേഷം ചുറ്റുമുള്ള എല്ലാ കല്ലുകളും പ്രകാശിച്ചു.

കാടിനുള്ളിൽ നിന്ന് നൂറുകണക്കിന് ശബ്ദങ്ങൾ.

കുഞ്ഞുങ്ങളുടെ കരച്ചിൽ.

സ്ത്രീകളുടെ നിലവിളി.

പുരുഷന്മാരുടെ ചിരി.

തരട്ടുപാട്ട്.

തുണി അലക്കുന്ന ശബ്ദം.

മലവെള്ളത്തിന്റെ ഇരമ്പൽ.

എല്ലാം ഒന്നായി.

വൃദ്ധൻ വിളക്ക് ഉയർത്തി.

"ഇനി നീ തീരുമാനിക്കണം."

"എന്ത്?"

"തിരിച്ചു പോകണോ?"

"അല്ലെങ്കിൽ..."

അദ്ദേഹം പിന്നിലേക്ക് നോക്കി.

അവിടെ ഒരു നീണ്ട ഇരുണ്ട വഴി.

"ഇവിടെ തന്നെ നിൽക്കണോ?"

ഞാൻ അമ്മയെ നോക്കി.

അവൾ കൈ നീട്ടി.

"വാ."

ഞാൻ അവളുടെ കൈയിലേക്ക് നോക്കി.

അപ്പോൾ എന്റെ കയ്യിലുള്ള തിളങ്ങുന്ന കല്ല് ചൂടാകാൻ തുടങ്ങി.

അത് പൊട്ടിപ്പോയി.

അതിനുള്ളിൽ നിന്ന് രക്തം പോലെ ചുവന്ന വെളിച്ചം പുറത്തുവന്നു.

അമ്മയുടെ മുഖം പെട്ടെന്ന് മാറി.

കരിഞ്ഞ മുഖം.

തുറന്ന വായ.

കറുത്ത കണ്ണ്.

"വാ!"

അവൾ അലറി.

ഞാൻ പിന്നോട്ട് ഓടി.

"നീ എന്റെ മകനാണ്!"

അവളുടെ ശബ്ദം കാട് മുഴുവൻ നിറഞ്ഞു.

"നീ ഇവിടെ തന്നെ നിൽക്കണം!"

ഞാൻ ഓടി.

വൃദ്ധൻ എന്റെ പിന്നാലെ.

കുഞ്ഞ് എന്റെ മുന്നിൽ.

എല്ലാവരും എന്നെ പിടിക്കാൻ ശ്രമിക്കുന്നു.

ഞാൻ വിളക്കിന്റെ വെളിച്ചം കണ്ടു.

അത് മാത്രം.

ഞാൻ അതിലേക്ക് ഓടി.

അവസാന നിമിഷം ഞാൻ ആ വെളിച്ചത്തിനുള്ളിലേക്ക് ചാടി.

---

ഞാൻ വീണ്ടും ഉണർന്നു.

ഈ തവണ രാവിലെ ആയിരുന്നില്ല.

രാത്രി.

മുറി ഇരുട്ടിൽ.

എന്റെ ഫോൺ മേശപ്പുറത്ത്.

സമയം നോക്കി.

3:13 AM.

എന്റെ ശരീരം മുഴുവൻ വിയർപ്പിൽ.

ഞാൻ പതുക്കെ കട്ടിലിൽ നിന്ന് ഇറങ്ങി.

വാതിലിനരികിലേക്ക് നടന്നു.

അപ്പോഴാണ് പുറത്തുനിന്ന് ഒരു ശബ്ദം.

ചപ്പേ...

ഞാൻ നിശ്ചലമായി.

വീണ്ടും.

ചപ്പേ...

പിന്നെ കുഞ്ഞിന്റെ ശബ്ദം.

"അമ്മേ..."

ഞാൻ വാതിൽ തുറന്നില്ല.

പക്ഷേ വാതിലിന്റെ താഴെയുള്ള ചെറിയ വിടവിലൂടെ ഒരു നിഴൽ നീങ്ങുന്നത് കണ്ടു.

ഒരു കുഞ്ഞിന്റെ കാലുകൾ.

വാതിലിന് പുറത്ത് ആരോ നിൽക്കുന്നു.

ഞാൻ ശ്വാസം പിടിച്ചു.

പിന്നെ വാതിലിൽ മൂന്ന് തവണ മുട്ട്.

ടക്...

ടക്...

ടക്...

അതിനുശേഷം ഒരു ശബ്ദം.

വളരെ പരിചിതമായ ശബ്ദം.

എന്റെ അമ്മയുടെ ശബ്ദം.

"മോനേ..."

എന്റെ കണ്ണുകൾ നിറഞ്ഞു.

"വാതിൽ തുറക്ക്."

ഞാൻ വാതിലിനരികിലേക്ക് നീങ്ങി.

കൈ വാതിൽപ്പിടിയിൽ എത്തി.

അപ്പോൾ എന്റെ പിന്നിൽ നിന്ന് മറ്റൊരു ശബ്ദം.

"തുറക്കരുത്."

ഞാൻ തിരിഞ്ഞുനോക്കി.

ആരും ഇല്ല.

പക്ഷേ മേശപ്പുറത്ത് കിടന്നിരുന്ന ആ തിളങ്ങുന്ന കല്ല്...

അത് വീണ്ടും പ്രകാശിക്കുന്നു.

അതിനുള്ളിൽ ഒരു മുഖം.

എന്റെ മുഖം.

ആ മുഖം എന്നെ നോക്കി ചിരിച്ചു.

പിന്നെ കല്ലിനുള്ളിൽ നിന്ന് ഒരു ശബ്ദം.

"അവൾ നിന്റെ അമ്മയല്ല..."

ഞാൻ ഞെട്ടി.

"പിന്നെ ആരാണ്?"

കല്ലിനുള്ളിലെ എന്റെ മുഖം പതുക്കെ വായ തുറന്നു.

"നീ ഇപ്പോഴും ചുടാലവഴിയിലാണ്."

അത് കേട്ട നിമിഷം മുറിയിലെ ലൈറ്റ് അണഞ്ഞു.

ജനൽ സ്വയം തുറന്നു.

പുറത്ത് കൊടുംമഴ.

ദൂരെ...

ഒരു വിളക്ക്.

ഞാൻ ജനലിലൂടെ നോക്കി.

എന്റെ വീടിന്റെ മുന്നിൽ.

ആരും ഇല്ലാത്ത വഴിയിൽ.

ഒരു വൃദ്ധൻ നിൽക്കുന്നു.

കയ്യിൽ അതേ വിളക്ക്.

അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു.

പിന്നെ കൈകൊണ്ട് എന്നെ വിളിച്ചു.

അദ്ദേഹത്തിന്റെ പിന്നിൽ...

വെള്ള സാരിയണിഞ്ഞ ഒരു സ്ത്രീ.

അവളുടെ കൈയിൽ ഒരു കുഞ്ഞ്.

കുഞ്ഞ് എന്നെ നോക്കി.

പുഞ്ചിരിച്ചു.

അതിനുശേഷം ആ കുഞ്ഞ് പതുക്കെ കൈ ഉയർത്തി.

എന്നെ ചൂണ്ടിക്കാട്ടി.

"അമ്മേ..."

അവൻ പറഞ്ഞു.

"അവൻ ഉണർന്നു."

അടുത്ത നിമിഷം ഞാൻ വീണ്ടും കണ്ണുതുറന്നു.

എന്റെ കിടക്കയിൽ.

പുലരി.

ജനലിലൂടെ സൂര്യപ്രകാശം.

ഞാൻ ആശ്വാസത്തോടെ ശ്വാസം വിട്ടു.

"ഇത് സ്വപ്നമായിരുന്നു."

ഞാൻ എഴുന്നേറ്റു.

മേശപ്പുറത്ത് നോക്കി.

കല്ലില്ല.

ഞാൻ പുഞ്ചിരിച്ചു.

എല്ലാം അവസാനിച്ചു.

അപ്പോഴാണ് എന്റെ കാലിൽ എന്തോ തണുത്തത് തട്ടിയത്.

താഴേക്ക് നോക്കി.

ഒരു ചെറിയ തിളങ്ങുന്ന കല്ല്.

ഞാൻ അതെടുത്തില്ല.

എടുക്കാൻ ധൈര്യമുണ്ടായില്ല.

അതിന്റെ അടുത്ത് ഒരു ചെറിയ വെള്ള തുണിയും കിടക്കുന്നു.

തുണിയിൽ ചുവന്ന പാടുകൾ.

എന്റെ കൈകൾ വിറച്ചു.

അപ്പോഴാണ് വീട്ടിനുള്ളിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ.

"അമ്മേ..."

ഞാൻ പതുക്കെ തല ഉയർത്തി.

എന്റെ മുന്നിലെ കണ്ണാടിയിൽ...

ഞാൻ ഒറ്റയ്ക്കല്ല.

എന്റെ പിന്നിൽ ഒരു വൃദ്ധൻ.

അവന്റെ അരികിൽ വെള്ള സാരിയണിഞ്ഞ സ്ത്രീ.

അവളുടെ കൈയിൽ കുഞ്ഞ്.

അവൾ കണ്ണാടിയിലൂടെ എന്നെ നോക്കി ചിരിച്ചു.

പിന്നെ അവൾ പതുക്കെ ചുണ്ടുകൾ അനക്കി.

"നാളെ പോവാം..."

കണ്ണാടിയിലെ വൃദ്ധൻ വിളക്ക് അണച്ചു.

ഇരുട്ട്.

അതിനുശേഷം ഞാൻ കേട്ടത് ഒരേയൊരു ശബ്ദം മാത്രം.

ചപ്പേ...

ചപ്പേ...

ചപ്പേ...

ആ ദിവസത്തിന് ശേഷം ഞാൻ ആ സ്വപ്നം വീണ്ടും കണ്ടിട്ടില്ല.

പക്ഷേ എല്ലാ മഴയുള്ള രാത്രികളിലും...

രാത്രി കൃത്യം 3:13 ആകുമ്പോൾ...

എന്റെ വീട്ടിന്റെ മുന്നിലെ വഴിയിൽ ഒരു ചെറിയ വിളക്ക് തെളിയും.

അതിന്റെ വെളിച്ചത്തിനരികിൽ ഒരു വൃദ്ധൻ നിൽക്കും.

അദ്ദേഹത്തിന്റെ പിന്നിൽ ഒരു സ്ത്രീ.

അവളുടെ കൈയിൽ ഒരു കുഞ്ഞ്.

അവർ ഒരിക്കലും എന്റെ വാതിൽ മുട്ടാറില്ല.

ഒന്നും പറയാറില്ല.

അവർ വെറുതെ കാത്തുനിൽക്കും.

ഞാൻ ജനലിലൂടെ നോക്കുമ്പോൾ...

ആ കുഞ്ഞ് മാത്രം എന്നെ നോക്കി ചിരിക്കും.

പിന്നെ കൈ നീട്ടി വിളിക്കും.

"വാ..."

അന്ന് മുതൽ എനിക്ക് ഒരു കാര്യം മാത്രം മനസ്സിലായി.

ചില സ്വപ്നങ്ങൾ...

ഉറക്കത്തിൽ കാണുന്നതല്ല.

നമ്മൾ ഉണർന്നിരിക്കുന്ന ലോകത്തേക്ക് വരാൻ കാത്തിരിക്കുന്ന മറ്റൊരു ലോകത്തിന്റെ വാതിലാണ്.

അന്ന് ഞാൻ കണ്ടത് ഒരു സ്വപ്നമായിരുന്നെങ്കിൽ...

എന്റെ കൈയിൽ ഇന്നും ആ തിളങ്ങുന്ന കല്ല് എങ്ങനെയാണ്?

എനിക്ക് അതിന് ഉത്തരം അറിയില്ല.

പക്ഷേ എല്ലാ മഴയുള്ള രാത്രികളിലും...

ദൂരെ നിന്ന് ആ താരാട്ടുപാട്ട് കേൾക്കുമ്പോൾ...

എന്റെ ജനലിന് പുറത്തുള്ള ഇരുട്ടിൽ നിന്ന് ഒരു ശബ്ദം പതുക്കെ ചോദിക്കും—

"ഇവിടരുമില്ലേ...?"

അപ്പോൾ...

എന്റെ മുറിയുടെ വാതിലിന് താഴെ...

ഒരു കുഞ്ഞിന്റെ നിഴൽ പതുക്കെ നീങ്ങും.

അവൻ ഇപ്പോഴും എന്നെ കാത്തിരിക്കുകയാണ്.